(ആരും പിണങ്ങരുത് – ഇത് വെറും കഥ ആയിട്ട് എടുത്താൽ മതി . തികച്ചും സാങ്കൽപ്പികം )
അങ്ങനെ ഉസ്കൂളിൽ ഞാൻ മനസ്സ് കൊണ്ട് സ് എം ഐ ക്കാരൻ ആയിരുന്നു എന്ന് ഞാൻ പറഞ്ഞല്ലോ . അല്ലേലും സ് എം ഐ അറിയാതെ ആയിപ്പോകും . ആ സമരവീര്യവും , എന്തും ചെയ്യാൻ ഉള്ള കരുത്തും , ആ ഒരു ഒരുമയും , സംഘ ബല സുഖവും – കെ സ് യു അടുത്ത് പോലും വരില്ലായിരുന്നു . പിന്നെ ഒരിക്കൽ യൂണിയൻ പിടിച്ചു കഴിഞ്ഞാൽ പിന്നേം പിന്നേം ജയിക്കാൻ ഒരു പ്രത്യേക കഴിവ് തന്നെ ആയിരുന്നു അവർക്ക് . പിന്നെ പലപ്പോഴും എതിരാളികൾ ആരും മത്സരിക്കില്ല .
ഉള്ളത് പറയാമല്ലോ – കൂടുതലും പാവപ്പെട്ട കുടുംബങ്ങളിൽ നിന്ന് ഉള്ളവർ ആണ് അതിൽ ഉണ്ടായിരുന്നവർ കൂടുതലും . പിന്നീട് സെന്തോമാസിലും , മെഡിക്കൽ കോളേജിലും ഒക്കെ ഞാൻ ശ്രദ്ധിച്ചിട്ടുള്ള കാര്യം ആണത് . ജീവിത സാഹചര്യങ്ങളോട് പട വെട്ടിയതിന്റെ ചൂടും ചൂരും അവർ കൂടെ കൊണ്ട് നടന്നിരുന്നു . പുരോഗമന ചിന്താ സരണികളെ പുൽകാൻ , കാല്പനികതകൾക്ക് ജീവൻ കൊടുക്കാൻ , ഏക ലോക , തുല്യ അവസര മൂല്യങ്ങളെ പറ്റി സ്വപ്നം കാണാൻ , കാണിക്കാൻ , അവരിൽ ഉത്സാഹം കൂടും . എത്രയൊക്കെ മനസ്സിലാക്കാൻ ശ്രമിച്ചാലും , എന്നെ പ്പോലെ ഒരാൾക്ക് അതൊന്നും മുഴുവൻ അറിയാൻ സാധിക്കില്ല . എന്നാൽ കുറച്ച് സാധിച്ചതിനാൽ ആയിരിക്കണം , ചെറു പ്രായത്തിൽ സ് എം ഐ യുടെ സപ്പോർട്ടർ ആയത് .
പിന്നീട് , അപ്പോൾ ഉണ്ടായിരുന്ന സ്കൂൾ രാഷ്ട്രീയത്തിന്റെ നിരർത്ഥകത ബോധ്യമായതിനു ശേഷവും , പ്രീ ഡിഗ്രിക്കും വോട്ട് ചെയ്തത് സ് എം ഐ ക്ക് തന്നെ ആയിരുന്നു . ദൈവം ഉണ്ടോ എന്ന് സംശയിക്കുന്നവൻ , ചെറുപ്പം മുതൽ പോകുന്ന പള്ളിയുടെ മുന്നിലൂടെ പോവുമ്പോൾ തല കുനിച്ച് കുരിശു വരയ്ക്കുമ്പോൾ ഉള്ള സ്വാഭാവികത ഉണ്ടതിൽ .
പിന്നെ രമേശേട്ടൻ . ആറാം ക്ലാസ്സിൽ ഒരിക്കൽ ‘കെ സ് യു ‘ സിന്ദാവാ എന്ന് പറഞ്ഞു ഏതോ ഒരു സമര കൂട്ടത്തിന്റെ പുറകെ നടന്നിരുന്ന എന്നെ മാറ്റി നിർത്തി , രാഷ്ട്രീയം പഠിപ്പിച്ച ആൾ ആണ് രമേശേട്ടൻ . അന്ന് ഒൻപതിൽ രണ്ടാം വര്ഷം തോറ്റു കിടക്കയാണ് എന്നാണോർമ .
“ഡാ – എല്ലാ ആളോളും ഒരു പോലല്ലേ ? എല്ലാര്ക്കും ഒരേ അവസരങ്ങൾ വേണ്ടേ ? ല്ലാർക്കും ജീവിക്കണ്ടെഷ്ടോ ?”
“വേണം “- ഞാൻ സമ്മതിച്ചു .
“അപ്പൊ – സ് എം ഐ സിന്ദാബാ ന്നു തന്നെ വിളിക്കനട്ടാ ?”
അങ്ങനെ ആണ് പുള്ളിയും ആയി പരിചയം ആവുന്നത് .
തമാശ അതല്ല . പല ക്ലാസിനു താഴെ ആയ എനിക്ക് പുള്ളിയെ പഠന കാര്യങ്ങളിൽ സഹായിക്കാൻ സാധിച്ചു എന്നതാണ് ! ചിലപ്പോ ഓരോ സംശയവുമായി അടുത്ത് വരും . ഇംഗ്ളീസ് ശരിക്ക് അറിയാൻ പാടില്ല . അതാണ് ഒരു പ്രധാന പ്രശ്നം .
അത്യാവശ്യം ജയിക്കാൻ പറ്റുന്ന പരുവത്തിൽ ആയിട്ടും ആൾ ആദ്യ തവണ പത്തിൽ പൊട്ടി .
എന്നിട്ട് വെളുക്കെ ചിരിച്ചോണ്ടാണ് വരവ് .
“വേണോന്ന് വച്ച് തോറ്റതിഷ്ടോ !!”
“ങേ – എന്തുട്ടാ രമേശേട്ടൻ …ഈ പറേണെ ?”
“ഡാ – ഉസ്കൂൾ യൂണിറ്റ് പ്രസിഡണ്ട് ആവും ഒരു കൊല്ലം കൂടെ നിന്നാ …..
വല്യ ഒരാഗ്രഹാ – ഷ്ടോ …..ഗുരുവായൂരപ്പാ , നടക്കണേ …” രമേശേട്ടൻ ആകാശത്തേക്ക് നോക്കി പ്രാർഥിച്ചു . ലെനിനോടൊ , സ്റ്റാലിനോടോ പ്രാർത്ഥിച്ചിട്ട് കാര്യല്ലല്ലോ . ഇതും പുള്ളി തന്നെ പറഞിട്ടുള്ളതാണ് .
ആ കൊല്ലോം രമേശേട്ടൻ സ്കൂൾ പ്രസിഡണ്ട് ആകുമായിരുന്നില്ലത്രേ . അപ്പൊ , പെട്ടന്ന് ഒരു ദിവസം കുറെ കെ സ് യു ക്കാർ രമേശേട്ടനെ എടുത്തിട്ട് ചാമ്പി . എന്തുട്ട് പെടയർന്നു ! രണ്ടാഴ്ച ആസ്പത്രീല കെടന്നു . മനഃപൂർവം കുറെ കെ സ് യു ക്കാർക്കിടെ പോയി വെല്ലു വിളിച്ച് , ഇടി പാർസൽ ആയി കാശ് കൊടുത്ത് മേടിക്കയായിരുന്നു .
“സത്യം പറ – പ്രസിഡണ്ട് ആവാൻ ചെയ്ത പണി അല്ലെ ?”
പുള്ളി ചിരിച്ചു .
“അത് മാത്രം അല്ലടാ – ഈ പേരും പറഞ്ഞു ആളെ ഇറക്കി അവന്മാരെ അടിച്ചു ശരിക്ക് നൂർത്തെടുക്കാം . കൊറേ ശല്യം കൊറയേം ചെയ്യും .”
രമേശേട്ടൻ യൂണിറ്റ് പ്രസിഡണ്ട് ആയോ ഇല്ലയോ എന്നത് സസ്പെൻസ് ആയി കിടക്കട്ടെ .
പിന്നെ ഇപ്പോൾ നമ്മുടെ നാട്ടിൽ തുല്യതക്ക് ശ്രമിക്കാൻ പാവങ്ങളുടെ ഏക ഒരു പ്രതീക്ഷ പരീക്ഷകളിൽ ആണല്ലോ . അതിപ്പോ യൂണിവേഴ്സിറ്റി ആയാലും , പി സ് സി ആയാലും .
അതിലൊക്കെ പ്രശ്നം ഉണ്ടാവുമോ – വിശ്വസിക്കാൻ പറ്റുന്നില്ല .
ഈ പറഞ്ഞ കക്ഷി ഉണ്ടല്ലോ – രമേശേട്ടൻ .
ഇപ്പൊ എവിടെ ആണെന്ന് യാതൊരു വിവരവും ഇല്ല ! ഗൾഫിൽ ആണെന്ന് ചിലർ . പോളണ്ടിലോ , ക്യൂബയിലോ , അമേരിക്കയിലോ ഒക്കെ ഉണ്ടെന്നു വിശ്വസിക്കുന്നവർ ഉണ്ട് . ഈ ഭൂമുഖത്തെ ഇല്ലെന്നു പറയുന്നവരും ഉണ്ട് .
എങ്കിലും പുള്ളിയുടെ ചോദ്യം , അമ്മ ഉപേക്ഷിച്ച ഒരു പൂച്ച കുട്ടിയെ പോലെ , കാറ്റത്തെ അപ്പൂപ്പൻ താടി പോലെ , കളമശ്ശേരിയിലെ പുക ഗന്ധം പോലെ . ഇവിടൊക്കെ ഇങ്ങനെ നടക്കുന്നുണ്ട് :
“ഡാ – എല്ലാരും ഒരു പോലല്ലേ ? എല്ലാര്ക്കും ജീവിക്കണ്ടേ ഷ്ടാ ? (ജിമ്മി മാത്യു )