മ്മൾ പെണ്ണുങ്ങളോട് ചെയ്തത് :

‘നീ ഇമോഷണൽ ആവരുത്’, ‘നീ ഇങ്ങനെ ഓവർ ആക്കരുത്’ എന്നൊക്കെ ആണ് ഇപ്പൊ കുറെ ആണുങ്ങൾ പെൺ പക്ഷം പറയുന്ന സ്ത്രീകളോട് പറയുന്നത് !

‘ആവും , ഞാൻ ഇമോഷണൽ ആവും !’ എന്ന് പെണ്ണുങ്ങളും . എങ്ങനെ ആവാതിരിക്കും ! അമ്മാതിരി ചെയ്തല്ലേ മ്മൾ സമൂഹം പെണ്ണുങ്ങൾക്കിട്ട് ലക്ഷക്കണക്കിന് കൊല്ലങ്ങൾ ആയി പണിതോണ്ടിരിക്കുന്നത് .

പടത്തിൽ ഉള്ള ലോഹ അണ്ടർവെയർ മാതിരി ഉള്ള സാധനം നോക്ക് . മധ്യകാല യൂറോപ്പിൽ ഉണ്ടായിരുന്ന ഒരു ലോഹ അടിവസ്ത്രം തന്നെ ആണിത് ! ചാസ്റ്റിറ്റി ബെൽറ്റ് എന്നാണ് ഇതിന്റെ പേര് . ഭർത്താവ് യുദ്ധത്തിനോ മറ്റോ പോവുമ്പോ , ഭാര്യ മറ്റ് ആരുമായും ബന്ധപ്പെടാതിരിക്കാൻ ഉള്ള സൂത്രം ആയിരുന്നത്രേ . കുരിശു യുദ്ധത്തിന് പോവുന്ന പടയാളികൾ ഉപയോഗോച്ചിരുന്നതാണത്രേ ഇത് . പുറത്തോട്ട് നിൽക്കുന്ന ലോഹ മുള്ളുകൾ ഒക്കെ ഉണ്ട്. അപ്പിയിടാനും മുള്ളാനും ഓട്ടകളും . ആഹാ . എന്തു നല്ല കണ്ടുപിടുത്തം .

ഈ സാനം ശരിക്ക് ഉണ്ടായിരുന്നില്ലെന്നും വെറും തമാശക്ക് ആളുകൾ ഉണ്ടാക്കിയതാണെന്നും വാദിക്കുന്ന ചിലർ ഉണ്ട് . പക്ഷെ ഇതിന്റെ പടങ്ങളും മോഡലുകളും യൂറോപ്പ് മൊത്തം ഉണ്ടായിരുന്നു .

അതായത് , സ്ത്രീകളും, സ്ത്രീ ശരീരവും ആണുങ്ങളുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നത് ആയിരുന്നു എന്നത് വളരെ സ്വാഭാവികമായ ഒരു കാര്യം ആയിരുന്നു . മോതിരം , താലി എന്നിവ കൊണ്ടൊക്കെ അടയാളപ്പെടുത്താവുന്നതും ആയിരുന്നു .

ചെറുപ്പത്തിൽ അപ്പന്റെ ഓണര്ഷിപ്പില് ഉള്ള ഒരു പെണ്ണ് , കല്യാണത്തോടെ , ഭർത്താവിന്റെ ഓണർഷിപ്പിലേക്ക് മാറുന്നു ! അതിനനുസരിച്ച് പേര് , വീട്ടുപേര് എന്നിവ മാറുന്നും ഉണ്ടല്ലോ . യുണൈറ്റഡ് നാഷൻസിന്റെ കണക്ക് പ്രകാരം , പ്രതിവർഷം അയ്യായിരം പെണ്ണുങ്ങൾ അഭിമാനക്കൊലകൾക്ക് ഇര ആവുന്നു . ഓണര്ഷിപ്പ് പോവാൻ അത്ര പെട്ടന്ന് അപ്പന്മാരും , ആങ്ങളമാരും , ഭർത്താക്കന്മാരും സമ്മതിക്കുകയില്ല !

ഇതൊന്നും ഇന്നും ഇന്നലെയും തുടങ്ങിയതല്ല . പോപ്പുലേഷൻ ജെനെറ്റിക്സ് വഴി നമുക്ക് പഴേ ഗോത്ര മനുഷ്യരുടെ യാത്രാവഴികൾ മനസിലാക്കാം . അതിൽ മൈറ്റോകോൺഡ്രിയൽ ഡി എൻ എ വഴി തായ് വഴിയും , വൈ ക്രോമസോമൽ ഡി എൻ എ വഴി തന്ത വഴിയും മനസിലാക്കാം . സ്‌ട്രോൺഷ്യം എന്ന ലോഹത്തിന്റെ അളവ് നോക്കിയും ഇത് ചെയ്യാം .

മനുഷ്യപൂര്വികരുടെ കാലം തൊട്ട് , പെണ്ണുങ്ങളെ ഗോത്രങ്ങൾ തമ്മിൽ കൈമാറ്റം ചെയ്തിരുന്നു എന്നതാണ് പ്രധാന ഒരു കണ്ടു പിടുത്തം . വിവാഹം എന്നത് , മിക്കവാറും , അകന്ന ബന്ധത്തിലുള്ള , വേറെ ഒരു ഗോത്രത്തിലേക്ക് , നന്നേ ചെറുപ്പത്തിൽ ഉള്ള ഒരു തള്ളി വിടൽ ആയിരുന്നു. ലക്ഷക്കണക്കിന് വര്ഷം മുൻപ് മുതൽ തന്നെ .

വേറെ കാരണങ്ങളും ഉണ്ടാവാം . യുദ്ധത്തിൽ പിടിച്ച് എടുക്കുന്ന വലിയ ഒരു കൊള്ളവസ്തു ആയിരുന്നു പെണ്ണുങ്ങൾ ! ഇപ്പൊ ഉള്ള ആദിവാസ സമൂഹങ്ങളെ നോക്കിയാണ് നരവംശ ശാസ്ത്രജ്ഞർ ഇത് ഒക്കെ പഠിക്കുന്നത് . പരിഷ്‌കൃത സമൂഹങ്ങളുമായി തീരെ ബന്ധമില്ലാത്ത യാനോമമോ , ഐനു , മാവോരികൾ , പാപുവ ദ്വീപിലെ ആളുകൾ എന്നിവരൊക്കെ നല്ല യുദ്ധക്കൊതിയന്മാർ ആയിരുന്നു . യുദ്ധം ജയിച്ചാൽ തോറ്റ ഗോത്രത്തിലെ ആണുങ്ങളെയും കുട്ടികളെയും മൊത്തം കൊല്ലും . പെണ്ണുങ്ങളെ ലൈംഗിക അടിമകൾ ആയി വച്ചോണ്ടിരിക്കും .

അയ്യോ . അത്രേം പണ്ടെക്കൊന്നും പോവണ്ട സഹോ . അടിമസ്ത്രീകളെ പറ്റിയും , അവരെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ പറ്റിയും , സമാധാന മതം അടക്കം ഉള്ള മതങ്ങളിൽ ഒക്കെ രൂപ രേഖകൾ ഉണ്ട് . പഴയ നിയമത്തിൽ ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും ദൈവമായ യഹോവ , ജൂത നേതാവായ അഹരോനോട് കാനാൻ ദേശവാസികളെ എങ്ങനെ തോൽപിക്കണം എന്ന് വ്യക്തമായി പറയുന്നുണ്ട് :

“ആണുങ്ങളെയും പിള്ളേരെയും , കുതിര , കഴുത , കോഴി, ആട് , ഇവയെ ഒക്കെയും കൊന്നു കളഞ്ഞേക്ക് . കന്യകകൾ ആയ പെണ്ണുങ്ങളെ മാത്രം നിങ്ങൾ വച്ചോ .”

അഹരോൻ അത് അനുസരിക്കുന്നും ഉണ്ട് . ഇതേ സാധനം തന്നെ , ഡുട്ടറോണമി എന്ന പഴയ നിയമ പുസ്തകത്തിൽ ആവർത്തിക്കുന്നു . ജോഷ്വ യോടാണ് ഇത്തവണ . ജോഷ്വയും അത് അനുസരിക്കുന്നുണ്ട് . അനുസരിക്കാതെ പറ്റില്ലല്ലോ . ആരാണ് പറയുന്നത് ?

തട്ടിക്കൊണ്ട് പോക്ക് ഒന്നും നമുക്ക് പുത്തരി അല്ലല്ലോ . നമ്മുടെ പുരാണങ്ങളിലും ഉണ്ട് ഇഷ്ടം പോലെ .
ദ്രൗപതിയെ ചൂതാട്ടത്തിനു പണയം വെയ്ക്കാൻ യാതൊരു മടിയും ധർമിഷ്ഠൻ ആയ യുധിഷ്ഠിരന് തോന്നിയില്ല എന്നാണ് നാം മനസിലാക്കേണ്ടത് .

മനുസ്മ്രിതി അന്നത്തെ സമൂഹനിയമങ്ങൾ ക്രോഡീകരിച്ച ഗ്രന്ഥമാണ് . അതിൽ വളരെ വ്യക്തവും ശക്തവുമായി , പെണ്ണ് , അച്ഛന്റെയും , പിന്നെ ഭർത്താവിന്റെയും , പിന്നെ മകന്റെയും അടിമ ആണെന്ന് തന്നെ പറഞ്ഞിരിക്കുന്നു . ‘അടിമ ‘ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നോ ?

“നഃ സ്ത്രീ സ്വാതന്ത്ര്യം അർഹതി ” എന്ന് പറഞ്ഞാൽ എന്താ ?

സതി ഒന്നും മറന്നിട്ടില്ലല്ലോ ?

പിന്നെ നടന്ന എല്ലാ യുദ്ധങ്ങളിലും പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യുക എന്നത് ഒരു സ്ഥിരം യുദ്ധതന്ത്രം തന്നെ ആയിരുന്നു . മംഗോളുകളും , സായിപ്പും , ചൈനക്കാരും , ജപ്പാന്കാരും ഒന്നും ഇതിന് അപവാദം ആയില്ല .

ഒന്നും വേണ്ട . ഒരു ജനാധിപത്യ രാജ്യത്ത് വോട്ട് ചെയ്യാൻ ഒരു പെണ്ണിന് എന്നാണ് സാധിച്ചത് ? വലിയ ആദ്യത്തെ ജനാധിപത്യം എന്നഭിമാനിക്കുന്ന അമേരിക്കയിൽ ആയിരത്തി എണ്ണൂറ്റി നാല്പതുകളിൽ എലിസബത്ത് കാഡി എന്ന പെണ്ണിന്റെ നേതൃത്വത്തിൽ പെൺ വോട്ടിനു വേണ്ടി ബഹളം തുടങ്ങിയതാണ് . കിട്ടിയതോ – ആയിരത്തി തൊള്ളായിരത്തി ഇരുപതിൽ , വെറും നൂറു കൊല്ലം മുൻപ് !

നൂറു കൊല്ലം മുൻപ് വരെ , അമേരിക്കൻ സായിപ്പ് പോലും പെണ്ണുങ്ങൾക്ക് വോട്ട് ചെയ്യാൻ ഉള്ള കഴിവുണ്ടെന്ന് അംഗീകരിച്ചിട്ടില്ല ! മിക്ക പാശ്ചാത്യ രാജ്യങ്ങളും ഇത് പോലെ തന്നെ !

എന്തിന് – പ്രസിദ്ധമായ ഹാർവാർഡ് യൂണിവേഴ്സിറ്റി പെൺ വിദ്യാർത്ഥികളെ എടുത്ത് തുടങ്ങിയത് വെറും ആയിരത്തിത്തൊള്ളായിരത്തി ഇരുപതിൽ ആണ് . ഹാർവാർഡ് മെഡിക്കൽ സ്‌കൂൾ പെണ്ണുങ്ങളെ എടുത്ത് തുടങ്ങിയതോ ?

ആയിരത്തി തൊള്ളായിരത്തി നാൽപത്തഞ്ചിൽ!

ഇപ്പൊ അങ്ങനെ ഒന്നും ഇല്ല , ഒക്കെ ഓക്കേ ആയി എന്നല്ലേ ? അതും ഇന്ത്യയിൽ ?

ഉം , കേട്ടിട്ട്ണ്ട് , കേട്ടിട്ട്ണ്ട് . കുറെ കേട്ടിട്ട്ണ്ട് .

അവസാനമായി , സ്‌കോൾഡ്സ് ബ്രൈഡിൽ എന്ന് പറയുന്ന ഒരു ഉപകരണം നോക്കാം . ഒരു ലോഹ മുഖം മൂടി പോലെ ആണിത് . മധ്യകാല യൂറിപ്പിലെ ആണിതും . അത് കുറ്റം ചെയ്ത പെണ്ണിന്റെ മുഖത്തൂടെ ഇടും . ഒരു ലോഹമുള്ള് ഉള്ള ചവണ വായ്ക്കകത്ത് ഇരിക്കും . നാക്കിൽ മുള്ള് തറച്ചിരുന്നു ചോര ഒഴുകിക്കൊണ്ടിരിക്കും . എന്നിട്ട് ഇതും ഇടീച്ച് നാട് മിഴുവൻ ഈ പാവം സ്ത്രീയെ നടത്തിക്കും .

എന്ത് അപരാധത്തിന് ആണീ ശിക്ഷ ?

പരദൂഷണം പറയുക, അതും ഇതും പറഞ്ഞ് ഭർത്താവിനെ ശല്യം ചെയ്യുക . ഇതിനായിരുന്നു ഈ ശിക്ഷ .

ഈ സാമാനം ഇപ്പോഴും കുറെ അധികം പെണ്ണുങ്ങടെ വായയിൽ ഉണ്ട് . അത് എടുത്ത് മാറ്റാൻ പറ്റിയവർ ഇച്ചിരി പറയും . അത് ഇച്ചിരി ഓവർ ആയാലും സഹിച്ചേ പറ്റൂ .
(ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .