ഞാൻ എങ്ങനെ ഉണ്ടായി ? എന്തിന് ?- ഒരദ്ഭുത ചരിത്രം : ഇതെങ്ങനെ ഒത്തിഷ്ടോ – ആന്ത്രോച്ചൻ പ്രിൻസിപ്പിൾ. ഛേ – ആന്ത്രോപിക് പ്രിൻസിപ്പിൾ :

നിങ്ങളും മോനും കൂടെ ആരോടും പറയാതെ , എങ്ങോട്ടെന്നില്ലാതെ ഒരു യാത്ര പോയി എന്ന് വിചാരിക്കുക . ജീവിക്കാൻ നിവർത്തിയില്ലാതെ നാട് വിടുകയാണ് എന്ന് വിചാരിച്ചോ . “ദുഷ്ടാ “- എന്നല്ലേ ? അതിന് ചുമ്മാ വിചാരിച്ചാ മതീഷ്‌ടോ .

കുറെ നടന്നപ്പോ അതാ ഒരു കാർ കിടക്കുന്നു ! ഒരാൾ വന്ന് കീ കയ്യിൽ വച്ച് തരുന്നു . “ഗോവാലകൃഷ്ണൻ അല്ലെ ? ഇന്നാ കാറെടുത്തോ . മുതലാളി പറഞ്ഞിട്ടാ .” എന്നിട്ട് അങ്ങേര് ഒരു പോക്ക് പോകുന്നു.

നിങ്ങൾ കാറിൽ ഇങ്ങനെ പോകുന്നു . ഇടയ്ക്കിടെ വഴിയിലെ ഹോട്ടലുകാർ കൈ കാണിച്ചു വണ്ടി നിർത്തുന്നു . ഭക്ഷണം തരുന്നു . കാശ് വാങ്ങുന്നില്ല .

രാത്രി ആവാറായി . അപ്പൊ അതാ ഒരു കിടിലൻ നഗരത്തിൽ എത്തുന്നു . വലിയ ഫ്ലെക്സ് ബോർഡ് – “ഗോവാലകൃഷ്ണനും കുഞ്ഞു രമേശനും      സ്വാഗതം !”.  കുറെ പേര് നിങ്ങളെ സ്വീകരിക്കുന്നു . വിശ്രമിക്കാനായി ഒരു വീട്ടിലേക്ക് കൊണ്ട് പോകുന്നു . വീട്ടിൽ ഏറ്റവും ഇഷ്ടപ്പെട്ട കപ്പയും കോഴിക്കറിയും മേശപ്പുറത്ത് ഇരിക്കുന്നു . രമേശന് ഏറ്റവും ഇഷ്ടം ഉള്ള ചോക്കലേറ്റ് ചിപ്സ് ഐസ് ക്രീം ഒരു കുഞ്ഞു ബക്കറ്റ് നിറച്ചും ഇരിക്കുന്നു .

ഈ കഥയിൽ എന്തെങ്കിലും പ്രശ്നമുണ്ടോ ? എന്തുട്ടോ ഒരു ഗഢുവ് മണക്കുന്നില്ലേ ? വിശദീകരിക്കാൻ പറ്റാത്ത എന്തോ ഒന്ന് ഈ സംഭവത്തിൽ  ഇല്ലേ ?

നമ്മൾ ഒക്കെ ഇപ്പൊ ജീവിച്ചു കൊണ്ടിരിക്കുന്നത് ഇങ്ങനത്തെ ഒരു കഥ ആണ് . മ്മ്‌ടെ കഥ ആണിത് .

“നമ്മൾ വരുന്നുണ്ടെന്ന് പ്രപഞ്ചം മുന്നിൽ കണ്ടിട്ടുണ്ടാവണം എന്ന് തന്നെ വിശ്വസിക്കേണ്ടി വരും ”

                                                         – ഫ്രീമാൻ ഡൈസൻ (പ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞൻ )

ഇപ്പൊ നമ്മൾ വ്യാപകമായി വിശ്വസിക്കുന്ന ഒരു പ്രാപഞ്ചിക മോഡലിൽ , നമ്മൾ മനുഷ്യന്മാർ , വെറും ഒരു ഇതാണ് . എന്താണ് ? ആദ്ധ്യാൽമികം ….ഛെ .

ങാ – ആകസ്മികം ആണ് . ജീവികൾ മൊത്തം . എങ്ങനെയോ ഉണ്ടായി . പരിണാമം വഴി ഇങ്ങനെ പലതായി . അവസാനം നമ്മളായി .

കാര്യം ശരിയാണ് . ഓരോ മെക്കാനിസവും നല്ല കലക്കനായി നമുക്ക് വിശദീകരിക്കാം . ശാസ്ത്ര നിയമങ്ങൾ കൊണ്ട് തന്നെ . ആവശ്യത്തിലധികം തെളിവുകളും ഉണ്ട് .

പക്ഷെ അധികം ആരും പറയാത്ത , അധികം ആരും അറിയാത്ത ഒരു ചിന്ന പ്രശ്നം ഉണ്ട് . ആന്ത്രോച്ചൻ പ്രിൻസിപ്പിൾ- സോറി- ആന്ത്രോപിക് പ്രിൻസിപ്പിൾ എന്നാണു ചിലർ അതിനെ വിളിക്കുന്നത് .

ആന്ത്രോപിക് പ്രിൻസിപ്പിൾ = ആൾ പ്രപഞ്ച പൊരുത്ത ചോദ്യം .

എന്താണ് ഈ ആൾ പ്രപഞ്ച പൊരുത്ത ചോദ്യം ?

അതായത് , നമ്മൾ മുൻപത്തെ അദ്ധ്യായങ്ങളിൽ കണ്ടതാണല്ലോ . പതിനാല് ബില്യൺ കൊല്ലങ്ങൾക്ക് മുൻപ് ഒരു ബിന്ദു ചടുപൂക്കൊന്ന് പൊട്ടിത്തെറിച്ചു . നക്ഷത്രങ്ങൾ ഉണ്ടായി . അവയുടെ ഉള്ളിലുള്ള ഉലയിൽ മൂലകങ്ങൾ ഉണ്ടായി . മാട , കോട . ഇതിനുള്ള തെളിവുകളും നമ്മൾ കണ്ടു . പക്ഷെ ഒരു പ്രധാന ചോദ്യം അവശേഷിക്കുന്നു :

ഇതൊക്കെ എങ്ങനെ ഒത്തിഷ്ടോ?

അതായത് ഉത്തമ .

ഈ പ്രപഞ്ച ഭൗതിക നിയമങ്ങൾക്കനുസരിച്ച് ആണല്ലോ ഈ കണ്ട നാടകങ്ങൾ ഒക്കെ ഉണ്ടായത് ?

ഈ നിയമങ്ങൾ , നമ്മൾ ജീവികൾക്ക് , അഥവാ ജീവന് അദ്‌ഭുതകരമാം വിധം പൊരുത്തം ഉള്ളവയാണ് !

– ഗുരുത്വകർഷണം ഇച്ചിരി കൂടി സ്ട്രോങ്ങ് ആണെന്ന് വിചാരിക്ക് . ബിഗ് ബാംഗ് കഴിഞ്ഞ ഉടൻ തന്നെ പ്രപഞ്ചം തിരിച്ചു ചുരുങ്ങിയേനെ ! പിന്നെ നമ്മൾ എങ്ങനെ ഉണ്ടാവും ? മാത്രമല്ല പിന്നീട് ഉണ്ടാവുന്ന നക്ഷത്രങ്ങൾ ഒക്കെ ഞൊടിയിടയിൽ കത്തി തീർന്നേനെ . അപ്പഴും നമ്മൾ മൂ …മൂ….. കാര്യം മനസ്സിലായില്ലേ ?

-എന്നാൽ ഗുരുത്വകര്ഷണം കുറച്ചൂടി ദുർബൽ ആണെന്ന് വിചാരിക്ക് . അപ്പോൾ ആറ്റങ്ങൾ കൂടി ചേർന്ന് നക്ഷത്രങ്ങളെ ഉണ്ടാവില്ലായിരുന്നു!

– ഇലക്ട്രോ മാഗ്നെറ്റിക് ബലം ഇച്ചരൂടെ സ്ട്രോങ്ങ് ആണെങ്കിലോ – ആറ്റങ്ങൾ തന്നെ ഉണ്ടാവുമായിരുന്നില്ല . ഇലക്ട്രോൺ ഒക്കെ പ്രോട്ടോണിൽ വീണു മൊത്തം ന്യൂട്രോണുകൾ മാത്രം ആയി മാറിയേനെ !

-വീക് ഫോഴ്‌സ് സ്വല്പം കൂടി സ്ട്രോങ്ങ്  ആയാൽ ഹീലിയം ഉണ്ടാവില്ല . അപ്പൊ കാർബണും ഉണ്ടാവില്ല . കാർബൺ ഇല്ലെങ്കിൽ ജീവൻ ഇല്ല

– എന്നാൽ വീക് ഫോഴ്‌സ് വീക് ആയാലോ – ഹൈഡ്രജൻ ഉണ്ടാവില്ല ! അപ്പൊ നക്ഷത്രങ്ങൾ ഇല്ല . കോപ്പ് . ഇതാകെ വള്ളിക്കെട്ടായല്ലോ .

– മൂന്നു ഹീലിയം ഒന്നിച്ചു ചേർന്നാണ് നക്ഷത്രങ്ങളുടെ ഉലയിൽ കാർബൺ ഉണ്ടാവുന്നത് . നമ്മൾ ജീവികളുടെ അടിസ്ഥാനം തന്നെ കാർബൺ ആണ് . പക്ഷെ ഈ റിയാക്ഷൻ ഉണ്ടാവണമെങ്കിൽ ക്വാണ്ടം തിയറിയിലെ എന്തോ ഒരു കുണാണ്ടറി വളരെ വളരെ കൃത്യം ആയിരിക്കണം . നിയമം കടുകിടെ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ നമ്മളില്ല ! ഫ്രെഡ് ഹോയ്ൽ എന്ന ഒരു ശാസ്ത്രജ്ഞൻ ആണ് ഇത് കണ്ടു പിടിച്ചത് .

“പ്രപഞ്ച നിയമങ്ങളിൽ ആരോ കാര്യമായി പണിഞ്ഞിട്ടുണ്ട് !” – ഫ്രെഡ് ഹോയ്ൽ .

ഇങ്ങനെ പറഞ്ഞാൽ തീരില്ല സുഹൃത്തുക്കളെ . വലിയ ഒരു പുസ്തകം എഴുതാൻ മാത്രം ഉള്ള അത്ര കാര്യങ്ങൾ ഉണ്ട് . ഫൈൻ ട്യൂണിങ് അഥവാ പ്രാപഞ്ചിക നിയമങ്ങടെ പൊരുത്തം – അങ്ങനെ കുറെ ഉണ്ട് .

ഇത് ഞങ്ങൾ ആരും കേട്ടിട്ടില്ലല്ലോ എന്നല്ലേ ? ചിലർ എങ്കിലും വിചാരിക്കുണ്ടാവും .

– ഇത് ശാസ്ത്രീയമായി സമീപിക്കാൻ കഴിയുന്ന ഒന്നല്ല . അങ്ങനെ വിചാരിക്കുന്ന ഒത്തിരി പേര് ഉണ്ട് . “അതങ്ങനാണ് . അത്രേയുള്ളു ” . കൂടുതൽ പറയാനില്ല .

പക്ഷെ എന്നാലും അതല്ലല്ലോ .

“അത് പിന്നെ , നമ്മൾ ഉണ്ടായാൽ അല്ലെ , ഇങ്ങനെ ഉള്ള ചോദ്യങ്ങൾ ചോദിയ്ക്കാൻ പറ്റൂ . അപ്പൊ അതാണ് അതിന്റെ വിശദീകരണം “

അതായത് , നമ്മൾ ഉണ്ടല്ലോ . അപ്പൊ നിയമങ്ങൾ നമുക്ക് അനുകൂലം ആയല്ലേ പറ്റൂ . ഏത് ?

ഛെ . അതെന്താണ് അങ്ങനെ ?

അത് പിന്നെ അല്ലെങ്കിൽ നമ്മളില്ലല്ലോ . പിന്നെ ചോദ്യങ്ങൾ ആര് ചോദിക്കും ?

ജഗദീഷ് , കൊച്ചിൻ ഹനീഫ സ്റ്റൈൽ .

ചുരുക്കം പറഞ്ഞാൽ , ജീവന് വേണ്ടി സൃഷ്ടിച്ചതാണ് എന്ന് തോന്നുമാറ് ഭൗതിക നിയമങ്ങൾ പൊരുത്തം ഉള്ളവയാണ് . ഇതാണ് ആന്ത്രോച്ചൻ പ്രിൻസിപ്പിൾ എന്ന ആൾ പ്രപഞ്ച പൊരുത്ത ചോദ്യം .

ഈ പ്രഹേളികക്ക് എന്തെങ്കിലും വിശദീകരണം ഉണ്ടോ ?

ഇല്ല . നേരത്തെ പറഞ്ഞവ ഒക്കെയേ ഉള്ളു . ഉടായിപ്പ് ഉത്തരങ്ങൾ . അല്ലെങ്കിൽ പിന്നെ ,   ഏതോ ഒരജ്ഞാത ശക്തി , ബ്രഹ്മം , ദൈവം , യൂണിവേഴ്സൽ കോൺഷ്യസ്നെസ്സ് എന്നൊക്കെ പറയേണ്ടി വരും . അതിനൊന്നും തെളിവ് ഇല്ലല്ലോ .

എന്നാൽ പുതിയതായി ഒരു വിശദീകരണം വന്നിട്ടുണ്ട് – മൾട്ടി വേർസ് . പലപ്രപഞ്ച സിദ്ധാന്തം . അത് പിന്നെ .

(ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .