എന്റ്റെ ചെറുപ്പത്തിൽ തൃശൂരിലുള്ള എന്റ്റെ ഒരു സുഹൃത്ത് അംഗമായ ഒരു ഇടവകയിൽ ഒരു ഊർജസ്വലനായ കൊച്ചച്ചൻ ചാര്ജെടുത്തു. വികാരി അവധിയിലായതിനാൽ പുള്ളി ആണ് ഭരണം. അന്നൊക്കെ കരിസ്മാറ്റിക് പ്രസ്ഥാനം അത്ര ശക്തിപ്പെട്ടിട്ടില്ല. അതിനാൽ ഇപ്പൊ കാണുന്ന പോലെയുള്ള ധ്യാന സ്പെഷ്യലിസ്റ്റുകളായ തീവ്ര അച്ചന്മാർ തീരെയില്ല. എന്നാൽ തീവറ ചാർലിയച്ചൻ എന്ന് വിളിക്കാവുന്ന ഇങ്ങേർ അങ്ങനെയായിരുന്നു. അതീവ നിഷ്ഠ, ശുദ്ധതയിലൂന്നിയുള്ള പ്രബോധനം, സദാചാര ലംഘനം നടത്തിയാലുണ്ടാവുന്ന നരക ശിക്ഷയിലൂന്നിയുള്ള കഠിന കഠോര പ്രസംഗങ്ങൾ. പള്ളിയിൽ ആണുങ്ങളെയും പെണ്ണുങ്ങളെയും വേർതിരിച്ചിരുത്തൽ, അപ്പാപ്പന്മാരോട് വരെ കത്തിക്കയറുന്ന ഉപദേശ മഹാമഹം എന്നിവ കൊണ്ട് ചുരുങ്ങിയ കാലത്തിൽ പുള്ളി ഒരു ഹീറോ ആയി. അന്യ മതസ്ഥരുടെ പ്രസാദം, അവരോടുള്ള വ്യവഹാരം എന്നിവയെ പറ്റി വിശ്വ മാനവിക രീതിയിലല്ലാതെ ഒരക്ഷരം പോലും പുരോഹിതർ പറയാത്ത ആ കാലത്ത്. അതിലും ഒരപവാദമായി പുള്ളി തന്റെ പ്രാഗത്ഭ്യം കാട്ടി.
കുറെ പേർക്ക് പുള്ളിയോട് ചൊരുക്ക് തോന്നിയെങ്കിലും അമ്മച്ചിമാർ, അമ്മാമ്മമാർ, ചുരുക്കം അപ്പാപ്പന്മാർ എന്നിവരുടെ നേതൃത്വത്തിൽ പുള്ളിക്ക് ഒരു വയലന്റ്റ് ഫാൻ ക്ലബ് ഉണ്ടായി വന്നു. അങ്ങനെ പോകുമ്പോൾ….
പെട്ടന്ന് പറഞ്ഞ് തീർത്തേക്കാം. ഒരു സുപ്രഭാതത്തിൽ അദ്ദേഹം ഒരു ഹിന്ദു സഹോദരിയുമായി (ഐ മീൻ, നമുക്ക് സഹോദരി ; പുള്ളിക്ക് അല്ല) ഒളിച്ചു പോയി. പിന്നെ കേൾക്കുന്നത് അദ്ദേഹം ഉടുപ്പൂരി ഏതോ ഒരമ്പലത്തിൽ വെച്ച് അവരെ കെട്ടി എന്നാണ്.
എന്റ്റെ അറിവിൽ ഇത്രയും തെറിയും നാട്ടുകാരുടെ പ്രാക്കും കേട്ട ഒരു മനുഷ്യൻ എന്റ്റെ അറിവിൽ ഉണ്ടായിട്ടില്ല. അടുത്ത വീട്ടിൽ പണിക്ക് പോകുന്ന ചേടത്തി- “കർത്താവെ ആ കാലമാടൻറ്റെ തലയിൽ ഇടിത്തീ വീഴണേ” എന്ന് പ്രാർത്ഥിച്ചപ്പോ ആ വീട്ടിലെ ഡീസന്റ്റ് കൊച്ചമ്മ – “കർത്താവെ ആ താമസ
വിധ്വംജതന്റ്റെ ശിരസ്സിൽ വിദ്യുത് സ്ഫുലിംഗങ്ങൾ പതിക്കണേ” മോഡലിൽ പ്രാകി.
ഏകദേശം ഇതേ കാലത്ത് തന്നെ ആ നാട്ടിൽ ഇടയ്ക്കിടെ പള്ളിയിൽ ഒക്കെ പോകും; എന്നാലും മതത്തിലൊന്നും വലിയ താല്പര്യം ഇല്ലാതിരുന്ന, അത് വരെ കല്യാണം ആവാതിരുന്ന ഒരു മുപ്പത്തഞ്ചുകാരൻ, തന്റെ പഴേ സഹപാഠി ആയിരുന്ന ഒരു ഹിന്ദു സ്ത്രീയെ രെജിസ്റ്റർ കല്യാണം കഴിച്ച് അമ്പലത്തിൽ പോയി താലിയും കെട്ടി. ആദ്യമൊക്കെ അങ്ങേരുടെ അപ്പനുമമ്മയ്ക്കും ചെറിയ നീരസമൊക്കെ ഉണ്ടായിരുന്നെങ്കിലും പിന്നീട് എന്തൊക്കെയോ നീക്കുപോക്കുകൾ നടത്തി പള്ളിയിലും ചടങ്ങു നടത്തി. പുള്ളി ഇപ്പോഴും അന്തസായി ഭാര്യയുടെ കൂടെ അവിടെ ജീവിക്കുന്നുണ്ട്. ആദ്യത്തെ ഒന്നോ രണ്ടോ മാസത്തെ ചില്ലറ പരദൂഷണങ്ങൾ അല്ലാതെ നാട്ടുകാർ കാര്യമായി ഇത് മൈൻഡ് ചെയ്‌തേയില്ല!
ഞാൻ ചോദിക്കുകയാണ് സുഹൃത്തുക്കളെ. ഇവിടെ അച്ചൻ ചെയ്ത തെറ്റല്ലേ മറ്റേ ആളും ചെയ്തത്? എന്നിട്ട് എന്താണ് അച്ചനെ ആളുകൾ മെറ്റഫോറിക്കൽ ആയി പഞ്ഞിക്കിട്ടത്? കഷ്ടമല്ലേ അത്?
വെൽ- അറിഞ്ഞൂടാ. പക്ഷെ സംഭവം സ്വാഭാവികമാണ്. നമ്മൾ മോറൽ ഹൈ ഗ്രൗണ്ട് എന്ന സദാചാര കൊടുമുടിയിൽ നിന്ന് താഴെയുള്ളവരെ അലവലാതികളായി കണ്ട് വിധിക്കുകയും ഭര്ത്സയ്‌ക്കുകയും അപമാനിക്കുകയും ചെയ്യുമ്പോ കൊടുമുടിയിൽ നിന്ന് വീണാൽ പതനം ‘പടുക്കോ’ എന്നായിരിക്കുമെന്നും താഴെയുള്ള അലവലാതികൾ അതാഘോഷിക്കുമെന്നും ഉറപ്പാണ്. പ്രാപഞ്ചിക നിയമമാണത്.
‘ശുദ്ധ’ മതവാദികൾ, നയൻ വൺ സിക്സ് സദാചാരർ, ‘കറ കളഞ്ഞ’ പ്രത്യയ ശാസ്ത്ര വീരന്മാർ- ഇവർക്കൊക്കെ ഈ പ്രശ്നം നേരിടേണ്ടി വരും. അങ്ങനെയുള്ളവർ മോശമാണെന്നല്ല; അവിടെ മസിൽ പിടിച്ച്, സർവ ശക്തിയും സംഭരിച്ച് അവിടെ നില്ക്കാൻ കെൽപ്ഉള്ളവർ മാത്രമേ ഈ കൊടുമുടി കഷ്ടപ്പെട്ട് വലിഞ്ഞ് കേറാവൂ എന്ന് മാത്രം.
എന്നെപ്പോലുള്ള സാധാരണമനുഷ്യർക്ക് അതൊന്നും പറ്റില്ലെന്നേ ഉള്ളു.
(ജിമ്മി മാത്യു)