ഒരു ഫ്രീക്കന്റെ ജനനം.

ഏകദേശം രണ്ടായിരം വര്ഷം മുൻപ് – യൂറോപ്പും മിഡിൽ ഈസ്റ്റും മൊത്തം അടക്കി ഭരിക്കുകയായിരുന്നു റോമാ സാമ്രാജ്യം . സീസർ ആണ് ചക്രവർത്തി .

സാമ്രാജ്യത്തിന്റെ ഏതോ ഒരു മൂലയിൽ ആണ് ജൂതിയ – ജൂതന്മാരുടെ രാജ്യം . ഞങ്ങളുടെ ദൈവം – ജറുസലേമിലെ ഞങ്ങളുടെ ക്ഷേത്രത്തിൽ ഉള്ള ദൈവം . ഞങ്ങൾ അവന്റെ ജനങ്ങൾ എന്ന് അലമുറയിട്ടു കൊണ്ട് നടന്ന ജനത്തെ ഭരിക്കാൻ ജൂതന്മാരുടെ നേതാക്കളെ തന്നെ കൈയിലെടുത്തു . ചക്രവർത്തിയുടെ ആളുകൾ ആണ് പ്രധാന ജൂത പുരോഹിതനെ തിരഞ്ഞെടുക്കുന്നത് . ജൂത നാട്ടിന്റെ കേന്ദ്രമാണ് അതി ബ്രഹത്തായ ക്ഷേത്രം .

സാധാരണ ജൂതർ ഇതിൽ അസ്വസ്ഥർ ആണ് . ദാരിദ്ര്യം കൊടി മൂത്തു വാഴുന്നു .

തീവ്ര വാദികൾ ഉയർന്നു വരുന്നു . പലരും പൊരുതി മരിക്കുന്നു .

ദയ ഇല്ലാതെ കൊന്നു കളയും റോമൻ അധികാരികൾ . രാജാവിനെതിരെ യുദ്ധം ചെയ്യുന്നവരെ ആണ് കുരിശിൽ തറച്ചു കൊല്ലുന്നത് . രാജ്യ ദ്രോഹത്തിനുള്ള ശിക്ഷ ആണ് കുരിശുമരണം . ഇൻടോളറൻറ് ആണ് സാമ്രാജ്യം . ഭയങ്കര ഇൻടോളറൻറ് .

ഗലീലി എന്ന പ്രദേശത്തു ഏതാനും കുടുംബങ്ങൾ വാഴുന്ന നാസറത് എന്ന കുഗ്രാമം ആണ് ഫ്രീക്കന്റെ ജന്മദേശം .
നസ്രായൻ എന്ന് അറിയപ്പെട്ട ഈ ഫ്രീക്കന്റെ ചില അനുയായികൾ ഇന്ത്യയിൽ ഒരു മൂലയിൽ നസ്രാണികൾ എന്നറിയപ്പെട്ടു .

ഓരോ സമയത്തെ സാമൂഹ്യ നിയമങ്ങളിൽ നിന്ന് ലേശം മാറി ചരിക്കുന്നവർ ആണ് ഫ്രീക്കന്മാർ .

ജനിച്ച ഫ്രീക്കൻ പത്തു മുപ്പതു വയസ്സ് വരെ മിണ്ടാതിരുന്നു . പിന്നെ ഗാലിലിയയുടെ പ്രാന്ത പ്രദേശങ്ങളിലൂടെ ഒരു പ്രാന്തന്റെ മാതിരി അലഞ്ഞു തിരിഞ്ഞു . എന്തൊക്കെയോ പറഞ്ഞു . ദൈവ രാജ്യം വരണം എന്ന് പറഞ്ഞു . അതായത് സ്വാതന്ത്ര്യം വേണമെന്ന് പറയാതെ പറഞ്ഞു . ചിലർ പിറകെ കൂടി .

ചിലർക്ക് കാര്യം മനസ്സിലായില്ല .

“കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കട്ടെ ” അവൻ പറഞ്ഞു .

വേശ്യകളും ചുങ്കക്കാരും അവനു ചുറ്റും കൂടി . ആരെയും അവൻ ആട്ടി അകറ്റിയില്ല . അയിത്തമുള്ള ജാതിക്കാരികളിൽ നിന്ന് വെള്ളം വാങ്ങി കുടിച്ചു . ശാബത് ഒക്കെ കോമഡി അല്ലെ എന്ന് ചോദിച്ചു . വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലണ്ടേ എന്ന് ചോദിച്ചപ്പോൾ അതിനാർക്കാണ് അർഹത എന്ന് ചോദിച്ചു .

“അധികം വിധിക്കണ്ട മോനെ ….ഓട് വിധികർത്താക്കളെ കണ്ടം വഴി ” എന്ന് പറഞ്ഞു .

ഫ്രീക്കന്റെ നേതൃത്വത്തിൽ ജറുസലേമിലെ അധികാര കേന്ദ്രമായ ക്ഷേത്രത്തിൽ ഒരാക്രമണം നടന്നു .
അതിനു പിറ്റേന്നാണ്‌ ഫ്രീക്കനെ കൊല്ലാൻ വേണ്ടി പിടിക്കുന്നത് .

ഉയർത്തെഴുന്നേറ്റോ എന്നുള്ളതല്ല ; ഇനിയും വേണ്ട സമയങ്ങളിൽ ഫ്രീക്കന്മാർ ജനിക്കും എന്നുള്ളതാണ് ഇതിന്റെ ഹൈ ലൈറ്റ് .

ഓട് മങ്കികളെ കണ്ടം വഴി എന്ന് പറയും .

ചിലപ്പോൾ അതിനു മരണം കൊണ്ട് വില കൊടുക്കണ്ടയും വരും .

എന്നാലും സമാധാനം വിജയിക്കട്ടെ . മെറി ക്രിസ്റ്മസ് (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .