ചക്കരേ – തൽകാലം അത് മൂലക്കിരിക്കട്ടെ. എന്നാലും പ്രതീക്ഷ ഇല്ലാതില്ല .

സന്യാസികൾ കല്യാണം കഴിക്കാത്തത് മിക്ക മതങ്ങളിലും ഉണ്ട് . ദൈവത്തോട് മാത്രം വിധേയത്വം – അതാണ് അടിസ്ഥാന കാരണം . ഹിന്ദു , ബുദ്ധ  ജൈന സന്യാസികളുടെ കാര്യം നമുക്ക് അറിയാവുന്നതാണല്ലോ .

 

ക്രിസ്ത്യൻ പുരോഹിതരുടെ കാര്യം ആകെ കൺഫ്യൂഷനിലാണ് . ഇതിൽ എന്തിനു ആളുകൾക്ക് താല്പര്യം ഉണ്ടാവും എന്നെനിക്കറിയില്ല . എന്നാലും കൺഫ്യൂഷനുകൾ തീർക്കേണ്ടത് ആവശ്യം ആണല്ലോ . കുറഞ്ഞ പക്ഷം അച്ചന്മാരെ പ്രണയിക്കാൻ താല്പര്യമുള്ള പെണ്ണുങ്ങൾക്കെങ്കിലും ഉപകാരപ്പെടും .

 

തുടക്കത്തിൽ , അതായത് ഈശോ എന്ന യേശു വിന്റെ കാലത് , ഇങ്ങനെ ഒരു സംഭവമേ ഇല്ലായിരുന്നു . ഈശോയുടെ ശിഷ്യന്മാർ മിക്കവരും വിവാഹിതർ ആയിരുന്നു .

 

ഈശോ വിവാഹം കഴിച്ചിരുന്നോ ? ഇല്ല എന്നാണു എല്ലാ ക്രിസ്ത്യൻ സഭകളുടെയും തിയോളജി . എന്നാൽ ചില രസികൻ സാധ്യതകൾ തമസ്കരിച്ച ചരിത്രത്തിൽ ഒളിച്ചു കിടക്കുന്നു .

 

റോമിലെ കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രിസ്ത്യാനി ആയതിനു ശേഷം ആണ് റോമാ സാമ്രാജ്യത്തിന്റെ  മതം ക്രിസ്തവ മതം ആകുന്നത് . അന്നാണ് അത് വരെ ഉണ്ടായിട്ടുള്ള സുവിശേഷങ്ങളെയും രേഖകളെയും ക്രോഡീകരിച്ചു ഇന്നത്തെ പുതിയ നിയമം ഉണ്ടാക്കുന്നത് . കുറെ ഏറെ സുവിശേഷങ്ങൾ തമസ്കരിക്കപ്പെട്ടു ചവറ്റുകുട്ടയിൽ ഇട്ടു .

 

1930 ഈജിപ്തിലെ ഒരു സ്ഥലത്തു നിന്ന് ഡെഡ് സീ സ്‌ക്രോൾസ് (dead sea scrolls ) എന്ന് വിളിക്കുന്ന കുറെ പാപ്പിറസ് പുസ്തകങ്ങൾ കിട്ടി . കോൺസ്റ്റന്റൈൻ ന്റെ കാലത്തിനു മുൻപുള്ള വളരെ അധികം സുവിശേഷങ്ങൾ അതിലുണ്ട് ! ഉദാഹരണത്തിന് തോമസ്സിന്റെ സുവിശേഷം .

 

അത്ഭുതം എന്ന് പറയട്ടെ – മഗ്ദലനയിലെ മേരിയുടെ സുവിശേഷം എന്നൊരു സുവിശേഷവും അതിലുണ്ട് !

 

ഈ പഴയ സുവിശേഷങ്ങളെ ഗ്നോസ്റ്റിക് സുവിശേഷങ്ങൾ എന്ന് പറയുന്നു . (gnostic gospels).  ഇതിലൊന്നിൽ മേരി എപ്പോഴും ഈശോയുടെ കൂടെ ആണെന്നും , മറ്റുള്ള ശിഷ്യന്മാർ ഇതിൽ അസൂയാലുക്കൾ ആയിരുന്നു എന്നും എഴുതിയിട്ടുണ്ട് .

 

ഇപ്പോഴുള്ള സുവിശേഷങ്ങളിൽ പോലും , പല പ്രധാന ഭാഗത്തും മഗ്ദലന മേരി പ്രത്യക്ഷപ്പെടുന്നുണ്ട് . മാത്രമല്ല , ഉയിർത്തെഴുന്നേറ്റ യേശു ആദ്യം ദർശനം കൊടുത്തത് മേരിക്ക് ആണ് എന്ന് വളരെ വ്യക്തമായി എഴുതിയിട്ടുണ്ട് . പല ആദ്യകാല സഭാ എഴുത്തുകളിലും മേരി വേശ്യ ആയിരുന്നു എന്നൊക്കെ പറഞ്ഞു അവഹേളിച്ചിരുന്നു . പക്ഷെ ഈ മേരി അല്ല മഗ്ദലനയിലെ മേരി എന്നാണു ഇന്ന് വിദഗ്ധ മതം .

 

യേശുവിന്റെ മരണ ശേഷം ശിഷ്യന്മാർ ലോകത്തെ പല സ്ഥലങ്ങളിലേക്കും പ്രയാണം ചെയ്യുകയും അതിൽ മേരി തെക്കൻ  ഫ്രാൻസിലെത്തി അവിടെ ജീവിച്ചു എന്ന് പറയപ്പെടുന്നു . അവിടത്തെ ഒരു പള്ളി മഗ്ദലനയിലെ മേരി യുടെ പള്ളി ആയി അറിയപ്പെടുന്നു . അവിടെ മേരിയുടെ തലയോടും മറ്റും സൂക്ഷിച്ചിട്ടുള്ള ഒരു പെട്ടിയും ഉണ്ട് . ഇതാരും തുറന്നു കണ്ടിട്ടില്ല .

 

അവിടത്തെ മേരിയുടെ പ്രതിമ ആണ് ആദ്യ ചിത്രത്തിൽ .

 

അതെന്തായാലും സഭയുടെ ചരിത്രത്തിലെ ആദ്യത്തെ ആയിരം വര്ഷം അച്ചന്മാരും ബിഷപ്പുമാരും മാര്പാപ്പകൾ വരെ കല്യാണം കഴിച്ചിരുന്നു . 1200 AD യോട് കൂടി ആണ് കല്യാണം പാടില്ല എന്ന ഒരു സംഭവം വന്നത് .

 

എന്നാൽ ഈസ്റ്റേൺ സഭകൾ ആയ നമ്മുടെ മാർത്തോമാ , ജാക്കോബൈറ്റ് , ഓർത്തഡോൿസ് സഭകളിൽ വിവാഹിതർ ആയവർക്ക് പുരോഹിതർ ആവാം . ചരിത്രാതീത കാലം മുതൽ ഇന്ത്യയിൽ ഉണ്ടായിരുന്ന സുറിയാനി ക്രിസ്ത്യാനികളിൽ ഒറിജിനൽ ആളുകൾ ഇവർ ആയിരുന്നു . മാർപാപ്പ എന്നൊരാൾ റോമിൽ ഉണ്ടായത് കൂടി അറിയാതെ ഇവിടെ ജീവിച്ചിരുന്ന സുറിയാനി ക്രിസ്ത്യാനികളെ മാർപാപ്പയുടെ കീഴിൽ ആക്കാൻ നിർബന്ധിച്ചത് പോര്ടുഗീസുകാരാണ് .

 

എന്നാൽ പിന്നീട് കൂനൻ കുരിശു സത്യം എന്ന ഒരു ചരിത്ര പ്രധാന ശപഥം ചെയ്തു പോര്ടുഗീസുകാരോട് പോയി പണി നോക്കാൻ പറഞ്ഞവർ ആണ് ഇപ്പോഴുള്ള മാർത്തോമാ , ഓർത്തടോടോസ്, ജാക്കോബൈറ്റ് വിഭാഗങ്ങൾ . കുറെ പേര് , എന്റെ പൂർവികർ ഉൾപ്പെടെ , മാർപാപ്പയ്ക്ക് കീഴ്പെട്ടു സുറിയാനി കത്തോലിക്കർ എന്ന കൂട്ടർ ആയി തുടരുകയും ചെയ്തു .

 

അതായത് – ആദിമ സുറിയാനികൾ ആയ മാർത്തോമാ , ജാക്കോബൈറ്റ് , ഓർത്തഡോൿസ് ടീമുകൾക്കും , സി സ് ഐ , (പിന്നീട് വന്ന ബ്രിടീഷുകാരുടെയും മറ്റും കീഴിൽ ഉണ്ടായ സഭകൾ ), പെന്തകോസ്ത് പോലുള്ള കുറെ പുതു സഭകളിലും വിവാഹം കഴിഞ്ഞ അച്ചന്മാർ ഉണ്ടാവാം .

 

കത്തോലിക്കർക്ക് ആണ് പ്രധാന പ്രശ്നം . സുറിയാനി കത്തോലിക്കർ (പോർട്ടുഗീസുകാർ പറഞ്ഞത് കേട്ട് മാർപാപ്പയെ അംഗീകരിച്ചവർ ), ലാറ്റിൻ കത്തോലിക്കർ (പോര്ടുഗീസുകാരുടെ നിയന്ത്രണത്തിൽ ഉണ്ടായി വന്ന സഭ ) , ഇവയിൽ , അച്ചന്മാർക്ക് കല്യാണമേ പാടില്ല .

 

തമാശ അതല്ല – കത്തോലിക്കർ അല്ലെങ്കിലും , അച്ഛൻ ആയി കഴിഞ്ഞാൽ മറ്റേ ഈ ളോഹയിട്ട അച്ചന്മാർ ഉള്ള സഭകളിൽ ഒന്നും പിന്നീട് വിവാഹം കഴിക്കാൻ പാടില്ല . അതായത് നമ്മുടെ ചക്കര കുട്ടിക്ക് ആൾറെഡി അച്ചൻ ആയ ഒരാളെ കെട്ടാൻ ബുദ്ധിമുട്ടാണ് . ളോഹ ഊരിക്കണം .

 

എന്നാൽ , ആഫ്രിക്കയിലും മറ്റുമുള്ള ചില ഈസ്റ്റേൺ സഭകളിൽ കല്യാണം കഴിച്ച അച്ചന്മാർ ഇപ്പോഴുണ്ട് ! മാത്രമല്ല , പ്രൊട്ടസ്റ്റന്റ് സഭകളിൽ നിന്നും സഭ മാറി വരാം എന്ന് സമ്മതിച്ച ഒത്തിരി അച്ചന്മാരെ മാർപാപ്പ കത്തോലിക്കാ അച്ചന്മാർ ആക്കിയിട്ടുണ്ട് . അവരിൽ പലരും വിവാഹിതർ ആയിരുന്നു .

 

ഇപ്പോൾ കത്തോലിക്കാ സഭയിലും ചുരുക്കമായി വിവാഹിതർ ആയ അച്ചന്മാർ ഉണ്ട് , എന്നർത്ഥം .

 

അതായത് , ഈ വിവിവാഹിത അച്ചന്മാർ വേണ്ട എന്നുള്ളത് ഒരു ദൈവിക നിയമം ഒന്നുമല്ല . നമ്മുടെ പോപ്പ് ഫ്രാൻസിസ് വിചാരിച്ചാൽ മാറ്റാവുന്ന ഒരു പ്രശ്നമേ ഇവിടെ ഉള്ളു .

 

എന്നാലും തല്ക്കാലം ഹൃദയത്തിന്റെ വടക്കു കിഴക്കേ കോണിൽ കിടക്കട്ടെ .

 

എന്റെ തന്നെ ജീവിതത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് നമ്മുടെ ഹൃദയം വളരെ വിശാലം ആണെന്നതായാണ് . വടക്കു കിഴക്കു ഒരു ചെറിയ മൂല മാത്രം അല്ല ഹൃദയത്തിലുള്ളത് . ഒരായിരം മൂലകൾ ഇങ്ങനെ തേനീച്ചക്കൂടിന്റെ അറകൾ പോലെ നിരന്നു നിരന്നു കിടക്കുകയാണ് . നാലാം ക്ലാസ്സിലെ ബെഞ്ചിലിരുന്ന കുട്ടി , പഠിപ്പിച്ച ടീച്ചർ , പ്രീ ഡിഗ്രിയിൽ റ്റിയൂഷൻ ക്ലാസ്സിൽ ഉണ്ടായിരുന്ന മെലിഞ്ഞ സുന്ദരി , എം ബി ബി സ് കാലത്തെ വലിയ സുന്ദരി , എം സ് സമയത്തെ കറുത്ത സുന്ദരി ഒക്കെ ചില വലിയ അറകളിൽ ഒളിച്ചിരിക്കുമ്പോൾ , കുഞ്ഞു കുഞ്ഞു അറകളിലായി , അസംഖ്യം പേർ ഒരു ശല്യവുമില്ലാതെ ഉറങ്ങി കിടക്കുന്നു .

 

പക്ഷെ ഇതൊന്നും പിന്നെ വലിച്ചു പുറത്തിടാതെ നോക്കണം . ചക്കര കുടത്തിൽ കൈയിട്ട പോലെ അല്ല , തേനീച്ച കുത്തും . (ജിമ്മി മാത്യു )

 

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .