എനിക്ക് രാജാവ് ആവണ്ട. വേണ്ടാത്തോണ്ടാ, പ്ലീസ്.

ഈ ജിപ്മെറിൽ സർജറി റെസിഡൻറ്റ് എന്ന് പറയുമ്പോ പുറത്ത് നിന്ന് നോക്കുമ്പോ മ്മള് രാജാവണ്. എന്നാ ശരിക്കും എന്തുട്ടാ? വെറും അടിമ.

ന്നാലും അടിമകൾടെ ഇടയിലും നേതാക്കൾ ഇല്ലേ? പിത്തിക്കര ഇക്കി? ഛെ…ഇത്തിക്കര പക്കി ഒക്കെ പോലെ?

അദാണ്. മൂന്നാം വർഷ റെസിഡൻറ്റ് എന്ന ഫൈനൽ ഇയർ ആകുമ്പോ ചെറിയ ഒരു ജൂനിയർ കൂട്ടത്തിന്റ്റെ നായകൻ ആവാം. അടിമകലോം കാ രാജ. യൂണിറ്റ് ചീഫ് എന്നെ വിളിക്കുന്നത് ‘ശുക്രാചാര്യ’ എന്നാണു. എന്താണോ എന്തോ.

സീനിയർ സർജൻമാർ നമ്മളോടും എം എസ് കഴിഞ്ഞ സീനിയർ റെസിഡന്റ്റുമാരോടുമെ രോഗികളുടെ കാര്യം ഒക്കെ അന്വേഷിക്കു. നമ്മൾ ജൂനിയർ ആയ റെസിഡന്റുമാരെയും പീക്കിരി ഹൌസ് സർജന്മാരെയും കൊണ്ട് പണി ഒക്കെ ചെയ്യിപ്പിക്കണം! ഇല്ലേൽ നമ്മൾ തന്നെ പണി എടുത്ത് ഊപ്പാട് ഇളകും.

ചില മെഡിക്കൽ വിദ്യാർത്ഥികളും ഹൌസ് സർജന്മാരും നമ്മുടെ ചുറ്റും കിടന്ന് കറങ്ങും ട്ടോ- ഈ അളിഞ്ഞ പഴത്തിനു ചുറ്റും ഈച്ച കറങ്ങണ പോലെ. ആരാധന! എന്താ ല്ലേ.

തലേന്ന് ഡ്യൂട്ടിയിൽ ഉറങ്ങിയിട്ടില്ല. വൈകിട്ട് ആറായി. ന്നാൽ സ്‌കൂട്ടിയാലോ ന്നു നോക്കുമ്പോഴേക്കും കുറെ പിള്ളേർ ചുറ്റും കൂടി. അവർക്ക് ക്‌ളാസ് എടുക്കണം പോലും! ബാത്ത് റൂമിൽ കേറി ഡെറ്റോൾ നല്ലോണം വെള്ളം ഒഴിച്ച് നേർപ്പിച്ച് വായ കോപ്ലിച്ചു തുപ്പി പല്ലു തേക്കാത്തതിന് അഡ്ജസ്റ്റ് ചെയ്ത് ക്‌ളാസ് തുടങ്ങി. വാർഡിൽ വയറിൽ, കരളിൽ ടൂമർ ഉള്ള ഒരു രോഗിയെ കാണിച്ചു കൊടുത്തു. വയറ്റിൽ കാണാറുള്ള മുഴകളെ പറ്റി പറഞ്ഞു.

“ഈ രോഗിക്ക് ഹെപ്പറ്റോമ എന്ന കരൾ കാൻസർ ആണ്. മുഴകളിൽ ഒരു രാജാവ് ആണിവൻ. എ കിങ് അമങ് ടൂമെർസ്‌” – എന്നൊരു കാച്ച് ഒക്കെ കാച്ചി ക്‌ളാസ് അവസാനിപ്പിച്ച മുറക്ക് ദേ ഹൌസ് സർജൻ സിന്ധു വന്നു നിക്കുന്നു. തമിഴത്തി ആണ്. യൂണിറ്റിലെ ഒരു സീനിയർ റെസിഡന്റുമായി ഇച്ചിരി ലോഹ്യത്തിൽ ആരുന്നത് നല്ല നീറ്റ് ആയി പൊളിഞ്ഞേ പിന്നെ എന്നോട് വല്യ വർത്താനം ഒക്കെ ആണ്.

മുടി ഒക്കെ അഴിച്ചിട്ടാണ് നിപ്പ്. സുന്ദര മുഖത്തിന് ചുറ്റും അത് പാറി നിക്കുന്നു. മിൽക്ക് ചോക്കലേറ്റിന്റെ കളർ. അതേ ടേസ്റ്റ് ആരിക്കുമോ?

വിദ്യാർത്ഥികളുടെ അടുത്ത് നിന്നും ഞാൻ അറിയാതെ തന്നെ സിന്ധുവിന്റെ അടുത്തേക്ക് നീങ്ങി. വെറും ഗ്രാവിറ്റി ആണ് കാരണം. ആകര്ഷണ വലയം ഉണ്ടല്ലോ.

“ഹേ. അന്പഴകന്റെ ബ്ലഡ് എടുത്ത് ടെസ്റ്റിന് വിട്ടോ?” ഞാൻ ചോദിച്ചു.

“ഇല്ല” അവൾ ഒരു മാദക ചിരി ചിരിച്ചു. കൂസൽ നഹി. “എനിക്ക് പറ്റില്ല. ഈ സർജറി ഒക്കെ ബോറിങ് ആണ്. എപ്പോഴും ജോലി, പണി. വാട്ട് എ ബോറിങ് ലൈഫ്! ഉങ്കൾക്ക് ബോറിങ് ഇല്ലയാ?”

രണ്ടു ചീത്ത പറയാൻ ഞാൻ നാക്ക് വളച്ചു. അപ്പൊ അവൾ പറഞ്ഞു:

“നമുക്ക് ഡിന്നറിനു പോകാം? ലെറ്റ് അസ് ഗോ.” എന്നിട്ട് അവൾ എന്നെ നോക്കി ഒരു എക്സ്പ്രെഷൻ ഇട്ടു. നാണം പ്ലസ് മാദക ചിരി പ്ലസ് പരിഭവം! അതെങ്ങനെയാ അല്ലേ? ഈ പെണ്ണുങ്ങടെ ഒരു കഴിവേ.

ഇത് കേട്ട് മുഖഭാവോം കൂടെ കണ്ടപ്പോ പറയാൻ വന്ന ചീത്ത മിഴുങ്ങിപ്പോയി. തലയിൽ നിന്ന് ഒരു കിളി പറന്നിറങ്ങി ഏതോ തമിഴ് പാട്ട് ചെവിയിൽ പാടി. ഒരു നിമിഷനേരം ഞാൻ സ്‌കാൽപ്പൽ വിഴുങ്ങിയ പോലെ നിന്നു.

“വാങ്കെ ബോസ്. പോലാം” അവൾ കൈ എൻറ്റെ കയ്യിൽ പിണച്ചു. എന്നാ പോലാം. വേറെ രക്ഷയൊന്നുമില്ലല്ലോ. നമ്മൾ ഒക്കെ മനുഷ്യമ്മാർ അല്ലേ. നാങ്കൾ വെറും ആൺകൾ.

എന്റ്റെ പഴേ മാരുതി 800 ന്റ്റെ ചടാക്ക് ഉള്ള് കണ്ട് അവൾ അഴകാന മൂക്ക് ചുളിച്ചു. “ഈ കാർ അടിപൊളിയാ” ഞാൻ പറഞ്ഞു. “വേറെ പുതിയത് വാങ്ങിക്കൂടെ?” – അവൾ ചോദിച്ചു.

ഒരു ഇന്റ്ററെസ്റ്റിങ് ഈവെനിംഗ് ആരുന്നു. എനിക്ക് അവളിൽ നല്ല ഇൻറ്റെറസ്റ്റ്. അവൾക്ക് ഇങ്ങോട്ടും നല്ല ഇൻറ്റെറെസ്റ്റ് ഉള്ള പോലെ! എന്നാ സൂപ്പർ ഡാ! ഒരു ജാതി വൈബ് ഷ്ടോ. ഒരു ജാതി ഫീല്. ആഹാ.

ഡിന്നർ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോ അഴകാന കവിളുകൾ എന്റ്റെ സ്ട്രോങ്ങ് ആന തോളുകളിൽ റെസ്റ്റ് എടുത്തു. കാറിൽ കേറി കണ്ണിൽ കണ്ണിൽ നോക്കി, ഇടക്ക് റോഡിൽ നോക്കി തിരിച്ചു പോകുമ്പോ ഒരു ഇൻറ്റെറസ്റ്റിംഗ് സംഭവം നടന്നു. ഒരു ജാതി സംഭവം.

വണ്ടി നിന്നു പോയി! പിന്നെ സ്റ്റാർട്ട് ആകുന്നില്ല. നോക്കണേ. ഓരോ…..

“എന്ത് ഊച്ചാളി വണ്ടി!” എന്നർത്ഥം വരുന്ന എന്തോ അവൾ പറഞ്ഞു. പക്ഷെ ചുണ്ടിൽ ചിരിയോടെ.

പെട്ടന്ന് ഒരു അടിപൊളി സ്ലീക് കാർ ഞങ്ങടെ മുൻപിൽ വന്നു പാർക്ക് ചെയ്തു. അതിൽ നിന്ന് കറുത്ത സഫാരി സ്യൂട്ടിട്ട രണ്ടു പേര് ഇറങ്ങി വന്നു. ഒരാൾ കുനിഞ്ഞ് ജനലിലൂടെ ചോദിച്ചു:

“എനി പ്രോബ്ലം, മാഡം?”

“കാർ സ്റ്റാർട്ട് ആകുന്നില്ല” അവൾ പറഞ്ഞു. “വി വിൽ ഡ്രോപ്പ്” അയാൾ ഗൗരവത്തോടെ പറഞ്ഞു. ഞാൻ മടിച്ചു.

“ഐ നോ ദേം. ഇറ്റ് ഈസ് ഓക്കേ.” അവൾ പറഞ്ഞു.

മിണ്ടാതെ ഞങ്ങൾ അവരുടെ കാറിൽ കേറി ഇരുന്നു. അവർ ഞങ്ങളെ ജിപ്മെർ ഗേറ്റിൽ കൊണ്ട് വിട്ടു.

“ഓക്കേ മാഡം” അവരിലൊരാൾ ചെറുതായി സല്യൂട്ട് ചെയ്യുന്ന ആക്ഷൻ കൈ കൊണ്ട് കാണിച്ചോ എന്ന് തോന്നി.

“നാളെ പാക്കലാം” എന്നും പറഞ്ഞ് അവൾ കൈവീശി മറഞ്ഞു. കാമ്പസിലെ സോഡിയം വേപ്പർ ലാമ്പുകൾ പൊക രശ്മികൾ കൊണ്ട് അവളുടെ മുഖത്തെ ഉമ്മ വെച്ചു.

ഹാർവി ഹോസ്റ്റലിലേക്ക് നടക്കുമ്പോ ചങ്ങാതി ഹരീഷ് എതിരെ വരുന്നു.

“ഡാ. ഇന്നൊരു സംഭവം നടന്നു….” അവനോട് ഞാൻ എല്ലാം പറഞ്ഞു. “അവന്മാർ- ആ സഫാരി സൂട്ടുകാർ. ആ കാർ ഞങ്ങളെ ഫോളോ ചെയ്യുവാരുന്നെടാ……ന്നാ തോന്നുന്നത്”

“എടാ മണ്ടാ, പൊട്ടാ, മരമാക്രി. നിനക്ക് അപ്പൊ ഒന്നും അറിഞ്ഞൂടെ?”

“എന്തുട്ട്” ഞാൻ അന്തം വിട്ടു.

“എടാ കോപ്പേ. അവൾടെ അപ്പനല്ലേ പോണ്ടിച്ചേരി പോലീസ് ചീഫ്. അപ്പൂപ്പൻ തമിഴ് നാട് കാബിനറ്റ് മിനിസ്റ്റർ? എടാ, രണ്ട് സാദ്ധ്യതകൾ ആണ് ഞാൻ കാണുന്നത്.”

“ങേ”

“അതായത്- ഒന്നുകിൽ അവന്മാർ നിന്നെ കാച്ചിക്കളയും. അല്ലേൽ നീ ഈ പ്രദേശത്തെ ഒരു രാജാവായി വെലസ്സും. ഒക്കെ നിന്റെ യോഗം. അപ്പൊ പോട്ടെ. ബൈ. ചത്തില്ലേൽ ഞങ്ങളെ ഒന്നും മറക്കരുത് ട്ടോ.”

സത്യം പറഞ്ഞാൽ ഞാൻ മുഴുവൻ വിശ്വസിച്ചില്ല. പക്ഷെ അപ്പൊ സഫാരി സൂട്ടുകാർ?

ആ. എന്തരോ എന്തോ.

ആലോചിക്കാൻ സമയമില്ലല്ലോ. പിറ്റേ ദിവസം സൺഡേ ഡ്യൂട്ടി. മിക്ക തെണ്ടികളും ബിയറടിച്ച് ഹോസ്റ്റൽ മിറ്റത്ത് കുന്തം മറിയുമ്പോ, നമ്മൾ കാഷ്വാലിറ്റിയിലും തീയേറ്ററിലും വാർഡിലും മൂട്ടിൽ തീ പിടിച്ച ജാതി പരക്കം പായുന്നു. സീനിയർ റെസിഡന്റ് ലീവ് ആണ്. ഡ്യൂട്ടി മൊത്തം ഞാൻ ആണ് ചാർജ്.

ജൂനിയർ ആയ ഗോവാലനെയും കൊണ്ട് ഓരോ രോഗികളെ ആയി നോക്കി. നേര്സുമാർക്കും ഹൌസ് സർജന്മാർക്കും പണി കൊടുത്തു.

ഒന്ന് രണ്ടു കേസൊക്കെ ചെയ്തു. ഇൻഫെക്ഷൻ ആയ ഒരു കാൽ ഓപ്പറേറ്റ് ചെയ്യാൻ സെക്കൻഡ് ഇയർ ആയ ആഷ്‌ലിയെ പറഞ്ഞു വിട്ടു. അപ്പോഴാണ് ആ രോഗിയുടെ വരവ്. വയറുവേദന. വയറിൽ ഒരു മുഴയുമുണ്ട്. വയർ തപ്പി നോക്കിയപ്പോൾ കരൾ നന്നായി വീർത്തു കെട്ടി ഇരിക്കുന്നു.

അമീബിക് ലിവർ അബ്സിസ് എന്ന പഴുപ്പ് കെട്ട് അവിടെ സർവ സാധാരണ ആണ്. അതിനുള്ള ആന്റിബയോട്ടിക്കുകൾ ഒക്കെ തുടങ്ങി. അൾട്രാസൗണ്ട് സാകാനിനു വിട്ടു.

സാധാരണ ഞാൻ തന്നെ കൂടെ പോയി റേഡിയോളജി ഡോക്ടറുമായി സംസാരിക്കാറുണ്ട് ചെയ്യുമ്പോ. പിന്നെ പലപ്പോഴും ട്രോളിയും നമ്മൾ തന്നെ തള്ളണമല്ലോ.

അപ്പൊ ദേ- മ്മ്‌ടെ ആള്- സിന്ധു. എന്റ്റെ കൈ പിടിച്ച് വലിക്കയാണ്.

“ഇനി ഒരു ബ്രെക് എടുത്തൂടെ? വൈകിട്ട് ആറായി. കാപ്പി കുടിക്കാൻ പോകാം.”

അവൾ തിളങ്ങുന്ന കറുത്ത കണ്ണുകളാൽ നോക്കി. പീലികൾക്ക് എന്തൊരു വലിപ്പം. ഇമകൾക്ക് എന്തൊരു വിടർച്ച. ഇതൊക്കെ എങ്ങനെ സാധിക്കുന്നു? മനുഷ്യനെ ഒരു വഴിക്കാക്കാനായിട്ട്?

അപ്പൊ പേഷ്യന്റിനെ സ്കാനിനു വിടാൻ ഏർപ്പാട് ചെയ്തിട്ട് ഞാൻ ഇറങ്ങി. കുറെ തെണ്ടികൾ അടക്കം പറഞ്ഞു കുശു കുശുത്തു കൊണ്ട് ചിരിച്ചു. ഓരോ ഡാഷുകൾ. നമ്മടെ നാടേ ശരിയല്ല. ഫിൻലണ്ടിൽ ഇങ്ങനെ ആണോ? സ്വിട്സർലാണ്ടിൽ? ന്യൂ സീലൻഡിൽ? എന്തിന് സിംഗപ്പൂർ നോക്ക്..

അത് വിട്. അതല്ലല്ലോ മ്മ്‌ടെ കഥ.

സിന്ധുവിന് പഠിത്തം കഴിഞ്ഞ് അമേരിക്കയിൽ പോണം എന്നാണത്രെ. ഭൂലോക മടിച്ചി ആണ്. ജോലി ഒന്നും ചെയ്യാഞ്ഞിട്ടും ഞാൻ ഒന്നും പറയുന്നില്ല എന്ന് മറ്റു ഹൌസ് സർജൻമാർ മുറു മുറുക്കുന്നുണ്ട്. അമേരിക്കയിൽ പോയി എന്ത് ചെയ്യുമോ എന്തോ. അല്ല; അമേരിക്ക നല്ലതല്ലേ? ഞാനും പോയാലോ?

കുറെ നേരം സൊള്ളിക്കൊണ്ടിരുന്നിട്ട് തിരിച്ചു ചെന്നപ്പോഴേക്കും കരൾ വീക്കം ഉള്ള വേൽമുരുഗൻ എന്ന രോഗി തിരിച്ചു വന്നിരിക്കുന്നു. പഴുപ്പ് കുത്തി എടുക്കാൻ സ്ഥലവും മാർക്ക് ചെയ്തിട്ടുണ്ട്. ഒരു നീണ്ട സൂചി ഉപയോഗിച്ച് കുത്തി വലിച്ചു. കുറച്ച് രക്തം മാത്രേ വന്നുള്ളൂ. പഴുപ്പ് നല്ല കട്ടി ആയതാവും. സാരമില്ല. ആന്റിബയോട്ടിക്സ് കുറച്ചു ദിവസം പോട്ടെ. നോക്കാം.

തിരക്ക് ഒഴിയുന്നില്ല. രോഗികൾ വന്നു കൊണ്ടിരുന്നു. എങ്കിലും നേരത്തെ വന്ന് അഡ്മിറ്റ് ആയവരെയും ഇടക്ക് നോക്കണം. ഇല്ലേൽ പണി കിട്ടും. അതിനിടെ അതും ഇതും പറഞ്ഞ് ചിലച്ചോണ്ട് സിന്ധു എന്റ്റെ ശ്രദ്ധ തെറ്റിച്ചു.  ഒരു രാത്രി പന്ത്രണ്ടായപ്പോ ആണ് വേൽമുരുഗനെ ഒന്നൂടെ നോക്കിയത്. ആൾ എന്നെ നോക്കി.

“കാപ്പാത്തിടുങ്കോ സാർ” പറഞ്ഞതും ബോധം പോയ പോലെ തോന്നി. ഉടനെ നോക്കിയപ്പോ ബ്ലഡ് പ്രെഷർ വളരെ കുറവാണു! തീരെ കുറവ്. വയർ കുറച്ച് വീർത്ത്, കൊരണ്ടി പോലെ ബലം വെച്ചിരിക്കുന്നു.

കുറെ സലൈൻ ഒക്കെ അടിച്ചു കേറ്റി. പഴുപ്പ് പൊട്ടി വയറ്റിലേക്ക് ആയതാവണം. ബാക്ടീരിയകൾ വയറിനകത്ത് അതിവേഗം പെരുകി സെപ്റ്റിക് ഷോക്ക്!

ഒരു പത്ത് പതിനഞ്ച് മിനിറ്റ് അടി കൂടിയിട്ടാണ് അനസ്‌തേഷ്യ സീനിയർ റെസിഡന്റ്റ് കേസ് എടുക്കാൻ സമ്മതിച്ചത്. അവരെയും കുറ്റം പറയാൻ പറ്റില്ല. റിസ്ക് ഉണ്ട്.

വയർ തുറന്നപ്പോഴേക്കും മഞ്ഞ നിറത്തിൽ പഴുപ്പ് പൊങ്ങി വരുന്നതാണ് പ്രതീക്ഷിച്ചത്. വന്നതോ- കട്ട ചോര. ലിറ്റർ കണക്കിന്. കുടു കൂടാ ഒഴുകുകയാണ്. വെറുതെ അല്ല ഷോക്കിൽ പോയത്. വിളറി വെളുത്ത വേൽമുരുഗന്റെ മുഖം അപ്പോഴാണ് ഓർത്തത്. എവിടെ നിന്നാണ് ഇത് വരുന്നത്? ഒരു പിടിയും കിട്ടുന്നില്ല.

“യൂ ഫുൾസ്! വെയർ ഈസ് ദി ബ്ലഡ്, മാൻ?”

“അകത്ത് മൊത്തം അല്ലേ?” ഞാൻ മനസ്സിലോർത്തു. അങ്ങേര് അതല്ല ഉദ്ദേശിച്ചത്.

“മൈ@@കളെ. ബ്ലഡ് അറേഞ്ചു ചെയ്യാതെ ആണോടോ കേസ് എടുക്കുന്നത്?” സന്ദിഗ്ധ ഘട്ടത്തിൽ തന്റെ മലയാളി സ്വത്വം വെളിപ്പെടുത്തി അനസ്‌തേഷ്യാ ഡോക്ടർ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു. എന്തൊക്കെയോ കൊലോയ്‌ഡ് ബ്ലഡ് സബ്സ്റ്റിറ്റ്യൂട്ടുകൾ പീച്ചി കേറ്റുകയാണ് കക്ഷി.

ചോര എവിടെ നിന്നാണ് വരുന്നത്? സീനിയർ സർജനെ വീട്ടിൽ നിന്ന് വിളിക്കാൻ ആളെ വിട്ടു. വരാൻ താമസിക്കും. ഞാൻ തപ്പലോടു തപ്പൽ. പെട്ടന്ന് തലയിൽ ഒരു ട്യൂബ് ലൈറ്റ് മിന്നി- സൂചി! കരളിൽ പഴുപ്പ് എടുക്കാൻ കുത്തിയ-

കരൾ താഴോട്ട് താത്തി ഡയഫ്രയിം മേലോട്ട് വലിച്ചു നോക്കുമ്പോ അതാ. കരളിൻറ്റെ മിനുസമുള്ള പുറത്ത് ഒരു ചെറിയ സൂചിക്കുത്ത്. അതിൽ നിന്നും ഒരു ചെറു ഫൗണ്ടൻ പോലെ ചോര.

അത്രേ ഉള്ളോ. ഇതിപ്പോ നിക്കൂല്ലേ? കുറച്ച് ഞെക്കിപ്പിടിച്ചാൽ?

എവിടെ? ഞെക്കി പിടിച്ചു സർജിസെൽ വെച്ചു. സ്റ്റിച്ച് ഇടാൻ പാടാണ്. അതും ചെയ്തു നോക്കി. ശർർ എന്ന ഒരു ഒഴുക്ക്. ചെറിയ ഒരു കുത്തിൽ നിന്നും. ഇങ്ങനെ വരുവാണ്‌. ഇത് പോലെ സ്ഥിരത ഉള്ള ഒന്നിനേം ഇത് വരെ കണ്ടിട്ടില്ല എന്ന് തോന്നി. അപ്പോഴേക്കും സീനിയർ സർജൻ വന്നു. സ്ഥിതി അത് തന്നെ. പുള്ളി അവസാനം കുറെ തുണി പാക്കുകൾ മുറുക്കെ വെച്ച് അടച്ചു. “രണ്ടു ദിവസം കഴിഞ്ഞു തുറക്കാം. അപ്പോഴേക്കും നിൽക്കേണ്ടതാണ്”.

പുറത്തിറങ്ങിയപ്പോ രാവിലെ ആയി. വേൽമുരുഗന്റ്റെ സ്ഥിതി മോശമായി വരുന്നു. പിന്നെ ഉള്ള ജോലികൾ ഒക്കെ തീർത്ത് വൈകിട്ട് പോകാറായപ്പോഴേക്കും അയ് സി യു വിൽ നിന്നും കോൾ വന്നു. ആൾ മരിച്ചിരിക്കുന്നു. ചെന്ന് കണ്ണടച്ചു കിടക്കുന്ന മുഖത്തേക്ക് നോക്കി.

കാപ്പാത്തുങ്കോ സാർ……

വയർ ഒരു ബലൂൺ പോലെ വീർത്തിരിക്കുന്നു. ഒരു സൂചി- ആളെ കൊന്നിരിക്കുന്നു.

പെട്ടന്ന് വെളിപാട് പോലെ ഒരു തോന്നൽ. ഓടി റേഡിയോളജിയിൽ പോയി റെക്കോർഡഡ് ഇമേജുകൾ നോക്കി. വേൽമുരുഗൻ….ങാ- അതാ സ്കാൻ ഇമേജുകൾ. ങേ അബ്‌സീസ് അല്ലല്ലോ. സീനിയർ റേഡിയോളജിസ്റ്റ് ഒരാൾ നോക്കി പറഞ്ഞു- ഹെപറ്റോമ ആണല്ലോ കുട്ടാ. “എ ഹെപറ്റോമ, സൺ.”

പുറത്തിറങ്ങിയപ്പോ അസ്തമയ സൂര്യൻറ്റെ ഓറഞ്ചു ച്ഛവി പരന്നിരുന്നു. പതുക്കെ നടക്കുമ്പോ സിന്ധു പുറകെ വരുന്നു. ആൾ വെളുക്കെ ചിരിച്ചു.

“ദാറ്റ് പേഷ്യന്റ്റ് ഈസ് ഡെഡ്.” ഞാൻ പറഞ്ഞു.

“ഞാൻ അറിഞ്ഞു.” ഒരു നിമിഷം മുഖത്ത് വിഷാദഭാവം വരുത്തി എന്നെ നോക്കി.

“അത് പോട്ടെ.” അവൾ ഉത്സാഹി ആയി. “നമുക്ക് ഇന്ന് ബീച്ചിൽ പോകാം. എന്റ്റെ ട്രീറ്റ്.”

ഞാൻ അവളെ നോക്കി. ” സിന്ധു. എന്റ്റെ മാരുതി അവിടെ കിടപ്പുണ്ട്. വർക് ഷോപ്പിൽ നിന്ന് ആളെ വിളിച്ച് പോയി വണ്ടി എടുക്കണം. നാലഞ്ച് കിലോമീറ്റർ നടക്കാനുണ്ട്. കൂടെ നടക്കാമെങ്കിൽ കൂടെ വന്നോളൂ- ഇഫ് യു ക്യാൻ വാക് വിത് മി, കം വിത് മി”

“അയ്യേ. അത്രേം നടക്കാനോ! ഞാൻ അച്ഛനെ വിളിക്കാം, ബി എം ഡബ്ല്യൂ അയക്കും. ഡ്രൈവർ വരും. വേണ്ടേ?”

ഞാൻ നടന്നു തുടങ്ങി.

“എന്റ്റെ കാർ ഉള്ളപ്പോ നീ നടക്കുന്നതെന്തിന്? നിനക്ക് വട്ടുണ്ടോ?” അവൾ പിന്നിൽ നിന്ന് വിളിച്ചു. പക്ഷെ അവൾ പുറകെ വന്നില്ല. ഞാൻ തിരിഞ്ഞു നോക്കാതെ നടന്നു.

തിരഞ്ഞെടുത്ത പ്രൊഫെഷൻ ഒരു രാജകീയമായത് ആണെന്ന് ചിലർ പറഞ്ഞേക്കും. പക്ഷെ അതെന്നെ ഒരു രാജാവ് ആക്കുന്നില്ല. അതിൻറ്റെ ഒരു വേലക്കാരൻ ആണ് ആക്കുന്നത്. നല്ല പണി എടുപ്പിക്കുന്ന ദുഷ്ടനായ രാജാവ് ആണ് എന്റ്റെ യജമാനൻ.

ഇല്ല. എനിക്ക് രാജാവ് ആവണ്ട. ഇപ്പൊ തീരെ വേണ്ട.

സമയമില്ല- അതാ.

(ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .