ഹോമിയോ – പിന്നെ മറ്റു പലതും – വേണ്ടഷ്ടോ – നമ്മളില്ലേ .

ഹോമിയോയിൽ കോവിഡിന് മരുന്നില്ലേ ? ആർസെനിക്കാം ആൽബം ?

മരുന്ന് മാഫിയ മുക്കിയതല്ലേ , ഇതൊക്കെ ?

ആയുർവേദത്തിൽ കഷായം , ഗുളിക അങ്ങനെ ഒക്കെ ഉണ്ടല്ലോ ?

ഒന്ന് ഇമ്മ്യൂണിറ്റി ബൂസ്റ്റ് ചെയ്യേണ്ട പ്രശ്നമേ ഒള്ളുഷ്ടോ .

ഇനീ ഇതൊക്കെ തെറ്റാണെങ്കി എന്താ ഒന്നും എഴുതാത്തത് ?

മൈ ഡിയർ പ്രെൻഡ്‌സ് ആൻഡ് പ്രെന്ഡീസ് . തെണ്ടി പ്രെൻഡ്‌സ് ആൻഡ് നോട്ട് സൊ തെണ്ടീസ് ,

ഈ ആളോൾടെ വിശ്വാസങ്ങൾ ഒക്കെ തിരുത്തി നന്നാക്കൽ ഒക്കെ പണ്ടേ നിർത്തി . എന്തിന് , നമ്മളെ സ്വയം നന്നാക്കാൻ പറ്റുന്നില്ല . സ്വന്തം മനസ് മിക്കപ്പോഴും സ്വജീവിതത്തിൽ പൂർണ യുക്തി സഹം ആയിട്ടല്ല പ്രവർത്തിക്കുന്നത് .

ഈ ഉരുണ്ട ഗോളഗ്രഹത്തിൽ കോടാനു കോടി അലവലാതി മനുഷ്യർ ഉണ്ട് ( ഞാൻ ഉൾപ്പെടെ ). എല്ലാരും യുക്തിസഹം ആയാണോ ചിന്തിക്കുന്നത് ? മയി …………………രാണ് . ഈ ഗോളഗ്രഹം തഴപ്പായ പോലെ പരന്നിട്ടാണ് എന്ന് വിശ്വസിക്കുന്നവർ ഉണ്ട് . എന്നിട്ടാണ് .

ഇന്നലെ സ്വാതന്ത്ര്യ ദിനം ആയിരുന്നു . യൂറോപ്പിന്റെ ആധിപത്യത്തിന്റെ അന്ത്യത്തിന്റെ തുടക്കം കുറിച്ച മഹത്തായ സംഭവം . അതിനെ തുടർന്ന് , യുക്തി സഹമായി ചിന്തിച്ച് , കോടാനുകോടി വരുന്ന സ്വന്തം ജനത്തെ എങ്ങനെ പരിവട്ടത്തിൽ നിന്ന് കരകയറ്റാം എന്നാണല്ലോ നമ്മൾ ചിന്തിക്കേണ്ടത് .

അതിന് പകരം , അഞ്ഞൂറ് കൊല്ലം പഴക്കമുള്ള ഒരു പുരാവസ്തു കെട്ടിടം നിയമം കയ്യിലെടുത്ത് പൊളിച്ചപ്പോ തുള്ളിച്ചാടിയവർ ആണ് ഈ രാജ്യത്തിലെ ഒരു വളരെ വലിയ ശതമാനം . അതെ സ്ഥലത്ത് വരാൻ പോകുന്ന കെട്ടിടത്തിന്റെ തുടക്കം ആണ് ഇന്നലത്തെ സ്വാതന്ത്ര്യ ദിനത്തെക്കാൾ എന്ത് കൊണ്ടും വലിയ സംഭവം എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നവർ ആണ് ഈ നാട്ടിലെ ഭൂരിപക്ഷം ജനങ്ങളും .

സ്വന്തം മതം സ്ഥാപിച്ച ആളുടെ കാർട്ടൂൺ വരച്ചു എന്ന് പറഞ്ഞ് , ആളുകളെ അറഞ്ചം പുറഞ്ചം കശാപ്പ് ചെയ്യാൻ മടിയില്ലാത്തവർ ഈ ലോകത്തുണ്ട് .

എന്തിന് , ശാസ്ത്ര കാര്യങ്ങളിൽ ഏറ്റവും മുന്നേറ്റം ഉണ്ടായിട്ടുള്ള സ്ഥലം ആണ് അമേരിക്ക . അവിടെ കുറെ പേര് ഇവാൻജെലിക്കൽ ക്രിസ്ത്യാനികൾ ആണ് . ആ മതത്തിൽ ജനിച്ചില്ല എന്ന ഒറ്റ കുറ്റം കൊണ്ട് വേറെ വിശ്വാസം ഉള്ള ആളുകളെ , ഈ അണ്ഡകടാഹം മുഴുവൻ സൃഷ്ടിച്ചു എന്ന് പറയപ്പെടുന്ന ദൈവം അനന്തകാലത്തേക്ക് തീയിലിട്ട് പൊരിക്കും എന്ന് ഇവർക്ക് വിശ്വാസം ആണ് ! എന്തിന് – ചെറ്റയും , ഊളയും , വർഗീയ വാദിയും , സ്ത്രീ വിദ്വെഷിയും , വിവരമില്ലാത്തവനും , സർവോപരി വകതിരിവില്ലാത്തവനും ആയ ഒരുത്തനെ പ്രെസിഡൻറ്റ് ആക്കുന്നതാണ് ദൈവ ഹിതം എന്നും ഇവന്മാർ വിചാരിക്കുന്നു !

ഇതും ഹോമിയോയും ആയി എന്ത് ബന്ധം ? കോവിഡും ആയുഷും ആയി എന്ത് ബന്ധം ?

അതേ , ഈ മഹത്തായ ഇന്ത്യയിലെ ആയുഷ് വകുപ്പ് മന്ത്രി കോവിഡ് ബാധിച്ച് എയിംസിലെ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ആണെന്ന് അറിഞ്ഞ് കൂടെ , ഷ്ടോ ?

മരുന്ന് , മോഡേൺ മെഡിസിൻ മാഫിയക്ക് അത്ര പവർ ഉണ്ടായിരുന്നെങ്കിൽ ഹൈഡ്രോക്സി ക്ളോറോക്വിനും , പതിനായിരങ്ങൾ വിലയുള്ള രാംടെസിവീർ ഉം , ടോസിലിക്സുമ്ബും ഉഗ്രൻ ആണെന്നുള്ള പഠനങ്ങൾ വരുത്തില്ലായിരുന്നോ ? ഇതിൽ വലിയ കാര്യം ഇല്ലെന്നുള്ള പഠനങ്ങൾ വെളിച്ചം കാണുമോ ?

വളരെ വില കുറഞ്ഞ , ആർക്കും കുത്തക ഇല്ലാത്ത ടെക്സോ മേത്തസോൺ പോലെ ഉള്ള ചുരുക്കം ചില ചികിത്സകൾ ആണ് സ്വല്പം എങ്കിലും ഗുണം കണ്ടത്. പിന്നെ മരുന്ന് കമ്പനിക്ക് വലിയ റോൾ ഇല്ലാത്ത പ്ലാസ്മ തെറാപ്പിയും .

കാലാകാലങ്ങളായി ഇവിടെ ഇന്ത്യയിൽ മനുഷ്യനെ കൊന്നൊടുക്കിയിരുന്ന കോളറ , ടൈഫോയ്ഡ് , കുഷ്ഠം , ക്ഷയം ഒക്കെ ആയുർവേദം മാറ്റാത്തത് എന്ത് കൊണ്ടായിരുന്നു സുഹൃത്തുക്കളെ ? അല്ല ; അറിയാൻ വേണ്ടി ആണ് .

നെഹ്രുവിന്റെ ഭാര്യ മരിച്ചത് ക്ഷയം വന്നിട്ടാണ് എന്നറിയാമല്ലോ . പിന്നെ കുഞ്ഞായിരുന്ന ഇന്ദിര ക്ക് ഗുരുതര അസുഖം ഉണ്ടായിരുന്നു എന്നും അത് ക്ഷയം ആയിരിക്കാം എന്നും രാമാ ചന്ദ്ര ഗുഹ പോലെ ഉള്ള ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു . പക്ഷെ ഇന്ദിര മരിച്ചില്ല ! എത്രയോ പതിറ്റാണ്ടുകൾ ഇന്ത്യ നിറഞ്ഞു നിന്നു ; അവർ . ബംഗ്ലാദേശ് യുദ്ധം ജയിച്ചത് അവരുടെ സാരഥ്യത്തിൽ ആണ് . എന്താണ് വ്യത്യാസം ? അപ്പോഴേക്കും , ആധുനിക ശാസ്ത്രം ക്ഷയത്തിന് മരുന്ന് കണ്ടു പിടിച്ചു !

എന്തേ , ഹോമിയോ ഇല്ലാരുന്നോ , കമലാ നെഹ്‌റുവിനെ രക്ഷിക്കാൻ ? ആയുർവേദവും യോഗയും യുനാനിയും എന്നാ ചുമ്മാതെ നിന്ന് കളഞ്ഞേ ? ഒരു ത്രില്ലില്ലല്ലേ ?

വേണ്ട . നമുക്ക് ഇപ്പോഴുള്ള അണുക്കൾ ഉണ്ടാക്കുന്ന അസുഖങ്ങൾ ഇപ്പോൾ , ഈ സമയത്ത് എത്ര പേരെ കൊല്ലുന്നു എന്ന് നോക്കാം . പ്രതിവർഷം . സാമ്പിൾ മാത്രം .

ഡയേറിയ – പതിനഞ്ചു ലക്ഷം .

ക്ഷയം – പത്തു ലക്ഷം .( അതെ , ഇപ്പോഴും !)

എയ്ഡ്സ് – പത്തു ലക്ഷം

മലേറിയ – ആറു ലക്ഷം .

“സാദാ ” വൈറൽ പനി എന്ന് പറയുന്ന ഇൻഫ്ലുവെൻസ – അഞ്ചു ലക്ഷം (കണക്കാക്കപ്പെടുന്നത് )

ശ്വസകോശ അണുബാധകൾ മൊത്തം – നാൽപ്പത് ലക്ഷം

എന്തേ . ഇതൊന്നും ചികില്സിക്കണ്ടേ ? മരുന്ന് കൊണ്ടാ വാ – ഷ്ടോ . മരുന്ന് കമ്പനികൾ ക്യൂ നിക്കും ഇതൊക്കെ ഉണ്ടാക്കി വിറ്റഴിക്കാൻ . കോടികൾ അണ്ണാക്കിൽ വച്ചും തരും – കാശേ – കാശ് .

എന്തേ വേണ്ടേ ? ത്രില്ലില്ലേ ?

അത് പോട്ടെ , – എല്ലാ കൊല്ലവും കാൻസറുകൾ ബാധിച്ച് നൂറ് ലക്ഷം മനുഷ്യർ ആണ് മരിക്കുന്നത് . അതിനുള്ള മരുന്നുകൾ ഇഷ്ടം പോലെ ഉണ്ടല്ലോ ആയുഷിൽ ? എന്തേ ലോകത്ത് ഒരു കാനിസ് ഫാമിലിയാരിസിനും ഇതൊന്നും വേണ്ടാത്തത് ? എനിക്കറിഞ്ഞൂടാ . നിങ്ങൾ തന്നെ പറഞ്ഞു തരൂ .

വേണ്ട – ഹൃദ്രോഗം , സ്ട്രോക്ക് – ഇവ നോക്കാം . നൂറ്റമ്പത് ലക്ഷം പേരാണ് ഇവ വന്നു പ്രതിവർഷം മരിക്കുന്നത് .

ഈ അസുഖത്തിന്റെ പ്രധാന റിസ്ക് ആണ് പ്രമേഹവും പ്രഷറും . പ്രമേഹത്തിനും പ്രെഷറിനും , ആയുർവേദത്തിലും ഹോമിയോയിലും മരുന്ന് കൊടുക്കുന്നുണ്ട് .

ശതകോടികൾ ഇതേ പ്രശ്നത്തിന് ലോകം മൊത്തം മരുന്ന് കഴിക്കുന്നുണ്ട് . നമ്മുടെ ആയുഷ് മരുന്നൊന്നും എന്താ ഈ ശതകോടികൾ കഴിക്കാത്തത് ? അവർക്ക് രോഗം കൺട്രോളിൽ ആവണ്ടേ .

പ്രഷറിന് ഉള്ള ഒരു മരുന്ന് എഫെക്ട് ഉണ്ടോ എന്നറിയാൻ ഒരു പാടുമില്ല ഹേ . ഒരാൾ മതി . ഒരു രോഗിയും .

-രോഗിയുടെ പ്രെഷർ എടുക്കുക .

  • മരുന്ന് കൊടുക്കുക .
  • എഫെക്ട് പ്രതീക്ഷിക്കുന്ന സമയത്ത് വീണ്ടും പ്രെഷർ എടുക്കുക . വ്യെത്യാസം രേഖപ്പെടുത്തുക .
  • എഫെക്ട് പോയിക്കഴിയുമ്പോ പിന്നേം എടുക്കുക .

ഇത് ഒരു പത്തു പ്രാവശ്യം ചെയ്യുക . സ്റ്റാറ്റിസ്റ്റിക്സ് ഉപയോഗിച്ച് നോക്കുക, വ്യത്യാസം ഉണ്ടോന്ന് . ഇത്രേ ഉള്ളു . സിംഗിൾ എൻ ഡിസൈൻ എക്സ്പെരിമെന്റ ആണിത് .

ഇത് പ്രസിദ്ധീകരിക്കുക . ആരോട് വേണേലും ചെയ്തു നോക്കാൻ വെല്ലുവിളിക്കുക . ഇത്രേ വേണ്ടു . ബാക്കി മരുന്ന് മാഫിയ ഏറ്റെടുത്തോളും .

എന്തേ വേണ്ടേ ? ത്രില്ല് പോരല്ലേ ?

വേണ്ടെങ്കി വേണ്ട . ആളോള് ആളോള് ആയിരിക്കും . അങ്ങനെ ആരേം നന്നാക്കാൻ ഒന്നും പറ്റൂല്ല . എന്നെയും .(ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .