മണ്ട-ഇല്ലാ-ഗുണ്ടുബ്ദീനും മണ്ട-ഉള്ളാ-ഗുണ്ടുബ്ദീനും സ്റ്റഡി ക്ലാസ്സും :

ഹ്യൂഗ് എവറട്ടിന്റെ ക്വണ്ടം മൾട്ടിവേഴ്സ് ശരിക്കും ഉണ്ടോ ?

എന്നാൽ കേട്ടോ – ഉണ്ടു .

നല്ല സാമ്പാറും പപ്പടവും കൂട്ടി ഉണ്ടു . സംഭവം ഉള്ളതാണ് .

നമ്മുടെ ലോകത്തിനു തിരശ്ചീനമായി ഉള്ള ഏതോ ഒരു ലോകത്തിൽ ‘കരാള ‘ എന്ന ഒരു സ്ഥലം ഉണ്ടായിരുന്നു . സമയം 2019 . ഈ കരാള സ്ഥലത്തിന്റെ രാജാവ് സന്യസിക്കാൻ സഹ്യന്റെ വയറ്റിലോട്ട് പോകുന്നതിനു മുൻപ് , സ്ഥലം രണ്ടായി പകുത്ത് , തന്റെ രണ്ടു മക്കൾക്കുമായി കൊടുത്തു .

ഒരാൾ – മണ്ട-ഇല്ലാ-ഗുണ്ടുബ്ദീൻ. അയാൾക്ക് കിട്ടിയത് ‘പോക്ക് കരാള ‘.

മറ്റേ ആൾ – മണ്ട-ഉള്ളാ-ഗുണ്ടുബ്ദീൻ. അയാൾക്ക് കിട്ടിയ രാജ്യഭാഗം – ‘ചെത്ത് കരാള ‘.

തുടക്കത്തിൽ ഇതൊന്നും വെളിപ്പെട്ടില്ല കേട്ടോ . രണ്ടു സ്ഥലവും തുല്യം . രണ്ടാളും ഇരട്ടകൾ . ബുദ്ധി ഒക്കെ ഒരു പോലെ തന്നെ . പക്ഷെ വ്യത്യാസം – കിഴവൻ മന്ത്രി !

യാതൊരു ബഹുമാനവും കാണിക്കാത്ത, മഹാ ഉപദേശി ആയ  ഒരു പരട്ടു കിഴവൻ ആയ മന്ത്രിയെ ആർക്കു വേണം ? ഇവിടാണ് മണ്ട -ഉള്ളാ -ഗുണ്ടുബ്ദീൻ വിജയിച്ചത് . ഉപദേശം ആവശ്യം ആണ് എന്ന് തിരിച്ചറിഞ്ഞ അയാൾ പരട്ട കിഴവൻ മന്ത്രിയെ കൂടെ കൂട്ടി .

മണ്ട-ഇല്ലാ-ഗുണ്ട അതിവേഗം നിയമങ്ങൾ അതി കർശനം  ആക്കി . ഒരു കച്ചവട, സംരംഭക വിരുദ്ധൻ ആയിരുന്നു അദ്ദേഹം . എല്ലാരും വെറും ലാഭത്തിനു വേണ്ടി വർത്തിക്കുന്ന സ്വാർത്ഥന്മാർ ആണ് ! രാജ്യ താല്പര്യം ആർക്കും ഇല്ല .

ഒരു കട തുടങ്ങണമെങ്കിൽ ഇപ്പോൾ ഉള്ള ഇരുപത്തഞ്ച് പെർമിറ്റുകൾ പുള്ളി മുന്നൂറ്റി മുപ്പത്തഞ്ച് ആക്കി ഉയർത്തി . കടയിൽ വേണ്ട മേശ , അലമാര ഇവയുടെ ഒക്കെ അളവടക്കം സെന്റീമീറ്റർ കണക്കിന് നിജപ്പെടുത്തി . മില്ലീ മീറ്റർ തെറ്റിച്ചവർക്കൊക്കെ അനുമതി നിഷേധിച്ചു . അങ്ങനെ എല്ലാ മേഖലകളിലും ഇത്തരം മനോഹരമായ ആചാരങ്ങൾ കൊണ്ട് വന്നു ,

ആദ്യമൊക്ക ഉദ്യോഗസ്ഥർക്ക് ഭയങ്കര സന്തോഷം വന്നു . പലരും കോടീശ്വരന്മാരായി . കുറെ സത്യസന്ധരായ സംരംഭകർ കുത്തുപാള എടുത്തെങ്കിലും , പൊട്ടി മുളച്ച ഇടനിലക്കാർ ദമ്പടി മുറ പോലെ എത്തിക്കുകയും പോക്ക് കരാളയുടെ എകണോമി വലിയ പ്രശ്നം ഇല്ലാതെ ഓടുകയും ചെയ്തു .

അപ്പൊ ഇല്ലാ-ഗുണ്ട അഴിമതിക്കെതിരെ കർശന നിയമങ്ങൾ കൊണ്ട് വന്നു . കുറെ ഏറെ പേര് ആത്മഹത്യ ചെയ്തു . ബാങ്കുകൾ വളരെ അധികം വീടുകൾ ജപ്തി ചെയ്തു . ആകെ ജഗ പൊഗ – ഉഷാർ ഉഷാർ ! ജോലികൾ ഇല്ലാതായി . അങ്ങനെ നാട്ടുകാർ പട്ടിണിയും പരിവട്ടവും ആയി . സ്വതേ പണിയില്ലാത്ത കുറെ കൊട്ടാരം നിവാസികൾ മാത്രം കൈ കൊട്ടി ചിരിച്ചോണ്ടിരുന്നു .

പെട്ടന്ന് തന്നെ , ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കളും , എന്തും ചെയ്യാൻ മടിക്കാത്ത ചില ഗുണ്ടകളും കുത്തക മുതലാളിമാർ ആയി . നിയമങ്ങൾ ഒക്കെ കാറ്റിൽ പട്ടം പോലെ പറത്തി . ഉദ്യോസ്ഥർ കൂട്ട് നിന്നു . രാജാവിനെ വരെ വെല്ലു വിളിക്കുന്ന ഒരു സ്ഥിതി വന്നു .

ങാഹാ – അത്രക്കായോ . ഇല്ലാ-ഗുണ്ടുബ്ദീൻ എല്ലാരേയും അടിച്ചമർത്തി . വേറെ ഉദ്യോഗസ്ഥരെ വച്ചു. എല്ലാ ബിസിനസ്സുകളും , ഫാക്ടറികളും , സ്‌കൂളുകളും , കോളേജുകളും , ആസ്പത്രികളും , ഹോട്ടലുകളും , എന്തിന് , തട്ടുകടകളും , ആക്രി വില്പന സ്ഥാപനങ്ങളും , ബാർബർ ഷാപ്പുകളും സർക്കാർ ഏറ്റെടുത്തു . ഒക്കെ നോം തന്നെ നടത്തും . അല്ല പിന്നെ !

പുന്നക്ക വികസന കോർപറേഷൻ , ചാമ്പക്ക സംഭരണ കോർപറേഷൻ ഒക്കെ പണ്ടേ ഉണ്ടായിരുന്നു . രാജ്യത്തെ സകലമാന പരിപാടികളും , അത് പോലൊക്കെ ആയി .

എന്ന് വച്ചാൽ ?

ഭീകര നഷ്ടം !

അപ്പോഴേക്കും കൊഴപ്പായി . പൈസാ എവിടുന്ന് ? ജനങ്ങൾ ഒക്കെ പട്ടിണി അല്ലെ ? ആര് ടാക്സ് കൊടുക്കാൻ ? പിന്നേം ജനങ്ങളെ പിഴിയാൻ നോക്കിയപ്പോ , കൈയിൽ കിട്ടിയ സാധനങ്ങളുമായി അവർ കൊട്ടാരത്തിലേക്ക് മാർച്ച് ചെയ്തു . ജനങ്ങൾ ഭരണം പിടിച്ചെടുത്തു .

നിങ്ങൾ വിഷമിക്കണ്ട . മണ്ട-ഇല്ലാ-ഗുണ്ടുബ്ദീനെ ജനങ്ങൾ കാരാഗൃഹത്തിൽ അടച്ച് കഷ്ടപ്പെടുത്തിയൊന്നും ഇല്ല . ശടെ എന്ന് കൊന്നു കളഞ്ഞു . വിപ്ലവങ്ങൾ കഴിഞ്ഞാൽ അതാണത്രേ ആചാരം . ഓരോരോ ആചാരങ്ങളെ .

അപ്രത്ത് , മണ്ട-ഉള്ളാ-ഗുണ്ടുബ്ദീനും ഇതൊക്കെ തന്നെ തോന്നി . കിഴവൻ മന്ത്രിയെ വിളിച്ചു :

“എല്ലാ നിയമങ്ങളും പൊളിച്ചെഴുതണം . എല്ലാ മൊയ്‌ലാളിമാരെയും ഒതുക്കണം ”

മന്ത്രി ഒന്ന് ആലോചിച്ചു , എന്നിട്ട് പറഞ്ഞു – “രാജാവേ നമുക്ക് ഒന്ന് കൊട്ടാരത്തിനു പുറത്ത് നടന്നിട്ട് വരാം .”

“എന്തിന് !? മട്ടുപ്പാവിൽ ഉലാത്തിയാ പോരെ ?” ഉള്ളാ-ഗുണ്ട ചോദിച്ചു .

“അങ്ങനെ ഉലത്തിയാ പോരാ. ഇങ്ങനെ ഒലത്തീട്ടാണ് തിരുമനസ്സിന്റെ സഹോദരന്റെ കാറ്റ് പോയത് .”

ദേഷ്യം കടിച്ചമർത്തി രാജാവ് , കൂടെ ചെന്നു . അവർ ഒരുമിച്ച് ടൗണിലൂടെ ഇങ്ങനെ നടന്നു . വേഷ പ്രശ്നക്കാരായി – ഛേ – പ്രഹസനരായി – ഹോ .

പ്രജ്ജന്നരായി എന്നാണെന്ന് തോന്നുന്നു – ആണ് ഉലത്തിയത്. സോറി ; ഉലാത്തിയത് .

പി കെ (പരട്ട കിഴവൻ ) മന്ത്രി അൻപത് പൈസക്ക് മിന്റോ ഫ്രഷ് വാങ്ങി , നാക്ക് മിനുക്കി , തള്ളു തുടങ്ങി :

മണ്ട ശിരോമണി രാജാവേ :

കാലാ കാലങ്ങളിലായി മനുഷ്യർ ചെറുകൂട്ടങ്ങളായി തീറ്റ പെറുക്കിയും വേട്ടയാടിയും ജീവിച്ചു . പതിയെ കൃഷി ചെയ്ത് ഒരു സ്ഥലത്തായി പാർപ്പ് . നഗരങ്ങൾ കൂണുകൾ പോലെ മുളച്ചു വന്നു .

നഗരങ്ങളിൽ ആളുകൾ പല പല വേലകൾ ചെയ്യാൻ സ്പെഷ്യലൈസ് ചെയ്തു . ചിലർ ആശാരി ആണെങ്കിൽ ചിലർ കൃഷിക്കാരൻ . ചിലർ അമ്പട്ടൻ ആണെങ്കിൽ ഒരുത്തൻ അപ്പോത്തിക്കിരി . അമ്പുണ്ടാക്കുന്നവൻ അത് വേട്ടക്കാരന് കൊടുക്കുമ്പോ , അവൻ ഇറച്ചി തിരിച്ചു കൊടുക്കും . കച്ചവടം .

അടിസ്ഥാന പരമായി ഇതൊക്കെ തന്നെ ഇപ്പോഴും നടക്കുന്നു . കച്ചവട സ്ഥാപനങ്ങൾ , ഫാക്ടറികൾ അങ്ങനെ ഒക്കെ .

പ്രശ്നങ്ങൾ ഉണ്ട് . ശത്രുക്കൾ ഉണ്ടല്ലോ . പിന്നെ കരാറുകൾ ഒക്കെ പാലിച്ചില്ലേൽ ചോദിക്കാനും പറയാനും ആരെങ്കിലും വേണ്ടേ ?

അങ്ങനെ കുറെ പേര് ഗുണ്ടകൾ ആയി സംരക്ഷണ ചുമതല ഏറ്റെടുത്തു . അങ്ങയുടെ ഗുണ്ടുബ്ദീൻ എന്ന പേര് തന്നെ അതിനെ ആണ് കാണിക്കുന്നത് . അത്രേ ഉള്ളു .

ഈ സർക്കാർ എന്ന് പറയുന്ന സാധനത്തിനു ചില പണികൾ ഒക്കെ ഉണ്ട് എന്ന് തന്നെ വച്ചോളു :

– റോഡുകളും പാലങ്ങളും വിമാന , റെയിൽ ഒക്കെ പണിത് ആളുകളുടെ സാമാനങ്ങൾ  ഉണ്ടാക്കൽ , പിന്നെ അതിന്റെ ക്രയ വിക്രയ കാര്യങ്ങൾ ഒക്കെ സുഗമം ആക്കണം .

– അടിസ്ഥാന ആരോഗ്യ പരിപാലനം , പൊതു ആരോഗ്യം , അടിസ്ഥാന വിദ്യാഭ്യാസം എന്നിവ എല്ലാവര്ക്കും കൊടുക്കാൻ നോക്കണം .

– ഒരു മാതിരി വിഭവങ്ങൾ എല്ലാവര്ക്കും ആവശ്യത്തിന് എത്തുന്നുണ്ടോ എന്ന് ഉറപ്പാക്കണം . ചില ആളുകൾ കുത്തക ഉണ്ടാക്കി മറ്റുള്ളവരെ ചൂഷണം ചെയ്യുന്നത് തടയണം .

– എല്ലാവര്ക്കും അവകാശപ്പെട്ട വെള്ളം , വായു , പൊതു സ്ഥലങ്ങൾ , പ്രകൃതി എന്നിവയുടെ അമിത ചൂഷണം, മലിനീകരണം എന്നിവ തടയണം .

ഇതിനൊക്കെ കാശ് വേണം . വേണ്ടേ ? സർക്കാരിന് എവിടുന്നാ കാശ് ? ഈ ഉദ്യോഗസ്ഥർ ഒക്കെ ഞെളിഞ്ഞു ഇരിക്കുന്നത് എന്തിന്റെ ബലത്തിൽ ആണ് ?

ബാക്കി ഉള്ള നാട്ടുകാർ അവനവന്റെ ജീവ സന്ധാരണത്തിന് പല പല തൊഴിലുകൾ ചെയ്ത് ഉണ്ടാക്കുന്ന കാശിന്റെ ഒരു പങ്ക് നമുക്ക് തരുന്നു . ഒരു തരം ഗുണ്ടാ പിരിവ് ആണ് നമ്മൾ ചെയ്യുന്നത് .

രാജൻ ദേ ഈ കെട്ടിടത്തിൽ ഉള്ള സോഫ്ട്‍വെയർ കമ്പനി നോക്ക് . സാധാരണ കുടുംബത്തിൽ നിന്ന് പഠിച്ചു വന്ന ഒരു കമ്പ്യൂട്ടർ ചെറുക്കൻ ഉണ്ടാക്കി കൊണ്ട് വന്നതാണ് . മുപ്പത്തെട്ട് വയസ്സ് ഉള്ള അവൻ ഇരുപത്തഞ്ച് പേർക്ക് ജോലി കൊടുക്കുന്നു . അപ്പൊ അത്രേം നമ്മുടെ പ്രജകൾ ഉണ്ട് , ഉടുത്ത് കിടക്കുന്നത് കൊണ്ട് അങ്ങേക്ക് പുളിക്ക്യോ ? ഇല്ലല്ലോ . നല്ല കാലത്തു ഭീകര റിസ്ക് എടുത്ത് , രാവും പകലും ജോലി ചെയ്താണ്  ഇത് ഉണ്ടാക്കിയത് . ഇപ്പൊ വര്ഷം ലാഭം അൻപത് ലക്ഷം രൂപ !

“ങേ അത്രയോ . അവനെന്തിനാ അത്രേം കാശ് ?”

അതെനിക്ക് അറിഞ്ഞൂടാ . പക്ഷെ ജി സ് ടി , കീ സ് ടി , ഇൻകം ടാക്സ് , രെജിസ്ട്രേഷൻ പുതുക്കൽ , കണ കുണ എന്നൊക്കെ പറഞ്ഞു , നമ്മൾ ഖജനാവിലേക്ക് ഇരുപത് ഇരുപത്തഞ്ച് ലക്ഷം എങ്കിലും അടിച്ചു മാറ്റുന്നുണ്ട് , രാജൻ . എന്തെ വേണ്ടേ ?

ഇത് കൂടാതെ , ഇവനും ഇവരുടെ ജോലിക്കാരും ഒക്കെ ഉപ്പ് , കർപ്പൂരം , പെട്രോള് , മണ്ണെണ്ണ , അരി ,  എന്ന് വേണ്ട , ഒരു ജെട്ടി വാങ്ങുമ്പോ വരെ സെയിൽസ് ടാക്സ് എന്ന് പറഞ്ഞു നല്ലൊരു പങ്ക് നമ്മൾ അടിച്ചെടുക്കും . ഹ ഹ ഹ ഹ ഹ .

പരട്ട കിഴവൻ ചിരിച്ചു ചിരിച്ചു അവസാനം ചുമച്ചു തുടങ്ങി .

ഈ താപ്പിന് രാജാവ് ചോദിച്ചു :

“എഡോ മന്ത്രി . എന്നാൽ ഈ കമ്പനി ഇരിക്കുന്ന മൂന്നു നില കെട്ടിടത്തിന്റെ ഉടമ വെറും പാഴല്ലേ ? അയാൾ വെറുതെ വാടക വാങ്ങി സുഖിച്ച് ഇരിക്കയല്ലേ ?”

ചുമ നിന്നപ്പോൾ കിഴവൻ തുടർന്നു :

ആ കെട്ടിടം ഒരു വിധവ അവരുടെ മുത്തച്ഛൻ കൊടുത്ത സ്ഥലത്ത് ബാങ്ക് വായ്പ എടുത്ത് പണിതത് ആണ് പ്രഭോ . മാസം ഒന്നര ലക്ഷം അടച്ച് , മൂന്നാല് വാടകക്കാർ തരുന്നതും ചേർത്ത് ബാക്കി വരുമാനം അൻപതിനായിരം പ്രതിമാസമേ ഉള്ളു . അത്രേം ഉണ്ടല്ലോ – നമുക്ക് അത് കൊണ്ടെന്ത് ഗുണം എന്നല്ലേ ?

പത്തു നാലായിരം സ്‌കയർ അടി ഉള്ള ഈ കെട്ടിടത്തിന് , ആദ്യം തുടങ്ങാനായി നമ്മടെ കോർപറേഷൻ രണ്ടര ലക്ഷം രൂപ ആണ് വാങ്ങിയത് .

പിന്നെ കെട്ടിട നികുതി എല്ലാ കൊല്ലവും നമ്മൾ വാങ്ങുന്നുണ്ട് – ഒന്നര ലക്ഷം രൂപാ .

ജി സ് ടി ഓരോ വാടകക്കാരും കൊടുക്കുന്ന വാടകയിൽ നിന്ന് – മൂന്നര ലക്ഷം രൂപ പ്രതിവർഷം . പതിനെട്ട് ശതമാനം.

പിന്നെ ബാങ്കിന്റെ തിരിച്ചടവിലെ പലിശക്ക് മാത്രമേ ഇളവുള്ളു . അപ്പൊ ഇൻകം ടാക്‌സും ഉടമസ്ഥ കൊടുക്കണം – ഒരു ലക്ഷം രൂപാ .

അപ്പൊ എല്ലാ വർഷവും അഞ്ചാറ് ലക്ഷം രൂപാ ആ കെട്ടിടം അവിടെ അവർ കഷ്ടപ്പെട്ട് പണിത വകയിൽ മാത്രം . എന്തെ , പുളിക്കുന്നുണ്ടോ , രാജൻ .

പി കെ മന്ത്രി നിർത്തി.  എന്നിട്ട് രാജാവിനെ നോക്കി . മണ്ട-ഉള്ളാ-ഗുണ്ടുബ്ദീൻ ഒന്നും മിണ്ടിയില്ല .

സുഹൃത്തുക്കളെ . കഥ ഇവിടെ കഴിയുകയാണ് . പിന്നീട് എന്തായി എന്ന് നമുക്കറിയില്ല . ഇനിയും സ്റ്റഡി ക്ലാസ്സ് നീണ്ടാൽ പ്രശ്നമാണ് . പ്രതിക്രിയാ വാദികളും , വാദി ക്രിയാ വാദികളും തമ്മിൽ ഒരു രക്ത രൂഷിത പോരാട്ടം ചിലപ്പോൾ ഇവിടെ നടന്നേക്കും .

സായുധ വിപ്ലവം ഞങ്ങൾക്ക് പുത്തരി അല്ല (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .