ഏതെങ്കിലും ഒരു മേഖലയിൽ ഉള്ള വിജയം എന്നാൽ എന്ത് കുന്തമാണ്? അതെങ്ങനെ ഉണ്ടാകുന്നു?
വളരെ അധികം ആളുകൾ നമ്മളെ അറിയുന്നു. നമ്മുടെ സേവനം അല്ലെങ്കിൽ ഉത്പന്നം; അതുമല്ലെങ്കിൽ ആത്മപ്രകാശനമായ എന്തേലും കലാമൂല്യമുള്ള പ്രകടനം- ഇതിനു വേണ്ടി ആളുകൾ തിക്കിത്തിരക്കുന്നു. നമ്മളെ അഭിനന്ദിക്കുന്നു. പല തരം അംഗീകാരങ്ങൾ കിട്ടുന്നു.
ഇത് കൊണ്ട് നമുക്ക് മാനം മര്യാദയായിട്ട് ജീവിച്ചു പോകാൻ പറ്റുന്നു. കുടുംബത്തെ പോറ്റാനും സാധിക്കുന്നു. പൊതുവെ നമ്മൾ ഹാപ്പിയാകുന്നു.
അല്ലേ?
അതേ. ഇതിന് വേണ്ടി നമ്മൾ എന്ത് ചെയ്യണം?
പിള്ളേരോട് നമ്മൾ പറയുന്നു- നമ്മുടെ പാഷൻ തിരിച്ചറിയുക. അതിൽ പരിശീലനം നേടുക. രാവും പകലും അതിനു വേണ്ടി പണിയെടുക്കുക. എല്ലാം ശരിയാകും.
കൊള്ളാം. നല്ല ഉപദേശം ഒക്കെ തന്നെ. ചെറിയ ഒരു പ്രശ്നമുണ്ട്.
നമ്മുടെ ഏതെങ്കിലും ഒരു മേഖലയിലെ വിജയത്തിന് മേല്പറഞ്ഞതൊക്കെ ആവശ്യം തന്നെയാണ്. പക്ഷെ അതുക്കും മേലേ നിൽക്കുന്ന ഒരു സാധനമുണ്ട്. പ്രത്യേകിച്ചും ചില മേഖലകളിൽ. എന്താണാവോ അത്.
മിസ് ആകസ്മികതാ കുമാരി. ലവൾ തന്നെ.
പണം, അപ്പൻറ്റെയും അമ്മയുടെയും ജോലി, ജീവിത സാഹചര്യങ്ങൾ എന്നിവയുടെ പ്രാധാന്യത്തെ പറ്റി ഞാൻ അധികം പറയണ്ടല്ലോ. പിന്നെ ഉണ്ടാകുന്ന ചങ്ങാതിമാർ, പരിചയപ്പെടുന്ന ആളുകൾ, എത്തിപ്പെടുന്ന സ്ഥലം, ഓർക്കാപ്പുറത്ത് കിട്ടുന്ന ഭാഗ്യാവസരങ്ങൾ എന്നിവ ഇതിൽ പെടും. ഈ ബ്രെയ്ക്ക് കിട്ടി ബ്രെയിക്ക് കിട്ടി എന്ന് കേട്ടിട്ടില്ലേ? വണ്ടിയുടെ ബ്രെയിക്ക് അല്ലല്ലോ നമ്മൾ ഉദ്ദേശിക്കുന്നത്.
ഒരു കാര്യം പ്രത്യേകം ഓർക്കണം. എല്ലാ മേഖലയിലും ആകസ്മികതയുടെ റോൾ ഒരേ പോലെ അല്ല. ഒരു പ്രത്യേക മേഖലയിൽ നമ്മുടെ നിർവചനം അനുസരിച്ച് വിജയം ഉണ്ടാകുന്നത് ആ മേഖല തിരഞ്ഞെടുക്കുന്ന എത്ര പേർക്ക് ആണ്? ഇതനുസരിച്ച് മിസ് ആകസ്മിതയുടെ റോൾ കൂടിയും കുറഞ്ഞുമിരിക്കും. അങ്ങനെ ഏതെങ്കിലും ഒരു മേഖലയിൽ ഒരു മാതിരി വിജയിക്കുന്നവരുടെ ശതമാനത്തെ വിജയ ബേസ് റേറ്റ് എന്ന് നമുക്ക് വിളിക്കാം.
ചില മേഖലകളിൽ നമ്മൾ ചെന്ന് പെട്ട് അടിസ്ഥാന യോഗ്യതകൾ നേടിക്കഴിഞ്ഞാൽ വിജയ ബേസ് റേറ്റ് വലുതാണ് എന്ന് കാണാം. ഉദാഹരണത്തിന് എം ബി ബി എസ് പാസായിക്കഴിഞ്ഞാൽ എന്തൊക്കെ പറഞ്ഞാലും ഒട്ടു മിക്ക ആളുകൾക്കും അത് വെച്ച് തൽക്കാലം ഒരു വിധം നന്നായി ജീവിക്കാൻ സാധിക്കും, നല്ല ഒരു ശതമാനം വളരെ നല്ല നിലയിലും എത്തിയേക്കാം. അതായത് മെഡിക്കൽ മേഖലയിൽ ഡോക്ടറായാൽ തെറ്റില്ലാത്ത വിജയ ബേസ് റേറ്റ് ഉണ്ട്!
വളരെ നല്ല ഒരു പഠനകേന്ദ്രത്തിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലോ മാനെജ്‌മെന്റിലോ ബിരുദമെടുത്ത് ജോലിക്കിറങ്ങിയാലും വിജയ ബേസ് റേറ്റ് നല്ലതാണ്!
അതായത് ഇത്തരം മേഖലകളിൽ എല്ലാം, നിങ്ങൾ ആഗോള, ആൾ ഇന്ത്യ, ആൾ കേരളം പ്രശസ്ത ആവാൻ സാധ്യത കുറവാണെങ്കിലും മുഞ്ച് മിട്ടായി തിന്ന് കഞ്ഞി കുടിക്കാൻ വകയില്ലാതെ തേരാ പാരാ പായാനും സാധ്യത കുറവാണ്!
ഇത് കൊണ്ടും കൂടി ആണ് സാധാരണക്കാർ അവരുടെ മക്കളെ എങ്ങനെയെങ്കിലും ഇത് മാതിരി ഒക്കെ ഉള്ള മേഖലകളിലേക്ക് തള്ളി വിടാൻ ആക്രാന്തം കൂട്ടുന്നത്. ആളുകൾ ആത്യന്തികമായി സ്വന്തം കാര്യം നോക്കാൻ നല്ല പ്രായോഗിക ബുദ്ധി ഉള്ളവരാണ്; പൊതുവെ.
എന്നാൽ ഒരു സംരംഭകൻ ആവുക എന്നത് നോക്കു. എത്ര കഷ്ടപ്പെട്ടാലും, കഴിവുണ്ടെങ്കിലും, ഒരു പത്ത് സംരംഭങ്ങൾ തുടങ്ങിയാൽ എട്ടും പൂട്ടിക്കെട്ടും. വിജയബേസ് റേറ്റ് കുറവാണ്. വിജയിക്കുന്നവരിൽ പലരും കോടീശ്വരർ ആവാറുണ്ട്; ശരി തന്നെ. പക്ഷെ ആകസ്മികതകൾക്ക് അവരുടെ വിജയത്തിൽ വലിയ റോൾ ഉണ്ട്.
ഈ കോടീശ്വരരെ ആളുകൾ ഇന്റർവ്യൂ ചെയ്യും. അവർ അതും ഇതുമൊക്കെ പറയും. പക്ഷെ അവർ ഒരു വലിയ സെലെക്ഷൻ ബയസ് കഴിഞ്ഞു വന്നവർ ആണെന്ന് മറക്കരുത്. സർവൈവർഷിപ് ബയസ് എന്നാണ് ഇതിനു പറയുന്നത്. അതിജീവിതർ മാത്രം സംസാരിക്കുന്നു! ചത്തവരെ നമ്മൾ മറക്കുന്നു.
ഈ വിജയ ബേസ് റേറ്റ് ഏറ്റവും കുറഞ്ഞ മേഖലകൾ ആണ്, സിനിമ, പാട്ട്, എഴുത്ത്, ഡാൻസ്, കലകൾ എന്നിവയൊക്കെ അടങ്ങുന്ന മേഖലകൾ. ഏറ്റവും മുകളിൽ വിരലിൽ എണ്ണാവുന്ന സീറ്റുകളേ ഉള്ളു. ലക്ഷക്കണക്കിന് ആളുകൾ ഈ സീറ്റുകൾക്ക് വേണ്ടി രാവും പകലും കഷ്ടപ്പെടുന്നു, സാധകം ചെയ്യുന്നു, നെട്ടോട്ടം ഓടുന്നു, പുറകെ നടക്കുന്നു. വളരെ ചുരുക്കം ചിലർ മോളിൽ എത്തുന്നു. എന്നാൽ ചിലർ പെട്ടന്ന് ഒരു വലിയ ഓട്ടം ഒന്നും ഓടാതെ തന്നെ എത്തുന്നു. ഈ മേഖലകളിൽ മിസ് ആകസ്മികത പല റോളിൽ ആടിത്തകർക്കുകയാണ്.
അതങ്ങനെ ആണ്. ഇത്രേ ഉള്ളു. ഈ അവസാനം പറഞ്ഞ മേഖലകൾ ഒരു പാഷൻ ഉള്ള ഹോബി ആയി മാത്രം കൊണ്ട് നടക്കുന്നതാണ് പ്രായോഗികത. ഉദാഹരണത്തിന് എന്നെ തന്നെ നോക്ക്. മലയാളത്തിലെയും ഇംഗ്ളീഷിലെയും ഏറ്റവും അറിയപ്പെടുന്ന എഴുത്തുകാരൻ ആവാൻ ഉള്ള കോപ്പ് എന്റെ കയ്യിൽ ഉണ്ടെന്നേ. ആ കറക്ട് ബ്രെയിക്ക് കിട്ടി ശരിയായിട്ടില്ല എന്നെ ഉള്ളു.
ആ സമയത്ത് നിങ്ങൾ കുറെ പേരുടെ പ്രോത്സാഹനം മതി എന്നെ മുന്നോട്ട് നയിക്കാൻ. അയ് ലവ് യു ഗുയ്സ്!
(ജിമ്മി മാത്യു)