ഞാൻ എങ്ങനെ ഉണ്ടായി ? – ആ ചോദ്യവും പരശുരാമന്റെ മഴുവും .

ഞാൻ എങ്ങനെ ഉണ്ടായി ? ഒരു അദ്‌ഭുത ചരിത്രം .

. ഞാൻ എങ്ങനെ ഉണ്ടായി ? – ആ ചോദ്യവും പരശുരാമന്റെ മഴുവും .

പരശുരാമൻ മഴു എറിഞ്ഞു കേരളം ഉണ്ടാക്കിയ കഥ നമുക്കൊക്കെ അറിയാവുന്നതാണല്ലോ . കൂട്ടക്കൊലയ്ക്ക് ശേഷം , ആണ് അദ്ദേഹം അത് ചെയ്തത് . അതോടു കൂടി, ഉണ്ടായ സ്ഥലത്തെ ഒരു കൂട്ടം ആളുകൾക്ക് തീറെഴുതി കൊടുക്കുകയും ചെയ്തു . ഏത്  വിഭാഗം ആയിരിക്കും ഈ പുരാണം ഉണ്ടാക്കിയത് എന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു .

പണ്ട് ഞാൻ ജോലി ചെയ്ത സ്ഥലത്ത് , ഒരു രോഗിയെ പരിചയപ്പെട്ടിരുന്നു . ഏതാണ്ട് അറുപത് വയസ്സിനോട് അടുപ്പിച്ച് , അദ്ദേഹത്തിന്  പേശികൾക്കിടെ ഒരു കാൻസർ മുഴ വന്ന്‌ ഓപ്പറേറ്റ് ചെയ്തതാണ് . അത് കഴിഞ്ഞു  ഒരു പത്തു പതിനഞ്ചു കൊല്ലം ആയി . അപ്പോഴാണ് ഞാൻ കാണുന്നത് . കാൻസർ രണ്ടാമതും വന്നിട്ടുണ്ട് . ഇപ്പോൾ എല്ലുകളിൽ പല ഭാഗത്തായി ആണ് വന്നിരിക്കുന്നത് . എന്നാൽ കീമോതെറാപ്പി ചെയ്‌താൽ കുറെ വർഷങ്ങൾ ജീവിച്ചേക്കാം എന്ന് ഓങ്കോളജിസ്റ്റ് അഭിപ്രായപ്പെട്ടു .

“എന്തിന് ? ജീവിതത്തിൽ ഇനി ഒരേ ഒരു ഉദ്ദേശ്യമേയുള്ളു – കുടുംബ ചരിത്രം എഴുതി തീർക്കണം . മക്കളുടെ കാര്യങ്ങൾ ഒക്കെ നന്നായി പോകുന്നു . ഇനി ഒരു ഒന്ന് രണ്ടു മാസം കിട്ടിയാൽ അവസാന മിനുക്കും കഴിച്ച് , കുടുംബ ചരിത്രം പുറത്തിറക്കാം .”

ഒരു കോപ്പി എന്റെ സുഹൃത്ത് ഡോക്ടർക്ക് കൊടുത്തു  . ഏതാനും മാസങ്ങൾക്കുള്ളിൽ  ഈ നല്ല ഒരു മനുഷ്യൻ  സമാധാനമായി മരിക്കുകയും ചെയ്തു .

ഞാൻ പറഞ്ഞു വന്നത് എന്താണ് എന്ന് വച്ചാൽ , അവനവന്റെ വേരുകൾ തപ്പാനുള്ള മനുഷ്യന്റെ അദമ്യവും അതി രൂക്ഷവും , അതി പുരാതനവും ആയ വാഞ്ഛ അവന്റെ ഒരു പ്രത്യേകത ആണെന്നാണ് .

ഒരു പാറ്റയും പുഴുവും , വരാലും , പല്ലിയും , മുയലും , പട്ടിയും – “ഞാൻ ആര് ? ഞാൻ എവിടുന്നാഷ്ടോ വന്നത് ? എന്റെ കൂട്ടക്കാർ എങ്ങനെ ഉണ്ടായി ? ഇതെല്ലാം എന്തുട്ടാഷ്ടോ ? ഈ ലോകം – എന്തുട്ടാ ഈ സംഭവം ? ഇങ്ങനെ ചിന്തിച്ചിട്ടില്ല . ‘ഞാൻ’ എന്ന ഒരു സംഭവം ഉണ്ട് എന്ന ഒരു തുടർബോധം പോലും മനുഷ്യൻ അല്ലാത്ത മിക്ക ജീവികൾക്കും ഇല്ല എന്നതാണ് വാസ്തവം .

ഞാൻ ഈ പറഞ്ഞ ആള് എഴുതിയ പുരാണം വായിക്കാൻ ബഹുരസം ആണ് . തോമാശ്ലീഹാ ഏതൊക്കെ നമ്പൂതിരി കുടുംബങ്ങളെ മാമോദീസ മുക്കി എന്നും , അതിൽ ഏതാണ് , തന്റെ പൂർവികരുടെ കുടുംബം എന്നും , അതെങ്ങനെ തന്നിലേക്ക് വന്നു എന്നും , എവിടുന്നൊക്കെയോ കിട്ടിയ വിവരങ്ങളും , അദ്ദേഹത്തിന്റെ വയസ്സൻ ബന്ധുക്കൾ പണ്ട് പറഞ്ഞ കാര്യങ്ങളും ഒക്കെ ചേർത്ത് തയാർ ചെയ്തത് ആണ് ടി ചരിത്രം .

ഇതൊക്കെ അദ്ദേഹത്തിന്റെ അവസാന കാലത്തിനു ഒരു അർഥം കൊടുത്തു . അതിന് തർക്കമില്ല . എല്ലാവരും അനുമോദിച്ചു . വായിച്ചതായി അഭിനയിച്ച് അദ്‌ഭുതം കൂറി .

വലിയ വാസ്തവങ്ങൾ ഒന്നും ഇല്ല എന്ന് ഏകദേശം ഉറപ്പായ ഈ പുസ്തകം ഇപ്പോൾ സാൻ  ഫ്രാന്സിസ്കോയിലോ , ഒട്ടാവയിലോ , സിഡ്‌നിയിലോ ,  ബാംഗ്ളൂരിലോ , ജാംഷെഡ്പൂരിലോ , കോട്ടയത്തോ , ലോകത്തെ ഏതെങ്കിലും ഒരു കോണിൽ ചിതൽ അരിച്ചു കിടക്കുന്നുണ്ടാവും . ആരും മൈൻഡ് ചെയ്യാതെ .

അദ്ദേഹത്തിന്റെ മകനോ മകൾക്കോ , ചെറുമക്കൾക്കോ വയസ്സാകുമ്പോൾ പെട്ടന്ന് , ഈ ചരിത്രത്തിൽ എന്തെന്നില്ലാത്ത ഒരു പുത്തൻ അഭിനിവേശം തോന്നുകയും , പൊടി ഒക്കെ തട്ടി , എടുത്തു വായിക്കാൻ നേരത്തെ പറഞ്ഞ , അദമ്യം , ആയ ആവേശം തോന്നാനും മതി .

ഞാൻ മോശമായി പറഞ്ഞതല്ല – ഇതൊക്കെ ഇങ്ങനാണ് . ഇതാണ് നമ്മൾ . നമ്മൾ ആളോള് ഇങ്ങനാണ് .

സുറിയാനി ക്രിസ്ത്യാനികളുടെ ഒറിജിൻ മിത്ത് അഥവാ ഉദ്ഭവ പുരാണം ആണ് സെന്തോമാസ് കഥ . ഇതിന്റെ വിശദാംശങ്ങൾ എന്തായാലും ഗുണ്ട് ആണ് . സത്യത്തിന്റെ ചെറിയ ഒരു കാതൽ കണ്ടേക്കാവുന്ന ഒരു മിത്ത് ആണ് ഇത് , എന്ന് മാത്രമേ നമുക്ക് പറയാനാവൂ .

ലോകത്തെ എല്ലാ ജന വിഭാഗങ്ങള്ക്കും ഇങ്ങനത്തെ ഉദ്ഭവ മിത്തുകൾ ഉണ്ട്.

ബ്രഹ്‌മാവ്‌ , ഹിരണ്യ ഗർഭം , മുഖത്ത് നിന്ന് ബ്രാഹ്മണർ – നമുക്ക് അറിയാവുന്ന ഒരു മിത്ത് അങ്ങനെ പോകുന്നു .

ആകാശത്ത് ഇരിക്കുന്ന ഭയങ്കരൻ ദൈവം , കളിമണ്ണ് കുഴച്ച് നമ്മെ ഉണ്ടാക്കുന്നു . ലോകം ആദ്യം ഉണ്ടാക്കി കേട്ടോ .

മിഡിൽ ഈസ്റ്റിലെ മരുഭൂമിയിൽ വച്ച് , തങ്ങളുടെ ആദി പിതാവായ അബ്രഹാമിനോട് ദൈവം നേരിട്ട് ഒരു കരാറിൽ ഏർപ്പെടുന്നു . ഈ പാരാവാര പ്രപഞ്ചത്തിന്റെ മൊത്തം അധിപന്റെ സ്വന്തം ജനം ആണത്രേ യഹൂദർ !

ബെസ്റ്റ് മിത്തല്ലേ ?

പാൻ കു എന്ന ഒരാദിമ മനുഷ്യൻ ഉണ്ടായിരുന്നു . പുള്ളി പതിനെണ്ണായിരം വര്ഷം ഒരു പ്രപഞ്ച മുട്ടയിൽ ഒളിച്ചിരുന്നു . പെട്ടന്ന് മുട്ട പൊട്ടി . മുട്ടത്തോടിന്റെ മേൽ പകുതി ആകാശവും , കീഴ് പകുതി ഭൂമിയും ആയി . എല്ലാ പദാർത്ഥങ്ങളും , രണ്ട് എതിർ ഗ്രൂപ്പുകളായി പിളർന്നു – യിന്നും യാങ്ങും . ആണും പെണ്ണും . വെളുപ്പും കറുപ്പും.- അങ്ങനെ അങ്ങനെ . ചൈനാക്കാരുടേത് ആണ് . എന്ത് രസാ അല്ലെ ?

പല മിത്തുകളിലും അവനവന്റെ ഗോത്രം ആണ് നായക സമൂഹം . അതല്ലേ നല്ലത് ? വിനയം ആയിരുന്നില്ല നമ്മുടെ മുഖമുദ്ര . ദാർഷ്ട്യം ആയിരുന്നു . ഈ പറഞ്ഞ മിത്തോക്കെ –

“അയ്യേ – ഇതൊക്കെ ആരെങ്കിലും വിശ്വാസിക്ക്വൊ ?” എന്നാരെങ്കിലും അതെ ഗോത്രത്തിന്നുള്ളവൻ പറഞ്ഞാ ഉണ്ടല്ലോ ?

ലവന്റെ കാര്യം സ്വാഹാ . അവന്റെ അല്ലെങ്കിൽ അവളുടെ ഒറിജിൻ എന്തായാലും ഏൻഡ് ഉടൻ ഉണ്ടാവും .

ഏത് മിത്തുകൾ ആണ് ജയിക്കുന്നത് ? ഏവ  ആണ് ആ പ്രദേശം മൊത്തം പരക്കുന്നത് ?

ജയിച്ചവന്റെ . യുദ്ധങ്ങൾ നടത്തി ജയിച്ചവന്റെ . അടക്കി ഭരിച്ചവന്റെ .

ഞങ്ങടെ ബിശ്വാസം ഇതാ . മര്യാദക്ക് ഇത് നിങ്ങടെ മക്കളെ പഠിപ്പിച്ചോ . ഇല്ലെങ്കിൽ അങ്ങ് മലേടെ അപ്രത്തുള്ള സ്ഥലത്തേക്ക് പോക്കോടോ . അല്ല പിന്നെ .

എന്നാൽ സങ്കടം അതല്ല . ഇന്നീ രണ്ടായിരത്തി പത്തൊൻപതിൽ , ശരിക്കും നമ്മൾ എങ്ങനെ ഉണ്ടായി ? ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി ? എന്നിട്ട് എന്തൊക്കെ എപ്പോഴൊക്കെ സംഭവിച്ചു ? എന്നീ കാര്യങ്ങൾ പണ്ട് ഒരു മനുഷ്യന്മാർക്കും അറിയാൻ പറ്റുന്നതിന്റെ അനേക ശത കോടി മടങ്ങ് വ്യക്തവും കൃത്യവുമായി നമുക്ക് അറിയാം എന്നതാണ് . വേറെ ഏതൊരു ഒറിജിൻ മിത്തിനെക്കാളും അദ്‌ഭുതകരമാണ് നമ്മുടെ യഥാർത്ഥ ചരിത്രം . അതാരംഭിക്കുന്നത് വലിയ ഒരു സംഭവത്തോടെ ആണ് – ദ ബിഗ് ബാംഗ് – വലിയ വളി . അടുത്ത ഈ സീരിസിലെ ലേഖനം അതിനെ പറ്റി ആയിരിക്കും .

അത് വരെ , പഴേ മിത്തുകളിൽ ഏറ്റവും നല്ലത് , എന്റെ അഭിപ്രായത്തിൽ , താഴെ പറയുന്നത് ആണ് :

ആദിയിൽ ഒരു കുന്തവും ഉണ്ടായിരുന്നില്ല .

ഇല്ലായ്മ പോലും ഇല്ല .

ആർക്കറിയാം – എങ്ങനെ ഒക്കെ ഉണ്ടായത് എന്ന് ?

ആർക്കും ഒരു ചുക്കും അറിഞ്ഞൂടാ

മോളീന്ന് നോക്കുന്ന ആ ഒരാൾക്ക് അറിയാമായിരിക്കും .

ചെലപ്പം അങ്ങേർക്കും അറിയില്ലായിരിക്കും .

(അങ്ങനെ ഒരാൾ ഉണ്ടോ ആവോ ?)

– നാസദീയ സൂക്ത – റിഗ് വേദത്തിൽ നിന്നുള്ള സൂക്തത്തെ എ ൽ ബാഷം ഇംഗ്ളീഷിൽ ആക്കിയതിന്റെ ചില ഭാഗങ്ങൾ ഞാൻ ഏകദേശ പരിഭാഷ ചെയ്തത് .

ആധുനിക ശാസ്ത്രം വരുന്നത് വരെ ഉള്ള , ഏറ്റവും സത്യാല്മകമായ ഒറിജിൻ മിത്ത് ഈ സൂക്തത്തിൽ ഉള്ളത് തന്നെ (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .