പോപ്പുകളുടെ മാപ്പുകൾ- മാപ്പ് നല്ലതാണ്

അതായത് സുഹൃത്തുക്കളെ. മാപ്പ് പറഞ്ഞിട്ടുള്ളവരെ, ഇല്ലാത്തവരെ-
ഒരു മാപ്പിനായി ദാഹിക്കുന്നവരേ, മാപ്പും കോപ്പും ഒന്നും പറയില്ലെന്ന് വാശി പിടിച്ചിട്ടുള്ളവരേ-

ആധുനിക മതങ്ങൾക്കിടയിൽ എന്തെങ്കിലും മേന്മ ക്രിസ്തു മതത്തിന് നടിക്കാനുണ്ടെങ്കിൽ അത്, പഴയകാല തെമ്മാടിത്തരങ്ങൾ പരസ്യമായി തിരുത്താൻ കുറെ ഒക്കെ തയ്യാറായിട്ടുണ്ട് എന്നതാണ്. അത് മാത്രമാണ്.

അതിന്റെ അടിസ്ഥാന കാരണം, ക്രിസ്തുമതവിശ്വാസം ഉണ്ടായ, വളർന്ന മണ്ണിൽ ശാസ്ത്ര, സാങ്കേതിക, ചിന്താ മണ്ഡലങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ മൂലം മാറാതെ നിവർത്തിയില്ലാതായി എന്നതും കൂടി ആണ്.

സിംപിൾ ആയി പറഞ്ഞാൽ, പഴയ മനോഭാവങ്ങൾ അതേ പടി വെച്ചോണ്ടിരുന്നാൽ- “പോടാ ഗ്രാസ്സ് ഏ, പോയി ജോബ് നോക്കു’ എന്ന് അവിടങ്ങളിലെ സാധാരണക്കാരൻ പറയും എന്ന ഒരു വികാരപരിസരം ഉരുത്തിരിഞ്ഞു വന്നു. അപ്പോഴാണ് ഇതേ മാറ്റങ്ങൾ മതത്തിനകത്ത് നടക്കുന്നത്.

ഇതേ മാറ്റങ്ങളുടെ അലയൊലികൾ മതനേതാക്കന്മാരുടെ മനസ്സുകളിലും അലയടിച്ചിരിക്കണം എന്ന് സമ്മതിക്കാം എന്ന് മാത്രം.

കത്തോലിക്കാ സഭ നോക്കിയാൽ, രണ്ടാം വത്തിക്കാൻ സൂനഹദോസ് ഒരു വഴിത്തിരിവ് ആയി കാണാം. അതവിടെ നിൽക്കട്ടെ.

നമുക്ക് മാപ്പുകൾ മാത്രം നോക്കാം. ലെറ്റ് അസ് ലുക്ക് അറ്റ് ദി മാപ്പ്സ്. ഒൺലി മാപ്പ്സ്.

ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആണ് മാപ്പുകൾ പറഞ്ഞു തുടങ്ങിയത്. തുടങ്ങിയെ പിന്നെ നിർത്താൻ പറ്റിട്ടേ ഇല്ല. ഒത്തിരി ഉണ്ടല്ലോ; അതാ. ഏകദേശം നൂറിൽ പരം കാര്യങ്ങൾക്ക് നൂറിൽ പരം അവസരങ്ങളിൽ അദ്ദേഹം മാപ്പ് പറഞ്ഞിട്ടുണ്ട് എന്ന് ചരിത്രം പറയുന്നു. ചില പ്രധാന നിമിഷങ്ങൾ:

  • ആഫ്രിക്കൻ അടിമ കച്ചവടത്തിൽ ഏർപ്പെട്ട എല്ലാ ക്രിസ്ത്യാനികൾക്ക് വേണ്ടിയും, അതിൽ ഇടപെടാതിരുന്ന സഭയ്ക്ക് വേണ്ടിയും- 1985ൽ മാപ്പ്.
  • പ്രൊട്ടസ്റ്റന്റുകളുമായുള്ള യുദ്ധങ്ങളെ പ്രതിയും അതിൽ അനേകരെ ചുട്ടു കൊന്നതിൽ പ്രതിയും- 1995, ചെക്കോസ്ലോവാക്യയിൽ വെച്ച്.
  • 1995 ൽ, “പെണ്ണുങ്ങൾക്കുള്ള എഴുത്ത്” എന്ന ലേഖനത്തിൽ-

“പെണ്ണുങ്ങളെ സമൂഹത്തിൽ ഒരരികിൽ ആക്കി. ചരിത്രത്തിൽ മൊത്തം അവരെ അടിമകൾ ആക്കി. പലപ്പോഴും സഭയും ഇതിനു കാരണമായിട്ടുണ്ട്. ഇതിന് ഞാൻ മാപ്പ് പറയുന്നു” – പോപ്പ് ജോൺ പോൾ 2.

  • പിന്നെ പലപ്പോഴായി, കുരിശു യുദ്ധങ്ങൾ നടത്തിയതിന്, നാസി ജർമനിയുടെ ജൂതകൂട്ടക്കൊലക്കെതിരെ ശരിക്ക് നിൽക്കാത്തതിന്, ജൂതന്മാരെ കൊന്നൊടുക്കിയതിനു, ഒക്കെ ഈ മാർപാപ്പ മാപ്പ് പറഞ്ഞിട്ടുണ്ട്.
  • നവംബർ 2001ൽ, ഈ മാർപാപ്പ ആദ്യത്തെ ഇ മെയിൽ അയച്ചു- കത്തോലിക്കാ സഭയിൽ ഉണ്ടായ ബാലപീഡനങ്ങൾക്ക്, ഓസ്‌ട്രേലിയൻ തദ്ദേശ വാസികളുടെ തലമുറകൾക്ക്, ചൈനീസ് മിഷനറിമാരുടെ താന്തോന്നി ത്തരത്തിനു ചൈനയോട്- മാപ്പ്.

സീ- ഇതൊന്നും ഞാൻ ചെയ്തതല്ല എന്ന സ്റ്റാൻഡ് എടുക്കാമായിരുന്നു. ഇതൊക്കെ ശത്രുക്കളുടെ കുപ്രചാരണമാണ്; ഇങ്ങനെ ഒന്നും ഉണ്ടായിട്ടില്ല എന്ന് ചരിത്ര തമസ്കരണം നടത്താമായിരുന്നു.

ഇതൊന്നും ചെയ്യാതെ, മാപ്പ് പറഞ്ഞു. അത് ഒരു വലിയ കാര്യം തന്നെ ആണ്.

2020 ജനുവരിയിൽ, ഒരു സ്ത്രീ, ഫ്രാൻസിസ് പപ്പയുടെ മേത്തു പിടിച്ചു വലിച്ച് അടുപ്പിക്കാൻ ശ്രമിച്ചു. അദ്ദേഹം അവരുടെ കയ്യിൽ അടിച്ചു ശാസിച്ചു. പിന്നീട് അതെ ദിവസം, അപ്പോൾ തന്നെ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു:

” മ്മളൊക്കെ മനുഷ്യർ അല്ലെ. ചിലപ്പോ ക്ഷമ നശിക്കും. ചെയ്തതിനു ഞാൻ മാപ്പ് ചോദിക്കുന്നു”

അത്രേ ഉള്ളു.

കാനഡയിലെ പ്രധാനമന്ത്രി ഇപ്പോഴത്തെ ഫ്രാൻസിസ് പോപ്പിനോട് മാപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. അവിടെ കത്തോലിക്കാ സഭ, അവിടത്തെ ആദിവാസി കുട്ടികൾക്കായി 1890 കൾ മുതൽ നടത്തിയ സ്‌കൂളുകളിൽ വലിയ തോതിൽ പീഡനങ്ങൾ നടന്നതായി ആക്ഷേപങ്ങൾ ഉണ്ട്. പലപ്പോഴും അവരെ മൃഗങ്ങളെ പോലെ കരുതി. സ്വന്തം ഭാഷ പറയുന്നതിൽ നിന്നും വിലക്കി. കൊടിയ ശിക്ഷണങ്ങൾ നടത്തി. ഒരു സ്‌കൂളിന്റെ അടിയിൽ ഇരുനൂറ്റമ്പതിൽ പരം കുട്ടികളുടെ ശവക്കല്ലറകൾ ആണ് റഡാർ ഉപയോഗിച്ച് കണ്ടെത്തിയത്.

പോപ്പ് ഫ്രാൻസിസ് ഇത് വരെ മാപ്പ് പറഞ്ഞിട്ടില്ല. ആർച്ച് ബിഷപ്പ് പറഞ്ഞിട്ടുണ്ട് കേട്ടോ.

അത്, പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാൽ, മാപ്പ് നല്ലതാണ്- അത് ഒന്ന്.

മതങ്ങളിലെ മൂല്യങ്ങൾ കാലാനുസൃതമായി മാനുഷികം ആവും; മാറും; മാറണം. ഒരു പുസ്തകവും മൂല്യസംഹിതയും അവസാനത്തെ വാക്കല്ല- രണ്ട്.

ദൈവം ഉണ്ടെങ്കിൽ, പുള്ളിയുടെ മനസിൽ എന്താണെന്നും മനുഷ്യരെ പറ്റി അങ്ങേർക്കുള്ള പ്രതീക്ഷകളെ പറ്റിയും ആർക്കും ഇത് വരെ അങ്ങ് ഫുൾ മനസിലായിട്ടില്ല. അങ്ങനെ മനസിലായി എന്ന് വിചാരിക്കുന്നത് ഒരു ഭീകര അഹങ്കാരവും പാപവും ആയിരിക്കും- മൂന്ന്.
(ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .