ഒറ്റ എണ്ണത്തിനെ വിടരുത്!!

…………. ഹരിക്കാതെ വിടരുത്.

“പെണ്ണുങ്ങൾ ആണുങ്ങളേക്കാൾ നല്ല ഡ്രൈവർമാർ!!” ഇതാണ് തലക്കെട്ട് പറയുന്നത്.

ശരിയായിരിക്കും. ലോകം ആസകലമുള്ള പല പഠനങ്ങൾ നോക്കിയാൽ, മരണമോ ഗുരുതര പരിക്കുകളോ ഉണ്ടാവുന്ന അപകടങ്ങൾ ഉണ്ടാക്കാനുള്ള സാദ്ധ്യത സ്ത്രീ ഡ്രൈവർമാരിൽ കുറവാണെന്നാണ്. പക്ഷെ അവർ അനേക ചില്ലറ ചില്ലറ അപകടങ്ങൾ ആണുങ്ങളെക്കാളും ഉണ്ടാക്കുന്നുണ്ടത്രേ. എന്നാലും സ്ത്രീകൾ തന്നെ നല്ലത്! തല പൊളിഞ്ഞും കാൽ ഒടിഞ്ഞും കോഞ്ഞാട്ട ആകുന്നതിനേക്കാൾ നല്ലതാണല്ലോ പുറകോട്ടെടുക്കുമ്പോ ബമ്പർ ചെറുതായി മുട്ടുന്നത്. ഏത്?

പക്ഷെ ഇവിടെ പ്രശ്നം അതല്ല. മ്മ്‌ടെ ഇവിടുത്തെ റോഡ് സേഫ്റ്റി കാമറ ഡാറ്റ വെച്ച് നോക്കുമ്പോ അങ്ങനാണത്രെ. അതും ചെറിയ വ്യത്യാസമല്ല- പെണ്ണുങ്ങളേക്കാൾ പതിമ്മൂന്നിരട്ടി അപകടങ്ങൾ ആണുങ്ങൾ ഉണ്ടാക്കുന്നു!!!

ഡിനോമിനേറ്റർ വിഴുങ്ങുന്നു എന്നതാണ് ഇവിടുത്തെ പ്രശ്നം. ഏത് ‘എണ്ണം’ നമുക്ക് കിട്ടിയാലും നമ്മൾ അത് കൊണ്ട് തൃപ്തിപ്പെടരുത്. ആ എണ്ണത്തിനെ പിടിച്ച് കെട്ടിയിട്ട് അതിന് പറ്റിയ ഒരു ഡിനോമിനേറ്റർ എന്ന സാമാനത്തെ തപ്പി കൊണ്ട് വന്ന് അത് കൊണ്ട് ഹരിക്കണം. ഒരെണ്ണത്തെയും ഹരിക്കാതെ വിടരുത്!!

അതായത് ആണുങ്ങൾ 56000 അപകടം ഉണ്ടാക്കിയപ്പോ പെണ്ണുങ്ങൾ 4300 അപകടങ്ങളെ ഉണ്ടാക്കിയുള്ളു.

56000 ബൈ 4300 ഈക്വൽ റ്റു ഏകദേശം 13. പുല്ല്.

പ്രശ്നം എന്താണെന്ന് വെച്ചാൽ ആകെ എത്ര ആൺ ഡ്രൈവർമാർ ഉണ്ട്? പെൺ ഡ്രൈവര്മാരോ?

ഈ ഡിനോമി സാമാനം നമുക്കറിയില്ല. അതായത് ഈ എണ്ണം ഒരു യൂസ്‌ലെസ്സ് ഡാറ്റ ആണ്- ഈ നിഗമനത്തെ സംബന്ധിച്ച്. ഈ തലക്കെട്ടിൽ ഉള്ള നിഗമനം നടത്താൻ പറ്റില്ല.

അങ്ങനെ ആണേൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾ ആണുങ്ങളേക്കാൾ പതിനൊന്നായിരം ഇരട്ടി നല്ല ഡ്രൈവർമാരാണ്!!- അഞ്ചു ട്രാന്സ്ജെന്ഡറുകളേ അപകടങ്ങൾ ഉണ്ടാക്കിയിട്ടുള്ളു.

ഒരു ഉദാഹരണം പറയാം. കുട്ടൂസൻ കരച്ചിലോട് കരച്ചിൽ. പരീക്ഷക്ക് എട്ട് മാർക്കെ കിട്ടിയുള്ളൂ. ഡാകിനിക്ക് മുപ്പത് മാർക്ക് ഉണ്ട്. പക്ഷെ ഡാകിനിക്ക് നൂറിൽ ആണ് മുപ്പത്. കുട്ടൂസന് പത്തിലും. അപ്പൊ ശരിക്കും താരതമ്യം ചെയ്യണമെങ്കിൽ എന്ത് വേണം? ഹരിച്ച് നോക്കണം.

കുട്ടൂസൻ-  8 ബൈ  10 = 0 .8

ഡാകിനി – 30 ബൈ 100 = 0 .3

ഇത്രേം സിംപിൾ ആയ കാര്യം പറഞ്ഞ് ഞാൻ നിങ്ങളെ കളിയാക്കുവാണോ എന്ന് വിചാരിക്കരുത്. അറിയാതെ പലപ്പോഴും നമുക്ക് പറ്റുന്നതാണ്.

ഉദാഹരണത്തിന്, കഴിഞ്ഞ കൊല്ലം മദ്ധ്യപ്രദേശിൽ പതിനായിരം കൊലപാതകങ്ങൾ ഉണ്ടായി എന്ന് വെയ്ക്കുക; ഗോവയിൽ വെറും മൂവായിരവും (ശരിക്കുള്ളത് അല്ല). പെട്ടന്ന് ഗോവ എത്ര നല്ലവൻ! എന്ന ഒരു വിചാരം നമുക്കുണ്ടാകും. പക്ഷെ ശരിക്കും നോക്കേണ്ടത് ഒരു ലക്ഷം മനുഷ്യർക്ക് എത്ര കൊല എന്ന കണക്കാണ്. പഴേ കോവിഡ് കേസുകളുടെ എണ്ണക്കണക്കുകളിലും ഇത് പോലത്തെ കോമഡി കുറെ കാണാം.

പി പി പി ( purchasing power parity) ജിഡിപി വെച്ച് നോക്കിയാൽ ലോകരാജ്യങ്ങളിൽ മൂന്നാമത്തെ സാമ്പത്തിക ശക്തി ആണ് ഇന്ത്യ. പക്ഷെ ഹരിക്കുമ്പോ സ്ഥിതി മാറി- ആളോഹരി നോക്കുമ്പോ നൂറ്റി ഇരുപത്തേഴാമത്തെ സ്ഥാനമേ ഉള്ളു. (എങ്കിലും രാജ്യങ്ങൾക്കിടയിൽ അത് നമുക്ക് ശക്തി തരുന്നുണ്ട്- ഓരോ ആൾക്കാർക്കും ഗുണം കുറവാണ് എന്ന് മാത്രം.)

എണ്ണം എങ്ങനെ കിട്ടി എന്നതും വളരെ പ്രധാനമാണ്. അത് പിന്നൊരിക്കൽ.

അപ്പൊ- കുട്ടൂസാ- മോങ്ങണ്ട.

കണക്ക് ശരിക്ക് ഇരുന്ന് പഠിക്കെടാ! (ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .