കാര്യസ്ഥൻ.

ഹോ. സുഹൃത്തുക്കളേ. ഭാര്യായോം ഓർ ബഹനോം. ഭർത്താവോം ഓർ ഭയ്യായോം. ഞാൻ പറയുന്നത് എന്താണെന്നു വെച്ചാൽ, നമ്മുടെ രാഷ്ട്രത്തിനു വേണ്ടി, നമ്മുടെ പറമ്പിനു വേണ്ടി, നമ്മുടെ പാരമ്പര്യത്തിന് വേണ്ടി, നമ്മുടെ കാർന്നോന്മാരുടെ ഓർമ്മയുടെ പാവയ്ക്കക്ക് വേണ്ടി, ശേ, പാവനതക്ക് വേണ്ടി, സ്വല്പം ത്യാഗങ്ങൾ നമ്മൾ സഹിക്കണം. അതെ- ത്യാഗങ്ങൾ. ഇച്ചിരി ഖുണ്ടിയിൽ വേദന ഉണ്ടായാലും കുഴപ്പമില്ല.

ആവൂ. പുറം വേദനിക്കുന്നു. കുറെ നേരം അത്രേം കുനിഞ്ഞു നിന്നിട്ടാണ്. പിന്നെ ഖു ……ണ്ടി….
അവിടേം വേദന ഉണ്ട്. ശുദ്ധമായ കാച്ചിയ വെളിച്ചെണ്ണ ആയത് കൊണ്ട് കുഴപ്പമില്ല. വല്ല പീറ ഫോറിൻ എണ്ണകൾ ആയിരുന്നെങ്കിൽ, ….ഹോ – ഓർക്കാൻ കൂടി വയ്യ.

ആകെ കൺഫ്യൂഷൻ ആയല്ലേ. ഇതാ എല്ലാരും പറയുന്നേ. ഞാൻ ഒരു പൊട്ടനാ ചില നേരത്ത്. പി . ജനക് കുമാർ ഒരു കഴുത ആണെന്നാ നാട്ടുകാർ പറയുന്നത്. ആദ്യം പൂദ്യേ തൊടങ്ങാ, ല്ല്യേ?

എന്ടിഷ്ടോ, എന്റെ പേരണ് ജനക് കുമാർ. എല്ലരും ജന ന്നു വിളിക്കും.

ഞാ ഒരു പാവാ. ശുദ്ധനാ. കാർണോർമാർ ഉണ്ടാക്കി ഇട്ടിരിക്കുന്ന വീടും പറമ്പും ഉണ്ട്. എനിക്കോർമ്മ വച്ചപ്പോ കേട്ടതാ, അപ്പനെ ആരോ കൊന്നൂന്ന്. പിന്നെ നേറുമാമൻ ആരുന്നു കാര്യസ്ഥൻ.

കൊറേ കഷ്ടപ്പെട്ടിട്ട്ണ്ട് മനുഷരെ. കോണം മാത്രേ ഉടുക്കാൻ ഉണ്ടാരുന്നുള്ളു. രാവിലെ മൊതല് രാത്രി വരെ ചേറിൽ പണി തന്നെ പണി. എന്നിട്ടും തിന്നാനോ- അധികം ഒന്നും ഇല്ല. പട്ടിണി തന്നെ പട്ടിണി.

സീ. ഒന്നും ശാശ്വതമല്ല. സൂര്യൻ കിഴക്കുദിച്ചാൽ പടിഞ്ഞാറ് മുങ്ങും. അങ്ങനെ കുറെ ആയി. സൂര്യന്മാരും കാര്യസ്ഥന്മാരും കൊറേ കിഴക്കൂന്നുദിച്ചു, പടിഞ്ഞാറു ടപ്പോ ന്ന് ആർത്തലച്ചു വീണു. ഗംഗയിലും യമുനയിലും, കാവേരിയിലും, പെരിയാറിലും, ഈ പറമ്പിലെ ചെറു കയ്യാണികളിലും ആയിരക്കണക്കിന് കിന്റൽ വെള്ളം ശറ ശറാ ഒഴുകിപ്പോയി. ബോഡികളും. ഒഴുകാൻ ഉള്ളത് ഒഴുകിയല്ലേ തീരു.

“ഒഴുകും ഒഴുകസ്യ ഒഴുകസ്യ” എന്നാണല്ലോ. “ഒഴുക്കിൽ ചാടിയവൻ ഒഴുകും” എന്ന് ബൈബിളിലും പറഞ്ഞിട്ടുണ്ടല്ലോ.

സോറി. ഈ ആധ്യാത്മികം എന്റെ ഒരു വീക്നെസ് ആയിപ്പോയി.

പറഞ്ഞു വന്നത് ന്താണെന്നു വെച്ചാൽ, ഇച്ചിരെ തിന്നാൻ ഒക്കെ ഉണ്ടായി ഷ്ട. പത്ക്കെ.
കോണം മാറ്റി; മുണ്ടുടുത്തു. പിന്നെ പാന്റിട്ടു. ഷർട്ട്, ഷൂസ്, ഹാറ്റ്, ജാക്കറ്റ് ഒക്കെ ണ്ടായി വന്നതാർന്നു.

അപ്പൊ …

ങ്ങാ. അപ്പൊ ഒരു രാത്രിയിൽ ആണയാൾ വന്നത്. അന്ന് അമാവാസി ആയിരുന്നു. മഴ പിള് പിളാ തൂളുന്നുണ്ടായിരുന്നു. കൂമൻ മൂ മൂ ന്നു മൂളി. ദൂരെ ഒരു രാപ്പക്ഷി ദുഃഖ ശബ്ദത്തിൽ പാടി. അങ്ങ് ഓടാനുള്ള കണ്ടങ്ങൾക്കപ്പുറത്തെ ഒരു കുളത്തിൽ ഒരു വരാൽ മത്സ്യം പിടച്ചു.

യോഗ്യനായിരുന്നു അയാൾ. ഒരു പാവം ലുക്ക്. പക്ഷെ കണ്ണുകളിൽ എന്തോ തിളക്കം അന്നേ ഞാൻ ശ്രദ്ധിച്ചു. ഒരു എലിയെ അങ്ങനെ തന്നെ വിഴുങ്ങിയ പൂച്ചയുടെ കണ്ണുകളിൽ ഉണ്ടാവുന്ന ആത്മസംതൃപ്തിയുടെ തിളക്കം.

“സാർ, ഒരു കാര്യസ്ഥന്റെ ഒഴിവ് ഉണ്ടെന്നറിഞ്ഞു വന്നതാണ്” – അയാൾ ഭവ്യതയോടെ മൊഴിഞ്ഞു.

“ഉം . ഇപ്പൊ ഒഴിവുണ്ട്”. ഞാൻ പറഞ്ഞു. ഞാൻ അയാളെ ആപാദ ചൂടം നോക്കി. അയാൾ എന്നെയും അങ്ങനെ തന്നെ നോക്കി. അതായത്, അങ്ങേരുടെ കേശം മുതൽ പാദം വരെ ഞാൻ വീക്ഷിച്ചു. ആയാളും വീക്ഷിച്ചു.

ശുദ്ധ സംസ്‌കൃതത്തിൽ ഉള്ള ഈ വീക്ഷണം എന്നെ ക്ഷീണിപ്പിച്ചു. ഞാൻ കട്ടളപ്പടിയിൽ ഇരുന്നു.

“സാറിന്റെ കാൽ ഞാൻ ഒന്ന് ഉഴിഞ്ഞു തരട്ടെ”- അയാൾ മാറാപ്പിൽ നിന്ന് ഒരു കുപ്പി എണ്ണ എടുത്തു:
“ശുദ്ധമായ കാച്ചിയ വെളിച്ചെണ്ണ ആണ്; നമ്മുടെ സംസ്കാരത്തിന് ചേർന്നത്” അയാൾ പറഞ്ഞു.

അങ്ങനെ ആണ് അദ്ദേഹം ജോലിക്ക് കയറിയത്.

എന്തുഗ്രൻ ആയിട്ടാണയാൾ വീടും പറമ്പും നോക്കിയത്! സമ്മതിക്കണം. ഒത്തിരി പ്രശ്നങ്ങൾ ഇവിടെ ഉണ്ടായിരുന്നു. ഒക്കെ പറഞ്ഞു തന്നത്, ചൂണ്ടി കാണിച്ചത്, ഒക്കെ അയാൾ ആണ്. വീടിനകത്ത് മൊത്തം ശത്രുക്കൾ ആയിരുന്നു. പുറത്തും.

“സാർ- ആപ് ഖത്തർ മേ ഹേ” എന്ന് പറഞ്ഞത് ഞാൻ ഒരിക്കലും മറക്കില്ല.

“ങേ – ഖത്തറിലോ”

“അല്ല- ഖത്ര. സാർ അപകടത്തിൽ ആണ്.”

എന്ത് എനിക്ക് പറഞ്ഞു തരുമ്പോളും ഇതാദ്യം അദ്ദേഹം പറയും.

രാവിലെ പോയാൽ രാത്രിയെ വരൂ. അത് വരെ പറമ്പ് അഭിവൃദ്ധി ആക്കാൻ ഉള്ള പണി ആണ്. എന്താണ് എന്ന് ചോദിച്ചാൽ ഒന്നും മിണ്ടൂല്ല- ചൂടാവും. ഇതിനു മുൻപത്തെ ആളുകൾ എന്നും കണക്ക് ബോധിപ്പിച്ച് ചോദ്യങ്ങൾക്ക് ഉത്തരം പറയുമായിരുന്നു.

ഇടക്ക് ഒന്ന് രണ്ടു പ്രാവശ്യം ഞാൻ ചോദിച്ചു. അപ്പൊ പാത്രം ഒക്കെ എറിഞ്ഞു പൊട്ടിച്ചു വലിയ ബഹളം ഒക്കെ ഉണ്ടാക്കി. ഞാൻ പേടിച്ചു പോയി.

“ഇവിടെ എല്ലാം ശരിയാക്കാൻ അല്ലെ, സാർ. ഞാൻ ഇപ്പൊ എല്ലാം ശരിയാക്കിത്തരാം. ചെറിയ സ്പാനർ എന്റെ കയ്യിൽ ഉണ്ട്. വലുതും ഉണ്ട്. ചുറ്റും ശത്രുക്കൾ ഉണ്ട്. സാർ അത് മറക്കരുത്.”

അങ്ങനെ ഞാൻ എല്ലാം അദ്ദേഹത്തെ ഏല്പിച്ചിരിക്കയാണ്. ഇടക്ക് വല്ലപ്പോഴും അദ്ദേഹം പറയും:

“ഇന്ന് രാത്രി പന്ത്രണ്ടു മണിക്ക് എനിക്ക് സാറിനോട് സംസാരിക്കണം”

ഒരു ഉൾക്കിടിലത്തോടെ ആണ് ഞാൻ ആ അർദ്ധരാത്രികളിൽ അയാളുടെ മുന്നിൽ നിൽക്കാറ്. വേറെ ഒന്നുമല്ല- പല വിധ ത്യാഗങ്ങൾ ആവശ്യപ്പെടും. എല്ലാം എന്റെ നല്ലതിനാണ് കേട്ടോ.

ഇന്നാൾ ഇത് പോലെ ഒരു രാത്രി-

“സാർ. ഇന്ന് മുതൽ സാറിന്റെ പേഴ്സിൽ ഉള്ളതും അലമാരിയിൽ ഉള്ളതും ബാങ്കിൽ ഉള്ളതും ആയ മൊത്തം കാശും പോയതായി കരുതണം. അത് ഞാൻ എടുത്തിട്ട് പതുക്കെ പിന്നെ തരാം”

ഞാൻ ഞെട്ടിപ്പോയി. കേട്ടില്ലേ. ഇത് പോലെ ഞെട്ടിക്കലാണ്. ഇതും നല്ലതിനായിരുന്നു കേട്ടോ. ഒക്കെ ശത്രുക്കൾ ഇല്ലേൽ അടിച്ചു മാറ്റിയേനെ.

പിന്നൊരിക്കൽ അദ്ദേഹം പറഞ്ഞു- “സാർ തൊപ്പി നമുക്ക് വേണ്ട”. അങ്ങനെ തൊപ്പി പോയി. പിന്നെ ഷർട്ട്. ജാക്കറ്റ്. അവസാനം പാൻറ്റ് വേണ്ടെന്ന് പറഞ്ഞപ്പോ ഞാൻ ദയനീയമായി ചോദിച്ചു:

“എന്നാൽ മുണ്ടിടാം അല്ലേ?”

“വേണ്ട ഡാ സാറേ! ഞാൻ പറഞ്ഞത് കേട്ടാ മതി!”

“ഓ”

പിന്നെ പോയത് ജെട്ടി ആണ്. അങ്ങനെ പൂർണ നഗ്നനായി ആ വീട്ടിൽ ഞാൻ ഇങ്ങനെ താമസിച്ചു. പക്ഷെ മനസ്സിൽ എനിക്കറിയാം:

സമയമെടുക്കും; പക്ഷെ എല്ലാം ശരിയാകും. ക്ഷമ വേണം.

ഇന്നലെ രാവിലെ അദ്ദേഹം പറഞ്ഞിരുന്നു. ഇന്ന് കൃത്യം പന്ത്രണ്ടു മണിക്ക് സാർ എന്റെ റൂമിൽ വരണം.

അപ്പൊ ആ സമയത്ത് ഞാൻ ചെന്നു.

ഒരു മാദക ചിരിയുമായി അദ്ദേഹം നിൽക്കുന്നു. ഞാനും ചിരിച്ചു. ഭയം ഇല്ലാതില്ല.

“സാർ! ത്യാഗങ്ങൾ നമ്മുടെ പറമ്പിനു വേണ്ടി സഹിക്കുന്നതിന് അങ്ങേക്ക് വിരോധം ഒന്നുമില്ലല്ലോ. അങ്ങയുടെ അമ്മാമൻ മൊത്തം കുളമാക്കി വെച്ചതൊക്കെ ഞാൻ ശരിയാക്കിക്കൊണ്ടിരിക്കയാണ്. ഇപ്പൊ എല്ലാം ശരി ആകും. ഒരു പത്തമ്പത് കൊല്ലം മതി. “

ഞാൻ തലയാട്ടി.

“സാർ ഒന്ന് തിരിഞ്ഞു നിന്നേ”

ഞാൻ നിന്നു.

” ഒന്ന് നന്നായി കുനിഞ്ഞേ.” ഞാൻ ഒന്ന് മടിച്ചു.

“അകത്തും ശത്രുക്കൾ, പുറത്തും ശത്രുക്കൾ, ത്യാഗം ….” അദ്ദേഹം ഓർമിപ്പിച്ചു.

ഞാൻ അനുസരിച്ചു. അയാൾ വലിപ്പിൽ നിന്ന് കുപ്പി എടുക്കുന്ന ശബ്ദം ഞാൻ കേട്ടു. കാച്ചിയ വെളിച്ചെണ്ണയുടെ മണം അവിടെങ്ങും പരന്നു.

“സാർ, ഇത് ശുദ്ധമായ കാച്ചിയ എണ്ണയാണ്. നല്ല ഒന്നാന്തരം.”

(ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .