ഈശ്വരൻ ഇല്ല; ജീവിതത്തിന് ആത്യന്തികമായി വലിയ അർത്ഥമൊന്നുമില്ല; മതങ്ങൾ ആണ് ഈ ലോകത്തിലെ പ്രധാന പ്രശ്നം എന്നൊക്കെ ഘോരഘോരം വാദിച്ച് യുദ്ധം ചെയ്യുന്നതിൽ ഒരിക്കലും വലിയ താല്പര്യം തോന്നിയിട്ടില്ല. മാത്രമല്ല, എനിക്കും ഒരു സ്വത്വം ഉണ്ട് എന്നതിനെയും തള്ളിപ്പറയുന്നതിൽ വലിയ ആക്രാന്തം ഒന്നും ഇല്ല.
“എന്തിന് ?” (സലിം കുമാർ JPEG).
മനുഷ്യസ്വഭാവം ആണ് കുറെ അത്. അതില്ലെങ്കിൽ മനുഷ്യൻ ഇല്ല. ഇന്ത്യ എന്ന രാജ്യം ഇല്ലെങ്കിൽ നമുക്ക് അസ്തിത്വം ഒന്നുമില്ല. മലയാളി എന്ന കെട്ടുറപ്പും കേരളം എന്ന സംസ്ഥാനം നൽകുന്ന തണലും ഇല്ലാതെ നമുക്ക് ജീവിക്കാൻ പറ്റില്ല. എന്തെങ്കിലും സമുദായ, സാമൂഹ്യ സംഘടനകളിൽ ചേർന്ന് പ്രവർത്തിക്കുന്നതിൽ നമ്മൾ ഓരോരുത്തരും സംതൃപ്തി കണ്ടെത്തിയേക്കാം.
അതായത് , നമ്മളിൽ ആരെ എങ്കിലും പൂർണ നഗ്നനായി അഥവാ നഗ്നയായി പറമ്പിക്കുളം കാട്ടിൽ കൊണ്ട് ഇട്ടാൽ, നമ്മൾ കാറിക്കൂവി ഒരു മനുഷ്യ വാസ സ്ഥലം തേടി തേരാ പാരാ ഓടും. കണ്ടു പിടിക്കാൻ പറ്റിയില്ലെങ്കിൽ നമ്മൾ മൂഞ്ചും.
രണ്ടു ലക്ഷം വർഷങ്ങൾക്ക് മുൻപ്, ആഫ്രിക്കയിൽ നിന്ന് ആധുനിക മനുഷ്യൻ ഗോത്രങ്ങളായി പുറത്തിറങ്ങിയപ്പോ, നിയാണ്ടർത്താലുകൾ, ഡെനിസോവനുകൾ, ഫ്ലോറെൻഷ്യൻ കുള്ള മനുഷ്യർ, ഹോമോ ഏറെക്ടസിന്റെ ധാരാളം വകഭേദങ്ങൾ, എന്നിവ കുറെ ലോകം എമ്പാടും ഉണ്ടായിരുന്നു. നമ്മൾ വന്നേപ്പിന്നെ ഏതാനും പതിനായിരം കൊല്ലങ്ങൾക്കുള്ളിൽ ബാക്കി മനുഷ്യ വർഗ്ഗങ്ങൾ എല്ലാം ‘ഡിം!’. ഒന്നിനേം കാണാനില്ലാതെ ആയി.
ഒരു നാൽപ്പത്, അൻപത് പേരുള്ള ചെറു ഗോത്രങ്ങൾ ആയിരുന്നു നിയാണ്ടെർത്താൽ മനുഷ്യരൊക്കെ എന്നും, അഞ്ഞൂറും അറുനൂറും പേരുള്ള വലിയ ഗോത്ര സമൂഹങ്ങൾ ആയി ജീവിക്കാനും യുദ്ധം ചെയ്യാനും ഉള്ള കഴിവാണ് നമ്മുടെ വിജയത്തിന് കാരണം എന്നും പല വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു.
എന്താണ്, ഈ അറുന്നൂറു പേരെ ഒരുമിച്ചു നിർത്താൻ ഉപകരിച്ച കണ്ടുപിടിത്തം?
ഞങ്ങൾ ഒറ്റക്കുടി ആണെന്ന ഭാഗിക വസ്തുത ഊട്ടി ഉറപ്പിക്കാൻ സഹായിക്കുന്ന മിത്തുകൾ. പിന്നെ ഒരൊറ്റ ഗോത്ര നിയമസംഹിത അടിച്ചേൽപ്പിക്കാൻ ഉതകുന്ന സാമൂഹിക നിർമിതികൾ.
ചുരുക്കി പറഞ്ഞാൽ, മതങ്ങൾ, പ്രത്യയ ശാസ്ത്രങ്ങൾ, രാഷ്ട്രവാദങ്ങൾ ആദിയായവ.
ചിലത് ഇല്ലാതെ നമുക്ക് പറ്റില്ല. ഇന്ത്യൻ പാസ്പോർട്ടും, പോലീസും, സർക്കാരും ഇല്ലാതെ ഒന്ന് ജീവിച്ച് നോക്ക്. അപ്പൊ അറിയാം സംഭവം.
നമ്മുടെ ഈ സ്വത്വം എന്നത് ഇരുതല മൂർച്ച ഉള്ള ഒരു വാൾ ആണെന്ന് ചരിത്രം പരിശോധിച്ചാൽ ആർക്കും അറിയാവുന്നതേ ഉള്ളു.
ക്രിസ്തുമത ആവിർഭാവത്തോടെ വളരെ വിജയകരമായി നടപ്പാക്കപ്പെട്ട ഒരു താരതമ്യേന നൂതന പരിപാടി ആണ്, ഗോത്രീയതയുടെ മൊത്ത കച്ചവടം. ആ പ്രത്യയ ശാസ്ത്രത്തിൽ ചുമ്മാ അങ്ങ് വിശ്വസിച്ചാൽ മതി, നമ്മൾ ഗോത്ര മെമ്പർമാർ ആയി! മാജിക്!
പിന്നീട് ഇതേ തന്ത്രം അറേബ്യായിലും മറ്റു പലേടത്തും( ദേശീയത അടക്കം) ഉണ്ടായി.
ഇങ്ങനെ കോടിക്കണക്കിനുള്ള ജനസമൂഹങ്ങൾ ആവുന്നതിന്റെ ഗുണഗണങ്ങൾ അനുഭവിക്കുമ്പോ, നമുക്ക് ഉള്ളിന്റെ ഉള്ളിൽ ഒരു അവബോധം വേണം:
ഇതൊക്കെ, ആത്യന്തികമായി ഒരു ഉടായിപ്പ് ആണെന്നത്.
അഭിമാന വിജൃംഭിതം ആയിക്കോ അന്തരംഗം. തിളച്ചോ ചോര ഞരമ്പുകളിൽ.
പക്ഷേങ്കിലേ – ഒരു മയത്തിന് മതി. കൺട്രോൾ, കൺട്രോൾ.
അപ്പൊ പറഞ്ഞു വന്നത് എന്താണെന്നു വച്ചാൽ, ഇന്ത്യ, കേരളം എന്നൊക്കെ പറയുമ്പോ ഇച്ചിരി രോമം എഴുന്നള്ളിപ്പ് ഒക്കെ നല്ലതാണെന്നു വേണേൽ പറയാമെങ്കിലും, ഇതേ ജാതി വേറെ ചില കൂറുകൾ അതി പരിഹാസ്യം ആയി തോന്നുന്നു എന്നാണ്.
അങ്ങ് ആയിരക്കണക്കിന് മൈലുകൾ ദൂരെ, കടലുകൾക്കപ്പുറത്ത്, ഇസ്രായേൽക്കാരായ കുറെ ജൂതന്മാരും പലസ്തീൻകാരായ കുറെ പേരും അങ്ങോട്ടും ഇങ്ങോട്ടും കൊല്ലുന്നു; ചാവുന്നു.
അവരൊക്കെ നമ്മെ പോലെ മനുഷ്യരാണല്ലോ എന്നോർത്ത് നമുക്ക് ദുഖിക്കാം- അത് ഒകെ.
ചരിത്രത്തിൽ താല്പര്യമുള്ളവർക്ക്, ഇതിൽ ഏത് പക്ഷത്ത് ആണ് ശരി എന്ന് തർക്കുകയും ചെയ്യാം- അതും ഒകെ.
പക്ഷെ ഇതിൽ ഏതോ ഗ്രൂപ്പിൽ പെട്ടവർ എന്റെ സ്വന്തം അപ്പനോ, അളിയനോ, അമ്മായമ്മയോ ഒക്കെ ആണെന്ന് സ്വയം തോന്നി വികാരം കൊള്ളുന്നത് എന്തോ- അങ്ങോട്ട് മനസിലാവുന്നില്ല. ഇനി എന്റെ കൊഴപ്പാണോ ന്നു അറിയില്ല.
ഉദാഹരണത്തിന് ഇവിടുള്ള ക്രിസ്ത്യാനികളെ പറ്റി പറഞ്ഞാൽ, പഴയ നിയമത്തിൽ അബ്രഹാം പൂർവ പിതാവാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും (ശരിക്കും അങ്ങനെ ഒരാൾ ഉണ്ടെന്നു വച്ചാൽ തന്നെ), അയാളും നമ്മളും തമ്മിൽ ലോകത്തിലെ ഏതൊരു രണ്ടു മനുഷ്യരും തമ്മിൽ ഉള്ള ബന്ധമേ ഉള്ളു, സോറീട്ടോ.
പണ്ടെങ്ങാണ്ട് ഇന്ത്യൻ സമുദ്ര കച്ചവടവുമായി ബന്ധപ്പെട്ട് ജൂത ക്രിസ്ത്യാനികളുമായി എന്തെങ്കിലും ഈർക്കിൽ ബന്ധം ഇനി അഥവാ ഉണ്ടായിരുന്നെങ്കിൽ തന്നെ, അറബിക്കടലിൽ രണ്ടു ടീസ്പൂൺ ആവണക്കെണ്ണ ഒഴിച്ചത് മാതിരിയെ ഉള്ളു സഹോ. പറയുമ്പോ വിഷമം തോന്നരുത്.
ഇതേ വാദം മറ്റുള്ളവർക്കും ബാധകമാണ് എന്ന് പ്രത്യേകം പറയണ്ടല്ലോ.
ഇനി അഥവാ ആർക്കെങ്കിലും വല്ല സംശയവും ഉണ്ടെങ്കിൽ ഒരു കണ്ണാടിയിൽ നന്നായി ഒന്ന് നോക്കിയാ മതി. എന്നിട്ട് സ്വ സമുദായത്തിൽ അല്ലാത്ത അയല്വാസികളെയും ഒന്ന് നോക്കുക. എന്നിട്ട് ആ പലസ്തീൻ ഭാഗത്തുള്ള ജൂതന്റെയോ ഗാസയിലുള്ള ഒരുത്തന്റെയോ ഫോട്ടോ നെറ്റിൽ തപ്പി എടുത്തു നോക്കുക. അപ്പോഴും സംശയം തീർന്നില്ലെങ്കിൽ നമ്മുടെ അളിയൻ, അമ്മായി, അനിയൻ, അമ്മാവന്റെ മോൻ അങ്ങനെ എല്ലാവരെയും ഒന്ന് നോക്കിയാ മതി. അപ്പൊ മനസിലാവും.
നമ്മൾ ഇനി എത്ര ആഢ്യ ലുക്ക് (ഇപ്പോഴത്തെ അളവുകോൽ വച്ച്) ആണെങ്കിലും ഇപ്പൊ യൂറോപ്പിലോ മിഡിൽ ഈസ്റ്റിലോ ചെന്നാൽ നമ്മൾ എല്ലാരും ബ്രൗൺ, കറമ്പൻ ഇന്ത്യക്കാർ തന്നെ.
ജെട്ടിയിടാതെ നന്നായി ലുങ്കി ഒന്ന് മടക്കിക്കുത്തിയാൽ വെളിപ്പെടുന്ന കറുത്തിരുണ്ട മലയാളി സ്വത്വം ആണ് അടിസ്ഥാനപരമായി നമുക്കെല്ലവർക്കും എന്നോർത്താൽ നല്ലത്. ചെപ്പക്ക് നല്ല ഒരെണ്ണം കിട്ടിയാൽ നമ്മൾ എല്ലാരും കരയുന്നത് വളവളാ എന്നുള്ള ശുദ്ധ മലയാളത്തിൽ ആയിരിക്കും; വയറ്റത്ത് നല്ല ഒരു ചവിട്ടു കിട്ടിയാൽ കീഴ്ശ്വാസം പോവുന്നതും ഇതേ ക്ളാസിക്കൽ ഭാഷയിൽ ആയിരിക്കും.
നമ്മൾ കുടുംബത്തോടെ കോവിഡ് വന്നു കിടപ്പായാൽ അരിയും ഉപ്പും മുളകും ഉമ്മറത്ത് വച്ച് തരുന്നവനും ഇവരിൽ ഒരാൾ ആയിരിക്കും എന്നതും നമ്മൾ ഓർക്കണം.
ഇനിയും അങ്ങ് കടലിനപ്പുറത്തേക്ക് ആണ് നോക്കുന്നതെങ്കിൽ രോഷം കൊള്ളൽ സ്വല്പം വ്യാപിപ്പിക്കണം. അങ്ങ് വടക്ക് ചില രാജ്യത്തൊക്കെ ബോംബിട്ട് നൂറു കണക്കിന് പെൺകുട്ടികളെ കൊല്ലുമ്പോ ഒക്കെ അതിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്ത്, ഘോരഘോരം അപലപിക്കണം, താത്വിക എതിർപ്പ് എപ്പോഴും പ്രകടിപ്പിക്കണം.
അതിന്റെ ആവശ്യമെന്ത്. എന്നല്ലേ ?
ശരിയാണ്. അതിന്റെ ആവശ്യമില്ല.
അപ്പൊ, മറ്റേ വൈകാരിക സമരസപ്പെടലിന്റെയും ആവശ്യമില്ല.
(ജിമ്മി മാത്യു )