മുല ചരിത്രം – മനുഷ്യ മുലയുടെ ഷേപ്പ് ശരിയല്ല :

ഏതൊരു മനുഷ്യ സ്ത്രീക്കും അല്ലലില്ലാതെ എവിടെയും മുല കൊടുക്കാനുള്ള സൗകര്യം ഉണ്ടാവണം . അതിനു യാതൊരു സംശയവും ഇല്ല . അവരെ അലോസരപ്പെടുത്തുന്ന തരത്തിലുള്ള നോട്ടങ്ങൾ പോലും ഒരു തരം അശ്ലീലമാണ് .

ഈ ലേഖനം അതിനെ കുറിച്ചൊന്നും അല്ല . മുലയൂട്ടലിന്റെ പരിണാമ ചരിത്രം ചികയാലാണ്‌ ഈ എഴുത്തിന്റെ മുല …മൂല ഉദ്ദേശം . വേറെ ഒരു സംഭവവും ആയി ഇതിനു ബന്ധമില്ല . വിവരം ഉണ്ടാക്കണം എന്നുള്ളവർ വായിച്ചാൽ മതി . എന്തിനാണ് വിവരം ?

 

വിവരം ഇല്ലാത്തതിനെക്കാൾ നല്ലതാണല്ലോ , വിവരം ഉള്ളതിനേക്കാൾ ….. ദിതാണ് . അത്രേയുള്ളു .

 

പതിനെട്ടാം നൂറ്റാണ്ടിൽ കാൾ ലിന്നേയസ് എന്ന സ്വീഡിഷ് ഗഡി ആണ് ജീവികളെ ഗ്രൂപ്പുകൾ ആയി തരം തിരിച്ചത് . അന്നൊന്നും പരിണാമം എന്ന വാക്കേ ഉച്ചരിക്കാൻ പാടില്ല . ഇന്ന് ഡി ൻ എ ഒക്കെ നോക്കി ഓരോ ഗ്രൂപ് ജീവികളും പരിണാമ സ്രെണിയിൽ എവിടെ നിൽക്കുന്നു എന്ന് ഏകദേശം കൃത്യം ആയി പറയാൻ പറ്റും . ലിന്നേയസ് ചേട്ടന്റെ പല തരം തിരിവുകൾക്കും പല മാറ്റങ്ങളും വന്നു . എന്നാൽ പുള്ളി പറഞ്ഞ ഒരു സംഗതിക്ക് കാര്യമായ ഒരു മാറ്റവും വന്നിട്ടില്ല .

 

മുലകൾ ഉള്ള , കുട്ടികളെ മുലകളിൽ നിന്ന് പാൽ ഊട്ടുന്ന മൃഗങ്ങളെ ഒക്കെ അങ്ങോർ ‘മാമൽസ് ‘ എന്ന് വിളിച്ചു . മാമ്മ എന്നാൽ ലാറ്റിൻ ഭാഷയിൽ മുല . മുല ഉള്ളവർ മുല ജീവികൾ .

 

മുട്ട ഇടുന്ന മുല ജീവികൾ ഉണ്ട് – പ്ലേറ്റിപ്പസ് , എകിഡ്നാ എന്ന രണ്ടു ജീവികളെ ഈ ഗ്രൂപ്പിൽ ഇന്നുള്ളു .

 

സഞ്ചി മുല ജീവികൾ – കങ്കാരൂ , കൊവാല , തുടങ്ങി കുറെ ഉണ്ട് . വളരെ ചെറിയ വളർച്ച എത്താത്ത ജീവികളെ പ്രസവിച്ചു , ശരീര സഞ്ചികളിൽ ഇട്ടു വളർത്തുന്നു . സഞ്ചിയുടെ അകത്താണ് മുല .

 

സാദാ സസ്തനികൾ അഥവാ മുല ജീവികൾ – തിമിംഗലം , ഏലി , മാൻ , വവ്വാൽ , കുരങ്ങൻ , മനുഷ്യൻ . ഒക്കെ മുല ജീവികൾ ആണ് .

 

എന്നാണു മുലയുടെയും പാലിന്റെയും തുടക്കം ? ഈ വഴി തിരയുന്നത് രസകരം ആയിരിക്കും .

 

ഏകദേശം അമ്പതു കോടി വര്ഷങ്ങള്ക്കു മുൻപാണ് ജന്തുക്കൾ ആദ്യമായി കടലിൽ നിന്ന് കരയിലേക്ക് കേറുന്നത് . സസ്യങ്ങൾ കര കയറിയിട്ട് പല കോടി വർഷങ്ങൾ കഴിഞ്ഞിരുന്നു .

 

ആദ്യം വരുന്നത് ആറുകാലികളും പ്രാണികളും ആണ് . അട്ട , പാറ്റ , മുതലായ സാധനങ്ങളുടെ പൂർവികർ .

 

നമ്മുടെ ശ്രദ്ധ നട്ടെല്ലുള്ള ജീവികളിൽ ആണ് . അവരാണല്ലോ നമ്മുടെ ഗാങ് . മീനുകൾ നട്ടെല്ല് ഗാങ്ങിൽ പെട്ടതാണ് .

 

മീനുകളിൽ നിന്ന് ആദ്യകാല തവള സമാന ജീവികൾ ഉണ്ടായി .

തവള സമാന ജീവികൾ രണ്ടായി പിരിഞ്ഞു – ഇഴജീവികൾ , മുല ജീവികൾ .

ഇഴജീവികൾ – ദിനോസറുകൾ , മുതലകൾ , ആമകൾ , പല്ലികൾ , പാമ്പുകൾ — അങ്ങനെ പോയി . ദിനോസറുകൾ വംശനാശം വന്നെങ്കിലും , ചിലവ പിന്നീട് പക്ഷികൾ ആയി . ഇന്നത്തെ പക്ഷികൾ ഒക്കെ തെറാപ്പോഡ ദിനോസറുകളുടെ സന്തതി പരമ്പരകൾ ആണ് !

പ്ലീസ് നോട്ട് ദി പോയിന്റ് – ഇഴജീവികളും , പക്ഷികളും ഒക്കെ , മുട്ടകൾ ഉറച്ച തോടിൽ ആക്കി . വാട്ടർ പ്രൂഫ് . അവ പെട്ടന്ന് ഉണങ്ങി നശിച്ചു പോവില്ല .

 

എന്നാൽ , ആദ്യ കാല സസ്തനികളുടെ പൂർവികർ , മുട്ടകളിൽ മൊത്തം ചെറു സുഷിരങ്ങൾ കാത്തു സൂക്ഷിച്ചു . അവ ഉണങ്ങാതിരിക്കാൻ ശരീര സ്രവങ്ങൾ കൊണ്ട് അവയെ നനച്ചു . വിരിഞ്ഞ കുഞ്ഞുങ്ങൾ ഈ സ്രവങ്ങൾ ‘അമ്മ ശരീരത്തിൽ നിന്ന് നക്കി കുടിച്ചു .

 

ശരീര ശാസ്ത്ര പരമായി നോക്കിയാൽ , തൊലിയിലുള്ള എണ്ണ സ്രവിപ്പിക്കുന്ന സെബേഷ്യസ് ഗ്രന്ഥികളുടെ ഒരു വക ഭേദം ആണ് തൊലിയുടെ തൊട്ട് അടിയിൽ ഉള്ള മുല യിലെ പാൽ സ്രവിപ്പിക്കുന്ന ഗ്രന്ഥികൾ .

 

പിന്നെ ഡി ൻ എ ടാറ്റ – കസിൻ എന്ന പാൽ പ്രൊറ്റീനിന്റെ ജീൻ , വിറ്റില്ലോ ജെനിൻ എന്ന മുട്ട പ്രോട്ടീനിന്റെ ജീൻ എന്നിവയിൽ ഉണ്ടായ മാറ്റങ്ങൾ എന്നിവ ഒക്കെ ഇതിനെ ശരി വക്കുന്നു . ചില തവള കളും , തവള ജാതി ജീവികളും ഇപ്പോഴും മുട്ടകൾക്കും കുഞ്ഞുക്കൾക്കും വേണ്ടി തൊലി സ്രവങ്ങൾ ഉണ്ടാക്കാറുണ്ട് .

 

ഏറ്റവും കാതൽ ആയ കാര്യത്തിലേക്ക് നമ്മൾ വരുന്നതേ ഉള്ളു . മനുഷ്യരുടെ മുലകൾ നോക്ക് ? ഇവ എന്താണ് ഇങ്ങനെ ഇരിക്കുന്നത് ? എന്താണ് ഇവയുടെ ഉദ്ദേശം ? അല്ല , ഞാൻ അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കയാ .

 

സോറി – തെറ്റി ദ്ധരിക്കരുത് പ്ലീസ് , ഞാൻ പറയട്ടെ . അടി നിറുത്തു .

 

മിക്ക മുല ജീവികളുടെയും മുല നോക്ക് . ചെറിയ ഒരേറു പടക്കം മാതിരിയുള്ള ഒരു കുഞ്ഞു സാധനം . കുഞ്ഞിന് ചപ്പാൻ പാകത്തിനുള്ള നീണ്ടതും കൂർത്തതും ആയ നിപ്പിളുകൾ . നമ്മുടെ ഏറ്റവും അടുത്ത ബന്ധുക്കൾ ആയ ആൾക്കുരങ്ങുകളെ നോക്ക് . മുല ഊട്ടാത്ത സമയത് മുലകൾ കാണാനേ ഇല്ല . പാൽ ഊട്ടണ്ട സമയത് മാത്രം ഇച്ചിരെ വീർക്കും . എന്നാലും നീണ്ടു ചെറിയ പിരമിഡ് ആകൃതിയിൽ ആണ്.

 

നമ്മുടെ മുലകൾ നോക്ക് , വീർത്തു വലിയ പന്ത് പോലെ . പാൽ വേണ്ട സമയത്തും അല്ലാത്തപ്പോഴും ചീർത്തു വീർത്തു ഒരു മാതിരി ഇരിക്കും . പോരെങ്കിൽ കുഞ്ഞിനെ ഊട്ടാനും പാടാണ് . മൂക്കടഞ്ഞു കുഞ്ഞിന് ശ്വാസം മുട്ടും . ദുഷ്ട മുലകൾ ! ചിമ്പാൻസി യുടെ പോലെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു ?

 

ഇതെങ്ങനെ പറ്റി ? ഇതാലോചിക്കുമ്പോൾ ആണ് പുരുഷനിട്ടു രണ്ടു കൊടുക്കാൻ ഏതൊരു പെണ്ണിനും തോന്നാവുന്നത് . ഈസ്ട്രജൻ എന്ന മാതൃത്വ ഹോർമോൺ ആണ് മുലകൾ സ്ത്രീകളിൽ വികസിക്കാൻ കാരണം . വലിയ മുലകൾ ഉള്ള സ്ത്രീകളെ പുരുഷന്മാർ കൂടുതലായി തിരഞ്ഞെടുത്തത് കാരണം ആവണം , പരിണാമ വഴിയിൽ , മുലകൾ ഇങ്ങനെ ആയത് .

 

ഇതിന്റെ വെളിച്ചത്തിൽ ആണ് സ്ത്രീകളുടെ കലിപ്പ് പുരുഷന്മാർ മനസ്സിലാക്കേണ്ടത് . വേണ്ടാത്ത ഓരോ ഇഷ്ടങ്ങൾ കാരണം മുലകൾ ഈ പരുവത്തിൽ ആക്കിയതും പോരാ , അതിൽ തുറിച്ചു നോക്കുകയും ചെയ്യണം . ഡോണ്ട് ടു , ഡോണ്ട് ടു . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .