കോവിഡ് എന്ന അസുഖം ലോകത്തിൽ വന്നിട്ട് രണ്ടു വര്ഷം കഴിഞ്ഞു. മൂന്നു തിരകളിൽ ആയി ജനസംഖ്യയിൽ ഒരു മാതിരി നല്ലൊരു ശതമാനത്തിന് അസുഖം വന്നു. ശതലക്ഷങ്ങൾ മരിച്ചു (ഒരു കോടിക്ക് അടുത്ത് ആവാം മരണങ്ങൾ ). ഒറ്റക്ക് അവിടവിടെയായി വരുന്ന ജലദോഷപ്പനി പോലെ അല്ല കോവിഡ്. വലിയ ഒരു കൊലയാളി ആണ്.
കോവിഡ് വരുന്നത് തടയാൻ നമ്മൾ ജനജീവിതത്തെ അതീവ ദുസ്സഹമാക്കുന്ന ലോക്ഡൗണുകൾ പോലുള്ള പൂട്ടിയിടലുകൾ വളരെ വ്യാപകമായി നടപ്പാക്കി. അന്തർസംസ്ഥാന, അന്താരാഷ്ട്ര യാത്രകൾ തടയുക, അവയെ ദുസ്സഹമാക്കുക എന്നിവ ചെയ്തു. സ്കൂളുകൾ, ബിസിനസുകൾ, പൊതുഗതാഗതം, ജോലി സ്ഥലങ്ങൾ എന്നിവ അടച്ചിട്ടു. വലിയ സമ്മേളനങ്ങൾ നിരോധിച്ചു.
അകലം പാലിക്കുക, കൈ കഴുകുക, മാസ്ക് ഇടുക, മുതലായ അധികം പ്രശ്നം ഉണ്ടാക്കാത്ത കാര്യങ്ങളും ചെയ്തു
ഏതൊരു പകർച്ചവ്യാധിയെയും ഞെക്കിക്കൊല്ലാൻ കാലാ കാലങ്ങളിലായി നമ്മൾ ചെയ്യുന്ന എല്ലാരേയും ടെസ്റ്റ് ചെയ്യുക, കോണ്ടാക്ടുകളെ ട്രെയ്സ് ചെയ്യുക, ക്വറേന്റീൻ ചെയ്യുക, രോഗികളെ ഐസൊലേറ്റ് ചെയ്യുക എന്നിവയും ചെയ്തു..
മറ്റു തടയൽ മാര്ഗങ്ങൾ എന്ന നോൺ ഫാര്മക്കോളജിക്കൽ ഇന്റർവെൻഷൻസ് എത്ര മാത്രം ഫലപ്രദമായി? ഇവയെ നല്ല മലയാളികൾ എന്ന നിലക്ക് മ ത മാ (മറ്റു തടയൽ മാര്ഗങ്ങള്) എന്ന് വിളിക്കാം.
ഇപ്പൊ രണ്ടു വർഷങ്ങൾ ആയല്ലോ. ആദ്യത്തെ രണ്ടു തിരകളിൽ നിന്ന് നല്ല റിപ്പോർട്ടിങ് സംവിധാനങ്ങൾ ഉള്ള യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് നല്ല ഡാറ്റ ഉണ്ട്. മ ത മാ എന്തോരും ഫലപ്രദമായി? ഏതൊക്കെ മ ത മാ ആണ് കൂടുതൽ നല്ലത്? ഏതിനൊക്കെ ഒരു ഗുണവും ഉണ്ടായില്ല? ഇത് അറിയുന്നത് വളരെ പ്രധാനമല്ലേ? പക്ഷെ ഈ ചോദ്യം അധികം ആരും ചോദിച്ചു കണ്ടില്ല.
അത് കൊണ്ട്, ഗൂഗിൾ സ്കോളർ നോക്കി ജേർണൽ ലേഖനങ്ങൾ നോക്കി. ആയിരക്കണക്കിന് ഉണ്ട്. പക്ഷെ ഇവയെ ക്രോഡീകരിച്ച് ഒന്നായി പഠിച്ച മെറ്റാ അനാലിസിസുകളും, സിസ്റ്റമാറ്റിക് റിവ്യൂ കളും കുറച്ചേ ഉള്ളു. അവയൊക്കെ നോക്കിയപ്പോൾ മനസിലായ കാര്യങ്ങൾ:
സ്വീഡൻ ലോക്ഡൗണുകൾ ഒന്നും ഇല്ലാതെ, ആദ്യം മുതലേ കുറച്ച് ലൂസ് ആയ അടവുനയം ആണ് പരീക്ഷിച്ചത്. അത് മൊത്തം പാളി എന്നാണ് ഒരു പൊതു ബോധം. മറ്റു സ്കാന്ഡിനേവിയൻ രാജ്യങ്ങളെ അപേക്ഷിച്ച് മരണങ്ങൾ വളരെ കൂടുതൽ ആയിരുന്നു. പക്ഷെ ഈ പൊതു വായനയെ വിമർശനാത്മകമായി സമീപിച്ചാൽ മനസിലാവുന്നത്, സ്വീഡനെ, പല കാരണങ്ങൾ കൊണ്ടും (ജനസംഖ്യ, കുടിയേറ്റക്കാർ ഉള്ളത് മുതലായവ) മറ്റു യൂറോപ്യൻ രാജ്യങ്ങളുമായാണ് താരതമ്യം ചെയ്യേണ്ടത്. അങ്ങനെ നോക്കിയാൽ സ്വീഡൻ ഈ കാര്യത്തിൽ വിജയവുമല്ല, പരാജയവുമല്ല – വെറും ശരാശരി ആണ്. ശരാശരി.
രോഗ വ്യാപനത്തിന്റെ വേഗം വെച്ച് നോക്കിയാൽ, സ്കൂൾ അടച്ചിടൽ, ജോലിസ്ഥലങ്ങൾ പൂട്ടൽ എന്നിവക്ക് അതിനെ ഒരു പരിധി വരെ പതുക്കെ ആക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ലോക്ഡൗണുകൾ, പൊതുഗതാഗത തടസം എന്നിവക്ക് ഗുണങ്ങൾ ഉണ്ടായിട്ടുണ്ട് – ചെറുതായി. യാത്ര തടസങ്ങളും അത് പോലെ തന്നെ.
ഉദ്ബോധനം, മാസ്കിങ് മുതലായവയും ഇത്രയും ഒക്കെ തന്നെ ഗുണം ഉണ്ടാക്കിയ കാര്യങ്ങൾ ആണ്- ജനജീവിതത്തെ അധികം ബാധിക്കാതെ.
വളരെ പ്രധാന കാര്യം, എന്ത് മാത്രം കടുപ്പത്തോടെയും ദാർഷ്ട്യത്തോടെയും ആണ് ലോക്ഡൌൺ പോലെ ഉള്ളവ നടപ്പാക്കിയത് എന്നും അതിന്റെ ഗുണവും തമ്മിൽ വലിയ ബന്ധം ഇല്ല! വളരെ മൃദുവായി നടപ്പാക്കിയാൽ മതി! അധികം ശക്തമാക്കുന്നതിൽ യാതൊരു അധിക ഗുണവും ഇല്ല!
ഏറ്റവും പ്രധാന കാര്യം- ആദ്യം മുതലേ നമ്മൾ പറഞ്ഞു കൊണ്ടിരുന്ന ടെസ്റ്റ്, ട്രെയ്സ്, ഐസൊലേഷൻ, ക്വറേന്റീൻ മുതലായവയ്ക്ക് യാതൊരു ഗുണവും ഉള്ളതായി കാണാൻ സാധിച്ചില്ല എന്നുള്ളതാണ്! ഇത് ശരിക്കും അദ്ഭുതപ്പെടുത്തുന്ന ഒരു നിരീക്ഷണം ആണ്.
ഇനി, രോഗപകർച്ച അവിടെ നിൽക്കട്ടെ. മരണങ്ങൾ ആണല്ലോ ശരിക്കും നോക്കേണ്ടത്. ലോക്ഡൌൺ, അടച്ചിടലുകൾ, യാത്രാ തടസങ്ങൾ, എന്നിവക്കൊന്നും മരണങ്ങളുടെ എണ്ണം കുറയ്ക്കുന്നതിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നതാണ്! ഉണ്ടെങ്കിൽ തന്നെ വളരെ കുറവ്. എന്നാൽ ഇവ മൂല ജനം കഷ്ടപ്പെട്ടതിന് കണക്കില്ല. ആളുകൾ പാപ്പരായി; ജോലികൾ ഇല്ലാതായി.
ചില പാഠങ്ങൾ:
ഇപ്പോൾ താരതമ്യേന വളരെ ഗുരുതരാവസ്ഥ കുറഞ്ഞ ഒരു അസുഖമായി ഒമൈക്രോൺ ആവിർഭാവത്തോടെ കോവിഡ് മാറിയിരിക്കുകയാണ്. ഇനി ഗുരുതര അസുഖമാവാനുള്ള സാദ്ധ്യത വളരെ കുറവുമാണ്. അതി വ്യാപന ശേഷിയുള്ള ഇതിന്റെ മൂന്നാം തിരയിൽ ഒരു മ ത മാ കൾക്കും ഒരു ഗുണവയും ഉണ്ടായിരിക്കാൻ സാദ്ധ്യത ഇല്ല. മുൻപുള്ള തിരകളിലും ഇന്ത്യയെ മൊത്തമായി നോക്കിയാൽ രോഗപകർച്ചയെ നമുക്ക് മ ത മാ കൾ കൊണ്ട് തടയാൻ സാധിച്ചിട്ടുണ്ടോ എന്ന് പറയാൻ വിഷമമാണ്. കേരളത്തിൽ നമുക്ക് മ ത മാ കൾ കൊണ്ട് കുറെ ഗുണം ഉണ്ടായിട്ടുണ്ട്.
ടെസ്റ്റ്, ട്രെയ്സ്, ക്വറേന്റീൻ എന്നിവ പോലും കോമഡി പോലെ ആയിക്കഴിഞ്ഞു എന്ന് മൂന്നാം തിര അടങ്ങുന്ന ഈ അവസരത്തിൽ ചുറ്റും നോക്കുന്ന ഏതൊരു മനുഷ്യനും മനസിലാവാവുന്നതേ ഉള്ളു. യാത്ര തടസങ്ങൾ, അന്തർസംസ്ഥാന അന്താരാഷ്ട്ര യാത്രക്കാരെ കൊല്ലാക്കൊല ചെയ്യൽ, മിനിട്ടിന് മിനിട്ടിന് മൂക്കിൽ കോലിട്ടിളക്കൽ ഒക്കെ ഇനി വേണോ എന്ന് അടിയന്തിരമായി ചർച്ച ചെയ്യേണ്ടതുണ്ട്.
വിമർശനങ്ങൾ ദയവു ചെയ്ത് കാര്യ കാരണ സഹിതം, പറ്റുമെങ്കിൽ മൂല ജേർണൽ ലേഖങ്ങൾ വായിച്ചതിനു ശേഷം ഉന്നയിക്കണം. വളരെ പ്രധാനപ്പെട്ട വിഷയമാണ്.
(ജിമ്മി മാത്യു)