ദൈവവും മതവും : മോരും മുതിരയും കുഴച്ചതാര് ? കിം ഹ്യോൻ ഹു എന്ന പാവം കൂട്ടക്കൊലയാളി

ദൈവത്തെ അത്യധികം സ്നേഹിക്കുന്നത് കൊണ്ടാണ് , ദൈവത്തെ സ്വന്തം യുക്തി കൊണ്ട് അന്വേഷിക്കുന്നതെന്നും , ദൈവ ദർശന വെളിപാടുകൾ അങ്ങനെ തന്നെ നിറവേറ്റുകയും ആണ് ഞാനെന്നും  പഴയ ഒരു എപ്പിഡോസിൽ വിനയ കുനാന്വിതനായി അറിയിച്ചത് നിങ്ങൾ ഓർമ്മിക്കുമല്ലോ . ഓര്മയില്ലേലും കുഴപ്പമില്ല , കാര്യം മനസിലാക്കിയാൽ മതി .

അതായത് , നമ്മൾ പലരും കേട്ടിട്ടുള്ള ഒരു ചൊല്ലാണ് , “നല്ല മനുഷ്യരെക്കൊണ്ട് ചീത്ത കാര്യങ്ങൾ ചെയ്യിക്കാൻ മതത്തെ കൊണ്ടേ പറ്റൂ’  എന്നത് . ഒറ്റ കേൾക്കലിൽ , ഈ തള്ളൽ – “അമ്പോ ശരിയാണല്ലോ ” എന്ന് നമ്മെക്കൊണ്ട് പറയിക്കും . എന്നാൽ ഇത് തെറ്റാണ് . ഒരു ചിന്ന ചരിത്ര സംഭവം വച്ച് ഞാൻ ഇത് തള്ളി അണ്ണാക്കിലോട്ട് വച്ച് തരാം . നിങ്ങൾ മിണ്ടാണ്ട് വിഴുങ്ങണം എന്നില്ല . നല്ലോണം തെറി പറഞ്ഞോളൂ . തെറി മാത്രമേ പറയാവൂ . ‘ഐ ഡബ്  യൂ’ എന്നു പറയുകയോ , തല്ലുകയോ ചെയ്യരുത് .

പണ്ട് പണ്ട് , 1962 ൽ , കിം ഹ്യോൻ ഹു എന്ന ഒരു പെൺകുഞ്ഞ് , ഡിം , എന്ന് പിറന്നു വീണു . ഉടനെ, ങ്ങേ , ങ്ങേ എന്ന് കരഞ്ഞു . അമ്മയുടെ പാൽ വലിച്ചു കുടിച്ചു . അപ്പന്റെയും അമ്മയുടെയും കണ്ണിൽ ഉണ്ണിയും ആയി .

ഇത്രേം ഒക്കെ നോർമൽ. സാധാരണ . പക്ഷെ , കുഞ്ഞു കിം ഹു , ആദ്യം പറഞ്ഞ വാചകം എന്താണെന്നറിയോ ?

“കിം ഇൽ സുങ് ന് സ്തുതി !, കിം ഇൽ സുങ് ന് സ്തുതി !”

“മ്മാ , പാല് …ച്ചാ …പാപ്പം ” എന്നൊക്കെ പറഞ്ഞു തുടക്കം കുറിച്ച നമ്മൾ എവിടെ കിടക്കുന്നു , കിം ഹു എവിടെ കിടക്കുന്നു ? എന്താണ് ഈ അപ്രതീക്ഷിത കുണാണ്ടരിഫികേഷന് കാരണം ?

അതായത് , പൊന്നു കുഞ്ഞന്മാരെ , കുഞ്ഞികളെ , മുതുക്ക മുതുക്കികളെ ;

കിം ഹു ജനിച്ചത് , നോർത്ത് കൊറിയയിൽ ആകുന്നു . നോർത്ത് കൊറിയ കിം ഇൽ സുങ് എന്ന മാല കാടൻ ഭരിക്കുന്നു . (അന്ന് ). അവിടത്തെ എല്ലാ പിള്ളേരും ആദ്യം പഠിക്കുന്നത് ഈ വാചകം ആകുന്നു . കിം ഇൽ സുങ്ങിന്റെ തറവാട്ട് സ്വത്ത് ആണ് നോർത്ത് കൊറിയ , എന്ന് കിം ഹു വിന്റെ അച്ഛനും അമ്മയും രാജ്യത്തിലെ പൗരന്മാരും പൗരികളും വിശ്വസിക്കുന്നു ; അഥവാ വിശ്വസിക്കുന്നതായി അഭിനയിക്കുന്നു . അഭിനയിച്ചില്ലെങ്കിലും കുഴപ്പമില്ല , ജീവൻ കാണില്ലെന്ന് മാത്രം .

മിടു മിടുക്കിയായിരുന്നു കിം ഹു . സ്‌കൂളിൽ ടോപ്പ് . എന്തൊക്കെയാണ് സ്‌കൂളിൽ പഠിപ്പിക്കുന്നത് ?

– നോർത്ത് കൊറിയ ആണ് ലോകത്തിലെ ഏറ്റവും കിടിലൻ രാജ്യം .

-നോർത്ത് കൊറിയ യിലെ ജനങ്ങൾ മാത്രമേ നന്നായി ജീവിക്കുന്നുള്ളു .

– ബാക്കി ലോകം മൊത്തം നരകമാണ് , നരകം . ജനങ്ങൾ കരച്ചിലും പല്ലുകടിയുമായി കഴിയുന്നു .

– അമേരിക്ക എന്ന നശിച്ച രാജ്യം മൊത്തം അടിമകൾ ആണ് .

– നമ്മുടെ മഹാ രാജ്യത്തിൻറെ ഭാഗം ആയിരുന്ന സൗത്ത് കൊറിയ യെ അടക്കി വച്ച് ഭരിക്കയാണി അമേരിക്ക .

– സൗത്ത് കൊറിയയിൽ പട്ടിണിയും പരിവട്ടവും ആണ് .

വച്ചടി വച്ചടി പഠിച്ചു കയറിയ കിം ഹു , സർക്കാർ ഇന്റലിജൻസ് സർവീസിൽ ചേർന്നു . ചെറിയ പ്രായത്തിലെ ട്രെയിനിങ് എന്ന് പറഞ്ഞു കൊണ്ടു പോയി . പിന്നെ കുടുംബത്തെ കാണാനേ പറ്റില്ല . മൊത്തം കരാട്ടെ , കുങ് ഫു , അങ്ങനെ ട്രെയിനിങ് ആണ് . ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരേ പോലുള്ള കഠിന പരിശീലനം ആണ് . തുല്യതയിൽ വിശ്വസിക്കുന്ന മഹാ ലിബറൽ , രാജ്യമാണ് നോർത്ത് കൊറിയ . ചിലപ്പോൾ ഇടി  കൊണ്ട് ,  വാരിയെല്ല് ഒക്കെ ഒടിഞ്ഞെന്നു വരാം . അതൊക്കെ നല്ലതിനാണ് . കിം ഹുവിനു അതറിയാം .

ഒരു ദിവസം , പത്തിരുപത്രണ്ട് വയസുള്ള കിം ഹുവിന് , നോർത്ത് കൊറിയൻ തലൈവൻ ആയ സാക്ഷാൽ കിം ഇൽ സുങ്ങിന്റെ ഒരു കത്ത് കിട്ടി . അതി പ്രധാനമായ ഒരു ദൗത്യം , കിം ഹുവിനെ ഏൽപ്പിക്കാൻ പോകുന്നു !

കിം ഹു സന്തോഷം കൊണ്ട് തുള്ളിച്ചാടി .

സംഭവം ഇത്രേ ഉള്ളു . സൗത്ത് കൊറിയയിൽ ഒളിംപിക്സ് നടക്കാൻ പോകുന്നു . അത് തടയണം .

സൗത്ത് കൊറിയൻ വിമാനത്തിൽ ചെറിയ ഒരു ബോംബ് വക്കണം – പത്തു മുന്നൂറ് നിരപരാധികളായ മനിഷ്യരെ കൊല്ലണം . അങ്ങനെ ചെയ്‌താൽ :

– ഒളിംപിക്സ് നടക്കില്ല .

– നോർത്ത് കൊറിയ ജയിക്കും .

– സൗത്ത് കൊറിയയും നോർത്ത് കൊറിയയും ഒന്നാകും – മഹത്തായ അഖണ്ഡ കൊറിയ!

– അഖണ്ഡ കൊറിയ ലോകം ഭരിക്കും .

സീ – നമ്മൾ മണ്ടന്മാർക്കും മണ്ടികൾക്കും പല സംശയങ്ങളും തോന്നാം .

-എന്ത് കൊണ്ട് ഒളിംപിക്സ് നടക്കില്ല ?

– നടന്നില്ലെങ്കിൽ തന്നെ , എങ്ങനെ ഈ അഖണ്ഡ കൊറിയ ഉണ്ടാകും ?

– എന്തുവാടെ , കിം ഇൽ അലവലാതി ; താൻ എന്നെ ഉസ്താൻ നോക്കുവാ ?

– ഏറ്റവും പ്രധാനം – തനിക്ക് വട്ടണ്ടാ ?

കിം ഹു വിനു ഒന്നും തോന്നിയില്ല . ഉഷാർ ആയി വേറൊരു ഏജന്റും ഒത്ത് , ബെൽഗ്രേഡിലേക്ക് പോയി . അവിടന്ന് വേറെ നോർത്ത് കൊറിയൻ ചാരന്മാർ കൊടുത്ത , ബോംമ്പുമായി കൊറിയൻ എയർ ലൈൻ 858 ൽ കയറി . സമയം 1987 .

ബോംബ് വിമാനത്തിൽ വച്ച് , അബുദാബിയിൽ വഴിയിൽ ഇറങ്ങി , ബഹ്റൈനിലേക്ക് പോയി . റിമോട്ട് ഉപയോഗിച്ച് ബോംബ് പൊട്ടിച്ചു . എല്ലാ യാത്രക്കാരും മരിച്ചു .

കിം ഹു സന്തോഷം കൊണ്ട് തുള്ളിച്ചാടി . ഏൽപ്പിച്ച പണി ചെയ്തു !!

ചെറിയ ഒരു പ്രശ്നം പറ്റി . പാസ്പോർട്ട് തിരിമറി കണ്ടു പിടിച്ച് , ബഹ്‌റൈൻ അധികൃതർ രണ്ടിനെയും പിടിച്ചു . കൂട്ടാളി സയനൈഡ് കഴിച്ചു മരിച്ചു . കിം ഹു ഗുളിക  വിഴുങ്ങാൻ നോക്കിയെങ്കിലും സാധിച്ചില്ല , പിടിക്കപ്പെട്ടു .

കിം ഹുവിനെ സൗത്ത് കൊറിയയിൽ കൊണ്ട് വന്നു . ഉദ്യോഗസ്ഥർ സൗത്ത് കൊറിയ മൊത്തം കിം ഹുവിനു  കാണിച്ചു കൊടുത്തു . എന്ത് നല്ല രാജ്യം ! എവിടെയും സംതോഷവും സമാധാനവും . എന്നാൽ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ കരയുന്നു .

കിം ഹു ഞെട്ടി പ്പോയി . ഇതാണോ ലോകം ? ഇതാണോ സൗത്ത് കൊറിയ ? ഇവർ എന്റെ സ്വന്തം ആളുകൾ പോലെ ഉണ്ടല്ലോ . ഞാൻ വിശ്വസിച്ചതെന്ത് , യാഥാർഥ്യം എന്ത് ?

ഞാൻ എന്ത് അക്രമം ആണ് ചെയ്തത് ?

കരച്ചിലോട് കരച്ചിൽ ആയി കിം ഹു . കുറ്റം സമ്മതിച്ചു . കിം ഹുവിനെ വധ ശിക്ഷക്ക് വിധിച്ചു .

എന്നാൽ , ഒരു വിചിത്ര വഴിത്തിരിവ് ഉണ്ടായി . കോടതി കേസ് പുനഃ പരിശോധിക്കുകയും , കിം ഹു എന്ന ചെറുപ്പക്കാരിയെ വെറുതെ വിടുകയും ചെയ്തു ! ജയിലിൽ പോലും ഇട്ടില്ല !!

“കുറ്റക്കാർ കിംഹുവിനെ തെറ്റിദ്ധരിപ്പിച്ച നോർത്ത് കൊറിയൻ സർക്കാർ ആണെന്ന് കോടതി വിധിച്ചു .

“എന്റെ മനസാക്ഷിയുടെ കണ്ണീർ ” എന്ന ഒരു പുസ്തകവും പിൽക്കാലത്ത് കിം ഹു  എഴുതി . അതിന്റെ ലാഭം വിമാന ബോംബിങ്ങിൽ മരിച്ചവരുടെ കുടുംബത്തിന് നൽകുകയും ചെയ്തു .

കിം ഹു ഒരു സൗത്ത് കൊറിയൻ സർക്കാർ ജോലിക്കാരനെ വിവാഹം ചെയ്ത് , അതീവ രഹസ്യമായ ഒരു ഇടത്തിൽ ഇന്നും താമസിക്കുന്നു . നോർത്ത് കൊറിയൻ ഇന്റലിജൻസ് അവരെ കൊല്ലാൻ നടക്കുകയാണ് .

“ഇപ്പോഴും ഇടയ്ക്കിടെ ഉറക്കത്തിൽ ഞാൻ ഞെട്ടി എണീക്കും . അപകടത്തിൽ മരിര്ക്കുന്നവരുടെ നിലവിളികൾ കേൾക്കുന്നത് പോലെ “- ഒരിക്കൽ അവർ പറഞ്ഞു .

എന്നാൽ നിങ്ങൾ ആലോചിച്ചു നോക്ക് – അവർ പിടിക്കപ്പെട്ടില്ലായിരുന്നു എങ്കിൽ , മനസാക്ഷിക്ക് ഒരു പൊടി കുത്തുപോലും ഇല്ലാതെ അവർ നോർത്ത് കൊറിയയിൽ വലിയ ആളായി ജീവിച്ചേനെ . എന്ത് വലിയ കാര്യമാണ് ഞാൻ ചെയ്തത് എന്നും വിചാരിച്ചേനെ .

– ഒളിംപിക്സ് നടന്നു .

– അഖണ്ഡ കൊറിയയും വന്നില്ല , ജ്യോതീം വന്നില്ല , ഒരു മണ്ണാങ്കട്ടേം വന്നില്ല .

– ഒരു ചുക്കും സംഭവിച്ചില്ല

ഇവിടെ ചില ചോദ്യങ്ങൾ അവശേഷിക്കുന്നു :

-കിം ഹു പാവമല്ലേ ?

-മതം ആണോ കിംഹുവിനെ കൊണ്ട് ഇതൊക്കെ ചെയ്യിച്ചത് ?

-ദൈവം ഇല്ലാതെ മതം പോലുള്ള സാമൂഹ്യ വ്യവസ്ഥിതികൾ ഉണ്ടാവമോ ?

– എന്താണ് ഇത്തരം കെട്ടുപാടുകളുടെ ചുറ്റുപാടുകൾ ?

എന്നാൽ ഞാൻ പറയട്ടെ – ദൈവം വേറെ , മതം വേറെ- അങ്ങനെ ആണോ ? സ്വതവേ ഉണ്ടായിരുന്ന ചില സാമൂഹിക പ്രത്യേകതകൾ ആദ്യം ഉണ്ടായി , ദൈവം എന്ന സങ്കല്പത്തെ ഇതിൽ കുഴച്ചു ചേർത്തതാണോ ?

ഇതിനെ പറ്റി കൂടുതൽ അറിയണം എന്നുണ്ടോ – പറയൂ , പറയൂ . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .