കാർഗോ കൾട്ട് ശാസ്ത്രം അഥവാ ചരക്കുമത ശാസ്ത്രം:

റാലി എന്നൊരാൾ ശാസ്ത്രത്തിനു വേണ്ടി വാദിക്കുന്നു എന്ന് കേട്ടു .” rally for science ” പോലും . ശാസ്ത്രത്തിനു വേണ്ടി വാദിക്കാൻ റാലി ഉണ്ട്; അയാൾ ആരായാലും .

 

കാർഗോ കൾട്ട് ശാസ്ത്രത്തെ പറ്റി പറയാൻ ആരുമില്ല . എന്നാൽ പിന്നെ ഞാൻ ആയിക്കളയാം . ചരക്കുമത ശാസ്ത്രം എന്ന് ഞാനിട്ട പേരാണ്. അതിനെ പറ്റി പറയണം എങ്കിൽ കാർഗോ കൾട്ട് എന്താണെന്ന് അറിയണം .

 

മെലനേഷ്യ എന്ന ഒരു ദ്വീപ സമൂഹം ഉണ്ട് – പസിഫിക് സമുദ്രത്തിൽ . അവിടെ പുറം ലോകം കണ്ടിട്ടില്ലാത്ത ചില പാവം ആദിവാസികൾ ജീവിച്ചിരുന്നു . മീൻ പിടിച്ചും , ചില്ലറ കൃഷി ഒക്കെ ചെയ്തും അവരവിടെ ഇങ്ങനെ ജീവിച്ചു പൊന്നു . ചിലപ്പോൾ ആടി , ചിലപ്പോൾ പാടി . ചിലപ്പോൾ അടി കൂടി . ആർക്കും വേണ്ടാത്ത ദ്വീപുകളിലേക്ക് സായിപ്പന്മാരൊന്നും അധികം വന്നില്ല . അത് കൊണ്ട് തന്നെ അവർ സന്തോഷമായി കഴിഞ്ഞു കൂടി . എന്താണ് ഫ്രൈഡ് ചിക്കൻ ? അവർക്കറിഞ്ഞു കൂടാ . എന്താണ് പഞ്ചസാര ? ആ . ജീൻസും ടീ ഷർട്ടും ഇട്ടൂടെ ? വേണ്ടാ – അതറിഞ്ഞിട്ടു വേണ്ടേ ഇടാൻ ?

 

എന്തിനു പറയുന്നു ? ബൈബിൾ എന്താണെന്ന് അറിയാത്ത കൊണ്ട് അവർ എങ്ങനെ ഉണ്ടായി എന്ന് പോലും അവർക്കറിയില്ല . ഏദൻ തോട്ടത്തെ പറ്റി അവർ കേട്ടിട്ടേ ഇല്ല . അത് കൊണ്ട് തന്നെ ഏദൻ തോട്ടത്തിൽ നിന്ന് ദൈവം നിഷ്കരുണം മനുഷ്യനെ ഓടിച്ചു വിട്ടത് അറിയാതെ അവർ ഏദൻ തോട്ടത്തിൽ തന്നെ ജീവിച്ചു .

 

ചില്ലറ അടി പിടികൾ അവർ കൂടിയിരുന്നു . എന്നാൽ ഒരു അതി ഭയങ്കര അടിപിടി കാരണം ആണ് അവർ പുറം ലോകത്തെ അറിഞ്ഞത് – രണ്ടാം ലോക മഹാ യുദ്ധം . ജപ്പാൻ പട്ടാളക്കാരാണ് ആദ്യമായി മെലനേഷ്യൻ ദ്വീപുകളിൽ എത്തിയത് . അതെ തുടർന്ന് മറ്റു ചില ദ്വീപുകളിൽ ബ്രിടീഷ് , അമേരിക്കൻ പട്ടാളക്കാരും വന്നു .

 

താവളങ്ങൾ ഇട്ടു . യുദ്ധ വിമാനങ്ങൾ ലാൻഡ് ചെയ്യാൻ ചെറു എയർ പോർട്ടുകളും റൺ വേ കളും സ്ഥാപിച്ചു . ചരക്കുകൾ ഇറക്കി . കാർഗോ എന്നാൽ ചരക്ക് . ആദി വാസികൾ അന്തം വിട്ടു കുന്തം മറിഞ്ഞു . സമാധാനക്കാർ ആയതിനാൽ അടി കൂടാൻ പോയില്ല . ആംഗ്യ ഭാഷയിൽ പട്ടാളക്കാർ എന്തൊക്കെയോ പറഞ്ഞു .

 

ആവുന്ന രീതിയിൽ ആദിവാസികൾ അവരെ സഹായിച്ചു . വിദേശികൾ ഏതോ അത്ഭുത ദേവന്മാർ ആണെന്നാണ് അവർ വിചാരിച്ചത് .

 

വിമാനങ്ങൾ പറന്നു വരുന്നു , ഇറങ്ങുന്നു . പട്ടാളക്കാർ തോക്കും പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും മാർച്ച് ചെയ്യുന്നു . ഗ്രൗണ്ട് കൺട്രോളർ മാർ ചെവിയിൽ എന്തോ കുന്തം വെച്ച് ആരോടോ സംസാരിക്കുന്നു . വിമാനം ഇറങ്ങിയ ഉടൻ പൈലറ്റുമാർ ചാടി ഇറങ്ങി ചെവിയിൽ കുന്തം വച്ചവരെ ഷേക്ക് ഹാൻഡ് ചെയ്യുന്നു . ചരക്കുകൾ അൺ ലോഡ് ചെയ്യുന്നു .

 

ടിന്നിൽ അടച്ച ഇറച്ചികൾ , മറ്റു തീറ്റികൾ . കുടിച്ചാൽ കിളി പോയി പറ്റു ആകുന്ന ദ്രാവകങ്ങൾ . പറ്റ് ആകാത്ത ജൂസുകൾ . പുതപ്പുകൾ , വസ്ത്രങ്ങൾ , പിന്നെ കത്തി , ആണി , ചുറ്റിക അങ്ങനെ വളരെ ഉപകാരമുള്ള വസ്തുക്കൾ വേറെ . കുറെ എണ്ണം ദൈവിക ജീവികൾ ആദിവാസികൾക്ക് കൊടുക്കും . അവർ ആനന്ദ നൃത്തം ആടിനാൻ …..ആടിനാൻ .

 

ആകെ മൊത്തം ജഗ പൊഗ .

 

പെട്ടന്ന് രണ്ടാം ലോക മഹാ യുദ്ധം അവസാനിക്കുന്നു . ദേവന്മാർ സ്ഥലം വിടുന്നു . ഐർപോർട്ടൊക്കെ പൊളിച്ചോണ്ടു പോകുന്നു . വിമാനം വരുന്നുമില്ല , പോകുന്നുമില്ല . ചരക്കോ – പൊടി പോലുമില്ല കണ്ടു പിടിക്കാൻ . ആദിവാസികൾ ബ്ലിങ്കസ്സ്യ എന്ന് നിൽക്കുന്നു . എന്താ ഇപ്പൊ ഇവിടെ ണ്ടായേ ?

 

പിന്നീട് പതുക്കെ ഈ ദ്വീപുകളിൽ പഠനത്തിനായി ചെന്ന ചില നര വംശ ശാസ്ത്രജ്ഞർ ആണ് ആ ഒരു മതം അവിടെ പ്രചാരത്തിൽ ഉള്ള വിവരം അറിഞ്ഞത് . അവർ അതിനെ കാർഗോ കൾട്ട് എന്ന് വിളിച്ചു – ചരക്ക് മതം .

 

അതായത് – ചില പ്രവാചകന്മാർ അവതരിച്ചിട്ടുണ്ട് . അവർ പറയുന്നു :

 

ദ്വീപു വാസികളെ , പേടിക്കണ്ട ….ദേവന്മാർ വീണ്ടും വരും . വയർ നിറക്കുന്ന ടിന്നുകളും , അടിച്ചു പിമ്പിരി ആകാൻ പറ്റിയ ദൈവീക പാനീയങ്ങളും ആയി വിമാനങ്ങൾ ഇറങ്ങും .

 

അതിനു വേണ്ടി ചിലർ പുല്ലു കൊണ്ടും , പട്ട കൊണ്ടും ഒക്കെ യൂണിഫോമും , ബൂട്സും , മരം കൊണ്ട് തോക്ക് പോലെ ഒക്കെ ഉണ്ടാക്കി നിഷ്കളങ്കർ ആയ ദ്വീപുവാസികൾ അങ്ങോട്ടും ഇങ്ങോട്ടും മാർച്ചു ചെയ്യുക ആണ് സുഹൃത്തുക്കളെ , ചെയ്യുക ആണ് . ചിലർ പാള കൊണ്ട് ഹെഡ് ഫോൺ പോലെ ഉണ്ടാക്കി ഇംഗ്ളീഷ് എന്ന് തോന്നിക്കുന്ന ജല്പനങ്ങൾ ഉരുവിടുകയാണ് , ഉരുവിടുകയാണ് .

 

പുല്ലു തെളിച്ചു റൺ വേ ഒക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട് , പാവങ്ങൾ .

 

പോരാഞ്ഞിട്ട് തെങ്ങിന്റെ ഓല ഒക്കെ വെട്ടി സിഗ്നൽ ടവറും ഉണ്ട് .

 

എന്നിട്ടും വിമാനോം വന്നില്ല , ജ്യോതീം വന്നില്ല ഒരു മണ്ണാങ്കട്ടേം വന്നില്ല .

 

വിമാനങ്ങൾ വരെ ഉണ്ടാക്കി വച്ച് നോക്കി.

 

ചരക്ക് തീരെ വരുന്നില്ല .

 

വിശ്വാസം വരുന്നില്ലെങ്കിൽ ലിങ്കിലെ ഫോട്ടോകൾ നോക്ക്.

 

ഇത് പോലാണ് ചില ശാസ്ത്രങ്ങൾ . ജ്യോതിഷം , പക്ഷി ശാസ്ത്രം , ഹസ്ത രേഖാ ശാസ്ത്രം , എന്ന് തുടങ്ങി, ഹോ! അതായത് ഹോ വച്ച് തുടങ്ങുന്ന ചില ചികിത്സ ശാസ്ത്രങ്ങൾ പോലും ഇതിന്റെ അടിയിൽ വരില്ലേ എന്ന് ചിലർ സംശയിക്കുന്നു .

 

പുല്ലു കൊണ്ട് ബൂട്സിട്ടാലോ , ശാസ്ത്രം പോലെ തോന്നിക്കുന്ന ഘടാ ഘടിയൻ വാക്കുകൾ ചേർത്ത ഭീകര വിശദീകരങ്ങൾ കാച്ചുന്ന പുസ്തകങ്ങൾ ഉണ്ടായാലോ ശാസ്ത്രം ആവില്ല .

 

വിമാനം ഇറങ്ങണമെങ്കിൽ അതിനു പുറകിൽ ഒരു വലിയ ലോകമുണ്ട് , ടെക്‌നോളജി ഉണ്ട് , ചരിത്രമുണ്ട് .

 

അത് മനസ്സിലാക്കണമെങ്കിൽ സെൻസ് വേണം , സെന്സിബിലിറ്റി വേണം , സെൻസ് ഓഫ് എന്തോക്കെയോ വേണം .

പാള കൊണ്ട് ഈയർ ഫോൺ വച്ച് ലാൻഡ് ചെയ്യൂ , ലാൻഡ് ചെയ്യൂ എന്ന് പറഞ്ഞാൽ ലാൻഡ് ചെയ്യില്ല (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .