ഇപ്പോഴത്തെ ഈ പ്രശ്നം , അപഗ്രഥിക്കുന്നതിനായി എന്റെ ഒടുക്കത്തെ ന്യൂറോണുകൾ തരിക്കുകയാണ് .
ഏതൊരു പ്രശ്നത്തിന്റെയും വേര് മാന്തി പുറത്തെടുത്ത് , അതിൽ മരുന്ന് വക്കണം , എന്നാണല്ലോ ന്യൂ ജെൻ ദൈവം ആയ ഡിങ്കൻ, ബാലമംഗളത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത് .
ഈ മരുന്ന് വയ്ക്കാനും , സമൂഹത്തെ നന്നാക്കാനും ഒന്നും , ആർക്കും പറ്റില്ല. കാലക്രമേണ , പലർ ചേർന്ന് പലതും ചെയ്താൽ , ചിലപ്പോ നന്നായേക്കാം – അത്രേ ഉള്ളു .
പക്ഷെ മാന്തണം – ചികയണം , വേര് തപ്പിപ്പോണം . അത് നിർബന്ധാ . ഇംഗ്ളീശ് മെഡിസിനിൽ ഇതിനു തള്ളോ ഫീലിയ എന്ന് പറയും . ആയുർവേദത്തിൽ ഇതിനെ അഖണ്ഡ തള്ള് യാഗം എന്ന് ആണ് വിവക്ഷിച്ചിരിക്കുന്നത്. ഹോമിയോയിൽ ഇതിനു പേരില്ല . ശ്രദ്ധയിൽ ഇപ്പോഴേ പെട്ടുള്ളു , ഉടൻ പേരിടാം , എന്ന് ഡിസ്ട്രിക്ട് ഹോമിയോ ഓഫീസർ അറിയിച്ചിട്ടുണ്ട് . അദ്ദേഹം ഒരു കത്തും തന്നു. മഷിക്ക് പകരം വെള്ളം ഉപയോഗിച്ചത് കൊണ്ട് , ചിലപ്പോൾ വായിക്കാൻ പറ്റില്ല എന്നും , കാലക്രമേണ കാര്യങ്ങൾ വ്യക്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി .
അപ്പോൾ ആണ് ചെറിയ ഒരു പ്രശ്നം . നമ്മുടെ ഈ രാജ്യത്തിൽ , എന്ത് സാമൂഹിക പ്രശ്നത്തെ പറ്റി പറഞ്ഞാലും , ജാതി , മതം ഒക്കെ ഓട്ടോമാറ്റിക് ആയി വരും . മസാല ദോശ ഓഡർ ചെയ്താൽ മസാലയും വരും ; ദോശയും വരും . അത് അങ്ങനെ ആണ് .
എന്റെ പേരുള്ള ഒരാൾക്ക് ഇതിനെപറ്റി പറയണമെങ്കിൽ ,പല പോസ്റ്റുകളിൽ നിന്നും , കമന്റുകളിൽ നിന്നും , ഞാൻ മനസ്സിലാക്കുന്നത് , താഴെ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഒക്കെ ചെയ്ത തീർത്തിട്ടേ പറ്റൂ ! രാജകുമാരിയെ കെട്ടണം എങ്കിൽ , മല കേറണം , വ്യാളിയെ കൊല്ലണം , എന്നിട്ട് അതിന്റെ പല്ലെടുക്കണം എന്നൊക്കെ പറയുന്നത് പോലെ .
ഒരു മിനിമം ലിസ്റ്റ് ഇതാണ് :
– പോയി ഫ്രാങ്കോയുടെ കടി മാറ്റിട്ട് വാടോ .
– റോബിൻ , എഡ്വിൻ ഫിഗരേസ് അങ്ങനെ കൊറേ പേരുടെ കടി കൂടെ , ഒന്ന് കൺസിഡർ ചെയ്തോണം .
– ഇവരെ എത്രയും പെട്ടന്ന് തൂക്കി കൊല്ലാൻ വിധിക്കണം .
– കെ സി ബി സി നീതി പാലിക്കട്ടെ .
-ആഗോള കത്തോലിക്കാ സഭ ചരിത്രത്തിൽ ചെയ്ത തോന്ന്യാസങ്ങൾക്ക് ഒക്കെ ഉത്തരം പറയണം .
– പിറവം പള്ളി പ്രശ്നം ഉടൻ ശരിയാക്കണം .
– കന്യക എങ്ങനെ ഗർഭം ധരിക്കും എന്ന് പറയണം .
ഞാൻ ഇതിനെ കളിയാക്കിയതല്ല . ഇത് ചെറിയ കളിയും അല്ല . സംഭവം സീരിയസ് ആണ് . അതായത് , പറയുന്നതിൽ കാര്യം ഉണ്ട് .
അത് കൊണ്ട് തന്നെ , ഓരോന്നായി ഞാൻ ശരി ആക്കാൻ തീരുമാനിച്ചു .
രണ്ട് ആൺ ദൈവങ്ങൾ . അതിൽ ഒരാൾ മാന്ത്രിക ശക്തി കൊണ്ട് പെണ്ണാകുന്നു . രണ്ടു പേരും രമിക്കുന്നു – ഒരു കുട്ടി ഉണ്ടാവുന്നു . ഏകദേശം ഇതേ മാന്ത്രിക , ദൈവിക മെക്കാനിസം കൊണ്ടാണ് , അവസാനം പറഞ്ഞ കന്യകയുടെ കാര്യം സംഭവിക്കുന്നത് . അപ്പൊ അത് കഴിഞ്ഞല്ലോ ?
പിന്നെ ഉള്ളത് പിറവം പള്ളിയുടെ കാര്യം ആണ് . പിണറായിക്ക് ഞാൻ നമ്മുടെ ഹോമിയോ സ്റ്റൈലിൽ ഒരു വെള്ളം കത്ത് ഞാൻ അയച്ചിട്ടുണ്ട് . അത് ഇപ്പോൾ , ഉടൻ ശരിയാകും .
കെ സി ബി സി ക്കും ഞാൻ ഒരു ഭീഷണിക്കത്ത് അയച്ചിട്ടുണ്ട് (ജല മഷി തന്നെ ). ഇടപ്പിള്ളി പള്ളിയിൽ നാല് മെഴുകുതിരി കത്തിച്ച് , മെത്രാന്മാർക്ക് നീതി പാലിക്കാൻ തോന്നണേ എന്ന് ഹൈ കമാൻഡിലേക്ക് ഒരു പേക്ഷയും വിട്ടു . ഇതിൽ കൂടുതൽ എന്ത് വേണം ?
ക്രിസ്ത്യൻ ആൻഡ് കത്തോലിക്കാ സഭാ ചരിത്രം , യൂറോപ്യൻ ചരിത്രം അടക്കം , മൊത്തം തിരുത്താൻ , കുറെ ചെരിത്രകാരന്മാരെ ഏർപ്പാട് ചെയ്തു . അവർക്കൊക്കെ കേരളത്തിന്റെ ഗവർണർ സ്ഥാനം , വയസ്സാം കാലത്ത് കൊടുക്കാം എന്ന് ഉറപ്പ് കൊടുത്തിട്ടുണ്ട് . ഇന്ത്യൻ ഹിസ്റ്റോറിക്കൽ സൊസൈറ്റി പ്രസിഡണ്ട് ആക്കാം എന്നും , സയൻസ് കോൺഗ്രസിൽ പ്രബന്ധം അവതരിപ്പിക്കാൻ , അവസരം നൽകാം എന്നും വാക്ക് കൊടുത്തു . ഇക്കാര്യത്തിൽ സായിപ്പന്മാരെ ഇൻഫ്ലുവെൻസ് ചെയ്യാൻ ഭയങ്കര പാടാണ് . എങ്കിലും നമ്മൾ ചെയ്യാൻ ഉള്ളത് ചെയ്തു .
പിന്നെ ഉള്ളത് കോടതി ചെയ്യേണ്ട കാര്യങ്ങൾ ആണ് . ഭരണ ഘടനയിൽ നമ്മൾ ഇട പെടേണ്ട കാര്യം ഇല്ല . അത് അതിന്റെ വഴിക്ക് നടക്കും . അപ്പൊ , അതും നടന്നു , എന്ന് തന്നെ കൂട്ടിക്കോ .
ഞാൻ സ്റ്റക്ക് ആയത് , വലഞ്ഞത് , വിഘ്നം നേരിട്ടത് , ചൊവ്വയിൽ ഗുലാൻ വന്നത് , ത്രീ ജി ആയത് –
മറ്റേ പ്രശ്നത്തിൽ ആണ് , ജീ .
ലതില്ലേ – കടി . കടി . അത് തന്നെ .
ബിഷപ്പ് ഫ്രാങ്കോയുടെ എന്നല്ല ഒരു സാദാ ആണിന്റെയും കടി മാറ്റാൻ (അങ്ങനെ ഒന്നുണ്ടെങ്കിൽ ) എനിക്ക് സാധിക്കുന്നതല്ല . കാരണം , ഞാൻ എതിർലിംഗ ആകർഷണം മാത്രം ഉള്ള ഒരു ആണ് ആണ് എന്നത് തന്നെ .
മാത്രമല്ല , വേറെ ഒരു രീതിയിലും , ഇതിൽ ഒന്നും ചെയ്യാൻ , എന്റെ ശരി തെറ്റ് ബോധ്യങ്ങൾ സമ്മതിക്കുന്നതും ഇല്ല .
ഇത് കൊണ്ട് മാത്രം , ഞാൻ ഒന്നും പറയുന്നില്ല . ഞാൻ പരാജിതൻ ആയില്ലേ ?
ഇല്ലെങ്കിൽ പറയുമായിരുന്നു – നമ്മുടെ നാട്ടിൽ , താഴ്ന്ന ജാതിക്കാർക്കും ഒന്നും ഉയർച്ച ഉണ്ടാകാത്തത് കൊണ്ടല്ല , എന്നാൽ മറിച്ച് , ഉണ്ടായത് കൊണ്ടാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾ ഉണ്ടായത് എന്ന് .
കഴിഞ്ഞ ഒരു പത്തിരുപത് വര്ഷങ്ങളെങ്കിലും ആയി , പണ്ടേ താഴെ ക്കിടയിൽ ഉള്ള മുസ്ലീങ്ങളും , കുറെ താഴ്ന്ന ജാതിക്കാരും വലിയ ജീവിത പുരോഗതി ഉണ്ടാക്കിയിട്ടുണ്ട് .
മുസ്ലീങ്ങളും , ക്രിസ്ത്യാനികളും , ഒരു വോട്ട് ബാങ്കായി നിന്ന് , അതിൽ നിന്നും ഗുണം ഉണ്ടാക്കി എന്ന് വിശ്വസിക്കുന്നവർ ഉണ്ട് . അതിൽ കുറെ കാര്യം ഉണ്ട് താനും .
സംവരണം ഇപ്പോൾ പലർക്കും തീരെ ആവശ്യം ഇല്ല എന്നുള്ള വിചാരം പ്രബലപ്പെടുവാൻ മാത്രം , ചില സമുദായങ്ങൾ നേട്ടം കൈ വരിച്ചിട്ടും ഉണ്ട് . കാലാ കാലങ്ങളിൽ സംവരണ മാന ദണ്ഡങ്ങൾ പുനഃ പരിശോധിക്കുന്നതിൽ തെറ്റൊന്നും ഇല്ല . സീനിയോറിറ്റി മാത്രം മാനദണ്ഡം ആയ സർക്കാർ തലത്തിൽ, ജോലി പ്രൊമോഷന് , പിന്നെയും ഇതൊക്കെ വേണ്ടതുണ്ടോ എന്നതൊക്കെ പ്രശ്നങ്ങൾ ആണ് .
എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ , ഈ പ്രക്രിയയിൽ ഒരു പ്രധാന പങ്ക് വഹിച്ചത് , പ്രൊപ്പഗാണ്ട ആണ് . ട്രംപിസ്റ്റ് പ്രൊപ്പഗാണ്ട .
– തങ്ങൾക്കും സംവരണം വേണം എന്ന് പറഞ്ഞു , കോടതിയിൽ പോയത് .
– പണ്ടൊന്നും ഒരിക്കലും ആരും ഗൗനിക്കാൻ കൂടി സാധ്യത ഇല്ലാത്ത മീശ വിവാദം .
ഇതൊക്കെ കാണിക്കുന്നത് , ഉള്ളതും , ഊതി പെരുപ്പിച്ചതും , ഇല്ലാത്തതും ആയ കാരണങ്ങൾ കൊണ്ട് ഉണ്ടായ സാമുദായിക ധ്രുവീകരണം ആണ് .
ഇതിനെ മുതലെടുക്കാൻ ആകെ മൊത്തം വിഴുങ്ങാൻ കെല്പുള്ള, ഒരു ഭാരതം മൊത്തം വർക്ക് ഔട്ട് ആവുന്ന, ഒരു പ്രക്രിയക്ക് സാധിച്ചു . ഇതിനകം മധ്യവർഗ്ഗത്തിലേക്ക് കാൽ എടുത്ത് വക്കാൻ പറ്റിയ പരമ്പരാഗതമായി താഴ്ന്നു നിന്ന സമുദായങ്ങൾ ആകാൻ ശ്രമിക്കുന്നത് മേലെ ഉള്ളവരെപ്പോലെ ആണല്ലോ . ഇങ്ങനെ ഉള്ള പലരും ഇതിൽ പെട്ടും പോയി . ഈ ശബരിമല ഇഷ്യു ആളിക്കത്തിക്കാൻ അതിനു സാധിക്കുകയും ചെയ്തു .
പക്ഷെ പതുക്കെ , പഴേ വിള്ളലുകൾ പല്ലും ഇളിച്ച് പുറത്ത് വരുമോ എന്ന സന്ദേഹം കലശലായി . അപ്പോഴാണ് , ഇതിൽ ഒരു കൌണ്ടർ മുതലെടുപ്പിന് ഉള്ള സാധ്യത പ്രാദേശികമായി ശക്തിയുള്ള പാർട്ടി മനസ്സിലാക്കിയത് .
ആക്ചുവലി , ഇതൊന്നും പറയാൻ എനിക്ക് സാധിക്കുന്നില്ല – കാരണം , പരാജിതൻ ആണല്ലോ .
വെള്ളം കൊണ്ട് എഴുതീത് നിങ്ങൾ ഉള്ളം കൊണ്ട് വായിക്കുവിൻ !
(ജിമ്മി മാത്യു )