സന്തോഷ് എന്റ്റെ ഒരു സുഹൃത്താണ്. ദുബായിൽ ജോലി ചെയ്തോണ്ടിരിക്കുകയായിരുന്നു. ‘അമ്മ ഒറ്റക്കാണ് നാട്ടിൽ. അത് കൊണ്ട് മാത്രമാണ് പല നഷ്ടങ്ങളും സഹിച്ച്, ഭാര്യയേയും മക്കളെയുമൊക്കെ എങ്ങനെയോ പറഞ്ഞ് സമ്മതിപ്പിച്ച് നാട്ടിൽ വന്നത്. ഒത്തിരി കഷ്ടപ്പെട്ട് തന്നെ വളർത്തിയ അമ്മയെ വയസാംകാലത്ത് മൊത്തമായി സന്തോഷിപ്പിച്ച് നിർത്തുക എന്നതാണ് ഉദ്ദേശം.
എന്റെ സുഹൃത്ത് പക്ഷെ ഇപ്പോൾ വളരെ ദുഖത്തിലാണ്.
“എന്തൊക്കെ ചെയ്താലും അമ്മക്ക് ഒരു തൃപ്തിയുമില്ല. സന്തോഷവുമില്ല. ഇങ്ങനെ ഓരോന്ന് കുത്തിപ്പറഞ്ഞോണ്ടിരിക്കും. പതുക്കെ ഇങ്ങനെ ഓരോ പരാതികളായി ഇരിക്കും. മോന്ത ഇങ്ങനെ വീർത്തിരിക്കും.”
ചോദിച്ചപ്പോ വിഷാദ രോഗം പോലത്തെ പ്രശ്നങ്ങൾ ഒന്നുമില്ല. ആൾ ഉഷാറൊക്കെയാണ്. പുറത്തൊക്കെ വളരെ ആക്റ്റീവ് ആണ്.
“പണ്ട് ആൾ എങ്ങനെയായിരുന്നു?”
“ഇങ്ങനെയൊക്കെത്തന്നെയായിരുന്നു.”
“അയ് ശരി!”
“അത് പോലാണോ ഇപ്പൊ? അന്നൊക്കെ എന്തോരും കഷ്ടപ്പാടാ. ഇന്നിപ്പോ റാണിയെപ്പോലയാ ഞാൻ നോക്കുന്നത്!”
ഇന്നാൾ ഒരു സീരിയൽ കാണുകയായിരുന്നു. അതിലെ നായകൻ കാമുകിയുടെ അച്ഛനോട് പറയുകയാണ്:
“ഇവളെ ഞാൻ പൊന്നു പോലെ നോക്കും. അവളുടെ ഒരു തുള്ളി കണ്ണീർ വീഴാൻ ഞാൻ സമ്മതിക്കില്ല.”
ഇവിടെ പ്രശ്നം ഉണ്ട് സുഹൃത്തുക്കളേ. മനുഷ്യരുടെ ഇടയിൽ വളരെയുള്ള ഒരു വിചാരമാണ് നമുക്ക് സ്ഥായിയായി ആരെയെങ്കിലുമൊക്കെ സന്തോഷിപ്പിക്കാൻ കഴിയും എന്നത്. എന്നാൽ ഒരു സത്യം കേട്ടോ:
“ഒരു ചുക്കും നടക്കില്ല!”
ഒരു ദുഷ്ടനും (ദുഷ്ടയും) അരസികനും (അരസികത്തിയും) സ്വാർത്ഥനും (സ്വാർത്ഥയും) (ചുരുക്കിപ്പറഞ്ഞാൽ ഒരു മയ്….അല്ലേൽ വേണ്ട) ഒക്കെയാണ് നിങ്ങളെങ്കിൽ കൂടെയുള്ളവരെ ദുഃഖത്തിലാഴ്ത്തി അവരുടെ സന്തോഷം കെടുത്താൻ നിങ്ങക്ക് പറ്റും.
ഒരു മാതിരി ഒരു നല്ല മനുഷ്യനാണ് (മനുഷ്യത്തിയാണ്) നിങ്ങളെങ്കിൽ ഈ പോസ്റ്റ് വായിച്ച് ഇതിന്റെ അർഥം ഉൾക്കൊള്ളാം- വേണേൽ മതിട്ടോ.
“പൊന്നു പോലെ നോക്കാം” – ഇച്ചിരി പൈങ്കിളി ആണേലും പോട്ടെ- ഓക്കേ ആണ്.
“എപ്പോഴും ദുഖിപ്പിക്കാതെ സന്തോഷിപ്പിച്ച് നിർത്താം” – നോട്ട് ഓക്കേ ആണ് മോനേ. അത് ഒരു ചുമതലയായി എടുത്ത് സ്വന്തം മൂല്യം എപ്പോഴും അത് കൊണ്ട് മാത്രം അളന്നു ജീവിച്ചാൽ അധികം താമസിയാതെ അവന്റെ കട്ടേം പടോം മടങ്ങും. ജീവിത വിരക്തി വന്നു മൂ….ഞ്ചും.
നമ്മുടെ സ്വന്തം സന്തോഷങ്ങൾ അത്യാവശ്യമൊക്കെ നിറവേറ്റി സ്വന്തം ആവശ്യങ്ങൾ അലോസരം അധികമുണ്ടാക്കാതെ ചോദിച്ചു വാങ്ങിച്ച് നമുക്ക് പറ്റുന്ന കാര്യങ്ങൾ മാത്രം ആത്മാർഥമായി മറ്റുള്ളവർക്ക് വേണ്ടി ചെയ്യുക എന്നത് മാത്രമാണ് ഒരാൾക്ക് ജീവിതത്തിൽ ചെയ്യാൻ സാധിക്കുന്നത്.
എനിക്ക് പരിചയമുള്ള ഒരു സ്ത്രീ കെട്ടിച്ചയച്ച കൂട്ടുകുടുംബത്തിലെ എല്ലാവരെയും സുഖിപ്പിക്കാൻ ആത്മാർത്ഥമായി മുഴുവൻ സമയവും നോക്കി. ആർക്കും ഒരു തൃപ്തിയുമില്ല എന്നാണ് പറഞ്ഞത്. ഭർത്താവിന് പ്രത്യേകിച്ചും. എല്ലാം ത്യജിച്ചു വളരെ കഷ്ടപ്പെട്ട് പത്തിരുപത് കൊല്ലം ഈ ‘സന്തോഷിപ്പിക്കൽ’ തുടർന്നു. പെട്ടന്നൊരു ദിവസം അവർ ആത്മഹത്യ ചെയ്തു.
“എന്തിന്റെ കുറവായിരുന്നു അവർക്ക്” കുറെ പേര് അദ്‌ഭുതം കൂറുന്നത് കണ്ടു.
പല മനുഷ്യരും പല പോലാണ്. ചിലർ സ്വതേ തീരെ സന്തോഷവും തൃപ്തിയും ഇല്ലാത്തവരാണ്. ചോയിസ് ഉണ്ടെങ്കിൽ ഇത്തരം ആളുകളിൽ നിന്ന് അകന്നു നിൽക്കുക. ചോയിസ് ഇല്ലെങ്കിൽ നമുക്ക് പറ്റുന്നത് മാത്രം ചെയ്തിട്ട് നമ്മുടെ കാര്യം നോക്കുക. എന്ത് ചെയ്താലും സംതൃപ്തി കാണിക്കാതിരിക്കുക എന്നത് ഒരു “കോവേർട്ട് അബിയൂസ് ടാക്ടിക്” – അതായത് ഒരു പീഡനോപാധി കൂടെ ആണ്. സ്ത്രീകൾ, വയസായവർ, എന്നിവർ ഇങ്ങനത്തെ നേരിട്ടല്ലാതെയുള്ള പീഡനോപാധികൾ ഉപയോഗിക്കാൻ സാദ്ധ്യത കൂടുതലാണ്, പലപ്പോഴും അത് ബോധപൂർവം ആവണമെന്നുമില്ല.
ആർക്കും ആരെയും സ്ഥായിയായി ‘സന്തോഷിപ്പിക്കാൻ’ സാധിക്കില്ല. നമ്മൾ മാത്രമാണ് നമ്മുടെ സന്തോഷത്തിന് ഉത്തരവാദി. ഉൾക്കൊള്ളാൻ നല്ല ബുദ്ധിമുട്ടുണ്ടാകും എന്നെനിക്കറിയാം. എനിക്കും അങ്ങനെ ആയിരുന്നു.
നമ്മുടെ ജീവിതത്തിൽ ഉള്ളവരും ഉണ്ടായിട്ടുള്ളവരും എല്ലാര്ക്കും നമ്മളോട് തൃപ്തിക്കുറവാണെങ്കിൽ ജാഗ്രത- ചിലപ്പോ കുഴപ്പം നമ്മുടെ തന്നെ ആയിരിക്കും. അതും ഓർക്കണം. ഏറ്റവും പ്രിയപ്പെട്ടവർ എന്ത് ചെയ്താലും തൃപ്തിയില്ലായ്മ, പരാതികൾ മാത്രം, മുഖം വീർപ്പിക്കൽ, പുച്ച്ചം എന്നിവ സദാ കാണിക്കുന്ന ഒരാൾ ആണോ നിങ്ങൾ? ഒന്ന് സ്വയം വിലയിരുത്തുന്നത് നല്ലതായിരിക്കും.
(ജിമ്മി മാത്യു)