താലിബാൻ- ഒരു ഹോമോ സാപിയൻ അറിയേണ്ടതെല്ലാം:

അഫ്ഗാനിസ്ഥാനിൽ നിന്ന് രണ്ടും കൈകളും ബോംബ് പൊട്ടി ഇല്ലാതായ അബ്ദുൾ ചികിത്സക്ക് വന്നപ്പോ ആണ് ആദ്യമായി താലിബാനെ കുറിച്ച് കാര്യമായി വായിക്കുന്നത്. കൈകൾ ലഭിച്ച് തിരിച്ചു പോയ അബ്ദുളിനെ മുഴുവനായും അവർ കൊന്നു. സാരമായ പരിക്കുകൾ ഉണ്ടാക്കിയ വൈകല്യങ്ങൾ ചികിൽസിക്കാൻ ഒന്ന് രണ്ട് അതി സുന്ദരി അഫ്ഗാൻ സ്ത്രീകളും വന്നിരുന്നു. കൂടെ ഉള്ള ഒരു ഡോക്ടർക്ക് അവരിൽ ഒരാൾ അവസാനം മെസേജ് അയച്ചത് കാബൂൾ താലിബാന് വീഴുന്നതിനു തൊട്ട് മുൻപായിരുന്നു. ഇപ്പൊ വിവരമൊന്നുമില്ല.

പണ്ട് ബുദ്ധമതവും അന്നത്തെ ഹിന്ദു സംസ്കാരവും പിണഞ്ഞു കിടന്ന ഇന്ത്യൻ ഉപഭൂഖണ്ഡ സംസ്കാര ഭാഗമായിരുന്ന അഫ്ഗാനിസ്ഥാൻ അറബികളുടെ വരവോടെ ഇസ്ലാം ആയി. തനതായ രീതിയിൽ ജൈവികമായ വളർന്ന ഇസ്ലാം ആയിരുന്നു അവിടെ. പല പല ഗോത്രങ്ങൾ. പഷ്തൂൺ ഗോത്രങ്ങൾ ആണ് നാല്പത് ശതമാനം. പ്ലീസ് നോട്ട് ദി പോയിന്റ്. ഏറ്റവും വലുതും പ്രബലരും അവർ- പക്ഷെ ഭൂരിപക്ഷം ഇല്ല. വടക്കു ഭാഗത്ത് ഉസ്‌ബെക്കുകൾ, താജിക്കുകൾ, പേർഷ്യൻ ട്രൈബുകൾ. നടുക്ക് ചില ഹസാരകൾ. മിക്കവരും ഷിയകൾ. പഷ്തൂണുകൾ സുന്നി. പൂർണമായും പഷ്തൂൺ സെറ്റപ്പ് ആണ് താലിബാൻ.

പണ്ടേക്ക് പണ്ടേ ഗോത്ര യുദ്ധങ്ങൾ തന്നെ. ജഗഡ- ഗംബ്ലീറ്റ് ജഗഡ. സാമ്രാജ്യത്ത കാലത്ത് റഷ്യക്കും ബ്രിടീഷ് ഇന്ത്യക്കും ഇടയിൽ ഞെരുങ്ങി. പഷ്തൂൺ അബ്ദുൽ റഹ്മാൻ ആമിർ ആണ് രാജ്യത്തെ ആദ്യമായി ഒരുമിപ്പിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിൽ ഇതേ പോലുള്ള കുറെ പഷ്തൂൺ രാജാക്കന്മാർ. അവർ കുറച്ചൊക്കെ ആധുനികത കൊണ്ട് വരൻ ശ്രമിച്ചു. ഇടക്ക് കൊല്ലലുകൾ; അധികാര പിടിച്ചെടുക്കലുകൾ. 1973 ൽ മുഹമ്മദ് ദാവുദ് എന്ന രാജാവിന്റെ കാലത്ത് സോവിയറ്റ് യൂണിയനിലേക്ക് ചാഞ്ഞു. പോരെ പൂരം. ആർമിയിലെ കുറെ ആളുകൾ കമ്മ്യൂണിസ്റ്റ് സപ്പോര്ട്ടര്മാര് ആയി.

അപ്പൊ ഒരു ഇസ്ലാമിക് വിപ്ലവം ഉണ്ടാക്കാൻ കുറെ പേര് തുനിഞ്ഞു. ഇടതന്മാർ അവരെ ഓടിച്ചു. ഗുൽബുദ്ദീൻ ഹിക്മത്യാർ, റബ്ബാനി, അഹ്‌മദ്‌ ഷാ മസൂദ്. ഇവർ പാകിസ്ഥാനിലോട്ട് ഓടി. സുൾഫിക്കർ ഭൂട്ടോ അവരെ കയ്യും കാലും നീട്ടി സ്വീകരിച്ചു – “വാടാ മക്കളെ, വാടാ”. ഇവരാണ് മുജാഹിദീൻ! ടാണ്ടടാ! നോട്ട് ചെയ്തു വെച്ചോ. ഇതാണ് ടെണിങ് പോയിന്റ്.

അപ്പൊ പിന്നീട് ഉണ്ടായ കൊട്ടാരം മാര്ക്സിസ്റ്റ് വിപ്ലവവും പിന്നെ സോവിയറ്റ് യൂണിയൻ 1979ൽ അതിക്രമിച്ചു കയറിയതും?

അത് വേറൊരു ടെണിങ് പോയിന്റ്. ഈ കഥ മൊത്തം ഇങ്ങനത്തെ ടെണിങ് പോയിന്റുകൾ ആണ്. എല്ലാ പോയിന്റും അവിടത്തെ ആളോളുടെ നെഞ്ചത്തോട്ട് ആണെന്ന് മാത്രം.

മുള്ളമാരും മത പണ്ഡിതരും കമ്മ്യൂണിസ്റ്റ് റഷ്യൻ അധിനിവേശത്തിനെതിരെ ഭീകര ജിഹാദ് പ്രഖ്യാപിച്ചു.

തണുത്തുറഞ്ഞ ശീതസമരം യൂറോപ്പിലും അമേരിക്കയിലും റഷ്യക്ക് അകത്തും മാത്രമേ തണുത്ത് ഉറഞ്ഞിട്ടുള്ളു. ലോകത്തിലെ പല ഇടത്തും നല്ല ചൂട് ഉണ്ടായിരുന്നു. ചോരയുടെ ചൂട്. തെറിക്കുന്ന മനുഷ്യ മാംസക്കഷണങ്ങളുടെ ചൂട്. ഒലിക്കുന്ന കണ്ണീരിന്റെ ചൂട്.

അമേരിക്കയും നാറ്റോയും സഊദി അറേബ്യായും യു എ ഇ യും കാശും ആയുധങ്ങളും പാകിസ്ഥാനിലോട്ട് ഒഴുക്കി. മുജാഹിദ്ദീന് സപ്പോട്ടക്ക! കൊട്ടക്കണക്കിന് സപ്പോട്ടക്ക! പാകിസ്ഥാൻ ബോർഡറിനുള്ളിൽ കുശാൽ!

പ്ലീസ് നോട്ടെ- രണ്ടു വിചാര ധാരകൾ ഇവിടെ സമ്മേളിച്ചു.

ഒന്ന്- സോവിയറ്റു ശക്തിയെ എങ്ങനെയും തകർക്കുക- അമേരിക്ക ആൻഡ് ആലീസ്.

രണ്ട്- വഹാബി ഇസ്ലാം ലോകമെങ്ങും വ്യാപിപ്പിക്കുക. ഇസ്ലാമിക് ജിഹാദ് നടത്തി ലോകം മുഴുവൻ പൊളിറ്റിക്കൽ ഇസ്ലാമിന്റെ വരുതിയിൽ ആക്കുക- അറബികൾ, ലോകം മൊത്തം അപ്പോൾ ഉണ്ടായി തുടങ്ങിയ ഇസ്ലാമിസ്റ്റ് സംഘടനകൾ. ഇറാൻ പിന്നീട് ഇതിനെ എതിർക്കുന്നു- സുന്നി മേൽക്കോയ്മ കാരണം.

അപ്പൊ അമേരിക്കയല്ലേ ഇസ്ലാമിസം മൊത്തം ഉണ്ടാക്കിയത്? അല്ല. അപ്പോഴേക്കും ഇസ്ലാമിസ്റ്റ് ചിന്തകൾ നല്ലോണം മൂത്ത് വരികയായിരുന്നു. അത് പറയാൻ വേറൊരു ലേഖനം വേണം.

പാകിസ്ഥാൻ വടക്കേ ബോർഡറിൽ മൊത്തം മദ്രസകൾ ഉണ്ടായി. ആയുധ പരിശീലനം ഉള്ള ട്രെയിനിങ് ക്യാംപുകൾ ആണ് എല്ലാം. പാകിസ്താനിലെ ഇസ്ലാമിസ്റ്റ് മത പണ്ഡിതർ ആണ് മൊത്തം. സർക്കാർ സ്‌പോൺസേർഡ് മാത്രം അല്ല. ഐ എസ്  ഐ, പാക് ആർമി ഒക്കെ ഇവർക്ക് സപ്പോട്ടക്ക കംപ്ലീറ്റ്. അമെയ്ക്കയുടെ മൂഡ് താങ്ങാൻ മാത്രമല്ല. ഐ എസ് ഐ ചീഫ് ഗുൽ പോലെ ഒത്തിരി പേര് പൊളിറ്റിക്കൽ ഇസ്ലാമിന്റെ വക്താക്കൾ തന്നെ. ജമാ അത് ഇ ഇസ്ലാമി. ജമാ അത് ഇ ഉലമ എന്നിവ ഒക്കെ ജൈവികമായി പാക്സിതാനിൽ ഉയർന്നു വന്ന സംഭവങ്ങൾ ആണ്.

ഒരു വൻ കോടീശ്വരൻ ആയ ഒസാമ ബിൻ ലാദനും സൗദിയുമായി കലഹിച്ച് പിന്നീട് പാകിസ്ഥാനിൽ വന്നു. അൽ ക്വയ്‌ദ എന്ന സംഘടനാ ഉണ്ടാക്കി. പണം ഒഴുക്കി. ലോകം മൊത്തം ആയുധങ്ങളും തീവ്രവാദവും കയറ്റി അയച്ചു.

82 നും 92 നും ഇടക്ക് മിഡിൽ  ഈസ്റ്റ് , ആഫ്രിക്ക, ഫാർ ഈസ്റ്റ് , സെൻട്രൽ ഏഷ്യ, എന്നിവിടങ്ങളിൽ നിന്നെല്ലാം, 43 ഇസ്ലാമിക് രാജ്യങ്ങളിൽ നിന്ന് 35000 ത്തിൽ പരം ഇസ്ലാമിസ്റ്റ് ചെറുപ്പക്കാർ പാകിസ്ഥാനിൽ വന്നു പിന്നീട് അഫ്‌ഗാനിസ്ഥാനിൽ യുദ്ധം ചെയ്തു. ഒരു ലക്ഷത്തോളം പേർ ഇവിടുത്തെ മദ്രസകളിൽ പഠിച്ച് ലോകം മൊത്തം പോയിട്ടുണ്ടെന്ന് പാകിസ്ഥാൻ ജേർണലിസ്റ്റ് അഹ്‌മദ്‌ റഷീദ് പറയുന്നു.

1989 ൽ റഷ്യ ഓടിത്തള്ളി. പിന്നീട് കുറെ നാൾ പല ഗ്രൂപ്പുകൾ തമ്മിൽ അടി. 1992 ഓടെ താലിബാൻ രംഗപ്രവേശം ചെയ്തു. മുല്ല ഒമർ ഇന്റെ നേതൃത്വത്തിൽ. പതിനഞ്ചു വയസ്സ് തൊട്ട് ഇരുപത്തഞ്ചു വയസുള്ള പിള്ളേർ ആണ് മൊത്തം പട്ടാളക്കാർ. കുറെ അഫ്ഘാൻ അഭയാർത്ഥികൾ, അവരുടെ മക്കൾ. കുറെ പാകിസ്താൻകാർ. കുറെ ലോകം മുഴുവനും ഉള്ളവർ. താലിബാൻ എന്ന് പറഞ്ഞാൽ തന്നെ വിദ്യാർഥികൾ എന്നാണല്ലോ.

റഷ്യ പോയതോടെ അമേരിക്ക ആൻഡ് ആലീസിനു താല്പര്യം പോയി. പിന്നെ കുവൈറ്റ് യുദ്ധത്തിലേക്ക് ആയി. അങ്ങനെ കുറെ കാശും ആളും ഇറക്കി കളിച്ചിട്ട് അവർ മാറി നിന്നു. പാക്കിസ്ഥാൻ ആൻഡ് സൗദി ഭയങ്കര സപ്പോർട്ട്. ഓരോ സിറ്റി പിടിക്കുമ്പോഴും പാകിസ്ഥാൻ കമാണ്ടർമാർ ഉണ്ടാവും താലിബാന്റെ കൂടെ. ഒസാമയും ഉണ്ട്. ഹസാരകളെയും മറ്റുള്ളവരെയും ഒക്കെ കൊന്നൊടുക്കി, ഭീകര ചോര പുഴകൾ നീന്തി അവസാനം കാബൂൾ 1996 ൽ പിടിച്ചു.

പിന്നെ ഒസാമ താലിബാന്റെ കൂടെ താമസം. ലോകം മൊത്തം ഭീകര ആക്രമണം. വേൾഡ് ട്രേഡ് സെന്റർ ബോംബിങ്, കെനിയ-ടാൻസാനിയ എംബസി ബോംബിങ്, പിന്നെ ട്വിൻ ടവർ വീഴ്ത്തൽ. ഇതോടെ അമേരിക്കയും ആലീസും ബാക്ക്. താലിബാനെ ഓടിച്ചു. പല പല പഷ്തൂൺ ആളുകൾ ഭരിച്ചു. കുറെ വികസനം ഒക്കെ നടന്നു കേട്ടോ. അഫ്ഗാൻ കാർ ഒന്ന് ശ്വാസം വിട്ടു തുടങ്ങി. എങ്കിലും അമേരിക്കയോട് വലിയ അമർഷം  ഉണ്ട് മിക്കവർക്കും.

പക്ഷെ താലിബാൻ നശിച്ചില്ല! എല്ലാം പാക്കിസ്ഥാനിന്റെ അകത്ത്. മുല്ല ഒമറും ബിൻ ലാദനും പാക്കിസ്ഥാനിൽ അതിഥികൾ. കാശ്മീരിൽ, ഇന്ത്യയിൽ ഒക്കെ ഇറക്കാൻ ഭീകരർ വേണമല്ലോ. പിന്നെ പാകിസ്ഥാൻ സപ്പോർട്ട്, ലോക ഇസ്ലാമിസ്റ്റ് സപ്പോർട്ട്, പല തരം ചാരിറ്റിയുടെ മറവിൽ പണം പിരിക്കൽ, ചൈനയുടെ സപ്പോർട്ട്. അങ്ങനെ പിന്നെയും ഉയിർത്തെഴുന്നേൽപ്പ്.

ചില പോയിന്റുകൾ:

* അമേരിക്കയുടെ റോൾ?

അമേരിക്കയും കൂട്ടാളികളുമാണ് കമ്മ്യൂണിസത്തെ തളക്കാൻ മുജാഹിദീന് കാശ് കൊടുത്തു തുടങ്ങിയത്. ഉള്ള ഇസ്ലാമിസത്തെ ഇതിനു വേണ്ടി പ്രാത്സാഹിപ്പിച്ചു. പിന്നീട് തിരിഞ്ഞു കടിച്ചപ്പോ എതിർത്തു. പക്ഷെ ഒരു ആവശ്യവുമില്ലാതെ ഇറാഖിനെ ആക്രമിച്ചു. ആ പവർ ശൂന്യതയിൽ ഐ എസ ഐ എസ് കേറി. അഫ്ഗാനിൽ വേണ്ട പോലെ പുനര്നിര്മാണത്തിന് സഹായം കൊടുത്തില്ല. (അതിന് കഴിഞ്ഞുമില്ല; താല്പര്യവും ഉണ്ടായിരുന്നില്ല)

* പാകിസ്ഥാന്റെ റോൾ?

ഏറ്റവും വലിയ റോൾ. ഒരു പാകിസ്ഥാൻ ഉത്പന്നം ആണ് താലിബാൻ. ഒരു സംശയവും വേണ്ട. വളർത്തിയതും സംരക്ഷിച്ചതും, സംരക്ഷിക്കുന്നതും.

* ആഗോള പൊളിറ്റിക്കൽ ഇസ്ലാമിസം?

തീർച്ചയായും ഇതിനും വലിയ ഒരു റോൾ ഉണ്ട്. ഇത് കൊണ്ടാണ് ലോകം മൊത്തം ചില തീവ്ര ചിന്താഗതിക്കാർ മാത്രം താലിബാന് സപ്പോർട്ട് കൊടുക്കുന്നത്.

* ഇത് ഒരു സ്വാഭാവിക സ്വാതന്ത്ര്യ സമരം ആയി കണ്ടു കൂടെ?

അതറിയില്ല. നമ്മുടെ വീക്ഷണ കോൺ പോലെ ഇരിക്കും. ബ്രിടീഷുകാരെ ഓടിക്കാൻ രണ്ടോ മൂന്നോ സംസ്ഥാനങ്ങളിലെ ഒരു ചെറിയ കൂട്ടം ആളുകൾ യുദ്ധം ചെയ്ത്, അതിനു ശേഷം തോക്ക് ഉപയോഗിച്ച് നമ്മളെ ഒക്കെ പേടിപ്പിച്ച്, നല്ലൊരു ശതമാനത്തിന്റെ കൊന്ന്, അംഗഭംഗം വരുത്തി, സ്ത്രീകളെയും കുട്ടികളെയും ഒക്കെ പീഡിപ്പിച്ച്, സ്‌കൂളുകളും ആശുപത്രികളും ഒക്കെ അടച്ച്, ഭീകരമായി ഭരിച്ചു തുടങ്ങിയാൽ അവർ ഇന്ത്യക്കാർ ആയത് കൊണ്ട് മാത്രം നമ്മൾ ഹായ് സ്വാതന്ത്ര്യം കിട്ടിയേ ന്നു പറഞ്ഞു തുള്ളുവോ? ഇല്ലെന്നു തോന്നുന്നു.

(ജിമ്മി മാത്യു)

  1. Taliban- the power of militant islam in Afghanistan and beyond

                 Ahmed rashid

  •  Descent into chaos

                 Ahmed Rashid

  • Pakistan on the brink

           Ahmed Rashid

  • Afghanistan- a cultural and political history

                Thomas Barfield

  •  My life with the Taliban

                 Abdul Salaam zaeef

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .