ബരണ ഗടന ചെത്തായിട്ട് മാത്രം കാര്യല്ല , ഗഡീ .

മ്മ്‌ടെ രാജ്യം ഇങ്ങനെ നിക്കുന്നത് നാല് കാലിൽ ആണല്ലോ . ത്രിതീയ ദൈവവും മ്മൾ ജനങ്ങളും .

നാൽക്കാലി രാജ്യം . പ്ലീസ് നോട്ട് . പശുവോ , മൃഗങ്ങളോ ഒന്നും അല്ല ഉദ്ദേശിച്ചത് .

ജനങ്ങളെ മാറ്റിയാൽ ബാക്കി ഉള്ളത് ത്രിതീയ ദൈവം :

പിതാവ് – മ്ബേദ്കർ കാരനോർടെ ബരണ ഗഡന .
പുത്രൻ – ഗാന്ധി അപ്പൂപ്പന്റെ മാനസ പുത്രൻ നെഹ്‌റുമ്മാൻ.
പരിശുദ്ധാത്മാവ് – കൊല്ലപ്പെട്ട ഗാന്ധി അപ്പൂപ്പന്റെ പ്രേതം .

പതിയെ പ്രേതവും നെഹ്‌റുമ്മാൻറെ നീണ്ട നിഴലും നമ്മെ വിട്ടു പോവുന്നതോടെ , മ്മക്ക് ഒരു വിചാരണ്ട്‌ :

  • അപ്പന്റെ വാക്കുകൾ ചാവൂല്ലല്ലോ ?! ഏത് ? ഭരണ ഘടന അവിടെ തന്നെ ഉണ്ടല്ലോ .

അത് നമ്മളെ ലച്ചിപ്പോം !!

വേണമെന്നില്ല.

അതായത് , ഉന്നത സംസ്കാര , അതി തീവ്ര രാജ്യസ്നേഹികളേ , വെറും ടാക്സ് മാത്രം കൊടുത്ത് , നിയമങ്ങൾ മാത്രം അനുസരിച്ച് , വാൽ സദാ ആട്ടാതെ മടക്കി വച്ച് നടക്കുന്ന സാദാ പൗരന്മാരെ :

നമുക്ക് പതിനെട്ട് വയസ്സ് ഉള്ളപ്പോൾ മ്മ്‌ടെ അപ്പൻ ചാവാൻ കിടക്കുക ആണെന്ന് വിചാരിക്കുക . ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ . അപ്പൻ കുറെ ഉപദേശങ്ങൾ തന്നിട്ട് മരിക്കുന്നു . ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ഉപദേശം . അതനുസരിച്ചേ നമ്മൾ ജീവിക്കു എന്ന് നമ്മൾ വിചാരിക്കുന്നു . ഉറച്ച തീരുമാനം !! സ്ട്രോങ്ങ് റെസൊല്യൂഷൻ .

നമ്മൾ ഇങ്ങനെ ജീവിച്ചു പോവുക ആണ് . പ്രശ്നങ്ങൾ വരുന്നു !

മൊബൈൽ ഫോൺ ആധാറുമായി ലിങ്ക് ചെയ്യാമോ ?
ഇന്റർനെറ്റ് എന്തിനൊക്കെ ഉപയോഗിക്കാം ?
വ്യാജ ഫോർവേർഡുകൾ എങ്ങനെ തിരിച്ചറിയാം ?
ഫേസ് ബുക്കിൽ എന്തൊക്കെ പോസ്റ്റാം ?
വാട്ട്സാപ്പിൽ ചാറ്റാൻ വരുന്ന സുന്ദരികളെ (സുന്ദരന്മാരെ) എങ്ങനെ ഡീൽ ചെയ്യണം ?

അപ്പൊ എന്തുട്ടാ ചെയ്യാ ? അപ്പൻ മരിക്കുമ്പോ മൊബൈലുമില്ല , നെറ്റുമില്ല , വാട്ടിയ ആപ്പുമില്ല . വാട്ടിയ കപ്പയും വാറ്റിയ ചാരായവുമേ ഉള്ളു . വാട്ടുകപ്പ നല്ല ടച്ചിങ്‌സ് ആണ് വാറ്റ് ചാരായത്തിന് എന്ന് അപ്പൻ പറഞ്ഞിട്ടുണ്ട് . കെണ്ടക്കി ഫ്രൈഡ് ചിക്കനും ഗ്ലെൻ ഫിഡിച്ച് സിംഗിൾ മാൾട്ടും കോമ്പിനേഷൻ ആണോന്ന് അപ്പൻ പറഞ്ഞിട്ടില്ല!

അതായത് , അപ്പന് ആകെ പറയാവുന്നത് :

“മോനെ, (മോളെ) – ആഴ്ചയിൽ രണ്ടെണ്ണം വേണേൽ വിട്ടോ . കൂടരുത് , കേട്ടോ ” – എന്നതാണ് .

അതിൽ തന്നെ പ്രശ്നങ്ങൾ ഉണ്ട് .

  • ഭാവിയിൽ കഞ്ചാവ് നിയമവിധേയം ആക്കിയേക്കാം . അപ്പൊ അത് അടിക്കാമോ ? എത്ര കേറ്റാം ?
  • ജോലി സമയത്ത് , ശുദ്ധ ഗാന്ധിയൻ ബോസുമായുള്ള മീറ്റിങ്ങിന് തൊട്ടു മുൻപാണ് രണ്ടെണ്ണം വീശുന്നതെങ്കിലോ ?- ലോ , ലോ ?

ചുരുക്കം പറഞ്ഞാൽ , സ്വന്തം വകതിരിവ് ഉപയോഗിക്കാതെ യാതൊരു രക്ഷയുമില്ല എന്നർത്ഥം .

ഇക്കാലത്ത് , ജനാധിപത്യങ്ങൾ മരിക്കുന്നത് വെടിയൊച്ചയോടെ ആവണമെന്നില്ല . ഒരു പ്രെസിഡന്റിന്റെയോ പ്രധാനമന്ത്രീയുടേയോ പ്രാണവെപ്രാളത്തിലുള്ള ആർത്തനാദം ആസ്ഥാന വസതിയിൽ മുഴങ്ങണം എന്നില്ല . ടാങ്കുകൾ തലസ്ഥാന നഗരിയിലെ റോഡുകളെ അലങ്കരിക്കണമെന്നും , പുതിയ ഒരു ചുള്ളൻ പതിനൊന്നു മീശയുമായി അലർച്ചയോടെ ടീ വീ സ്‌ക്രീനുകളിൽ പ്രത്യക്ഷപ്പെടണം എന്നുമില്ല .

കഴിഞ്ഞ പത്തു മുപ്പത് കൊല്ലമായി , ജനാധിപത്യങ്ങൾ മരിക്കുന്നത് തിരഞ്ഞെടുത്ത സർക്കാരുകൾ മൂലമാണ് . ഹ്യൂഗോ ചാവെസിനെ നോക്കു . ഒരു ജനാധിപത്യ രാജ്യം ആയിരുന്ന വെനിസുവേല , തനി ഏകാധിപത്യം ആയത് അവിടത്തെ ജനങ്ങൾ തന്നെ അറിഞ്ഞത് ഒരു രണ്ടു പതിറ്റാണ്ടു കൊണ്ടാണ് . റഷ്യ , ശ്രീലങ്ക , ടർക്കി , ഉക്രൈൻ, ഹാങ്കറി , പോളണ്ട് , അങ്ങനെ പട്ടിക നീളുന്നു . ആസനത്തിൽ ചെറു ചൂട് തട്ടി സുഖം പിടിച്ചിരിക്കുന്ന ജനങ്ങൾ , ആകെ മൊത്തം പൊള്ളി മരണാസന്നർ ആവുമ്പോൾ ആണ് കാര്യം തിരിച്ചറിയുന്നത് .

പലപ്പോഴും ഭരണഘടനയും , കോടതികളും , നിയമവ്യവസ്ഥയും ഉപയോഗിച്ച് , ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു, അഴിമതി തടയുന്നു എന്ന വ്യാജേന ഒക്കെ ആവാം അതിന്റെ തന്നെ കടക്കൽ കത്തി വയ്ക്കുന്നത് !

മാധ്യമങ്ങൾ ഒക്കെ സർക്കാർ വിമർശനം ഒക്കെ നടത്തുന്നുണ്ട് . ചില ആളുകൾ ഒച്ചയിടുന്നു – അതൊക്കെ നടക്കുന്നുണ്ടല്ലോ എന്ന് നമ്മൾ വിചാരിക്കുന്നു .

പതിയെ ചില മാധ്യമ കമ്പനികൾ പൊളിയുന്നു ; നിയമക്കുരുക്കിൽ പെടുന്നു . ചില ആളുകൾ അറസ്റ്റ് ചെയ്യപ്പെടുകയോ സാമ്പത്തിക , ക്രിമിനൽ കേസുകളിൽ പെടുകയോ ചെയ്യുന്നു .

പ്രധാന ഒരു ലക്ഷണം , സത്യവും അസത്യവും തമ്മിൽ തീരെ തിരിച്ചറിയാൻ പറ്റാതെ വരുന്നു എന്നുള്ളതാണ് .

2011 ലെ ഒരു സർവേയിൽ , ഭൂരിപക്ഷം വെനിസുവേലക്കാരും ജനാധിപത്യത്തെ ഉയർത്തി പിടിക്കുന്നതിൽ , സ്വന്തം സർക്കാരിന് , പത്തിൽ എട്ട് മാർക്ക് കൊടുത്തു !! ബാക്കി ലോകം മൊത്തം വെനിസുവേലയിലെ ജനാധിപത്യത്തെ അപ്പോഴേക്കും തള്ളി കളഞ്ഞിരുന്നു , എന്നോർക്കണം .

നല്ല ഭരണ ഘടന ഉണ്ടായിട്ട് മാത്രം കാര്യമൊന്നുമില്ല .

  • 1919 ലെ ജർമൻ വെയ്മർ റിപ്പബ്ലിക് ഭരണ ഘടന നല്ല സൂപ്പർ ആയിരുന്നു , ഷ്ടോ . എന്നിട്ടോ ? വേറെ പ്രശ്നം ഒന്നുമില്ല . ഒരു പതിനൊന്നു മീശക്കാരൻ ഗഡി ഏകാധിപതി ആയി . അത്രേള്ളു . എച് ഐ ടി ടി ൽ ഇ ആർ .
  • സൗത്ത് അമേരിക്കയിലെ മിക്ക ഭരണഘടനകളും യു എസ് എ യിലെ പോലെ തന്നാണ് . എന്നിട്ട് എന്തുട്ട് സ്ടീമെഡ് റൈസ് പൗഡർ കെയിക്ക ഉണ്ടായേ ?
  • ഫിലിപ്പൈൻസിന്റെ യു എസ എ ടെ പോലെ തന്നെ ഉള്ള ഭരണ ഘടന ഒക്കെ 1972 ൽ ഫെർഡിനൻറ് മാർക്കോസ് എന്തുട്ടാ ചെയ്തേ ? അല്ല ഞാൻ ചോദിക്കയാണ് , എന്തുട്ടാ ചെയ്തേ ?
  • എന്തിന് . നമുക്ക് ഏറ്റവും പ്രിയപ്പെട്ട പാകിസ്ഥാൻ ഭരണഘടനാ . എന്തുട്ടാ ഡെമോക്രസി ! എന്തുട്ടാ ന്യൂനപക്ഷ സ്നേഹം ! എന്നിട്ട് ന്തുട്ട ണ്ടായേ ?

അതായത് , ചില ജനാധിപത്യ മര്യാദകളോട് നല്ല കൂറ് വേണം . ജനങ്ങൾക്കും , രാഷ്ട്രീയക്കാർക്കും . അത് പാലിക്കാത്തവരെ , നിഷ്കരുണം തള്ളാൻ ജനങ്ങൾക്കും പറ്റണം , പാർട്ടികൾക്കും പറ്റണം .

പാവം മ്ബേദ്കറേട്ടൻ , കോടതി എങ്ങനെ ഇരിക്കണം . ചീഫ് ജസ്റ്റീസ് എങ്ങനെ കിടക്കണം , എലെക്ഷൻ കമ്മീഷൻ എങ്ങനെ ചെരക്കണം എന്നൊക്കെ എഴുതി വച്ച് . പക്ഷേ റിസേർവ് ബാങ്ക് എന്ത് ചെയ്യണം ?

ആ . എഴുതിയില്ല . സെൻട്രൽ ബാങ്ക് ഓട്ടോണമി പിന്നെ മാത്രം വന്ന ഒരാശയമാണ് !

ചോദ്യങ്ങൾ പിന്നെയും ഇങ്ങനെ പൊങ്ങി വരും – സംഭവാമി യുഗേ യുഗേ :

-എൻഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് എന്ത് ചെയ്യണം ?

  • സി ബി യഅയ്ക്ക് എന്തോരും വാൽ ആട്ടാം ?
  • കോടതിക്ക് , മേൽപറഞ്ഞ അവയവം എന്തോരും ചലിപ്പിക്കാം ?
  • അർണാബ് ഗോസ്വാമിയെ എന്തോരും സുഖിപ്പിക്കാം ?

അപ്പൊ നമുക്ക് നമ്മുടെ വിവേക വിരിമാറ് കാണിക്കേണ്ടി വരും . പക്ഷെ പലപ്പോഴും മനഃസാക്ഷി അണ്ടർ ഗ്രൗണ്ടിൽ ആയിരിക്കും . നമുക്കും വേണല്ലോ തല . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .