നമ്മുടെ മെട്രോയും പാവം കർഷകരും ഗർഭിണികളുടെ സെക്സും:

കർഷകർ വീണ്ടും വീണ്ടും ആത്മഹത്യ ചെയ്യുന്നു . കോൺഗ്രസ് ഭരിച്ചാലും സ്ഥിതി അത് തന്നെ ; ബി ജെ പി ഭരിച്ചാലും സ്ഥിതി വ്യത്യസ്തമല്ല . ദേ – പിന്നേം പിന്നേം …..ഇത് തന്നെ .

 

സാധാരണ മഴയാണ് വില്ലൻ . മഴ വന്നില്ല. വിള നശിച്ചു . എല്ലാം പോയി .

 

എന്നാൽ ഇപ്പോഴത്തെ പ്രശ്നങ്ങൾ നോക്ക് . ഒരുഗ്രൻ ബമ്പർ കാർഷിക വിളവ് ആയിരുന്നത്രേ ഈ വര്ഷം . അപ്പോൾ കാര്യം നന്നാവണ്ടേ ? എവിടെ ? ഇപ്പോൾ പറയുന്നത് ഇതാണ് – വിളവ് കൂടി – അതിനാൽ വില കുറഞ്ഞു . കുന്തം !

 

ചുരുക്കം പറഞ്ഞാൽ – വിളവ് നശിച്ചാലും കർഷകർ നശിച്ചു, വിളവ് കൂടിയാലും അവർ മ( )ഞ്ച് മിടായി തിന്നു . ഇവിടെ ആക്ചുഅലി എന്താണിഷ്ടാ സംഭവിക്കുന്നത് ?

 

ഇവരും നമ്മുടെ മെട്രോയും തമ്മിൽ എന്ത് ബന്ധം ?

ഇതിന്റെ ഉത്തരം ജാവ പോലെ സിംപിൾ ആണ് . ഒറീസയിലും ബീഹാറിലും യൂപീ യിലും കാർഷിക വൃത്തി ചെയ്യുന്ന കുടുംബങ്ങളിൽ നിന്നും ഗ്രാമീണ ചെറു കർഷക കുടുംബങ്ങളിൽ നിന്നും ഗതി കിട്ടാതെ ട്രെയിൻ പിടിച്ചു ജോലിക്കായി ഇവിടെ വരുന്ന പാവം ചെറുപ്പക്കാരാണ് മെട്രോ റെയിൽ പണി തീർത്തത് .

 

ഒരു കാര്യം വ്യക്തമാണ് . നമ്മുടെ നാട്ടിൽ ഏതു സർക്കാർ വന്നാലും കൃഷിയിലൂടെ, നമുക്ക് അന്നം തരുന്നവരുടെ കാര്യം കട്ടപ്പ – അല്ല , സോറി – കട്ടപ്പൊക . ഇതെന്തു കൊണ്ടായിരിക്കും ?

 

ഓരോരുത്തരുടെയും ഇഷ്ടമനുസരിച് നമുക്ക് തെറി പറഞ്ഞു കൊണ്ടേയിരിക്കാം . മോദിയെ പറയാം . രാജീവ് ഗാന്ധിയെ പറയാം . ഇന്ദിര ഗാന്ധിയെ പറയാം . കുറെ കൂടി പത്രം വായിച്ച പേരുകൾ കൂടുതൽ അറിയാവുന്നവർക്ക്  മൊണ്ടേക് സിംഗ് കോലുവാലിയയെയും , ധിരുഭായ് അംബാനിയെയും , ജെ ൻ യൂ വിലെ രാഷ്ട്ര ദ്രോഹികളെയും ലാവിഷ് ആയി തെറി പറയാം . വേറെ ചേതമൊന്നുമില്ലല്ലോ .

 

എന്നാലും ചുമ്മാ ഒന്ന് നോക്കിയാലോ , ചില കാര്യങ്ങൾ ?

 

മുൻപ് ഒരു പോസ്റ്റിൽ പറഞ്ഞതാണ് – 1947 ൽ നമുക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ 30 കോടി ജനങ്ങൾ ഉള്ളപ്പോൾ ഇപ്പോൾ ഉള്ളത് 130 കോടിയാണ് . അന്ന് മിക്കവരും പകുതി പട്ടിണി ആണെങ്കിൽ , ഇന്ന് കുറച്ചൊന്നു ശ്രദ്ധിച്ചാൽ എല്ലാവര്ക്കും മൃഷ്ടാന്നം കഴിക്കാൻ ഉള്ളത് ഉണ്ട്.. അതായത് – ഓരോ ഏക്കറിൽ നിന്നും ഉള്ള ഉത്പ്പാദനം വളരെ കൂടി . ആധുനിക കൃഷി രീതികൾ കൊണ്ട് തന്നെ ആണിത് . പക്ഷെ – നമ്മൾ വിചാരിക്കുന്നത്ര കൂടിയിട്ടില്ല . ഇനിയും കൂടാൻ സ്കോപ്പുണ്ട് .

 

അവിടെയാണ് പ്രശ്നം . എന്ത് പ്രശ്നം ? ആകെ കൺഫ്യൂഷൻ ആയല്ലേ ?

 

നമ്മൾക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ 80 ശതമാനം ആളുകളും കൃഷിയാണ് . മിക്കവരും ചെറുകിട കൃഷിക്കാർ . പലരും കാർഷിക തൊഴിലാളികൾ . കുറെ കുടി കിടപ്പുകാർ. വലിയ ഭീകര ജന്മികൾ കുറച്  ഉണ്ട് . മുഴവൻ രാജ്യ ഉത്പാദനത്തിന്റെ 52 ശതമാനം അന്ന് കൃഷി കൊണ്ടാണ് . ജന്മിത്തം ആണ് ഒരു പ്രധാന സാമൂഹ്യ വ്യവസ്ഥിതി.

രാജ്യത്തിൻറെ മൊത്തം ഉത്പാദനം പെട്ടന്ന് പറഞ്ഞാൽ മൂന്നായി തിരിക്കാം – കൃഷി

വ്യവസായം

മറ്റു സേവനങ്ങൾ

 

1947 – കൃഷി – ഉത്പ്പാദനം ആകെയുടെ  52 ശതമാനം – ഏർപ്പെട്ടിരിക്കുന്ന ആളുകൾ – 80 ശതമാനം . – ഇനിയാണ് പ്രശ്നം :

 

2016 – കൃഷി – 15 (!)മൊത്തം ഉത്പ്പാദനത്തിന്റെ  വെറും പതിനഞ്ച് ശതമാനം – ഏർപ്പെട്ടിരിക്കുന്ന ആളുകൾ – 60 – 70 ശതമാനം .

 

അത് കൃഷിയുടെ ഉത്പ്പാദനം കുറഞ്ഞതല്ല . ഉത്പാദനം വളരെ കൂടി . ജനപ്പെരുപ്പം ഉണ്ടായിട്ടു കൂടി എല്ലാവരെയും തീറ്റാൻ മാത്രം വർധിച്ചു. പക്ഷെ മാറ്റി വ്യവസായങ്ങളും സേവനങ്ങളും അതിനേക്കാൾ പതിന്മടങ്ങ് കൂടി . പക്ഷെ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾ 80 ശതമാനത്തിൽ നിന്നും 60 ശതമാനത്തോളം മാത്രമേ താണുള്ളൂ .

 

പച്ചക്ക് പറഞ്ഞാൽ ഇപ്പോൾ നമ്മുടെ രാജ്യത്തിലെ കാർഷിക മേഖലക്ക് ഒരു പതിനഞ്ച് – ഇരുപതു ശതമാനം ആളുകളെ താങ്ങാനുള്ള കെൽപ് മാത്രമേയുള്ളു . സങ്കടകരമായ സത്യം

 

എന്ത് കൊണ്ട് കൃഷിക്കാരുടെ കാര്യം പരിതാപകരമാകുന്നു എന്ന് മനസ്സിലായില്ലേ ?

 

ഒരു രാജ്യം വികസിക്കും തോറും കൃഷിയുടെ ഉദ്പാദന ക്ഷമത കൂടും . ആളുകൾ മറ്റു ഉത്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കുന്നതു  അതിനേക്കാൾ വളരെ കൂടും  . അതായത് , കൃഷിയുടെ തോത് കുറഞ്ഞു വരും . കൃഷിയെ ആശ്രയിച്ചു ജീവിക്കാൻ പറ്റുന്ന ആളുകളുടെ ശതമാനവും കുറഞ്ഞു വരും .

 

വിൿസിത രാജ്യങ്ങളും ചൈനയും ഒക്കെ ഇതേ സ്ഥിതിയിലുടെ കടന്നു പോയിട്ടുണ്ട് . അപ്പോൾ വ്യവസായങ്ങളും മറ്റു സേവന മേഖലകളും വളരെ വർധിക്കുമ്പോൾ ആ മേഖലകളിൽ ജോലിസാധ്യതകൾ കൂടും . പക്ഷെ വിദ്യാഭ്യാസവും ട്രെയിനിങ്ങും വേണ്ട ജോലികളാണ് കുറെ കൂടുന്നത് . നന്നായി വിദ്യാഭ്യാസമുള്ള , കൊടും ദാരിദ്ര്യത്തിന്റെ പിടിയിൽ അല്ലാത്ത , ശാക്തീകരിക്കപ്പെട്ട ഒരു തലമുറക്ക് ഈ സാധ്യതകൾ ഉപയോഗപ്പെടുത്താൻ പറ്റി . കൃഷി മേഖലയിൽ നിന്നും വളരെ ആളുകൾ മറ്റു ജോലികളിലേക്ക് തിരിഞ്ഞു . നഗരവൽകരണം വന്നു . ഗ്രാമങ്ങളിൽ നിന്ന് വൻതോതിൽ ആളുകൾ നഗരങ്ങളിലേക്ക് കുടിയേറി .

 

ഇതേ ചരിത്രത്തിന്റെ ഒഴിവാക്കാൻ പറ്റാത്ത ഡയനാമിക്സ് ആണ് നമ്മുടെ നാട്ടിലും വർക് ഔട്ട് ആവുന്നത് . പക്ഷെ നമ്മുടെ പാവങ്ങളെ വേണ്ട വിധം ശാക്തീകരിക്കാൻ നമുക്ക് സാധിച്ചിട്ടില്ല .

 

മിക്കവരും അന്തം വിട്ടു കുന്തം വിഴുങ്ങുന്ന ഒരു കണക്ക് ഇനി പറയാം . അമേരിക്കയുടെ കാര്യം ആണ് . സ്വയം വേണ്ട എല്ലാ ഫുഡും സ്വയം ഉണ്ടാക്കാൻ കെല്പുള്ള അത്ര കാർഷിക ഉദ്പാദനം ഉള്ള രാജ്യം ആണ് അമേരിക്ക . അത് കൂടാതെ ലോകം മുഴുവനും കൃഷി വിളകൾ കയിറ്റി അയക്കുകയും ചെയ്യുന്നു .

 

മൊത്തം അമേരിക്കൻ ഉത്പാദനത്തിൽ കൃഷിയുടെ പങ്ക് – 1  ശതമാനം (അതെ – മ്മടെ ഒന്ന് തന്നെ )

മൊത്തം അമേരിക്കയിൽ ശരിക്കും കൃഷി കൊണ്ട് മാത്രം

ജീവിക്കുന്നവർ – 1 .5 ശതമാനം (ഒന്നര ശതമാനം )

 

ഇതിൽ മിക്കവരും വലിയ യമണ്ടൻ കർഷകരാണ് . എല്ലാം മെക്കനൈസ്ഡ് ഫാർമിംഗ് ആണ് . ഉള്ള ചുരുക്കം പണിക്കാർക്ക് ഉഗ്രൻ കൂലി .

 

ഈ അമേരിക്കയുടെ അത് പോലെ തന്നെ ആകുമോ നമ്മുടെയും വികസനം ?

ധർമജൻ പറഞ്ഞത് പോലെ ആണ് ഉത്തരം നൽകാൻ പറ്റൂ – ‘ഏറെക്കുറെ ‘

 

അപ്പോൾ നമുക്ക് വേണമെങ്കിൽ ഒരു കാര്യം ചെയ്യാം . എല്ലാ ആധുനിക കൃഷിരീതികളെയും തോട്ടിൽ എറിയാം . ഉത്പാദനം കുറക്കാം . പഴേ അഗ്രേറിൻ എക്കോണമിയിലേക്ക് തിരിച്ചു പോകാം .

 

അപ്പോൾ പല പ്രശ്നങ്ങളുണ്ട് :

ഇത്രയും പേരെ തീറ്റി പോറ്റാൻ എല്ലാ വനങ്ങളും വെട്ടി കൃഷി ചെയ്യണം . വെള്ളം മൊത്തം പാഴാക്കണം . ഫുഡിന്റെ വില കുതിച്ചുയരും . പട്ടിണി കൂടും . മാത്രമല്ല – മറ്റു രാജ്യങ്ങളിൽ നിന്ന് വില കുറഞ്ഞ ഫുഡ് ഇങ്ങോട്ട് ഒഴുകാതിരിക്കാൻ ഭീകര പ്രൊട്ടെക്ഷനിസം ഇറക്കണം . മറ്റേ

രാജ്യങ്ങൾ പിണങ്ങും . W T O യും ഐ എം ഫ് ഉം ഒക്കെ നമ്മുടെ മേത് കേറി നിരങ്ങും .

 

മാത്രമല്ല ഗ്ലോബൽ മാർക്കറ്റിൽ നിന്ന് നമ്മൾ ഔട്ട് ആകും , ഐ ടി ഒക്കെ ഡിം . ഇൻഡിസ്ട്രിയും ഇലെക്ട്രോണിക്‌സും ഒക്കെ മൂക്കും കുത്തി വീഴും . അങ്ങനെ പ്രൊട്ടെക്ഷനിസം കളിച്ച ആരും ഗതി പിടിച്ചിട്ടില്ല – മാവോ യുടെ ചൈന , നോർത്ത് കൊറിയ , പഴേ അൽബേനിയ ഒക്കെ ഉദാഹരണങ്ങൾ .

 

അപ്പൊ എന്ത് ചെയ്യണം ?

 

സീ – ഇത് പണ്ടേ ചെയ്യണം ആയിരുന്നു . നമ്മുടെ ഇടയിലുള്ള സാമൂഹിക അന്തരവുകൾ , ജാതി വ്യത്യാസങ്ങൾ , ജന്മിത്തം , ഇതിനെ ഒക്കെ ഏകദേശം അങ്ങനെ നില നിർത്തി അതു  ചൂഷണം ചെയ്താണ് അവർ നമ്മളെ ഭരിച്ചത് . അവർ പോയ വഴിയേ ജന്മിത്തം ഉച്ചാടനം ചെയ്ത് ഭൂമി വീതിച്ചു കൊടുത്തു പാവപ്പെട്ട കുടിയാന്മാരെ ഇന്ത്യ മൊത്തം ഉദ്ധരിക്കണ്ടതായിരുന്നു . അങ്ങനെ ആണെങ്കിൽ .അവർ മിഡിൽ ക്ലാസ്സ് ആയേനെ . അവരുടെ മക്കൾ വിദ്യാഭ്യാസം നേടിയേനെ . അപ്പോൾ ജോലികൾ വ്യവസായത്തിലേക്കും ഐ ടി പോലുള്ള സേവന മേഖലകളിലും ആയി ഇക്കോണമി മാറുമ്പോൾ അതിനെ ഉപയോഗിക്കാൻ അവർക്ക് പറ്റിയേനെ . കേരളത്തിൽ (ഛീ , സോമാലിയ ) അതാണ് കുറെ സംഭവിച്ചത് .

 

അല്ല – വൈകിയിട്ടില്ല . പലതും ചെയ്യാം . അടിയന്തിരമായി കാര്ഷികവിളകളുടെ സംഭരണം , വിപണികളിൽ എത്തിക്കൽ , സംസ്കരണം , മുതലായവ കുറ്റമറ്റതാകണം . ഇപ്പോൾ വെസ്റ്റേജ് വളരെ കൂടുതൽ ആണ്.

 

നമ്മുടെ കർഷകർക്ക് അവരുടെ ഉത്പാദനത്തിന്റെ 20 ശതമാനമേ കൈയിൽ കിട്ടുന്നുള്ളു . ബാക്കി മധ്യ വർത്തികളും മറ്റും അടിച്ചെടുക്കുന്നു . വികസിത രാജ്യങ്ങളിൽ ഇതി 60 ശതമാനത്തോളമാണ് . അതായത് കാര്യക്ഷമതക്ക് സ്കോപ്പുണ്ട് .

 

പിന്നെ എത്രയും പെട്ടന്ന് നമ്മുടെ ഗ്രാമീണ കാർഷിക ജനതക്ക് അടിസ്ഥാന വിദ്യാഭ്യാസവും ചികിത്സയും നൽകണം . ഉയർന്ന വിദ്യാഭ്യാസവും ആത്മവിശ്വാസവും അടുത്ത തലമുറക്കെങ്കിലും കിട്ടണം . എന്നാലല്ലേ പുതിയ വ്യവസായ , സേവന മേഖല ജോലികൾ അടുത്ത തലമുറക്കെങ്കിലും പ്രാപ്യമാകൂ ?

 

അതായത് ഉത്തമ പുത്രന്മാരെ , പുത്രികളെ – ഇതൊന്നും റാഡിക്കലായുള്ള ഒരു ആശയമല്ല . നാട് നന്നാക്കാൻ നോക്കണം .

 

അതിനു പകരം കന്നുകാലി കച്ചവടം നിർത്തി ഒന്നോ രണ്ടോ പശുക്കളിൽ നിന്ന് ജീവൻ നില നിർത്തിയിരുന്ന കർഷകരുടെ കഞ്ഞികുടി മുട്ടിച്ചു നോട്ട് അസാധുവാക്കി കാർഷിക കച്ചവടത്തെ മുട്ട് കുതിച്ചു ഗർഭിണികളുടെ ലൈംഗിക ജീവിതത്തെ നിയന്ത്രിക്കുന്നതല്ല ഹീറോയിസം .

 

പിന്നെ എന്തും സാധിക്കുന്ന സ്ട്രോങ്ങ് സർക്കാർ അല്ലെ – പഴയ ഭൂ പരിഷ്കരണം ഒക്കെ വലിയ തോതിൽ നോർത്ത് ഇന്ത്യയിലും ഒക്കെ നടപ്പാക്കട്ടെ – അതല്ലേ ശരിക്കും ഹീറോയിസം ?

 

പിന്നെ ചുരുക്കി പറഞ്ഞാൽ – പണ്ടേ ദുർബല – ഇപ്പോൾ ഗർഭിണി – എന്ന് പറഞ്ഞത് പോലെയാണ്‌ നമ്മുടെ കൃഷിക്കാരുടെ കാര്യം .

 

കാമ , ക്രോധ , മാംസ , രതി വിരക്തി കൊണ്ടും നല്ല ചിന്തകൾ കൊണ്ടും മാത്രം നാട് നന്നാക്കാൻ പറ്റില്ല . ഗർഭിണികളും രക്ഷപ്പെടില്ല . നാട് നന്നായാൽ ഗർഭിണികൾ നന്നാവും . ജനിക്കുന്ന പിള്ളാരും നന്നാവും .
ഗോരക്ഷാ സേനകളാൽ അടിച്ചും ഒതുക്കിയും തീർക്കാവുന്നതല്ല നമ്മുടെ പ്രശ്നങ്ങൾ .

ഗോ രക്ഷാ ഈസ് നോ രക്ഷ .

ദീര്ഘവീക്ഷൻ ഈസ് ഔർ രക്ഷ .

ഇതിന്റെയൊക്കെ പിന്നാമ്പുറത്തു വേണ്ട കാര്യങ്ങളും നടക്കുന്നുണ്ടാവുമല്ലോ അല്ലെ ?

വിശ്വാസം – അതല്ലേ എല്ലാം ?

(ജിമ്മി മാത്യു )

 

 

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .