കോഴികളുടെ സാമ്രാജ്യത്ത ചരിത്രം:

“കോഴിക്കാലില്ലാതൊരുനാൾ മനുഷ്യർ-
-ക്കേർപ്പെട്ട ദുഃഖം പറയാവതല്ല.
ഇപ്പോളതിൻമാതിരിയൊന്നുമില്ല,
കെ എഫ് സി ഇല്ലാത്തൊരു ടൗണുമില്ല.”

മിക്ക രാജ്യങ്ങളുടെ കൊടികളെക്കാളും ഫാമൂസ് ആണ് മക്കളേ, കെ എഫ് സി ലോഗോ. കോഴിയില്ലാതെ ഒരു നേരമന്നം തൊണ്ടയിൽ നിന്നറിങ്ങാത്ത സാധനങ്ങളാണ് ഹോമോ സാപ്പിയൻസ് എന്ന ഇരുകാലി മൃഗങ്ങളിൽ മിക്കവരും.

എന്റ്റെ ഒക്കെ ചെറുപ്പത്തിൽ ആഴ്ചയിൽ ഒരിക്കൽ കായ ഒക്കെ ഇട്ട് നേർപ്പിച്ച പോത്ത് ആരുന്നു ആകെ കിട്ടുന്ന ഇറച്ചിക്കറി. വല്ല ക്രിസ്മസിനും ഈസ്റ്ററിനും ഒക്കെയേ കോഴി കിട്ടു. ഇപ്പൊ:

“എവിടെ തിരിഞ്ഞൊന്നു നോക്കിയാലും
അവിടെല്ലാം റോസ്റ്റ് ചെയ്ത ചിക്കൻ മാത്രം”…..

പക്ഷെ ഇത് ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല കേട്ടോ. ഇപ്പോഴത്തെ ഇന്ത്യ, പാകിസ്ഥാൻ, തായ്‌ലൻഡ്, മലേഷ്യ, എന്ന ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിൽ പല തരം കാട്ടുകോഴികൾ ചിക്കിപ്പെറുക്കിയും കൊക്കിയും കൂവിയും ഇങ്ങനെ തേരാ പാരാ നടന്നിരുന്നു. അതിനെ ഒക്കെ തരം കിട്ടുമ്പോഴൊക്കെ ശുദ്ധ വെജിറ്റേറിയന്മാരും സാത്വികരുമായുള്ള നമ്മുടെ പൂർവികർ കഷ്ടപ്പെട്ട് ഓടിച്ചും പാത്തും പതുങ്ങിയും പിടിച്ച് ശാപ്പിട്ടിരിന്നിരിക്കാൻ സാധ്യതയുണ്ട്.

ഏകദേശം മൂവായിരത്തഞ്ഞൂറു കൊല്ലങ്ങൾക്ക് മുൻപ് ആണെന്നാണ് തോന്നുന്നത്, ഇവിടെ ഒക്കെ ഉള്ള ഗാലസ് ഗാലസ് എന്ന കാട്ടുകോഴിയെ വളർത്തു പക്ഷി ആക്കിയത്. അരിയൊക്കെ കൊടുത്ത് ഇങ്ങനെ കൂട്ടം കൂട്ടമായി വളർത്തി മുട്ടയൊക്കെ ഇടീപ്പിച്ച് തിന്ന്, ഇടക്ക് കൊന്ന് കറി വെച്ചൊക്കെ അങ്ങനെ അങ്ങനെ…ആഹാ – സബാഷ്. എണ്ണായിരം കൊല്ലം മുൻപേ ചൈനയിലും ഇൻഡസ് വാലിയിലുമൊക്കെ ഉണ്ടായിരുന്നു എന്ന് വിചാരിച്ചിരുന്നു. ഇപ്പൊ ജനറ്റിക് തെളിവുകൾ ഒക്കെ വെച്ച്, മ്മ്‌ടെ വിശാല ഭാരതീയ പൂർവികർ ആണെന്ന് തോന്നുന്നു, ആദ്യത്തെ കോഴികൾ.

ഛേ- അയ് മീൻ, കോഴി വളർത്തുകാർ. പിന്നെ നമ്മളാണല്ലോ അന്നത്തെ വിശ്വ കേന്ദ്രക്കാർ. ഇവിടുന്ന് കച്ചവടത്തിലൂടെ മ്മ്‌ടെ കോഴി ലോകമെങ്ങും വ്യാപിച്ചു. എണ്ണൂറു ബി സി ഒക്കെ ആയപ്പോ, യൂറോപ്പിലെത്തി. പിന്നെ പോരേ പൂരം. പറയാനുണ്ടോ- ലോകം മൊത്തം കോഴികളുടെ ഒരു പെരളി! പെരട്ടിയതും പേരട്ടാത്തതും ചുട്ടതും തിളപ്പിച്ച് വേവിച്ചതും. പിന്നെ വെറുത്തതും. അയ് മീൻ, വറുത്തതും.

ഭാരതീയരെ, അഭിമാനിക്കു- ഇപ്പൊ ഈ ഭീകര ഭൂഗോളത്തിലുള്ള ഇരുപത്തഞ്ച് ബില്യൺ കോഴികളുടെയും (മനുഷ്യർ ആകെ എട്ടു ബില്യണ് ഉള്ളു) പൂർവികർ നമ്മുടെ പൂർവികരുടെ പറമ്പു സ്വത്തായിരുന്നു!! ഉഷാർ, ഉഷാർ. അപ്പൊ മ്മ്‌ടെ ഗാലസ് ഗാലസ് ഡൊമസ്റ്റിക്കസ് ആണ് താരം.

ഇപ്പൊ അതിവേഗത്തിൽ ശാസ്ത്രം വളർത്തിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് കോഴി വളർത്തൽ. ആയിരത്തി തൊള്ളായിരത്തി അൻപതുകളിലെ ഒരു കോഴി മാസങ്ങളോളം വളർന്ന് വെറും തൊള്ളായിരം ഗ്രാം ആയിരുന്നെങ്കിൽ, ഇപ്പൊ ആറാഴ്ചക്കുള്ളിൽ, ഒരെണ്ണം രണ്ടര കിലോ ആവുന്നു. വേവുന്നതോ- ഞൊടിയിടയിൽ!

ഞാൻ പറഞ്ഞു വന്നത് ഇത്രയേ ഉള്ളു. പണ്ടത്തെ കാലത്തൊക്കെ ആണുങ്ങൾ ഒരു ജാതി പോത്തുകൾ ആയിരുന്നു. ഇപ്പൊ നിറച്ചും കോഴികളാ, കോഴികൾ.
കൊക്കര കോ….കോ …(ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .