അമ്മച്ചിയുടെ പതിറ്റാണ്ടുകൾ പണ്ട് . ഇനി അപ്പച്ചന്റെ കാലം ?

ഈ കഴിഞ്ഞ ദിവസം രാജു മോൻ എന്നോട് ചോദിച്ചു ; ജിമ്മിച്ചൻ അങ്കിൾ , ഈ അമ്മച്ചി ശരിക്കും എങ്ങനെ ആയിരുന്നു? അപ്പച്ചൻ അത് പോലെ ആണെന്നാണല്ലോ കേട്ടത് ?

ഞാൻ പറഞ്ഞു – ” നല്ലത് , ചീത്ത – അങ്ങനെ എല്ലാത്തിനെയും എപ്പോഴും അങ്ങനെ പറയാൻ പറ്റില്ല .”

രാജു മോൻ – “അതല്ല – അപ്പച്ചന്റെ ആൾക്കാർ അമ്മച്ചിയെ മാത്രം തെറി പറയുന്നത് കേട്ടിട്ടില്ല . എന്നാൽ മൂത്താപ്പ നെഹ്‌റു ചാച്ചനെ എപ്പോഴും തെറി പറയാറും ഉണ്ട് . എന്താ അങ്ങനെ ?”

രാജുമാരെ , രാധമാരെ , ലുട്ടാപ്പികളെ , കുട്ടൂസാ , ഡാകിനീ , മായാവികളെ – ഒരു കഥ ചൊല്ലട്ടുമാ ?

1964 – ൽ നെഹ്‌റു മൂത്താപ്പ പോയി . പെട്ടന്നായിരുന്നു . ഞാൻ കസേരേൽ കേറി ഇരിക്കാം എന്ന് പറഞ്ഞു മൊറാർജി ദേശായി . വേണ്ടാ എന്ന് പറഞ്ഞു കോൺഗ്രസ് പ്രസിഡന്റ് , ദളിതനും തമിഴനും ആയ കാമരാജ് . ലാൽ ബഹാദൂർ ശാസ്ത്രിയെ വച്ചു , പ്രധാന മന്ത്രി ആയി . അങ്ങേര് ശരിക്കും ഭരിക്കാൻ തുടങ്ങിയപ്പോഴേക്കും പാക്കിസ്ഥാൻ നമ്മളെ ആക്രമിച്ചു! ഒരു തരത്തിൽ നമ്മൾ പ്രതിരോധിച്ചു . അവർ ജമ്മുവിൽ കയറി അടിച്ചപ്പോൾ , നമ്മൾ പഞ്ചാബിലൂടെ ഗ്രാൻഡ് ട്രങ്ക് റോഡിൽ കേറി ലാഹോറിലേക്ക് നൂറ് കണക്കിന് ടാങ്കുകളുമായി , മാർച്ച് ചെയ്തു . നാട്ടുകാർ ഇടപെട്ടു . യുദ്ധം ഡ്രോ യിൽ അവസാനിച്ചു . തീർക്കൽ ഉടമ്പടി നടക്കുന്നതിനിടെ ശാസ്ത്രി ഹൃദയാഘാതം മൂലം മരിച്ചു .

“ഞാൻ , ഞാൻ ” എന്ന് വീണ്ടും കരഞ്ഞു മൊറാർജി ദേശായി . പക്ഷെ കോൺഗ്രസ് വർക്കിങ് കമ്മറ്റി കൂടി 355 വോട്ടുകൾക്ക് ഇന്ദിര ഗാന്ധിയെ തിരഞ്ഞെടുത്തു . പുള്ളിക്കാരി ഒരു കാബിനറ്റ് മിനിസ്റ്റർ ആയിരുന്നു കേട്ടോ . നെഹ്രുവിന്റെ മരണ ശേഷം , കാമരാജ് ആണ് പുള്ളിയെ എടുത്തത് . അല്ലാതെ നെഹ്‌റു ഒരിക്കലും അങ്ങനെ അവരെ കൊണ്ട് വരാൻ ശ്രമിച്ചിട്ടൊന്നും ഇല്ല . പ്ലീസ് നോട്ട് – 169 പേര് എതിർത്ത് വോട്ട് ചെയ്തു . അന്ന് ശരിക്കും വോട്ട് ഇട്ടാണ് ആളുകളെ കോൺഗ്രസ്സ് തിരഞ്ഞെടുത്തോണ്ടിരുന്നത് .

ആകെ പ്രശ്നത്തിലേക്ക് ആണ് ഇന്ദിര വന്നു ചാടിയത് . 1966 ആണേ . വെറും നാല്പത്തെട്ട്‍ വയസ്സേ ഉള്ളു . സുന്ദരി . നീളൻ മൂക്കുകാരി . പ്രൗഢ സാരി ധാരിണി . എന്നെക്കാൾ ഏതാനും വയസ്സ് കൂടുതൽ എന്ന് മാത്രം . വെറും ചെറുപ്പം എന്നർത്ഥം .

നാട് മൊത്തം മുഴു പട്ടിണി . ആളുകൾക്ക് വിശപ്പൊട് വിശപ്പ് . 1967 ലെ ഇലക്ഷനിൽ ഭൂരിപക്ഷം കുറഞ്ഞു . ദുർബല ഭരണം എന്ന് തോന്നിയപ്പോൾ പലരും തല പൊക്കി . റിബലുകൾ മാളത്തിൽ നിന്ന് തല നീട്ടി . നക്സൽ ബാരിയിൽ നക്സലുകളും , ആന്ധ്രയിൽ മാവോയിസ്റ്റുകളും അക്രമം തുടങ്ങി . ജന സംഘ് , അടൽ ബിഹാരി വാജ്പയീയുടെ ഒക്കെ കൂടെ പശു സംരക്ഷണ സമരം അഴിച്ചു വിട്ടു . സന്യാസിമാർ പാർലമെന്റ് ആക്രമിച്ചു .

ഹിന്ദു – മുസ്‌ലിം അടികൾ വീണ്ടും തുടങ്ങി . റാഞ്ചിയിലും , അലിഗറിലും , ജലഗോണിലും ആളുകൾ മതത്തിന്റെ പേരിൽ അടിച്ചും കുത്തിയും വെട്ടിയും ചത്തു . 1969 ൽ , അഹമ്മദാബാദിൽ , ഒരു ചെറിയ കച്ചറയെ തുടർന്ന് , മുസ്‌ലിം യുവാക്കൾ ചിലർ ഒരു ക്ഷേത്രം ആക്രമിച്ചു . ഉടൻ മുസ്ലീങ്ങൾ പ്രമുഖർ വന്നു മാപ്പ് പറഞ്ഞു . അപ്പോഴേക്കും കാര്യങ്ങൾ കൈ വിട്ട് പോയി . ആയിരം ആളുകൾ എങ്കിലും കൊല്ലപ്പെട്ടു . 30000 പേര് വീട് ഉപേക്ഷിച്ച് ഓടി . മിക്കവാറും മുസ്ലീങ്ങൾ .

ഇന്ദിര പുതിയ ഗോതമ്പ് വിത്തിനങ്ങൾ , വളം മുതലായവയ്ക്ക് നേതൃത്വം കൊടുത്തു . എങ്കിലും ഇടയ്ക്കിടെ അമേരിക്കയിൽ പോയി കൈ നീട്ടി . അവർ മാസാ മാസം ഭിക്ഷ അയച്ചു തന്നു . ” ദേ – ഇന്ത്യൻ പ്രധാന മന്ത്രി തെണ്ടാൻ ഇറങ്ങിയിരിക്കുന്നു “- ചില അന്താരാഷ്ട്ര മാധ്യമങ്ങൾ പറഞ്ഞു .

ആദ്യമേ ഇന്ദിര തീരുമാനിച്ചു – ഞാൻ ജനങ്ങളോട് നേരിട്ട് സംസാരിക്കും . അവർ പാവങ്ങളുടെ പക്ഷത്ത് എന്ന മട്ടിൽ എപ്പോഴും സംസാരിച്ചു . ബിസിനസ്സുകാരെ കുറ്റം പറഞ്ഞു . സോഷ്യലിസം തന്നെ പ്രസംഗിച്ചു . എന്നാൽ ചരിത്രകാരന്മാർ പറയുന്നത് , ഇന്ദിരക്ക് ഒരു പ്രത്യയ ശാസ്ത്രവും ഇല്ലായിരുന്നു എന്നാണ് . സ്വന്തം സ്ഥാനം എങ്ങനെ നില നിർത്താം എന്ന് ആയിരുന്നത്രേ അവരുടെ നോട്ടം . അതെന്തോ ആവട്ടെ .

ജനങ്ങളെ കയിലെടുക്കുന്ന ആൾ ആയത് വെറുതെ അല്ല . അങ്ങനെ ആളായാലേ പറ്റൂ. മൊറാർജി ദേശായി ആണ് ഉപ പ്രധാന മന്ത്രി . കോൺഗ്രസ് വർക്കിങ് കമ്മിറ്റി ഒക്കെ കണ്ണിലെ കരടാണ് .

1969 ൽ , പ്രെസിഡന്റ് തിരഞ്ഞെടുപ്പ് വന്നപ്പോൾ , കോൺഗ്രസ് നേതൃത്വത്തിന് , നീലം സഞ്ജീവ റെഡ്ഢി മതി . പക്ഷെ ഇന്ദിരക്ക് , സ്വന്തം ആൾ ആയ വി വി ഗിരിയെ വേണം !

അടി ! ഘോര ജഗട , ജഗട !

കോൺഗ്രസ് സഞ്ജീവ റെഡ്ഢിയെ നിർത്തി . വി വി ഗിരി സ്വതന്ത്രൻ ആയി മത്സരിച്ചു ! അപ്പൊ ഇന്ദിര രഹസ്യമായി എല്ലാരോടും പറയുകയാ – മനസാക്ഷി വോട്ട് ചെയ്തോളാൻ . പക്ഷെ മനസാക്ഷി വോട്ട് ഗിരിക്ക് തന്നെ ആവണം !

ഗിരി ജയിച്ചു . കോൺഗ്രസ് നേതൃത്വം മൂ ……മൂ……- മൂങ്ങയെ പ്പോലെ ഇരുന്നു പോയി .

കാൺഗ്രസ് പിളർന്നു !

അങ്ങനെ , ഒരു ഉളുപ്പും ഇല്ലാതെ എൺപതു വയസ്സ് പിന്നിട്ട പാർട്ടിയെ നിഷ്കരുണം പിളർത്തിയവൾ ആണീ കെ കെ അമ്മച്ചി . കൊടും സംഭവം ആണ് അമ്മച്ചി .

ബാങ്കുകൾ സർക്കാർ ഏറ്റെടുക്കണം . പഴേ നാട്ടുരാജാക്കന്മാർക്ക് ഉണ്ടായിരുന്ന പ്രിവി പേഴ്സ് എന്ന ശമ്പളം നിർത്തണം . ഇതിനു ചിലരും സുപ്രീം കോടതിയും എതിര് നിന്നു . ഇതൊക്കെ ആണ് അമ്മച്ചിയുടെ സൈഡിൽ നിന്ന് നോക്കിയാൽ ഉള്ള കാരണം കേട്ടോ .

പാവങ്ങൾ സിന്ദാബാദ് !

വരട്ടെ ഇലക്ഷൻ ! 1971 ൽ , ഒരു കൊല്ലം മുൻപേ ഇലക്ഷൻ പ്രഖ്യാപിച്ചു ഇന്ദിര അമ്മച്ചി .

“ഇന്ദിര ഹടാവോ !” ജന സംഘ് ആക്രോശിച്ചു . മാർക്സിസ്റ്റ് പാർട്ടി ആക്രോശിച്ചു . എതിർ കോൺഗ്രസ് ആക്രോശിച്ചു .

“എന്നെ അവർ ആക്രമിക്കുന്നു ! ഇന്ദിര ഹടാവോ പോലും . ഞാൻ പറയുന്നു –
ഗരീബി ഹടാവോ !”

ഉഗ്രൻ സ്ട്രാറ്റജി അല്ലെ ? വേറെ എന്തിനോടെങ്കിലും സാദൃശ്യം തോന്നുന്നെങ്കിൽ തികച്ചും യാദൃശ്ചികം മാത്രം .

ടപ്പോ – വമ്പൻ ഭൂരിപക്ഷത്തിൽ നമ്മുടെ അമ്മച്ചി ദേ പിന്നെയും അധികാരത്തിൽ വന്നു . അപ്പോഴേക്കും പച്ച വിപ്ലവം ഫലം കണ്ടു തുടങ്ങി . പട്ടിണി ലേശം മാറി തുടങ്ങി .

അപ്പൊ ദേ – ഇപ്പോഴത്തെ പാകിസ്ഥാനികളായ പടിഞ്ഞാർ പാകിസ്താനും , ഇപ്പോഴത്തെ ബംഗ്ലാദേശികൾ ആയ കിഴക്കേ പാകിസ്ഥാനും തമ്മിൽ പൊരിഞ്ഞ അടി . അഭയാർത്ഥികൾ ഇന്ത്യയിലേക്ക് ഒഴുകി .

ഇന്ദിര ലോകം മൊത്തം ചുറ്റി . ബാക് ഗ്രൗണ്ട് ഇട്ടു , ലോക നേതാക്കളെ ഒക്കെ കണ്ടു . അഭയാർത്ഥി ക്യാംപുകൾ തുറന്നു . അഭയാർത്ഥികളെ തന്നെ പരിശീലിപ്പിച്ച് കിഴക്ക് പാകിസ്ഥാനിലോട്ട് വിട്ട് . കുത്തിത്തിരുപ്പ് .

പെട്ടന്ന് യുദ്ധം തുടങ്ങി . വെറും രണ്ടാഴ്ച കൊണ്ട് , പാകിസ്ഥാൻ അയൂബ് ഖാൻ ഇന്ദിരയുടെ കാൽക്കൽ വീണു :

“അമ്മച്ചീ – യുദ്ധം നിർത്തണം – ലേലു അല്ലു “

അങ്ങനെ ബംഗ്ലാദേശ് നിലവിൽ വന്നു . ഇന്ത്യക്കാർ തുള്ളിച്ചാടി . ഉഷാർ , ഉഷാർ . അമ്മച്ചി സിന്ദാബാദ് ! ദുര്ഗ ദേവിയാണ് നമ്മുടെ അമ്മച്ചി .

ആക്ച്വലി – സൂപ്പർ കഴിവ് ഉള്ളവർ തന്നെ ആയിരുന്നു അമ്മച്ചി .

അങ്ങനെ , സ്വയം ഒരു സംഭവം ആയപ്പോൾ അമ്മച്ചി കളി തുടങ്ങി . സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയി സീനിയോറിറ്റി നോക്കാതെ , എ ൻ റേ യെ നിയമിച്ചു . മൊത്തം പ്രശ്നം . ഞാൻ സംഭവം . ജനാധിപത്യ സംവിധാനങ്ങൾ എല്ലാം പുല്ല് . എല്ലാം ഞാൻ വരുതിയിൽ വരുത്തും !

ഓർക്കണം – സാദൃശ്യങ്ങൾ ആകസ്മികം മാത്രം .

ജയാ പ്രകാശ് നാരായണന്റെ നേതിര്ത്വത്തിൽ ജനങ്ങൾ ഇടഞ്ഞു . കമ്മ്യൂണിസ്റ്റുകാരും ആർ സ് സ് കാരും ഒക്കെ സമരം ചെയ്തു . ഡി എം കെ ഇടഞ്ഞു .

പ്രശ്നങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് , എന്തോ മുട്ടാപ്പോക്ക് കാരണം പറഞ് , അലഹബാദ് ഹൈ കോടതി ഇന്ദിരയുടെ തിരഞ്ഞെടുപ്പ് അസാധു ആക്കി . സുപ്രീം കോർട്ടിൽ വച്ച് വി ർ കൃഷ്ണ അയ്യർ , ഈ വിധിയെ മറി കടക്കാൻ സമ്മതിച്ചില്ല .

ഒറ്റ വെട്ട് ! ദാണ്ടെ കെടക്കണ് ചട്ടീം കലോം ! അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു . 1975 ജൂൺ മുതൽ 1977 മാർച്ച് വരെ തനി ഏകാധിപത്യ ഭരണം . ഭയങ്കര അടിച്ചമർത്തൽ . ജയിലുകൾ നിറഞ്ഞു കവിഞ്ഞു . ഒരു പത്രവും മര്യാദക്ക് പ്രവർത്തിച്ചില്ല . ഭരണ ഘടന മുഴുവൻ മാറ്റി നാശ കോശമാക്കി . ജനാധിപത്യം – അത് പൊടി പോലുമില്ല കണ്ടു പിടിക്കാൻ . ഇനി ഒരിക്കലും അത് തിരിച്ചു വരില്ല എന്ന് തന്നെ ആളുകൾ കരുതി .

പെട്ടന്ന് അമ്മച്ചി തന്നെ , തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു ! ഇതെങ്ങനെ സംഭവിച്ചു ? ഇപ്പോഴും അതത്ര ക്ലെയർ അല്ല . ഭാഗ്യം – പക്ഷെ സംഭവിച്ചു .

തോറ്റു തുന്നം പാടിയ അവർക്കു ശേഷം വന്നവർക്കൊന്നും സ്ഥിര സർക്കാർ ഉറപ്പ് വരുത്താൻ ആയില്ല . ജനങ്ങൾ പിന്നേം അവരെ കയറ്റി :

“അമ്മച്ചീ തിരുമ്പി വന്നാട്ടെ , വാപസ് ആവോ മമ്മിജീ . ഹംകൊ മസ്‌ബൂത് സർക്കാർ ചാഹിയെ .”

സമഛാ ?

പിന്നെ ആണെങ്കിലും ഭീകര സിഖ് പ്രശ്നം വന്നു . അതിനെ ശക്തിയുക്തം നേരിട്ടു . എപ്പോഴും നിയമത്തിനുള്ളിൽ നിന്ന് കൊണ്ടല്ല . അമർച്ച ചെയ്തു എന്ന് തന്നെ പറയുന്നതാണ് ശരി .

സിഖ് അംഗ രക്ഷകർ ആണ് അവരെ 1984 ൽ വെടി വച്ച് കൊന്നത് .

66 ൽ വന്നു ; 84 ൽ പോയി .

അമ്മച്ചിയുടെ പതിറ്റാണ്ടുകൾ .

അപ്പോൾ രാജുമോൻ : “അല്ല അങ്കിളേ . അമ്മച്ചിയെ എന്താ തെറി പറയാത്തെ എന്ന് പറഞ്ഞില്ല ?”

അതായത് – ബംഗ്ലാദേശ് യുദ്ധത്തിൽ , അവരെ തറ പറ്റിച്ചു . പുറമെ ഉള്ള ശത്രുവിനെ തുരത്തി . സിഖ് ഭീകരർ എന്ന ഉള്ളിലെ ശത്രുവിനെ അമർച്ച ചെയ്യുന്നതിനിടെ രക്ത സാക്ഷി ആയി .

ജനാധിപത്യത്തെ കൊല്ലാൻ ശ്രമിച്ചു – അത് പക്ഷെ ചീള് കേസ് അല്ലെ . അതൊന്നും ഒരു ഇഷ്യൂ അല്ല . അങ്ങനെ ചിന്തിക്കുന്ന ഒത്തിരി പേര് ഉണ്ട് .

“അപ്പൊ നെഹ്‌റു മുത്തപ്പക്ക് എന്താ കുഴപ്പം ജിമ്മിച്ചൻ അങ്കിൾ ?”

“അത് പിന്നെ പറയാം . ഒരു പത്ത് മുപ്പത് വര്ഷം കഴിയട്ടെ , ഇനി അപ്പച്ചന്റെ പതിറ്റാണ്ടുകൾ അല്ലെ വരുന്നത് . ഇത്തവണ പക്ഷെ പ്രത്യയ ശാസ്ത്ര മൗലിക വാദി അല്ലാത്ത ഒരാൾ ആവണം എന്നില്ല ; അപ്പച്ചൻ . കാത്തിരുന്ന് കാണാം .”

ഇനിയും പൂ വരും , കാ വരും , രഥ ചക്രങ്ങൾ ഉരുളും, സൂര്യന്മാർ വരും പോകും . ലെറ്റ് അസ് സീ .
(ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .