ഒറ്റാലീന്ന് പെടച് ചാടണ ബ്രാല് ജാതി , നമ്മുടെ ഈ സ്വന്തം ഇന്ത്യ മഹാ രാജ്യം , ഈ ഭാരതം – ഈ ഹിന്ദുസ്ഥാൻ –
ബ്രിടീഷ് കഷ്മലന്മാരുടെ കയ്യിൽ നിന്ന് രക്ഷപ്പെടുന്നതിന് സാക്ഷി ആയവരിൽ എന്റെ അപ്പനും പെടും !
എന്താല്ലേ . ചുള്ളനും സുഭഗനും കളേബരനും ഡൈ ചെയ്ത അഞ്ജന വർണ ശ്മശ്രു ഉള്ളവനുമായ ഈ എന്റെ- അപ്പന് അത് ഓർമയുണ്ട് . നമ്മുടെ രാജ്യം അത്ര പുരാതനം ഒന്നുമല്ല !
“മാമ്മാ കാന്തി കീ ജയ് , ഭാരത് മാതാ കീ ജയ് ” എന്നും പറഞ്ഞു , സ്വന്തം ജേഷ്ഠൻ കൊടിയും പിടിച്ച് മാർച്ച് ചെയ്യുന്നതാണത്രേ അന്ന് അഞ്ചു വയസ്സ് കാരൻ ആയ പുള്ളി ഓർമ്മിക്കുന്നത് –
“ഭാരത് മാതാ കീ ജയ് “.
കഴിഞ്ഞ ആഗസ്റ്റ് പതിനഞ്ചിന് , ഞങ്ങൾ പത്തിരുപത് പേര് ഫ്ലാറ്റ് അസോസിയേഷന്റെ പേരിൽ ഒത്ത് കൂടി പതാക ഉയർത്തി . പിന്നീട് , ബംഗാളിയിൽ ഉള്ള ‘ജന ഗണ മനക്ക് ‘ അറ്റെൻഷൻ ആയി നിന്നപ്പോൾ , അതാ , റംബൂട്ടുകൾ , അതായത് അടി മുതൽ മുടി വരെ ഉള്ള രോമങ്ങൾ എഴുന്നേറ്റ് നിൽക്കുന്നു !
എന്ത് കൊണ്ടായിരിക്കും അത് ?
ഉമ്മർ മാത്രമല്ല – നമ്മൾ മനുഷൻമ്മാർ എല്ലാരും വികാര ജീവികൾ ആണ് . എന്റെ അപ്പനും അമ്മയും എന്നെ ഇച്ചിരെ ഒക്കെ തല്ലിയിട്ടും പിച്ചിയിട്ടും വഴക്ക് പറഞ്ഞിട്ടും ഒക്കെ ഉണ്ട് . എന്റെ ബാല്യകാല സുഹൃത്തുക്കൾ ആയ സുനിൽ , മനീഷ് , പ്രേംജിത് എന്നിവരുടെ അപ്പനമ്മമാരേക്കാളും , എന്റെ യുവത്വ കാല സുഹൃത്തുക്കൾ ആയ വർഗീസ് , ഗോപാൽ , അശ്വത് , കിഷോർ എന്നിവരുടെ ഒക്കെ അപ്പനമ്മമാരേക്കാളും നല്ല അപ്പനും അമ്മയും ആയിരുന്നോ എന്റെ അപ്പനും അമ്മയും ?
ആവോ . അറിയില്ല .. അങ്ങനെ ആണെന്നതിനു ഒരു തെളിവും ഇല്ല . പാറ്റ – സോറി ….ഡാറ്റ ഇല്ല .
എന്നാലും എനിക്ക് അവരെ ഒക്കെ ഒത്തിരി ഇഷ്ടമാണെങ്കിലും എന്റെ സ്വന്തം അപ്പനോടും അമ്മയോടും ആണ് കൂടുതലിഷ്ടം ! ഇതിന്റെ യുക്തി എന്താണ് ?
ഇതിനു യുക്തി വേണ്ടാ എന്നാണു അതിന്റെ ഉത്തരം . അതങ്ങാനാണു ബ്രോ . ഭൂമി ഉണ്ടയാണ് സഹോ . വേറെ വിശേഷം ഒന്നുമില്ലല്ലോ . എന്റെ തൊലി , എന്റെ ഹെയർ ഫോളിക്കിൾസ് . എന്റെ പ്രൈവറ്റ് രോമാഞ്ചം . അത്രേ ഉള്ളു .
പക്ഷെ, എന്റെ യുക്തിസഹ തലച്ചോർ ഭാഗത്തിനും ഗർവാസീഷ് ഉണ്ട് സഹോ . ഛെ – ഗർവ് ഉണ്ട് മിത്രോം.
ദേഖോ , മേരാ കൺട്രി ഗേൾസ് ആൻഡ് ബോയ്സ് – നമ്മൾ ആയിരത്തി തൊള്ളായിരത്തി നാല്പത്തേഴിൽ വിടുതൽ പ്രാപിക്കുമ്പോൾ , മൂഞ്ചസ്യ എന്ന അവസ്ഥയിൽ ആയിരുന്നു . നമ്മൾ ഒറ്റ രാജ്യമായി നിൽക്കും എന്ന് മിക്ക അന്താരാഷ്ട്ര വേന്ദ്രന്മാർക്കും യാതൊരു വിശ്വാസവും ഇല്ലായിരുന്നു .യൂറോപ്പിനേക്കാൾ വ്യത്യസ്തത പുലർത്തുന്ന ആയിരക്കണക്കിന് ജനതകൾ ! യൂറോപ്പിൽ രാജ്യങ്ങൾ തമ്മിൽ അടി ഒഴിഞ്ഞിട്ട് നേരമില്ല . അപ്പോഴാണ് .
“ഈ കാടന്മാരെ തന്നെ ഭരിക്കാൻ വിട്ടാൽ അവന്മാർ മൂഞ്ചു മിഠായി തിന്നും . അല്ലേൽ പഴേ പോലെ ബ്രാഹ്മണ ഭരണത്തിൽ മറ്റുള്ളവർ എല്ലാം സെയിം മിട്ടായി ഞൊട്ടും .”- വിൻസ്റ്റൺ എന്ന മരങ്ങോടൻ ചർച്ചിൽ പറഞ്ഞതാണ് –
“ഓ – നാലായിരം കൊല്ലം പഴക്കം ഒള്ള പാർട്ടീസ്സാന്നെ . ഇപ്പഴും അങ്ങ് പണ്ടത്തെ ലോകത്തിലാ . ഈ ജനാധിപത്യം ഒന്നും അവരെ കൊണ്ട് പറ്റുന്നു തോന്നുന്നില്ല ഷാജിയേട്ടാ .” – നമ്മുടെ മണ്ണിൽ ജനിച്ചു വളർന്ന , മൗഗ്ലിയുടെ കർത്താവായ മഹാനായ സായിപ്പ് റെഡ്യാർഡ് കിപ്ലിംഗ് പറഞ്ഞതാണിത് . എന്തരോ മഹാനു രോമുലു ….
ഇവരെ ഒക്കെ ഇളിഭ്യർ ആക്കിക്കൊണ്ട് നമ്മൾ ഇത്രേം നാൾ നിന്നില്ലേ ഇഷ്ടോ . വെൽ ടൺ – ഇന്ത്യൻസ് .
സോതന്ത്ര്യം കിട്ടുമ്പോ ഉള്ളതിന്റെ മൂന്നു നാലിരട്ടി ജനം ഇപ്പൊ ഇവിടെ ഉണ്ട് മോനെ, മോളെ . അപ്പൊ നമ്മൾ പട്ടിണി ആയിരുന്നു . ഇപ്പൊ പട്ടിണി ഇല്ല . ഇച്ചിരൂടെ ഒത്ത് പിടിച്ചാൽ എല്ലാവര്ക്കും അത്യാവശ്യം ജീവിക്കാനുള്ള കോപ്പ് ഒക്കെ ഇവിടെ ഉണ്ട് . ഇതിൽ ഗർവ് ഇല്ലേ ? തീർച്ചയായും ഉണ്ട് . എനിക്ക് സ്വാതന്ത്ര്യം, ശ്രമിച്ചാൽ , ആർക്കും ജീവിക്കാൻ പറ്റുന്ന ഒരു അവസ്ഥ കൂടി ആണ് . അതിന് ഇനീം കുറെ സഞ്ചരിക്കണം കേട്ടോ . ടാക്സി വിളിച്ചു പോണം . സാരമില്ല – വെയ്റ്റ് ചെയ്യാം .
പിന്നെ ഒന്നുണ്ട് . നമ്മുടെ കൂടെ തന്നെ കുറെ ഏറെ രാജ്യങ്ങൾക്ക് കിട്ടി ഈ സ്വാതന്ത്ര്യം . മലേഷ്യ , ഇൻഡോനേഷ്യ ,തായ്ലൻഡ് , ഗൾഫ് രാജ്യങ്ങൾ , ആഫ്രിക്കൻ രാജ്യങ്ങൾ . അത് കഴിഞ്ഞു സോവിയറ്റ് യൂണിയൻ പൊട്ടി തെറിച്ചപ്പോളും റഷ്യ , ഒക്കെ ഉണ്ടായി .
ഇവ ഒന്നും ശരിക്കുള്ള ജനാധിപത്യ രാജ്യങ്ങൾ അല്ല ! ഉടായിപ്പ് ജനാധിപത്യം ആണവിടൊക്കെ .
നമുക്ക് , ഇത് വരെ , ശരിക്കുള്ള ജനാധിപത്യം ഉണ്ട് . ഒരു സംശയവും ഇല്ല .
ഭരണഘടനാ ജനാധിപത്യം ഒന്നും അല്ല . വെറും പോപ്പുലിസ്റ്റ് ജനാധിപത്യം ആണ് . ആൾക്കൂട്ട ഡെമോക്രസി . പണ്ടേ അങ്ങനാണ് . പുതിയ കാര്യം അല്ല . എന്നാലും ഉണ്ട്. നന്നാവാൻ സമയം ഉണ്ടല്ലോ .
പലർക്കും ഈ ജനാധിപത്യം ഒരു വല്യ കാര്യമായി തോന്നുന്നില്ലായിരിക്കാം . പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഇത് വലിയ ഒരു സ്വാതന്ത്ര്യം ആണ് . ചൈനീസ് മോഡലിന്റെ ആരാധകർ ഓർക്കണം – അവിടെ ജി മെയിൽ ഇല്ല . ഫേസ് ബുക്ക് ഇല്ല . എന്തിന് , ഗൂഗിൾ പോലും ഇല്ല . നീ എന്ത് അറിയണം എന്ന് സർക്കാർ തീരുമാനിക്കും . റഷ്യയും ഇങ്ങനെ ഒക്കെ തന്നെ .
ഞാൻ ചൈനയുടെയും പുട്ടിന്റെയും ആരാധകൻ അല്ല .
ആ പുട്ടല്ല . വ്ലാദിമിർ പുട്ടിൻ .
അപ്പൊ ഇത് എന്റെ സ്വാതന്ത്ര്യത്തിന്റെ വലിയ ഒരു ഭാഗം ആണ് .
പിന്നെ – എന്തോ ഒരു അജ്ഞാത ആകസ്മികത മൂലം – അതോ നമ്മുടെ മുൻപത്തെ തലമുറയുടെ ഗുണം കൊണ്ടോ – എന്താണെന്ന് എനിക്കറിയില്ല – നമ്മുടെ ഭരണ ഘടനാ ശിൽപികൾ ഇച്ചിരെ വകതിരിവ് ഉള്ളവർ ആയിപ്പോയി .എല്ലാ പൗരന്മാരും തുല്യർ ആണെന്ന് കടലാസിലെങ്കിലും എഴുതി വച്ച് . ആയിരത്തി തൊള്ളായിരത്തി അറുപതുകൾക്ക് ശേഷം ആണ് കറുത്ത വർഗക്കാർക്ക് അമേരിക്കയിൽ പൗരാവകാശം കിട്ടിയത് എന്ന് മറക്കരുത് .
ഈ തുല്യത മിക്കവാറും കടലാസ്സിൽ തന്നെയേ ഉള്ളു കേട്ടോ . എന്നാലും ഉണ്ട് . നമുക് വെയ്റ്റ് ചെയ്യാം . ഈ കാര്യത്തിലും എനിക്ക് ഗർവ് ഉണ്ട് . എന്റെ സ്വാതന്ത്ര്യ സങ്കൽപ്പത്തിൽ വളരെ പ്രധാനമാണ് ഇത് .
ഇനി ആണ് പ്രശ്നം . ഈ സ്വാതന്ത്ര്യങ്ങൾ ഒക്കെ എനിക്ക് അധികം വിയർക്കാതെ തന്നെ കിട്ടണം . ഈ മണ്ണിൽ പിറന്ന് , ഇവിടെ പണി എടുക്കുന്നു . ഇവിടത്തെ നിയമങ്ങൾ അനുസരിക്കുന്നു . ടാക്സ് ഒക്കെ കൃത്യമായി കൊടുക്കുന്നുണ്ട് .(ഓരോ വസ്തു വാങ്ങുമ്പോഴും ഓരോ പൗരനും കൊടുക്കുന്നുണ്ട് ഈ ടാക്സ് . പെട്രോളിനൊക്കെ ഈ വില പിന്നെ എങ്ങനെ ആണെന്നാണ് വിചാരിച്ചത് ?)
ഇത്രേ ഒക്കെ ചെയ്യാനേ പറ്റൂ . ഇത് കൊണ്ട് തൃപ്തിപ്പെട്ട് ഈ അവകാശോം സ്വതന്ത്രതേം ഒക്കെ എനിക്ക് കിട്ടണം .
എന്താ അത്യാഗ്രഹം അല്ലെ ?
വേണ്ടപ്പോ , ചെലപ്പോ എനിക്ക് തോന്നിയാൽ ‘ജയ് ഹിന്ദും ‘, കീ ജെയും ഒക്കെ വിളിച്ചെന്നിരിക്കും . ചെലപ്പോ വിളിച്ചില്ല എന്നും ഇരിക്കും . അത് വേറെ .
ഭ പുല്ലേ , ചന്ദ്രനിൽ പോടാ എന്നല്ലേ .
മനസ്സില്ല .
ഇനി ഏറിയാൽ പത്തു മുപ്പത് കൊല്ലം . അത്രേം കാലം ഇവിടൊക്കെ തിരിഞ്ഞു കളിയ്ക്കാൻ ആണ് തീരുമാനം . അത് കഴിഞ്ഞു , അങ്ങ് പൊകുവേം ചെയ്യും . ഇവിടെ നിക്കണോ പോണോ എന്ന് മക്കൾ അവരുടെ കാര്യം തീരുമാനിക്കട്ടെ .
ഒത്തിരി സ്വാതന്ത്ര്യം എനിക്ക് വേണ്ടാ താനും .
മണിക്കൂറുകൾ അടിച്ചും ഇടിച്ചും ചതച്ചും ഒരാൾക്ക് സ്വാതന്ത്ര്യം കൊടുത്തു . അതും വീഡിയോയുടെ മുന്നിൽ . മരിച്ചവനും കൊന്നവർക്കും കിട്ടി സ്വാതന്ത്ര്യം .
വേറൊരുത്തൻ വെള്ളമടിച്ച് ഒരാളെ ഇടിച്ചു കൊന്നു . പാവത്തിന് ഇൻസ്റ്റന്റ് സ്വാതന്ത്ര്യം . ഇടിച്ചവനോ – അവനും സ്വാതന്ത്ര്യം .
മാനഭംഗപ്പെടുത്തപ്പെട്ട ബാലികയുടെ കുടുംബത്തിന് മൊത്തം സ്വാതന്ത്ര്യം. ഇനീം വേണെങ്കി തരാന്നു.
അത്രേം സ്വാതന്ത്ര്യം ഒന്നും വേണ്ട . ഇച്ചിരെ കുറച്ചിരുന്നെങ്കിൽ ഗർവ് ഇച്ചിരൂടെ കൂട്ടമായിരുന്നു .
പറ്റില്ല അല്ലെ ?
സാരമില്ല . (ജിമ്മി മാത്യു )