ഞാൻ ഒരു പൊട്ടനാണോ ? പലരും പലപ്പോഴും പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും പെണ്ണുങ്ങൾ. എന്തൂട്ടാണോ എന്തോ . മൂന്നാല് എൻട്രൻസ് ഒക്കെ കിട്ടി സ്വയം തൃശൂർ മെഡിക്കൽ കോളേജ് തെരഞ്ഞെടുത്തു ഞെളിഞ്ഞു നിക്കുമ്പോൾ ആണെന്ന് ഓർക്കണം .
അത് പിന്നെ മെഡിക്കൽ കോളേജിൽ കയറുന്നതു വരെ പെണ്ണുങ്ങളെ കണ്ടിട്ടേ ഇല്ലല്ലോ . മ് …ഐ മീൻ – കണ്ടിട്ടുണ്ട് , പക്ഷെ ഇടപെടാൻ ഒന്നും അറിയില്ല . ബായിസ് സ്‌കൂളിലും മെൻസ് കോളേജിലും ഒക്കെ യായി ഇങ്ങനെ നടക്കണ്. അതാണ് മെഡിക്കൽ കോളേജിൽ കയറിയ ഉടനെ ഉള്ള ഈ ആക്ക്രാന്തത്തിനു നിദാനം . പിന്നെ പ്രായവും അതല്ലേ .
ഒരു മാതിരി കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളുമായി മിണ്ടിയാൽ ഒന്ന് പറഞ്ഞു രണ്ടു പറഞ്ഞു അപ്പൊ ലൈനാകും . ബ് ബ് …….അതായത് എന്റെ മനസ്സിൽ . പെണ്ണുങ്ങൾക്ക് യാതൊരു മൈൻഡ് ഉം ഇല്ല .
ബയങ്കര സാദനങ്ങള് തന്നെ ഷ്ടോ .
പഠിപ്പിസ്റ് ആയി നോക്കി . അലമ്പുകൾ കാണിച്ചു നോക്കി . ആരോകൾ വിട്ടു . കോമാളിത്തരങ്ങൾ കാണിച്ചു . ഷൂസ് വരെ ഇട്ടു നോക്കി (കാല് വേദനിക്കും . പതിവായി ഇട്ടു ശീലം ഇല്ലല്ലോ ). ങേഹേ …..
ഒരു സുന്ദരി കൊച്ചിനോട് കാപ്പി കുടിക്കാൻ വരുന്നോ എന്ന് ചോദിച്ചു . അവൾ ഭയങ്കര ആലോചന . എന്തൂട്ടാ ഇത്ര ആലോചന ? എനിക്ക് മനസ്സിലായില്ല . ഇപ്പൊ വേണ്ട എന്ന് പറഞ്ഞു . വേണ്ടെങ്കിൽ വേണ്ട .
പിന്നെ ഒരിക്കൽ ആ കൊച്ചു ചോദിച്ചു :
“ജിമ്മി ക്രിസ്ത്യാനി അല്ലെ ?” ഞാൻ ആണെന്ന് പറഞ്ഞു . അവൾ ഹിന്ദു ആയിരുന്നു . അവൾ എന്തോ പ്രതീക്ഷിച്ച പോലെ എന്റെ മുഖത്തേക്ക് നോക്കി . എന്നിട്ടു ചോദിച്ചു :
“കാപ്പി കുടിക്കാൻ വരാൻ പറഞ്ഞത് തമാശക്കാണോ ?”
എനിക്ക് ഒന്നും മനസ്സിലായില്ല . കാപ്പിയും ക്രിസ്ത്യാനിയും തമ്മിൽ എന്ത് ബന്ധം ? എന്തെ , ഞങ്ങൾ ക്രിസ്ത്യാനികൾക്ക് കാപ്പി കുടിക്കാൻ കൊള്ളൂല്ല ? ഞങ്ങൾ കാപ്പി വാങ്ങിത്തന്നാൽ നല്ല സുന്ദരികൾ ആയ ഹിന്ദുക്കൾക്ക് കുടിക്കാൻ പാടില്ലേ ?
ആകെ കൺഫ്യൂഷൻ ആയല്ലോ . കൺഫ്യൂഷൻ മറക്കാൻ ഞാൻ ഒരു അടി അടിച്ചു :
“വെർതേ …തമാശക്ക് വിളിച്ചതാ ”
ഹോ – അവൾ ഒരു നോട്ടം നോക്കി . ഇപ്പോഴും ഓർക്കുമ്പോൾ ഒരു കിടു കിടുപ്പാണ് . എന്റെ പുറകിൽ കൂടികിടന്നിരുന്ന ഉണക്ക ഇലകൾക്ക് തീ പിടിക്കാഞ്ഞത് ഭാഗ്യം . പിന്നെ പെട്ടന്ന് അവൾ അയഞ്ഞു . എന്റെ അന്തം വിട്ട നോട്ടം കണ്ടിട്ടായിരിക്കണം . വളരെ കഷ്ടപ്പെട്ട് സ്വയം നിയന്ത്രിച്ച ഭാവത്തിൽ അവൾ പറഞ്ഞു :
“അതേ – താൻ ഒരു പൊട്ടൻ ആയതു കൊണ്ടാണ് ഞാൻ പറയുന്നത് – പെണ്ണുങ്ങളോട് അധികം തമാശ വേണ്ട . അത് അവർക്കു ഇഷ്ടമല്ല . കേട്ടല്ലോ ?”
“ഓ ‘ ഞാൻ ഓച്ഛാനിച്ചു നിന്നു . എന്താണ് ഞാൻ ചെയ്ത തെറ്റ് എന്ന് മനസ്സിലായില്ലെങ്കിലും പെണ്ണുങ്ങളോട് ഇപ്പോഴും ഞാൻ ക്ഷമ ചോദിച്ചു നിൽക്കും . ഇപ്പഴും അങ്ങനെയാ നിൽക്കുന്നത് . അതല്ലേ നല്ലത് ?
പിന്നെയും പിന്നെയും ക്ഷമ ചോദിക്കാൻ ചന്ദുവിന്റെ ജീവിതം പിന്നെയും ബാക്കി .
കല്യാണം കഴിക്കാൻ ആലോചിക്കുന്ന ആളിൽ നോക്കുന്ന ഗുണങ്ങളിൽ ആണും പെണ്ണും നോക്കുന്നത് രണ്ടു തരം ഗുണങ്ങൾ ആണത്രേ . ലോകം മുഴുവനും ഉള്ള പഠനങ്ങൾ കാണിക്കുന്നത് അതാണ് . പെണ്ണുങ്ങൾ എന്നെ തല്ലാൻ വരണ്ട . വേണേൽ ടാക്സി പിടിച്ചു പോയി ശാസ്ത്രജ്ഞരെ തല്ല് .
ശരീര സൗന്ദര്യം (ആണുങ്ങൾക്ക് കൂടുതൽ പ്രധാനം )
മുഖ സൗന്ദര്യം (ആണുങ്ങൾക്ക് കൂടുതൽ പ്രധാനം )
പഠിത്തം , പദവി , സമൂഹത്തിൽ ഉള്ള വില, കാശ് (പെണ്ണുങ്ങൾക്ക് കൂടുതൽ പ്രധാനം )
അംബീഷൻ അഥവാ ആളാവാൻ ഉള്ള തോര (പെണ്ണുങ്ങൾക്ക് കൂടുതൽ പ്രധാനം )
കരുണ , ദയ , നല്ല പെരുമാറ്റം ( രണ്ടു പേർക്കും ഒരു പോലെ പ്രധാനം )
ബുദ്ധി , വിവേകം (രണ്ടു പേർക്കും ഒരു പോലെ പ്രധാനം )
ഈ വിവേകം ഇല്ലാത്ത ആണെന്ന് തോന്നുന്നു എന്റെ കുഴപ്പം .
പിന്നെ – പൊതുവെ പെണ്ണുങ്ങൾ പ്രേമ കാര്യങ്ങളിൽ കൂലം കഷമായി ചിന്തിക്കും . ആണുങ്ങൾ എടുത്തു ചാടും
ഇതിനൊക്കെ പരിണാമ പരമായ കാരണങ്ങൾ ഉണ്ട് എന്ന് പറയുന്നു .
മനുഷ്യ കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ഒട്ടും വികസിച്ചിട്ടില്ല . ഒരു പത്തിരുപതു വര്ഷം ആകും സമൂഹത്തിൽ നിന്ന് പിഴക്കാൻ പറ്റിയ സ്ഥിതിയിൽ എത്താൻ . മറ്റു മിക്ക മൃഗങ്ങളെയും പോലെ പെണ്ണ് ഒറ്റക്ക് നോക്കിയാൽ എവിടെയും എത്തില്ല . ആണും വേണം .
പദവിയും പത്രാസും ഉള്ള ആണ് നല്ലതാണ് . പിന്നെ ഓടി പോവാത്ത മാന്യനും ആയിരിക്കണം . ഇതാണ് പെണ്ണുങ്ങളുടെ താലപര്യങ്ങൾക്കു കാതൽ .
പെണ്ണുങ്ങൾ വളരെ കൂടുതൽ ചിന്തിക്കും . ചിന്തിക്കണമല്ലോ . അവർക്കായിരുന്നു ആദിമ കാലങ്ങളിൽ കൂടുതൽ നഷ്ടപ്പെടാൻ ഉണ്ടായിരുന്നത് .
ആണുങ്ങൾ പിശകാണ് . അവർക്ക് വേറെ പലതും ആണ് നോട്ടം . കുട്ടികൾ ഉണ്ടാവുന്നത് , അതിനുള്ള സാധ്യത , ആ ഒരു പെണ്ണത്തം ഒക്കെ .
ഈ ഒരു കാര്യം പറയുന്നതിലൂടെ ഞാൻ പിന്നെയും പൊട്ടൻ ആകുക ആണ് . ഇത് വായിക്കുന്ന ഒരു മാതിരി എല്ലാ പെണ്ണുങ്ങളും എന്നെ തെറി പറയും . പക്ഷെ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം :
പരിണാമം അങ്ങനെ സംഭവിച്ചു . ചില താല്പര്യങ്ങൾ സ്വതവേ പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും ഉണ്ട് എന്നത് സത്യം ആവാം . അത് കൊണ്ട്, അത് നല്ലത് ആവണം എന്നില്ല .
ചില സന്ദർഭങ്ങളിൽ തമ്മിൽ കൊല്ലുക , യുദ്ധം ചെയ്യുക ഒക്കെ മനുഷ്യന്റെ പരിണാമ സ്വഭാവങ്ങളിൽ പെട്ടതാണ് . എന്ന് വച്ച് അതാണോ നല്ലത് ?
മാറിയ സാഹചര്യങ്ങളിൽ പലപ്പോഴും നമ്മുടെ സ്വാഭാവിക താല്പര്യങ്ങൾ ശരി ആയിരിക്കുക ഇല്ല . അതിൽ നിന്ന് ഉയരുന്നത് ആണ് മനുഷ്യനെ വ്യത്യസ്തൻ ആക്കേണ്ടത് . അല്ലെ ? ഉവ്വോ . തല്ലല്ലേ – ഞാൻ ഒരു പാവം പൊട്ടനാണെ .
ഞാൻ പറഞ്ഞു വരുന്നത് – ഇന്നത്തെ കാലത്തു പെണ്ണുങ്ങളെ – അത്ര കാല്കുലേഷനൊന്നും വേണ്ട ……എന്നല്ല . വേണം . എന്തോരം വേണേലും കാല്കുലേറ്റ് ചെയ്തോ . ആണുങ്ങൾ പലതും പറയും , ചെയ്യും . അതിലൊന്നും വീഴരുത് – ജാഗ്രതൈ ! (ജിമ്മി മാത്യു )