ഒരു ഭീകര തെറി – ദി ബിഗ് ബാംഗ് .

ഞാൻ എങ്ങനെ ഉണ്ടായി ? ഒരു അദ്ഭുത ചരിത്രം .

-ഒരു ഭീകര തെറി – ദി ബിഗ് ബാംഗ് .

അപ്പൊ പല ഉണ്ടാവൽ കഥകളും നമുക്കറിയാം . ബ്രഹ്‌മാവ്‌ ഉണ്ടാക്കി . ഹിരണ്യ ഗർഭം . ഏഴ് ദിവസം കൊണ്ട് വെള്ളത്താടിക്കാരൻ ദൈവം ….അങ്ങനെയങ്ങനെ .

എന്നാൽ ഇനി ഞാൻ പറയാൻ പോകുന്ന കഥ അതിഭീകരം ആണ് .  മനുഷ്യൻ ഉണ്ടാക്കിയ ഒരു കഥയും അതിന്റെ  ചെരുപ്പിന്റെ ലെയ്സ്  അഴിക്കുക കൂടി ഇല്ല .

പ്രപഞ്ചം ഉണ്ടായതാണല്ലോ സംഭവം . ഒരു അതി ഭീകര സാധനം ആണീ പ്രപഞ്ചം . നമ്മുടെ മില്കി വേ എന്ന ഗാലക്‌സി എന്ന നക്ഷത്രക്കൂട്ടത്തിൽ തന്നെ നൂറു ബില്യൺ നക്ഷത്രങ്ങൾ ഉണ്ട് . ഒരു ബില്യൺ എന്ന് പറഞ്ഞാൽ ആയിരം മില്ലിയൺ . ഒരു മില്യൺ എന്നാൽ പത്ത് ലക്ഷം . അപ്പൊ ഒരു ബില്യൺ എന്നാൽ പതിനായിരം ലക്ഷം . അങ്ങനെ നൂറ് ബില്യൺ നക്ഷത്രങ്ങൾ ! അതിൽ തന്നെ പലതും സൂര്യന്റെ പല മടങ് വലിപ്പം ഉള്ളത് .

അതായത് യൂ പിയിലെ പശുക്കൾ ഒന്നും ഒന്നുമല്ല . ആകെ ഈ ഭൂമിയിൽ ഏഴ് ബില്യൺ മനുഷ്യരെ ഉള്ളു എന്നോർക്കണം .

നക്ഷത്രങ്ങളുടെ ഇടയിൽ അതിഭയങ്കര ശൂന്യത ആണ് . പ്രപഞ്ചം മൊത്തം ശൂന്യത ആണ് . മഹാ ശൂന്യത . ഇടയ്ക്കാണ് ഈ നക്ഷത്രങ്ങളും മറ്റും . മിക്ക നക്ഷത്രങ്ങളുടെയും ചുറ്റും ഗ്രഹങ്ങളും ഉണ്ട്!

ഇത് നമ്മുടെ ഗാലക്സിയുടെ കാര്യം . ഇതിനു ചുറ്റും നമുക്ക് കാണാവുന്നത് മാത്രം നോക്കിയാൽ ഒരു നൂറു ബില്യൺ ഗാലക്സികൾ എങ്കിലും ഉണ്ട്. അതിൽ ഓരോന്നിലും നൂറ് ബില്യൺ നക്ഷത്രങ്ങൾ വച്ച് നൂറ് ബില്യൺ ഗുണം നൂറ് ബില്യൺ . എന്റെ ഗീവർഗീസ് പുണ്യാളാ !

പടച്ചോനേ !

ശംഭോ മഹാ ദേവാഃ !

അതായത് , ഇത് ചെറിയ കളിയല്ല മാനുഷരെ. വലിയ കളി ആണ് . റൊമ്പ ജാസ്തി പെരിയ വിളയാടൽ . ബഹുത് ബഡാ ഖേൽ ഹേ , ഹോ , ഹും .

ഉം .

നമ്മുടെ ഭൂമിയിൽ നിന്ന് പ്രകാശത്തിന്റെ വേഗത്തിൽ , അതായത് ഒരു സെക്കൻഡിൽ മൂന്ന് ലക്ഷം കിലോമീറ്റർ സ്പീഡിൽ  ഓടിയാൽ (ഇച്ചിരി നന്നായി വിയർത്ത് ഓടണം ), സൂര്യനിൽ എത്താൻ എട്ട് മിനിറ്റ് എടുക്കും . ആൽഫാ സെൻടൂറി എന്ന സൂര്യന്റെ ഏറ്റവും അടുത്ത നക്ഷത്രത്തിൽ എത്താൻ നാലര കൊല്ലം എടുക്കും !

പ്രകാശ വേഗത്തിൽ ഓടിയാൽ , അടുത്ത ഗാലക്‌സി ആയ ആൻഡ്രോമീഡയിൽ എത്താൻ സിംപിൾ ആയിട്ട് , ഇരുപത്തഞ്ച് ലക്ഷം കൊല്ലം എടുക്കും . കൊറേ അധികം ജെട്ടി ഒക്കെ ലഗേജിൽ കരുതിക്കോണേ .

ഹൌ മെനി കിലോമീറ്റർസ് ഫ്രം മില്കി വേ റ്റു  ആൻഡ്രോമീഡ ?

കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് !

ഇൻ ദി ഡിജെനെറേറ്റിംഗ് ദ്ദേശസീസ് ഓഫ് ദി യൂണിവേഴ്‌സ് , ഹൌ ഡെയർ ഉ ഇൻ ദി ഹൌസ് ഓഫ് മൈ ഫാദർ ആൻഡ് മദർ ? ഗെറ്റ് ഔട്ട്‍- കൗസ് !

സോറി – ആലോചിച്ച് ഒരു മിനിറ്റ് കിളി ഞെട്ടി പറന്നുയർന്നു .

അപ്പൊ ഞാൻ പറഞ്ഞാലോ – ഈ പാരാവാര പ്രപഞ്ചം മൊത്തം , ഒരു ആറ്റത്തെക്കാൾ പതിന്മടങ്ങ് ചെറിയ ഒരു ഉണ്ടയിൽ , തിക്കി , ഞെരുക്കി വച്ചിരിക്കുകയായിരുന്നു ! ഈ വാചകത്തിന്റെ അവസാനം ഉള്ള ഫുൾ സ്റ്റോപ്പിൽ പത്ത് ലക്ഷം ആറ്റങ്ങൾക്ക് സുഖമായി ഇരിക്കാം . അത്രേം ചെറിയ ആറ്റത്തിന്റെ പതിൻ ലക്ഷം മടങ്ങ് ചെറുതായിരുന്നു , പ്രപഞ്ചത്തിന്റെ മൂല അണ്ഡം . അന്ന് മുതൽ ഉള്ള ചരിത്രം മൊത്തം , നമുക്ക് ഏകദേശം അറിയാം!

അതിനും മുൻപ് , നീളവും വീതിയും ഒന്നും ഇല്ലാത്ത ഒരു ബിന്ദുവിൽ നിന്നാണത്രെ തുടക്കം – സിംഗുലാരിറ്റി .അതായത് , ഒന്നൂല്യ – ഇല്ലായ്മ എന്ന ശൂന്യത അഥവാ സ്ഥലം അഥവാ സ്പെയ്സ് – ഇല്ല . നഹീന്നു പറഞ്ഞാ നഹി . കാലം – അതുമില്ല . സ്ഥലകാലം എന്ന സാമാനം – ങേ ഹേ – ഇല്ല .

അപ്പൊ എന്ത് സംഭവിച്ചു . ബിഗ് ബാങ് ! വലിയ പൊട്ടിത്തെറി എന്നാണു തർജമ . പക്ഷെ പൊട്ടാൻ ഒന്നും ഇല്ല .പൊട്ടിത്തെറിയുടെ തെറി മാത്രേ ഉള്ളു . വലിയ വളി എന്നും പറയാം .

The Universe is nothing but a sweet fart .

ഈ മഹാ പ്രപഞ്ചം വെറും ഒരു സുന്ദര  വളിയാണ്!

പെട്ടന്ന് , അതി ഭയങ്കര വേഗത്തിൽ ഒന്നുമല്ലാ ബിന്ദു ചട്‌ പുക്കോന്നു അങ്ങ് കേറി വീർത്ത് വീർത്ത് വന്നു !

ആദ്യ സെക്കന്റിന്റെ ആയിരത്തിൽ ഒരംശം സമയം കൊണ്ട് തന്നെ സ്ഥലം , കാലം ഒക്കെ ഉണ്ടായ കൂട്ടത്തിൽ , ഊർജം  ഉണ്ടായി . പിന്നെ ഒരൊറ്റ തരം ബലം , നാലായി പിരിഞ്ഞു :

ഗുരുത്വ ബലം

വിദ്യുദ് കാന്തിക ബലം

വീക്ക് ബലം

സ്ട്രോങ്ങ് ബലം .

മനസ്സിലായാ ? അധികം ബലം പിടിക്കല്ലേ – മലം പോകും .

പിന്നെ ഭീകര മർദം , ചൂട് എന്നിവ ആണ് . ഊർജം ഇങ്ങനെ തെയ്യം കളിക്കയാണ് . ബലങ്ങളുടെ പൂരപ്പാട്ട് . പെട്ടന്ന് , ഊർജം ഘനീഭവിച്ച് , കുറെ കണികകൾ പുറത്ത് ചാടി . ക്വാർക്കുകൾ , പല പല ലെപ്റ്റോണുകൾ ഒക്കെ . ഇതൊക്കെ അങ്ങോട്ടും ഇങ്ങോട്ടും കൂടി ചേർന്ന് വേറെ കണികകൾ ആയി :

എലെക്ട്രോൺ – ആന്റി ഇലക്ട്രോൺ

പ്രോട്ടോൺ – ആന്റി പ്രോട്ടോൺ.

അതായത് , വെറും ഊർജത്തിൽ നിന്ന് , സാമാനം അഥവാ പദാർത്ഥം ഉണ്ടായി . ഒത്തിരി ഒത്തിരി ഊർജത്തെ ഞെക്കി കട്ടി ആക്കിയാൽ പദാർത്ഥം ഉണ്ടാവും . എയ്ൻസ്റ്റീനിന്റെ   E = mc2. അത് തന്നെ സംഭവം .

പിന്നെ ഒരതി ഭീകര യുദ്ധം ആയിരുന്നു . എലെക്ട്രോണും ആന്റി എലെക്ട്രോണും കണ്ടാൽ അപ്പൊ മുട്ടി ഊർജം ആയി മാറിക്കളയും ! പ്രോട്ടോണും ആന്റി പ്രോട്ടോണും അങ്ങനെ തന്നെ . ആന്റികളെ കണ്ടേ കൂടാ .

പക്ഷെ അവസാനം കുറച്ച് സാദാ പ്രോട്ടോണുകളും എലെക്ട്രോണുകളും ബാക്കി ആയി . ആന്റി സാമാനം തോറ്റു . സാദാ സാമാനം ജയിച്ചു .  നെഗറ്റിവ്  ചാർജ് ഉള്ള ഇലക്ട്രോണുകൾ പോസിറ്റീവ് ചാർജ് ഉള്ള പ്രോട്ടോണുകളുടെ ചുറ്റും കിടന്നു കറങ്ങി തുടങ്ങി – ഹൈഡ്രജൻ അറ്റങ്ങൾ !

അങ്ങനെ നക്ഷത്രങ്ങൾ ഉണ്ടാവാൻ ഉള്ള അടുത്ത ലക്കത്തില് കളം ഒരുങ്ങി .

ടണ്ടടാ –

എന്തുട്ടാ ഇഷ്ട്ട ഇത് ?

ഇതാണ് കഥ ?

ഇതിലും ഭേദം മറ്റേ ഉല്പത്തി പൊത്തകത്തിൽ ഒള്ളത് അല്ലെ ?

തെളിവ് ഉണ്ടോ ?

ഒത്തിരി തെളിവ് ഉണ്ട് . സംഭവം ഇങ്ങനെ ആണെന്ന് , ഇന്നുഏതാണ്ട ഉറപ്പാണ് .

നമുക്ക് അറിയാൻ പാടില്ലാത്ത ഒത്തിരി കാര്യങ്ങൾ ഉണ്ട് .

എന്തിനു തെറിച്ചു ?

ഈ സിംഗുലാരിറ്റി ശരിക്കും ഉണ്ടാർന്നോ ? അത് നമ്മുടെ ഇപ്പോഴത്തെ ഗണിതം കൊണ്ട് വിശദീകരിക്കാൻ ആവില്ല .

എന്തൂട്ടിനു ആണ് ഇതെല്ലാം ?

വേറെ വിശേഷം ഒന്നും ഇല്ലല്ലോ ?

ഗുരുത്വൿർഷണം എന്താ ഇങ്ങനെ ?

മറ്റേ ബലങ്ങൾ എല്ലാം എന്താ അങ്ങനെ ?

പ്രോട്ടോൺ എന്താ ഇങ്ങനെ ?

ഇലക്ട്രോൺ എന്താ അങ്ങനെ ?

അകെ ഒരു ഉത്തരമേ ഇതിനൊക്കെ ഉള്ളു . ഇങ്ങനെ ആയില്ലെങ്കി ഇങ്ങനത്തെ ഒരു പ്രപഞ്ചം ഉണ്ടാകുമായിരുന്നില്ല . ഇങ്ങനത്തെ ഒരു പ്രപഞ്ചം ഉണ്ടായില്ലെങ്കിൽ നമ്മളും ഇങ്ങനത്തെ ചോദ്യങ്ങൾ ചോദിക്കാൻ ഉണ്ടാകുമായിരുന്നില്ല .

അപ്പൊ തെളിവ് ?

അത് പിന്നീട് (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .