യോഹന്നാൻ എന്ന കുമാരനും ദുരഭിമാന കൊലകളും :

സ്വന്തം മകളെ ‘അഭിമാനത്തിന്റെ ‘ പേരിൽ കൊല്ലുന്നത് ചില സംസ്കാരങ്ങളിൽ പുത്തൻ ഒന്നുമല്ല . എല്ലാ വർഷവും ലോകത്തിൽ അയ്യായിരം പേരെ ദുരഭിമാനത്തിൻറെ പേരിൽ കൊല്ലുന്നുണ്ട് . മിക്കതും സ്ത്രീകളെ ആണ് . പാകിസ്ഥാൻ , സിറിയ , യമൻ മുതലായ സ്ഥലങ്ങളിൽ ഒക്കെ വളരെയുണ്ട് .

ഇന്ത്യയിൽ മിക്കവാറും അന്യ ജാതീ പുരുഷ ബന്ധം ആണ് പ്രധാന കാരണം .

ജാതി അത്യന്തം നികൃഷ്ടവും പുച്ച്ചനീയവും ആയി പറഞ്ഞ ഒരു സവർണ ക്രിസ്തീയ, വണ്ണമുള്ള രാഷ്ട്രീയ ക്കാരനെ നമ്മൾ കണ്ടതാണ് . ഇതൊക്കെ ഇന്നും ഇന്നലെയും തുടങ്ങിയതല്ല . അപ്പോഴാണ് നമ്മൾ പൊയ്കയിൽ കുമാരൻ അഥവാ യോഹന്നാൻ , അഥവാ പൊയ്കയിൽ അപ്പച്ചൻ എന്ന ഒരാളെ ഓർക്കേണ്ടത് .

പാവം ശുദ്ധനായ ഒരു പറയൻ ആയിരുന്നു കുമാരൻ . കണ്ടൻ, കുഞ്ഞുലേച്ചി എന്നിവരുടെ മകനായി തിരുവല്ലയിൽ 1878 ൽ അസ്സൽ പറയൻ ആയാണ് ജനിച്ചത് . ജന്മിമാർ സുറിയാനി ക്രിസ്ത്യാനികൾ ആയിരുന്നു . കുമാരൻ ഒക്കെ ജന്മിയുടെ സ്വത്ത് ആണ് .

അങ്ങനെ ഉണ്ടോ ? ഉണ്ട് . നമ്മുടെ ഓർമ്മകൾ ശുഷ്കങ്ങൾ ആണ് . ശുഷ്‌കം ആവുന്നതാണല്ലോ നല്ലത് . അപ്പോൾ ഇതിനെ പറ്റി ഒന്നും ആലോചിക്കേണ്ടി വരുന്നില്ല .

എന്തിനു – എന്റെ ചെറുപ്പത്തിൽ അപ്പന്റെ അപ്പന്റെ വീട്ടിൽ പോകുമായിരുന്നു . കുറച്ചു ഏക്കർ പറമ്പുണ്ട് . അപ്പൂപ്പൻ സാദാ കൃഷിക്കാരൻ ആണ് – അതാണ് എന്റെ ഒക്കെ വിചാരം . എല്ലാരുടേം വിചാരം അങ്ങനെ ഒക്കെ ആണ് .

എന്നാൽ ചുറ്റും കുറെ കുടുംബങ്ങൾ ഉണ്ട് . ഒറോത , പൗലോസ് , കണ്ണപ്പൻ , അങ്ങനെ കുറെ പേര് . സ്നേഹവും വിധേയത്വവും കൊണ്ട് കരയിച്ചു കളയും . ഇപ്പോഴും കല്യാണങ്ങളിൽ ഒക്കെ കാണുമ്പോൾ അവരുടെ പിന്തലമുറക്കാർ ഓടി വരും . ഭയങ്കര സ്നേഹമാണ് . വയസ്സർ ഒക്കെ കൈ പിടിച്ചാൽ വിടുകയേ ഇല്ല . മുഖത്ത് നോക്കി അങ്ങനെ നിക്കും . സ്നേഹം . അതാണ് .

ഇവരെ ഒക്കെ എന്റെ അപ്പൂപ്പന്റെ അപ്പൻ പണ്ട് ചന്തയിൽ നിന്ന് വാങ്ങിയതാണെന്നു അപ്പൂപ്പൻ പറഞ്ഞതായി എന്റെ അപ്പൻ പറഞ്ഞിട്ടുണ്ട് . സത്യം . വാമൊഴിയായി ഓർത്തെടുക്കാവുന്ന ഓർമകളിൽ ഇന്നും കാശിനു വിൽക്കപ്പെടുന്ന അടിമത്തം ഉണ്ടായിരുന്നു എന്നത് അവിശ്വസനീയം ആയി തോന്നുന്നു .

“നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം നമുക്ക് കെട്ടുകഥകൾ മാത്രമാണ് .”

അത് പോട്ടെ – മ്മ്‌ടെ കുമാരൻ – ഇങ്ങനെ വളർന്നു വരികയാണ് . ചുള്ളൻ ചെറുപ്പക്കാരൻ ആയി .
അന്നൊന്നും സുറിയാനി ക്രിസ്ത്യാനികളിൽ മതം മാറ്റാൻ ഒന്നും ആർക്കും യാതൊരു താല്പര്യവും ഇല്ല .

എന്തിന് ?

ജാതി സ്രെണിയിൽ നായന്മാരുമായി കട്ടക്ക് കട്ടക്ക് നിൽക്കുകയാണ് . അന്ന് തിരുവിതാംകൂറിൽ ആയുധം കൈയിൽ വച്ചോണ്ട് നടക്കാൻ ഉള്ള അവകാശം -യുദ്ധസമയത്ത് അല്ലാതെ -ക്ഷത്രിയർക്കും നായന്മാർക്കും സുറിയാനികൾക്കുമേ ഉള്ളു .

ങേ അങ്ങനെ ഉണ്ടാർന്നോ ?

ഉണ്ട് ഗഡി – വാളും പരിചയുമായി ആണ് പള്ളിയിലും അമ്പലത്തിലും ഒക്കെ പോകുന്നത് . ക്രിസ്ത്യാനികൾ പള്ളിയിലും , നായന്മാർ അമ്പലത്തിലേക്കും . കഷ്ടം . വാള് വക്കാൻ തോന്നുന്നു .

? കാഞ്ഞിരക്കാട്ട് ജിമ്മിച്ചൻ മാപ്പിള . അതല്ല – വാൽ അല്ലടോ – വാൾ . വാൾ .

1900 ത്തോടെ ഒക്കെ ആണ് ചില യൂറോപ്യൻ മിഷനറിമാർക്ക് മത പരിവർത്തന കൃമി കടി വളരെ ബുദ്ധിമുട്ടി സുറിയാനികളിലേക്ക് വ്യാപിപ്പിക്കാൻ സാധിച്ചത് . മാർത്തോമാ സഭയിൽ ഉള്ള ജന്മിയാണ് കുമാരനോട് മതം മാറാൻ പറഞ്ഞത് .

“അല്ല കുമാര – നീ ക്രിസ്ത്യാനി ആയിക്കോ – അപ്പൊ നീ ഞങ്ങടെ ജാതി ആകും .”

മാത്രമല്ല – മരിച്ചു കഴിഞ്ഞാൽ നിത്യ രക്ഷ ബോണസ് . നല്ല ഒരു ഡീൽ അല്ലെ ?

“ഡീൽ ഓർ നോ ഡീൽ ?”

“ഡീൽ ” – കുമാരൻ പറഞ്ഞു .

ങേ – കുമാരൻ യോഹന്നാൻ ആയി . ഭയങ്കര ഭക്തി . അതി ഭയങ്കര പള്ളി പ്രവർത്തനം . പ്രസ്ന്ഗം . അച്ചൻ ഒക്കെ യോഹന്നാനെ എന്ന് തികച്ചു വിളിക്കില്ല . അത്ര സ്നേഹം .

പിന്നെ മിറ്റത്തെ ചോറ് കൊടുക്കു . പള്ളിയിൽ കേറ്റില്ല കേട്ടോ . പുതു ക്രിസ്ത്യാനികൾക്ക് പുറത്തു ഒരു ഷെഡ് കെട്ടി കൊടുത്തിട്ടുണ്ട് . വേറെ വെള്ളവും വച്ചിട്ടുണ്ട് – ദോഷം പറയരുതല്ലോ .

കുറച്ചു കഴിഞ്ഞപ്പോ ഒരു സുഹൃത്ത് , പറയൻ യോഹന്നാനോട് ചോദിച്ചു :

“ഡാ , കുമാരാ ,”

“യോഹന്നാൻ എന്ന് വിളിയെടോ ”

“നീ പോടാ – നീ തമ്പ്രാൻറെ ജാതി അയീന്നല്ലേ പറഞ്ഞത് ? നിന്നെ പള്ളീ കേറ്റുന്നുണ്ടാ ? മിറ്റത്ത് അല്ലെ ചോറ് ?”

“എടാ മണ്ടാ – നീ ഇപ്പോഴും പറയൻ തന്നെയാ . ഒന്നും തോന്നരുത് , ട്ടോ .”

ശ്ശെടാ – അത് ശരിയാണല്ലോ . കുമാരൻ കൊറേ അച്ചന്മാരുടെ പുറകെ ഒക്കെ നടന്നു . ഇതൊക്കെ മാറ്റണം എന്ന് പറഞ്ഞു . പോടാ പുല്ലേ എന്ന് പറഞ്ഞു അച്ചൻ . നിത്യ രക്ഷ – അത് ചെറിയ കാര്യമാണോ ? അത് കൊടുത്തതും പോരാ, അഹങ്കാരം പറയുന്നോ – അലവലാതി .

കുമാരൻ കുറെ നോക്കി കേട്ടോ . സഭ ഒക്കെ മാറി നോക്കി – എവിടെ .

പിന്നേം ശങ്കരൻ – സോറി – കുമാരൻ – പറയൻ തന്നെ . തെങ്ങേ വേണേ കേറാം . പള്ളീൽ – ങേഹേ .

അങ്ങനെ 1909 ൽ ക്രിസ്തുമതം വിട്ടു . “പ്രത്യക്ഷ രക്ഷാ ദൈവ സഭ ” എന്നൊരു സഭ സ്ഥാപിച്ചു .

പ്രത്യക്ഷ രക്ഷ = ഇപ്പൊ ഇവിടെ കിട്ടണം രക്ഷ .

നിത്യ രക്ഷ = ഒന്ന് പോടാപ്പാ . ആദ്യം പ്രത്യക്ഷ രക്ഷ . സിംപിൾ ആൻഡ് പവര്ഫുൾ ആയി പൊയ്കയിൽ കുമാരൻ എന്ന പൊയ്കയിൽ യോഹന്നാൻ എന്ന പൊയ്കയിൽ അപ്പച്ചൻ പറഞ്ഞു .

എവിടെ സുറിയാനി ക്രിസ്ത്യാനി പാർത്ഥനാ യോഗം നടന്നാലും അവിടെ അപ്പച്ചൻ ആളോളും ആയി ചെന്ന് അടി ലഹള ഉണ്ടാക്കും . നിത്യ രക്ഷ വേണ്ടേ അപ്പച്ച – ചിലർ ചോദിക്കും . ഒന്ന് പോടാ കോപ്പേ എന്ന് പറഞ്ഞു അപ്പച്ചൻ ചെള്ളക്ക് പെടക്കും . ഇതായിരുന്നു കലാ പരിപാടി .

1930 ൽ സാമാജികൻ ഒക്കെ ആയി കെട്ടോ .

പ്രത്യക്ഷ രക്ഷ കിട്ടിയോ ?

ഷേക്ക് സ്പിയർ കിട്ടി – സ്പിയർ = കുന്തം .

അതായത് പറഞ്ഞു വന്നത് എന്താണെന്ന് വച്ചാൽ , നമ്മുടെ നാട്ടിൽ ജാതി ഇല്ല . ഒക്കെ തോന്നലാണ് . ഈ സംവരണം കാരണം എന്റെ കുറെ അവസരങ്ങൾ നഷ്ടമായി . ഇത്ര ഒക്കെയേ ഉള്ളു . ഒരു ഒന്ന് രണ്ടു തലമുറ കൊണ്ട് ജാതി മൊത്തം പോയത് എങ്ങനെ ആണാവോ ? അദ്‌ഭുതം തന്നെ . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .