ദിലീപും പാവം സുഷമയും സിൽമാചൊല്ലുകളും- പിന്നെ ഞാനും :

വെറും  സിനിമ ആണത്രേ – വെറും സിനിമ .

 

അല്ല – അത് ഒരു വികാരമാണ് , വിവശത ആണ് , വിപ്ലവം ആണ് , വീരത്വം ആണ് , വിവിയൻ റിച്ചാർഡ്‌സ് ആണ് – പിന്നെന്തൊക്കെയോ ആണ് . അത് വച്ച് നോക്കുമ്പോൾ നാല് വര്ഷം കൂടുമ്പോൾ നാണിച്ചെത്തുന്ന ഈ കാൽപ്പന്തു കളി ഒക്കെ വെറും നാരാണ് – മുടിനാര് .

 

ലാലേട്ടൻ , ശ്രീനിവാസൻ, പ്രിയദർശൻ – സന്ദേശം , ടി പി ബാലഗോപാലൻ എം എ , തലയിണമന്ത്രം , വെള്ളാനകളുടെ നാട് – എങ്ങനെ ഞാൻ മറക്കും , ന്യൂ ജൻ ചെക്കൻസേ – എങ്ങനെ ഞാൻ മറക്കും ?

 തൂവാനത്തുമ്പികൾ , ക്ലാര – കൗമാര സ്വപ്നങ്ങളെ നിറം പിടിപ്പിച്ച അല്ക്കുലൂത്ത് ബിംബങ്ങളെ – എങ്ങനെ ഞാൻ മറക്കും , ന്യൂ ജെൻ കിളികളെ – എങ്ങനെ ഞാൻ മറക്കും ?

 

പിന്നീട് ഒരു നീണ്ട കാലത്തെ , മീശ വച്ച പിള്പിളുന്താൻ മലയാളി ആണത്തങ്ങളെ സൂപ്പർമാന്റെ ചേരാത്ത ജെട്ടി ഇടിച്ചു നടന്ന കുറെ നാളുകൾ സിനിമ അങ്ങ് വെറുത്തു പോയി കേട്ടോ – എന്താണെന്നറിയില്ല . പാന്റിന്റെ മോളിൽ ജെട്ടി ഇട്ട് പരിചയം ഇല്ലാത്ത കൊണ്ടാവും . അങ്ങനെ ഇംഗ്ളീഷിലേക്ക് തിരിഞ്ഞിരിക്കുമ്പോഴാണ് , കാര്സിമാറ്റിക് നവീകരണം എന്നൊക്കെ പറയുന്നത് പോലെ ന്യൂ ജെൻ നവീകരണവിപ്ലവം :

 

അല്ലെലുയ്യ – പ്രയ്‌സ് ദി ലോർഡ് – ഹല്ലെലുയ്യ .

 

ഈ ഇടക്കുള്ള ശുഷ്കിതത്വത്തിനു കാരണക്കാരായവർക്ക് – ഹ കഷ്ടം . ഫലം നൽകാത്ത വൃക്ഷങ്ങൾ എല്ലാം വെട്ടി തീയിൽ – അല്ലെങ്കിൽ വേണ്ട . സീസറിനുള്ളത് ദൈവം തന്നെ തന്നോളും .

 

പറഞ്ഞു വന്നത് അതല്ല – എന്റെ ജീവിതത്തിലെ പല മുഹൂര്തങ്ങളിലും രക്ഷയായി വന്നിട്ടുള്ളത് സില്മാചൊല്ലുകൾ ആണ് ; പഴംചൊല്ലുകൾ അല്ല . പഴം ചൊല്ലുകൾ – പഴം പഴുത്ത് ചീഞ്ഞു കുളമായാലും സില്മചൊല്ലുകൾ സന്ദര്ഭത്തിനനുസരിച്ച് ഉയർത്തും , പുതുതായി ഉണ്ടായും ഒക്കെ വന്നു കൊണ്ടേ ഇരിക്കുന്നു – സംഭവാമി യുഗേ യുഗേ .

 

ഉദാഹരണത്തിന്, കുറച്ച് വര്ഷം മുന്നേ , എന്നോട് വേറൊരു ഡോക്ടർ സിറിയ , ഇറാക്ക് – ആ ഭാഗത്തേക്ക് വരുന്നോ എന്ന് ചോദിച്ചു! ഡോക്ടർസ് വിതൗട് ബോർഡേഴ്സ് എന്ന സംഘടനയുടെ ഭാഗമായി അവിടെ പോവാമത്രെ . മാനവ രാശിയെ സേവിക്കാം !സബാഷ്! ജോർ ! ഹായ് എന്ത് രസം.

 

ഐ സ് ഐ സ്  ഒക്കെ ഇത്രേം ആയിട്ടില്ല . എന്താണവിടെ പ്രശ്നം എന്ന് ആർക്കും മനസ്സിലായി തുടങ്ങിയ സമയം അല്ല . പുകമറക്കുള്ളിൽ ആണ് .

 

എനിക്ക് താല്പര്യം തോന്നി . പേപ്പറുകൾ ഒക്കെ ശരിയാക്കാം – എന്റെ സുഹൃത്ത് പറഞ്ഞു . ലീവ് ഒക്കെ കിട്ടുമെന്നേ .

 

“ആണല്ലേ – നോക്കാം . ” ഇതും പറഞ്ഞു ഏതോ ഇതിന്റെ ഒരു പേപ്പർ എടുത്തു നോക്കി . അടിയിൽ ഒപ്പിടാൻ ഉള്ള കോളം കണ്ടു . ഞാൻ ഗാഢ ചിന്തയിലാണ്ടു .

 

‘ഒരു ഒന്ന് രണ്ടു മാസം പോയാലോ – ബോറടി മാറ്റാം . പിന്നെ സേവനം , മനുഷ്യത്വം , മാനവരാശി , മാനവ രാശിയുടെ ഭാവി , ലോക ദുഃഖ കണ്ണീരൊപ്പൽ മഹാമഹം , ലോകാ സമസ്താ സുഖിനോ ഭവന്തു ….’

 

അങ്ങനെ മനതാരിൽ സംസ്‌കൃത ശ്ലോകങ്ങളുടെ മാസ്മരിക ധ്വനികളിൽ അങ്ങനെ മനം മറന്നു നിൽക്കവേ …

 

പെട്ടന്ന് , പച്ച മലയാളത്തിൽ , ഐ മീൻ , ഇൻ ഗുഡ് ഗ്രീൻ മലയാലം, എ പാറ്റു- സോറി – ഒരു പാട്ട്. എവിടന്നോ. അഗാധങ്ങളിൽ നിന്ന് . മനസ്സിന്റെ മണ്മറഞ്ഞു കിടന്നിരുന്ന അന്തരാളങ്ങളിൽ നിന്ന്  , ഒരു ഉൾവിളി .

 

ഒരു ഇന്സൈഡ് കോൾ. ഒരു ഈണത്തിലുള്ള സില്മാചൊല്ല് . ആയിരങ്ങൾ നെഞ്ചിലേറ്റിയ കാനന വീചി :

 

“അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുന്ന കുലുമാൽ, കുലുമാൽ.

അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുന്ന കുലുമാൽ …..”

 

ഉടൻ ഞാൻ പേപ്പർ ഒക്കെ താഴെ വച്ചു . “ഞാനില്ല . പാട്ട് നീ കേട്ടാ ?”

 

“എന്ത് പാട്ട് ? ഒപ്പിടഡാ പട്ടീ …’ എന്ന് അവൻ പറഞ്ഞില്ല . എന്ത് മയിലാണ് പറയുന്നത് , മഹാനുഭാവാ എന്നായി അവൻ .

 

“നീ ഭയങ്കര എഴുത്തും സാമൂഹ്യ പ്രതിബദ്ധതയും ഒക്കെ അല്ലെ ? ഇത് അതിനേക്കാൾ ഒക്കെ എന്തോരം ഗുണം ചെയ്യുന്ന കാര്യാ ?”

 

പെട്ടന്ന്, വടക്കുനോക്കി യന്ത്രത്തിൽ ഭാര്യയെ ഒളിച്ചു വീക്ഷിക്കാൻ അടുത്ത ലോഡ്ജിലെ കിഴക്കേലത്തെ മുറി തന്നെ വേണം എന്ന് പറഞ്ഞ ശ്രീനിവാസന്റെ സീൻ എന്റെ മനസ്സിൽ തെളിഞ്ഞു . അവിടെ നല്ല കാറ്റാണ് എന്നാണു ശ്രീനിവാസന്റെ തളത്തിൽ ദിനേശൻ പറയുന്നത് .

 

അപ്പോൾ ലോഡ്ജകാരൻ: “അത് പടിഞ്ഞാറ്റെ മുറി തരാം സാർ , അവിടെ ഇതിലും കൂടുതൽ കാറ്റുണ്ട്”

 

അപ്പോൾ ദിനേശൻ – “അത്രേം കാറ്റ് വേണ്ട .” ,

 

ടെലിവിഷനിലെ കോമഡി ക്ലിപ്പ് പോലെ സീൻ മറഞ്ഞു . ഞാൻ നിവർന്നു നിന്നു.

 

“അത്രേ …..മ് ….സാമൂഹ്യ പ്രതിബദ്ധത വേണ്ട .”

 

“പിന്നെ ഈ ഫേസൂക്കില് കുത്തി കുറിക്കുന്ന ഉടായിപ്പ് നമ്പര് ഒക്കെയേ ഉള്ളു അല്ലെ ?”

 

അപ്പൊ എനിക്ക് ദിലീപിനെ ഓര്മ വന്നു . ദിലീപിന്റെ നിതംബത്തിൽ കുത്തി വക്കാൻ ഒരുങ്ങുന്ന നേഴ്സ് . മടിച്ചു , നാണത്തോടെ ദിലീപ്.

 

ഞാൻ വീണ്ടും സുഹൃത്തിനോട് പറഞ്ഞു :

 

“അതെ , എന്റെ ചന്തീൽ നീ സാമൂഹ്യ പ്രതിബദ്ധത ഇത്രേം കുത്തി വക്കണ്ട. ആ സംഭവം ഇങ് കയ്യിലോട്ട് ഒഴിച്ച് തന്നാ മതി. ഞാൻ ഫേസൂക്കിൽ ഒക്കെ എഴുതി നക്കി നക്കി കുടിച്ചോളാം”

 

പിന്നെ അവൻ ഒന്നും മിണ്ടീട്ടില്ല.

 

പിന്നെ അങ്ങനെ പലതും . ജീവശാസ്ത്രം പഠിക്കണം, റിസേർച് ചെയ്യണം എന്നൊക്കെ ഒരു മോഹം പ്ലസ് റ്റു കഴിഞ്ഞപ്പോ തോന്നി. അപ്പൊ എല്ലാരും പറഞ്ഞു മെഡിസിൻ ആണ് നല്ലതെന്ന്. മറ്റത്തിന് സ്കോപ്പ് ഇല്ലത്രെ . ഭയങ്കര പ്രെഷർ . അവസാനം :

 

“എന്നെ കൊല്ലാതിരിക്കാൻ പറ്റുവോ സർ ? പറ്റില്ലല്ലേ , സാരമില്ല .”

 

ആ ഒരു ‘സാരമില്ല “- അതിലാണ് ഞാൻ പിടിച്ചു നിൽക്കുന്നത് എന്ന് എത്ര പേർക്കറിയാം , ഈ ഡോക്ടേഴ്സ് ദിനത്തിൽ ?

 

റാംജി റാവ് സ്പീക്കിങ് എന്ന സിനിമ കാണാത്ത സുഷമ സ്വരാജ് , സ്വന്തം പാര്ടീ പ്രൊപ്പഗാണ്ടാ നിമിത്തം , ഉണർന്നു പണ്ടാരം അടങ്ങിയ പാവം രാജ്യസ്നേഹികൾ പൊങ്കാലയിടുന്നത് സഹിക്കേണ്ടി വരുമ്പോൾ :

 

“അവനവൻ കുഴിക്കുന്ന കുഴികളിൽ വീഴുന്ന കുലുമാൽ , കുലുമാൽ .

അവനവൻ കുഴിക്കുന്ന കുഴികളിൽ വീഴുന്ന കുലുമാൽ ….”

 

എന്ന പാട്ട് ഓർക്കാൻ സാദ്ധ്യത ഇല്ല എങ്കിലും ,

 

പെട്ടന്ന് ഒരാളെ ആരോടും ചോദിക്കാതെ, ആലോചിക്കാതെ , പൊടുന്നനെ തിരിച്ചെടുക്കുമ്പോൾ , അമ്മയുടെ ഭാരവാഹികൾ എങ്കിലും , നിശ്ചയം ആയി കേൾക്കേണ്ടിയിരുന്നു , ഈ അശരീരി ആയ സംഗീതം :

 

“അവനവൻ കുഴിക്കുന്ന കുഴികളിൽ വീഴുന്ന …”

 

ഇത് ഇത്രയും നേരം വായിച്ചു സഹിച്ച പ്രിയ സുഹൃത്തുക്കളോട് ഞാൻ ചോദിക്കുകയാണ് :

 

“എന്നെ കൊല്ലാതിരിക്കാൻ പറ്റുവോ സാർ ; മാഡം ? ”

 

“പറ്റില്ലല്ലേ ? സാരമില്ല ….” (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .