‘അമ്മയുടെയും ബിഷപ്പിന്റെയും കൊലയാളിയുടെയും കൊലയാളിക്ക് മാലയിട്ടവന്റെയും പ്രശ്നം.

കഴിഞ്ഞ ദിവസം അമ്മയുടെ തീരുമാനങ്ങളെ പറ്റി മോഹൻലാൽ ന്യായീകരിച്ചു സംസാരിക്കുന്നത് നമ്മൾ കാണുകയുണ്ടായി . അതിൽ തുടർന്ന ചർച്ചകളിൽ ഒക്കെ കേട്ട ഒരു കാര്യം വളരെ താല്പര്യത്തോടെ ഞാൻ ശ്രദ്ധിച്ചു . ജനറൽ ബോഡി മീറ്റിങ്ങിൽ ദിലീപിനെ തിരിച്ചെടുക്കുന്ന തീരുമാനം കൈയടിച്ചു പാസാക്കി – എന്നാണു പറഞ്ഞത് . എതിർത്ത് ആരും പറഞ്ഞില്ല എന്നുള്ളതാണ് .

 

ശ്രദ്ധാപൂർവം നോക്കിയാൽ , കാര്യങ്ങളുടെ ഗൗരവം ഉൾകൊള്ളാനും , പൊതു സമൂഹത്തിന്റെ അഭിപ്രായത്തെ അറിയാനും , വസ്തുതകളെ ശരിയായി വിലയിരുത്താനും അമ്മയുടെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല എന്ന് മിക്കവരും പറയും .

 

ഒരു ബിഷപ്പിനെതിരെ നിരന്തരം ഗുരുതരമായ പരാതികൾ ഉയർന്നു . അതിനു മുൻപേ കുറെ അച്ചന്മാർ ഒരു യുവതിയെ പീഡിപ്പിച്ചു എന്നുള്ള ആരോപണവും വന്നു . ഈ രണ്ടു കാര്യങ്ങളിലും ഇതേ തെറ്റ് മത നേതൃത്വത്തിന് വന്നു എന്നത് വ്യക്തമാണ് . എല്ലാ മതങ്ങൾക്കുള്ളിലും സംഭവിക്കാവുന്ന ജീർണത ഇവിടെയും സംഭവിക്കുന്നുണ്ട് എന്നതിൽ തർക്കമൊന്നുമില്ല .

 

സ്വന്തം ദൈവത്തിനു വേണ്ടി ആളുകളെ നിഷ്ടൂരമായി കൊല്ലണം എന്നു കരുതുന്ന ഒരു വിഭാഗത്തിന്റെ കാട്ടിക്കൂട്ടലുകൾ നമ്മൾ കണ്ടു കൊണ്ടിരിക്കുന്നു . ഇതേ പോലെ , ദൈവിക മൃഗത്തിന്റെ സംരക്ഷണത്തിനായി കൊലകൾ നടത്തിയവരെ , ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ മന്ത്രി തന്നെ മാല ഇട്ട് സ്വീകരിക്കുന്നു !

 

ഇതൊന്നും ആ മതങ്ങളുടെ തീവ്ര സപ്പോർട്ടർമാർ തെറ്റായി കാണണം എന്നില്ല!

 

എന്റെ ചോദ്യം ഇതാണ് – ‘അമ്മ എന്ന സംഘടനയിലെ നേതാക്കന്മാരുടെ നിലപാടുകളും , മതത്തിന്റെ പേരിൽ സ്ഥിരമായി സംഭവിച്ചു കൊണ്ടിരിക്കുന്ന തല ചെകിടിപ്പിക്കുന്ന കുണാണ്ടറികളും തമ്മിൽ വല്ല ബന്ധവും നിങ്ങൾക്ക് കാണാൻ പറ്റുന്നുണ്ടോ ?

എന്നാൽ എനിക്ക് ചെറുതായി കാണാൻ പറ്റുന്നുണ്ട് …..ന്നാ , തോന്നുന്നത് .

 

എന്താണ് മതങ്ങൾ ? ഈ കഴിഞ്ഞ ദിവസം കൂടി മതങ്ങളെ ‘മൈൻഡ് വൈറസ്’, അഥവാ വെറും ഒരു ഐഡിയ എന്ന് ആരോ വിശേഷിപ്പിച്ചു കണ്ടു . അതായത് , ഏതോ കുറെ മനുഷ്യർ എപ്പോഴോ കണ്ടുപിടിച്ചതാണ് ദൈവം എന്ന ആശയത്തെയും , അതിനനുബന്ധം ആയി കിടക്കുന്ന മതങ്ങളെയും എന്ന് . പല ശാസ്ത്രജ്ഞരും മിക്ക യുക്തിവാദികളും പറയുന്ന തിയറി ഇതാണ് . പിന്നെ സാംസ്കാരികമായി പകർന്നവയാണത്രെ മതങ്ങൾ . മത വാദികൾക്ക് അങ്ങനെ തിയറി ഒന്നുമില്ല . സ്വന്തം മതം ആണ് സത്യം . ബാക്കി മതങ്ങൾ ഒക്കെയോ – ആവോ അറിയില്ല .

 

എന്നാൽ അധികം പേരും പിന്തുണക്കാത്ത ഒരു തിയറിയിൽ ആണ് എനിക്ക് …പേഴ്സണലായിട്ട് പറയുവാ – പ്രിയം . അപ്പൊ താനാരാന്ന് ല്ലേ  – ആരുമല്ല . പിന്നെ ഇതൊക്കെ എന്നാത്തിനാ , എന്തരിനാ . എന്തൂട്ടിനാ ?

 

വെർതേ – ഒരു രസം .

 

മനുഷ്യ മനസ്സിൽ സ്വാഭാവികമായി ഉള്ള ഒരു പ്രതിഭാസം – ജന്മനാ എന്ന് തന്നെ പറയാം – ആണ് മതോൽപ്പത്തിക്ക്    നാന്ദി എന്നാണു ചിലരുടെ …..മ് , മ് – മതം. എന്റെയും . ചുരുക്കത്തിൽ പറയാൻ ശ്രമിക്കാം . ഇല്ലേൽ ബോറടിച്ചു ചാകും . എനിക്ക് പാപം കിട്ടും (:-D )

 

സോഷ്യൽ സൈക്കോളജി അഥവാ സമൂഹ മനഃശാസ്ത്രം എന്ന ഒരു ശാസ്ത്ര ശാഖാ ഉണ്ട് . ഇർവിങ് ജാനിസ് എന്ന ഒരു സാമൂഹ്യ മനഃശാസ്ത്രജ്ഞൻ പറഞ്ഞു വച്ച ഒരു സംഭവം ആണ് – ‘ഗൂപ് തിങ്ക്’. “കൂട്ട ചിന്ത ” എന്ന് നമുക്ക് വിളിക്കാം . കമ്മറ്റികൾ , ക്ലബുകൾ , പാർട്ടികൾ , സംഘടനകൾ , എന്നിങ്ങനെ ഒരേ കാര്യത്തിന് വേണ്ടിയോ അല്ലാതെയോ , ചില പൊതു ഉദ്ദേശങ്ങൾക്കായി ഒന്നിക്കുന്നവർ , കൂട്ടായി എടുക്കുന്ന പാളിച്ചകൾക്കാണ് ജാനിസ് ‘ഗ്രൂപ് തിങ്ക് ‘ എന്ന പേര് കൊടുത്തത് .

 

ഒത്തിരി പഠന നിരീക്ഷണങ്ങൾക്ക് ശേഷം ആണ് ഗ്രൂപ് തിങ്ക് എന്ന പ്രതിഭാസത്തിന്റെ ചുരുൾ അഴിഞ്ഞു വന്നത് . വളരെ അധികം പേര് പിന്നീട് ഇത് പഠിച്ചിട്ടുണ്ട് . വളരെ ഉന്നത തലത്തിൽ പോലും ഗ്രൂപ് തിങ്ക് പ്രശ്നങ്ങൾ ഉണ്ടാകാം – ഒരു ഉദാഹരണം ആണ് ഇറാക്കിൽ രാസായുധങ്ങളും മറ്റും ഉണ്ട് എന്ന് പറഞ്ഞു അമേരിക്ക നടത്തിയ യുദ്ധം .

 

വളരെ നേരിയ തെളിവുകളുടെ അടിസ്ഥാനത്തിൽ , മറ്റുള്ള എല്ലാവരുമായും , കൂടെയുള്ള സഖ്യ കക്ഷികളുമായും ഒന്നും ശരിയായി ആലോചിക്കാതെ ബുഷും കൂട്ടരും നടത്തിയ ഒരു ‘ആനമണ്ടത്തരം ‘ ആണ് ഈ യുദ്ധം എന്നാണു ഇന്നത്തെ വിദഗ്ദ്ധ മതം . ഗൂഡാലോചന സിദ്ധാന്തങ്ങൾ കുറെ ഉണ്ടെങ്കിലും . സോഷ്യൽ സൈക്കോളജിസ്റ്റുകൾ ഗ്രൂപ് തിങ്കിന് പറയുന്ന ഒരു ഉദാഹരണം ആണ് അന്നത്തെ അമേരിക്കൻ സർക്കാരിന്റെ ഈ മണ്ടത്തരം .

 

എന്തൊക്കെ ആണ് ഗ്രൂപ് തിങ്കിന്റെ ലക്ഷണങ്ങൾ ? ഒരു സാദാ സൈക്കോളജി ടെക്സ്ററ് ബുക്ക് പറയുന്നത് നോക്കാം :

 

– വസ്തുതകളെ സത്യ സന്ധമായി അവലോകനം ചെയ്യുന്നതിനേക്കാൾ പ്രധാനമാണ് ഗ്രൂപ്പും , ഗ്രൂപ്പിലെ അംഗങ്ങൾ തമ്മിലുള്ള അടുത്ത ബന്ധവും നില നിൽക്കേണ്ടത് എന്നുള്ള ഒരു മനോഭാവത്തിൽ നിന്നാണ് ഗ്രൂപ് തിങ്കിങ്ന്റെ തുടക്കം .

 

-ഞങ്ങൾക്ക് ഒരിക്കലും തെറ്റ് പറ്റില്ല എന്നും , തങ്ങളുടെ ഭാഗത്ത് മാത്രം ആണ് ശരി എന്നും , മറ്റുള്ളവരെക്കാൾ ന്യായം നമ്മുടെ പക്ഷത്തു ആണെന്നും , ഒരിക്കലും ഞങ്ങൾ തോൽക്കില്ല എന്നും ഗ്രൂപ് തിങ്ക് , അംഗങ്ങളെ കൊണ്ട് ചിന്തിപ്പിക്കും .

 

– ഗ്രൂപ്പിന് പുറത്തുള്ളവർ ഒരേ പോലുള്ള തങ്ങളുടെ അത്രയും യോഗ്യത ഇല്ലാത്തവർ ആണെന്നും , അവരുടെ അഭിപ്രായങ്ങൾക്ക് യാതൊരു വിലയും ഇല്ലെന്നും ഗ്രൂപ്പുകാർ വിശ്വസിച്ചു കളയും .

 

– ഗ്രൂപ്പിലെ പൊതു അഭിപ്രായത്തെ എതിർക്കാൻ സാധ്യത ഉള്ള അംഗങ്ങളെ അതിനു സമ്മതിക്കുകയില്ല . അവരെ സ്നേഹത്തോടെയും , നിർബന്ധിച്ചും , പലതരത്തിൽ വരുതിക്ക് കൊണ്ട് വരാൻ ശ്രമിക്കും .

 

– രഹസ്യ വോട്ട് പോലുള്ള ജനാധിപത്യ രീതികൾ ഒരിക്കലും പിന്തുടരില്ല .

 

-നേതാക്കൾക്ക് ചുറ്റും കുറെ പേര് നിന്ന് , മറ്റുള്ള പൊതു സമൂഹത്തിലെ എതിർപ്പുകൾ അയാളെ അറിയിക്കാതെ നോക്കും . അയാൾക്ക് കേൾക്കേണ്ട കാര്യങ്ങൾ മാത്രം പറഞ്ഞു കൊടുത്തു കൊണ്ടിരിക്കും . ഇതിനാൽ , നേതാവിന് , ഒരു വിഷയത്തിന്റെ രണ്ടു വശവും കേൾക്കാനുള്ള കഴിവ് അമ്പേ നഷ്ടപ്പെടും .

 

ഇത്ര മതി , തല്ക്കാലം .

 

ഞാൻ ചോദിക്കട്ടെ – ഇതും മതങ്ങളും ആയി എന്തെങ്കിലും ബന്ധങ്ങൾ തോന്നുന്നുണ്ടോ ? എനിക്ക് തോന്നുന്നുണ്ട് .

 

ഇത് കൊണ്ട് തന്നെ ആണ് , മതം ഓരോ വ്യക്തിയുടെ സ്വകാര്യത അല്ലെ , എന്നൊക്കെ പറയുമ്പോൾ , പുറമേക്ക് തല കുലുക്കി എല്ലാവരും സമ്മതിക്കുമ്പോഴും കാര്യത്തിലേക്ക് കടക്കുമ്പോൾ ഒന്നും സംഭവിക്കാത്തത് .

മതം സ്വകാര്യത ആവുന്നതാണ് , ആധുനിക സമൂഹത്തിനു നല്ലത് .

 

പക്ഷെ ആത്യന്തികം ആയി അതിന്റെ ഉദ്ഭവം സ്വകാര്യതയിൽ നിന്നല്ല , ഗ്രൂപ്പിസത്തിൽ നിന്നാണ് .

 

അത് കൊണ്ടാണ് ജനാധിപത്യ രീതികളുടെയും  , അവയിൽ നിന്ന് മതങ്ങളെ മാറ്റി നിർത്തേണ്ടതിന്റെയും പ്രാധാന്യം ഇത്ര അധികം ആയിരിക്കുന്നത് . എതിർപ്പ് ശബ്ദങ്ങൾ അത്ര പ്രധാനപ്പെട്ടതാണ് .

 

അപ്പോൾ ദൈവം ? പുള്ളി എവിടെ ? അത് ഇനി ഒരു ലേഖനത്തിൽ .

 

നിങ്ങൾക്ക് എന്ത് തോന്നുന്നു ? ഈ ഗ്രൂപ് തിങ്ക് എങ്ങനെ വന്നു ?

 

പരിണാമം ? അതിന്റെ പരിണാമ മെക്കാനിസം എന്തായിരിക്കും ?

 

ഈ പാചക ചേരുവയിലേക്ക് ദൈവം എങ്ങനെ കയറിപ്പറ്റി ?

 

ഒന്ന് കമന്റൂ പ്ലീസ് (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .