കൾട്ടുകളുടെ മനഃശാസ്ത്രം (ബാബ രാം റഹീം സിങ് ഇൻസാനും മറ്റു പലതും) :

കമ്മ്യൂണിസ്റ് മിശിഹാ എന്ന് കേട്ടിട്ടുണ്ടോ ? അങ്ങനെ ഒരാൾ ഉണ്ടായിരുന്നു . ജിം ജോൺസ്‌ എന്ന ഇയാൾ അമേരിക്കയിൽ  അൻപതുകളിൽ കമ്മുനിസ്റ്റുകാരനായി നടന്നു . അന്നൊക്കെ അമേരിക്കയിൽ കൊടും കമ്മ്യൂണിസ്റ് വിരോധം ആണ് . അധികാരികൾ കുറെ ശല്യം ചെയ്തു .

 

പെട്ടന്ന് ജോൺസ്‌ അണ്ണന് ഒരു ബോധോദയം വന്നു . ദൈവം ഉണ്ട്. ദൈവം ഉണ്ടെന്നു മാത്രമല്ല ദൈവം കമ്മ്യൂണിസ്റ്റുമാണ് ! താൻ ഒരു മിശിഹാ ആണ് . കമ്മ്യൂണിസം എന്ന മനുഷ്യ മോചനത്തിനായുള്ള ദൈവീക ആശയം പകർന്നു കൊടുക്കേണ്ട മിശിഹാ ! പിന്നെ അമാന്തിച്ചില്ല – ഒരു സഭക്ക് തുടക്കമിട്ടു – പീപ്പിൾസ് ടെമ്പിൾ – അതായത് പൊതു ജന അമ്പലം .

 

അന്ന് വംശീയ വക തിരിവുകൾ നിയമപരമായി ഉണ്ടായിരുന്ന സ്ഥലമാണ് അമേരിക്ക . കറുത്തവന്മാർ , അവിടത്തെ ആദിവാസികൾ , ചൈനീസ് , ജാപ്പനീസ് വംശജർ – ഇവരൊക്കെ താഴ്ന്നവർ ആണ് .

 

ഇതിനെതിരെ ജോൺസ്‌ അണ്ണൻ ആഞ്ഞടിച്ചു . രക്ഷകൻ ! അവർ കുറെ അണ്ണന്റെ കൂടെ കൂടി .

 

ചില സംഘടനകൾ അവാർഡുകൾ ഒക്കെ കൊടുത്തു തുടങ്ങി . പൊതു ജന അമ്പലം പടർന്നു പന്തലിച്ചു . പല നഗരങ്ങളിലും ബ്രാഞ്ചുകൾ തുടങ്ങി . പണം സംഭാവനകൾ ആയി ഒഴുകി  എത്തി . അനുയായികൾ ഓച്ഛാനിച്ചു നിന്നു . രാഷ്ട്രീയക്കാർ സപ്പോട്ടക്ക കാണിക്കയുമായി എത്തി .

 

ആയിരത്തി തൊള്ളായിരത്തി എഴുപത്‌കളോടെ ചില ചീഞ്ഞു നാറ്റങ്ങൾ ആളുകൾ മണത്തു പിടിച്ചു . ഗൂഢ പണ ഇടപാടുകൾ , ലൈംഗിക ചൂഷണം , നിർബന്ധിച്ചു പണം പിരിക്കൽ , ഗുണ്ടായിസം , അങ്ങനെ പലതും . ഇതന്വേഷിക്കാൻ റയാൻ എന്ന അമേരിക്കൻ കോൺഗ്രസ് മാൻ അഥവാ എം പി യുടെ സ്ഥാനമുള്ള ഒരാളെ സർക്കാർ നിയമിച്ചു .

 

റയാൻ ചേട്ടൻ ജോൺസ്‌ അണ്ണന്റെ ആശ്രമത്തിൽ പോയി അന്വേഷിച്ചു. കുറെ ഒക്കെ കണ്ടു പിടിച്ചു തിരിച്ചു വരുന്ന വഴിയിൽ കമ്മ്യൂണിസ്റ് മിശിഹാ അണ്ണന്റെ അനുയായികൾ റയാൻ ചേട്ടനെയും സംഘത്തിൽ ഉള്ള കുറെ പേരെയും വളരെ സിംപിൾ ആയി വേടി  വച്ച് കൊന്നു കളഞ്ഞു ! ജെസ്റ് ലൈക് ദാറ്റ് !

 

പട്ടാളം ആശ്രമം വളഞ്ഞു . ജിം ജോൺസ്‌ എന്ന അണ്ണൻ അനുയായികളെ വിളിച്ചു കൂട്ടി ഇങ്ങനെ പറഞ്ഞു :

 

“അതായത് – പൊതു ജന അമ്പലത്തിലെ ജനങ്ങളെ – ആ സമയം വന്നു കഴിഞ്ഞു . അവർ നമ്മളെ പിടിച് അവരെ പോലെ ആക്കും . നമുക്ക് മരിക്കണം . വീര രക്ത സാക്ഷികൾ ആവാം . ലോകം ഒരു പാഠം പഠിക്കട്ടെ . ”

 

അണ്ണൻ ഫ്രിഡ്ജ് തുറന്നു സയനൈഡ് കലക്കിയ ജൂസെടുത്തു എല്ലാർക്കും കൊടുത്തു . ആദ്യം പിള്ളാർക്ക് . പിന്നെ വലിയവർ കുടിച്ചു . തൊള്ളായിരത്തി പതിനെട്ടു പേരാണ് ജീവൻ വെടിഞ്ഞത് . മുന്നൂറു പിഞ്ചു പിള്ളാരും . ആയിരത്തി തൊള്ളായിരത്തി എഴുപത്തെട്ടിലാണ് ഇത് .

 

പിന്നെ ഇഷ്ടം പോലെ ഉണ്ട് . ഡേവിഡ് കൊരേഷ് എന്ന ഒരാൾ സ്ഥാപിച്ചതാണ് ബ്രാഞ്ച് ഡേവിഡാൻസ് എന്ന കൾട്ട് . പല ബലാത്സംഗങ്ങളും അങ്ങേര് നടത്തുന്നുണ്ട് എന്ന് പറഞ്ഞാണ് പോലീസ് അയാളെ പിടിക്കാൻ ആശ്രമതിൽ ചെന്നത് . സംഘട്ടനം നടന്നു . അവസാനം സ്വയം ആശ്രമത്തിനു തീയിട്ടു . മരണം – എഴുപത്താറ് . ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാലിൽ .

 

ഷോക്കോ അസഹാര എന്ന ഒരുത്തൻ ജപ്പാനിൽ യോഗയും ധ്യാനവും ഒക്കെ ആയി ചുമ്മാ നിരുപദ്രവി ആയി തുടങ്ങിയതാണ് ഓം ഷിൻരിക്യോ . അവസാനം ഭൂഗർഭ മെട്രോയിൽ സരിൻ എന്ന വിഷവാതകം കേറ്റി ആളുകളെ കൊല്ലാൻ ശ്രമിച്ച കേസിൽ കേന്ദ്രം പരിശോധിച്ചപ്പോൾ നാൽപതു ലക്ഷം ആളുകളെ കൊല്ലാൻ കെല്പുള്ള അത്രയും വിഷവാതകവും , ആന്ത്രാക്സ് മുതലായ കൊടും രോഗാണുക്കളുടെയും ശേഖരം ആണ് കണ്ടെത്തിയത് .

 

ആയിരക്കണക്കിന് മത വിഭാഗങ്ങളും രാഷ്ട്രീയ പാർട്ടികളും റോട്ടറി , ലയൺസ്‌ മുതലായ ക്ലബുകളും ലോകത്തുണ്ട് എന്ന് നമുക്കറിയാം . ആയിരക്കണക്കിന് ജീവിച്ചിരിക്കുന്ന വ്യക്തി അധിഷ്ഠിതമായ കൾട്ടുകളും ലോകത്തുണ്ട് .

 

എന്നാൽ എല്ലാ സംഘടനകളും കുഴപ്പക്കാരല്ല . പലതും അംഗങ്ങളുടെ ആത്മീയ ത്വരകളെ ശമിപ്പിക്കുന്നുണ്ട് . ലോകത്തിനു പല രീതിയിലും നന്മ ചെയ്യണം എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്നവയും ഉണ്ട് . സേവനം മുഖമുദ്ര ആക്കിയ കൾട്ടുകളും കുറവല്ല .

 

എന്നാൽ ചുരുക്കം ചില കൾട്ടുകൾ ശരിക്കും പ്രശ്നക്കാർ ആണ് .

 

മനഃശാസ്ത്ര , സാമൂഹ്യ ശാസ്ത്ര പരമായി പല വിദഗ്ദ്ധരുടെയും അഭിപ്രായം അനുസരിച്ചു സാധാരണ മതപരമായ മനുഷ്യ ത്വരയുടെ ഒരു തീവ്ര പ്രതിഫലനം ആണത്രേ ഇത്തരം കൾട്ടുകൾ .

 

ചില പൊതുവായ തത്വങ്ങൾ ഇവക്കുണ്ട് :

 

ഒരു ആത്മീയ ആചാര്യൻ , അഥവാ നേതാവ് . നേതാക്കൾ .

 

ലോക രക്ഷക്കുതകുന്ന ഒരു വിശ്വാസ പ്രമാണം .

 

മറ്റുള്ളവരെ തങ്ങളുടെ കൂടെ കൂട്ടി , ഈ വിശ്വാസത്തിലേക്ക് കൊണ്ട് വരുവാനുള്ള ബോധപൂർവവും അത്യധികം ആസ്രൂതിതവുമായ ശ്രമം .

 

വന്നവരെ പറയും പോലെ എന്തും അനുസരിപ്പിക്കാൻ പ്രാപ്തരാക്കുന്ന മനഃശാസ്ത്ര മുറകൾ (നിരന്തര ജോലി . നിരന്തര പ്രാർത്ഥന , മന്ത്രോച്ചാരണം , സ്തുതികൾ , ശിക്ഷാ മുറകൾ , പീഡനങ്ങൾ , സമൂഹ മസ്തിഷ്ക പ്രക്ഷാളനം , എന്നിവ പോലെ )

 

പലപ്പോഴും നമ്മൾ അല്ലാത്തവർ ഒക്കെ ശത്രുക്കൾ ആണെന്ന് വരുത്താനുള്ള ശ്രമം .

 

സ്വന്തം ഡ്രസ്സ് , ഭാഷ , പ്രത്യേകതകൾ എന്നിവ കൊണ്ട് മനഃപൂർവം പൊതു സമൂഹത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള ശ്രമം .

 

അംഗങ്ങളിൽ നിന്ന് ആവശ്യപ്പെടുന്ന വളരെ അധികമായ ത്യാഗം , ചോദ്യം ചെയ്യാൻ പാടില്ലാത്തതായ അനുസരണ .

 

ഇതിൽ ചിലതൊക്കെ പല സംഘടനകളിലും പൊതുവായി ഉള്ളതാണെങ്കിലും , നാട്ടിലെ നിയമങ്ങളോ , വ്യക്തി സ്വാതന്ത്ര്യങ്ങളോ മനുഷ്യാവകാശങ്ങളോ ലംഖിക്കപ്പെടുമ്പോൾ ആണ് ഒരു കൾട്ട് അപകട കാരി ആകുന്നത് .

 

എന്ത് കൊണ്ട് ആളുകൾ ഇവയിൽ ആകൃഷ്ടർ ആകുന്നു ?

 

ജീവിതത്തിനു അർത്ഥം വളരെ ലളിതമായി നൽകുന്നു എന്നതാണ് ഒരു പ്രധാന ആകർഷണം . നോക്കിഷ്ടാ – ഇങ്ങനെ ആണ് കാര്യങ്ങൾ . ഞാൻ പറയുന്നത് ചുമ്മാ കേൾക്കു – സ്വർഗം, നിർവാണം , രക്ഷ – അത് നേടാം .

 

വളരെ സങ്കീർണമാണ് ലോകം . അവിടെ ശരി തെറ്റുകൾ കേട്ട് പിണഞ്ഞു കിടക്കുന്നു . കൾട്ട് ലീഡർ പറയുന്നു :

കൺഫ്യൂഷൻ വേണ്ടാ . ഞാൻ പറയാം ശരിയേതാണെന്നും തെറ്റേതാണെന്നും .

 

വ്യക്ത്യാധിഷ്ഠിതമായ ലോകമാണിന്ന് . മനുഷ്യ സന്തോഷം കുറെ -സമൂഹം , സ്വജാതി , സ്വഗോത്രം എന്നിവയോടു അലിഞ്ഞിരിക്കുന്നു . പരിണാമപരമാണ് കാരണങ്ങൾ . ആധുനിക ലോകത്തു ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക്  സമൂഹം , സഹായം , സുരക്ഷിതത്വം , കൂട്ട് എന്നിവ വാഗ്ദാനം ചെയ്യുന്നു .

 

പലപ്പോഴും നിരുപദ്രവമായ ആനന്ദം തരുന്ന ഇവ , നേരത്തെ പറഞ്ഞ പോലെ അപകട കാരികൾ ആവാറുണ്ട് .

എന്തെങ്കിലും പ്രത്യേകം മാനസിക പ്രശ്നങ്ങൾ ഉള്ളവർ ആണോ ഇത്തരം കൾട്ടുകളിൽ ആകൃഷ്ടർ ആകുന്നത് ? അദ്‌ഭുതം എന്ന് പറയട്ടെ – അങ്ങനെ ഒന്നും ഇല്ല എന്നാണു പഠനങ്ങൾ കാണിക്കുന്നത് . പഠിപ്പുള്ളവർ , ഇല്ലാത്തവർ , വലിയവർ , ചെറിയവർ , ചെറുപ്പക്കാർ , വയസ്സന്മാർ എന്ന് വേണ്ട , ഒരു മാതിരി എല്ലാ ടൈപ്പ് ആളുകളും കൾട്ടുകളിലേക്ക് ആകര്ഷിക്കപ്പെട്ടേക്കാം . കൂട്ടുകാർ അംഗങ്ങൾ ആയാൽ ഇങ്ങനെ വരാം .

 

പക്ഷെ പൊതുവായി പറഞ്ഞാൽ ജീവിതത്തിൻറെ ഒരു വഴിത്തിരിവിൽ നിന്ന് അർഥം കണ്ടെത്താൻ , വഴി കണ്ടെത്താൻ തത്രപ്പെടുന്ന അവസരങ്ങളിൽ ആണത്രേ മിക്കവരും ഇവയിൽ ചെന്ന് പെടുന്നത് . വീട് വിടേണ്ടി വരുന്നത് , രോഗങ്ങൾ , ഉറ്റവരുടെ വിയോഗം , കടക്കെണി , തുടങ്ങി എന്തും ആവാം .

 

ചിലപ്പോൾ മാത്രം ചില കൾട്ടുകൾ മാത്രം ആണ് കുഴപ്പങ്ങൾ ഉണ്ടാക്കുന്നത് . അപ്പോഴേ പൊതു സമൂഹം ഇഡാ പെടേണ്ട ആവശ്യം വരുന്നുള്ളു :

 

സംഘബലം ഉപയോഗിച്ച് പൊതു നിയമ വാഴ്ചയെ വെല്ലുവിളിക്കുമ്പോൾ .

 

സാമ്പത്തിക ലാഭം ഉണ്ടാക്കാൻ നിയമേതര വഴികൾ തേടുമ്പോൾ .

 

അംഗങ്ങളെ സാമ്പത്തിക , ലൈംഗിക , തൊഴിൽ പരമായ ചൂഷണങ്ങൾക്ക് വിധേയർ ആക്കുമ്പോൾ . പലപ്പോഴും പഴയ കൂട്ടുകാർ , ബന്ധുക്കൾ എന്നിവരുമായുള്ള ബന്ധം വിടാനും മറ്റും കൾട്ടുകൾ അംഗംങ്ങളെ നിര്ബന്ധിക്കാർ ഉണ്ട് . ഇത് അവരെ ചൂഷണത്തിന് ഇരയാകാനുള്ള സാധ്യത കൂട്ടുന്നു .

 

ഓർക്കുക – മിക്ക സംഘടനകളും , ആത്മീയ , സേവന രംഗത്ത് പ്രവർത്തിക്കുന്ന ബഹുമാന്യത ഉള്ള , ഔദ്യോഗികത ഉള്ളവ ആണ് . മനുഷ്യർ ആയിരിക്കുന്നതിന്റെ ഒരു വർഗ സ്വഭാവമാണ് ഇവയിലൊക്കെ അംഗമാകുക എന്നത് . അത് കൊണ്ട് തന്നെ പ്രശ്നക്കാരായ സംഘങ്ങളെ മാത്രമേ കൾട്ടുകൾ എന്ന് വിശേഷിപ്പിക്കാൻ പറ്റൂ . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .