ഞാൻ കാരണം ഉണ്ടായ ഹവായി രക്തസാക്ഷികൾ :

അങ്ങനെ ആറാം ക്ലാസ്സിൽ ആണ് തൃശൂർ മോഡൽ ബോയ്സ് ഹൈ സ്‌കൂളിൽ വന്നു ലാൻഡ് ചെയ്യുന്നത് .

അത് വരെ അഞ്ചു സ്‌കൂളുകളിൽ പഠിച്ചിട്ടുണ്ട് . അതിൽ രണ്ടാം ക്ലാസ്സിൽ മാത്രമേ സർക്കാർ സ്‌കൂളിൽ (കൊട്ടാരക്കര ൽ പി സ്‌കൂൾ ) പഠിച്ചിട്ടുള്ളു .

ൽ പി സ്‌കൂൾ ആയതോണ്ട് ആണെന്ന് തോന്നുന്നു , അന്നവിടെ സമരം ഉണ്ടായിരുന്നില്ല . കുറച്ചു ബിസ്കറ്റ് പെറുക്കൽ , ഞൊണ്ടി കാലിൽ ഓട്ടം , തുടങ്ങിയ കലാ പരിപാടികൾ മാത്രമേ ഓർമ ഉള്ളു.

എന്നാൽ മോഡൽ സ്‌കൂൾ ആയപ്പോഴേക്കും കഥ ഒരു മാതിരി കംപ്ലീറ്റ് മാറി . രാവിലെ എണീക്കുമ്പോഴേ  “ഇന്ന് സമരം ണ്ടാവോ ?” എന്ന ചോദ്യം മനതാരിൽ ഉരുവിട്ട് കൊണ്ടാണ് മുഖം കഴുകുന്നത് തന്നെ . ധൃതിയിൽ ചെയ്യുന്നതാണ് കണക്ക് ഹോംവർക്ക് . പലപ്പോഴും രാവിലെ യെ  അത് ചെയ്യൂ . മുട്ടുമ്പോൾ പറമ്പ് അന്വേഷിക്കണം എന്നാണല്ലോ ആപ്തവാക്യം തന്നെ .

ചിലപ്പോൾ നമുക്ക് പെട്ടന്ന് തോന്നും – ഇന്ന് സമരമുണ്ട് !! ഒരു തോന്നൽ . തോന്നൽ – അതാണല്ലോ എല്ലാം . ‘പെർസെപ്‌ഷൻ ഈസ് എവെരിതിങ്’ എന്ന് ഇംഗ്ളീഷിൽ പറയും .

“ഇന്ന് സാമ്രണ്ടാടാ ? ഇന്ന് ഇണ്ടാടാ സാംരം ?” ഇങ്ങനെ ചോദിച്ചോണ്ട് നമ്മൾ ഇരിക്കും . കണക്ക് രണ്ടാമത്തെ പീരിയഡ് ആണ് . ആദ്യത്തെ പീരിയഡ് കുഴപ്പം ഇല്ലാതെ പോകും . രണ്ടാം പീരിയഡ് ആകുമ്പോഴേക്കും ഒരു ഇരപ്പ് ഇങ്ങനെ കേൾക്കും . ഹോ – ഇപ്പോഴത്തെ ഈ ബി ജെ എം എന്ന് പറയുന്ന സാധനം ഒന്നുമല്ല . അതിനെ ഒക്കെ തോപ്പിക്കുന്ന ഒരു അടാർ  മ്യൂസിക്ക് ആവേശത്തോടെ ഞങ്ങടെ കുഞ്ഞു ഹൃദയങ്ങളിൽ, ക്രിക്കറ്റ് ബാറ്റിൽ ടെന്നീസ് ബോള് കൊള്ളുന്ന ഇമ്പത്തോടെ പ്രവഹിക്കും . പിന്നെ ഒരു അലർച്ചയാണ് :

“ദേ – സമരം വന്നിസ്റ്റോ!”

ദേ – ഇപ്പോഴും ആലോചിക്കുമ്പോ രോമാഞ്ചം –   കണ്ടാ , കണ്ടാ . ഒക്കെ എഴുന്നേറ്റ് അങ്ങനെ നിക്കയാണ് -രോമേ- ജനഗണമന പാടിയ പോലെ .

ഒരു സ്ഥിരം കാണുന്ന കാര്യത്തോടുള്ള ബോറടിയോടെ , നിസ്സംഗതയോടെ , മാഷ് , അല്ലെങ്കിൽ ടീച്ചർ , എഴുന്നേറ്റ് ഒരു പോക്കാണ് .

നമ്മളും പോക്കാണ്.

 – ഐ മീൻ – ഇറങ്ങി ഒരോട്ടമാണ് . അലർച്ച , ആരവം . ഓളി , ഓളി ബഹളം .

സാധ്യതകൾ ഇഷ്ടം പോലുണ്ടല്ലോ . ഓട്ടപ്രാന്തി എന്ന ഓടിപ്പിടുത്തം , ഗോലി കളി , ക്രിക്കറ്റ് , തുണിപ്പന്ത് കളി , അങ്ങനെ പല സംഭവങ്ങളും അരങ്ങു കൊഴുപ്പിക്കാനായി ഉണ്ട് . പക്ഷെ അതിനു മുൻപ് ചില ജോലികൾ ഉണ്ട് ! നമുക്കും ഇല്ലേ ചില ഉത്തരവാദിത്തങ്ങൾ ?

ഉണ്ട് , ഉണ്ട് .

ഇബടെ നോക്ക് – രണ്ടേ രണ്ടു പാർട്ടിയെ സ്‌കൂളിൽ ഉള്ളു . ഒന്ന് എസ് , എപ് , ഐ . രണ്ട് കെ എസ് യു . രണ്ടിന്റെയും നേതാക്കൾ ഒൻപതിലോ , മിക്കവാറും പത്തിലോ പഠിക്കുന്ന ഏതെങ്കിലും ഒരുത്തൻ  ആയിരിക്കും . പത്ത് വരെ അല്ലെ ഉള്ളു . അന്ന് ബാക്കി ഒക്കെ പ്രീ ഡിഗ്രി അല്ലെ , പ്രീ ഡിഗ്രി .

എന്നാലും നേതാക്കൾക്ക് മിക്കവർക്കും മീശ കാണും , താടി കാണും , പിന്നെ ബൈസെപ്‌സ് കാണും , ബൈസെപ്സ് . അന്നൊക്കെ ഈ ത്രീ പാക്ക് ഇല്ല . കാണുമായിരുന്നിരിക്കും , പക്ഷെ ആ പേര് ഇല്ല . ഒന്നും രണ്ടും മൂന്നും തവണ തോറ്റ് കിടക്കുന്നവർ ആയിരിക്കും .

ഏതെങ്കിലും ഒരു ദിവസം സമരം ചെയ്യണം എന്ന് എങ്ങനെ , എവിടെ നിന്നാണ്  സിഗ്നൽ കിട്ടുന്നത് എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് . ഉണ്ടിരിക്കുമ്പോൾ വിളി വരുന്നതാണോ ? അതോ വേറെ എവിടെ നിന്നെങ്കിലും വിളി വരുന്നതാണോ ?

എന്തായാലും , ഈ നേതാക്കൾ ആരെങ്കിലും ആണ് സമരം തുടങ്ങുന്നത് . കൂടെ മൂന്നോ നാലോ ചോട്ടാ നേതാക്കൾ കാണും . അന്നത്തെ എന്റെ ഒരു കണക്കുകൂട്ടൽ വച്ച് , ഒരു നാല് പേര് ധാരാളം മതി , ഒരു സമരം ഉണ്ടാക്കാൻ .

ഇത്രേം പേർ അവരുടെ ക്‌ളാസ്സുകളിൽ നിന്ന് മാഷുമ്മാരെ വെല്ലു വിളിച്ച് ഇറങ്ങും . അങ്ങനെ വെല്ലു വിളിക്കേണ്ട ആവശ്യം ഒന്നുമില്ല . അവരെ തടയാൻ മാത്രം ഉള്ള ആംപിയർ ഉള്ള ഒറ്റ മാഷും , ഒറ്റ ടീച്ചറും ആ സ്‌കൂളിൽ ഇല്ല . നല്ല ഒന്നാന്തരം അധ്യാപകർ ആണ് . സർക്കാർ ശമ്പളം കൊടുത്ത് നിർത്തിയിരിക്കുന്നതും ആണ് . ഞങ്ങളെ നേർ വഴിക്കു നടത്താൻ ആണ് ശമ്പളം കൊടുക്കുന്നത് , എന്നാണു വയ്പ്പ് .

പക്ഷെ നേർവഴിക്ക് ആണല്ലോ ഞങ്ങൾ നടക്കുന്നത് . രാഷ്ട്രീയ പ്രവർത്തനം ഒക്കെ രാഷ്ട്ര നിർമിതി അല്ലെ ? അരാഷ്ട്രീയ പഠിത്തം കൊണ്ട് , ആർക്ക് എന്ത് ഗുണം ? നിങ്ങൾ പഠിക്കാതെ വിമർശിക്കരുത് സുഹൃത്തുക്കളെ .

പിന്നെ തടഞ്ഞാൽ പിള്ളേർ കല്ലെറിയും . പിന്നെ രാഷ്ട്രീയം ആണല്ലോ സർക്കാരിന്റെ ഇഷ്ടികകൾ . ഇഷ്ടികകൾ ആണല്ലോ ശമ്പളം . ജോലി ചെയ്താലും ഇല്ലേലും ശമ്പളം കിട്ടും . പിന്നെ രാഷ്ട്രീയം ഉള്ളവർ ആണല്ലോ അദ്ധ്യാപകരും . മുകളിൽ നിന്ന് അവർക്കും വിളികളും മറ്റും വരുമല്ലോ . അങ്ങനെ പല പല പ്രശ്നങ്ങൾ ഇതിൽ ഉണ്ട് . കൂടുതൽ  ഞാൻ എങ്ങനെ പറയും . സ്‌കൂൾ ഓഫീസിലെ രാഷ്ട്രീയ പോളണ്ടിനെ പറ്റി ഇനി ഞാൻ ഒരക്ഷരം പോലും പറയില്ല .

പിന്നെ എട്ട് , ഒൻപത് , പത്ത് – ഈ ക്ലാസ്സുകളിലെ ഏതാനും നേതാക്കൾ ഒഴിച്ച് , ബാക്കി ആരും മുദ്രാവാക്യം വിളിച്ച് പുറകെ നടക്കാൻ കാണില്ല . ചിലർ സിനിമക്ക് പോകും . ചിലർ റോഡിലൂടെ വായ നോക്കാനും , മറ്റു ചിലർ അടുത്തുള്ള സ്റ്റേഡിയത്തിൽ ക്രിക്കറ്റ് കളിക്കാനും ആയി പോകും. അതായത് വളരെ അപകടം പിടിച്ച അരാഷ്ട്രീയവാദം, അവരിൽ വേരൂന്നിക്കഴിഞ്ഞു എന്ന് സാരം .

ചുരുക്കം ചിലർ വീട്ടിലേക്ക് പോകും.  അവർ ചിലപ്പോൾ പഠിക്കും . മൂരാച്ചികൾ ! അരാഷ്ട്രീയ കുണാണ്ടർമാർ .

അപ്പോൾ പറഞ്ഞു വന്നത് എന്താണെന്ന് വച്ചാൽ , നേതാക്കൾ രണ്ടു മൂന്നു പേര് ചേർന്ന് നേരെ അഞ്ചാം ക്‌ളാസ് , ആറാം ക്ലാസുകളിലേക്ക് ആണ് വരിക . നമ്മുടെ പാവന കടമ ആണ് സമരം വിജയിപ്പിക്കുക എന്നത് .

നാലും അഞ്ചും ഡിവിഷനുകൾ ഉണ്ട് , അഞ്ചാം ക്‌ളാസിന് . ആറാം ക്‌ളാസീനും അങ്ങനെ തന്നെ . ഒരു ക്ലാസ്സിലും അറുപത് പിള്ളേരോളം ഉണ്ട് . ഇന്നത്തെ സർക്കാർ സ്‌കൂളുകൾ പോലെ അല്ല . അപ്പൊ ഈ രണ്ടു ക്‌ളാസ്സുകൾ ചേർന്നാൽ തന്നെ , ഏകദേശം നാനൂറ് , അഞ്ഞൂറ് പിള്ളേർ ഉണ്ടാകും . ഇത്രേം പേര് പോരെ ഒരു സമരം വിജയിപ്പിക്കാൻ ? ധാരാളം മതി . ഞാൻ ഉൾപ്പെടെ ഉള്ള ഈ വിദ്യാർഥീ കൂട്ടം ആണ് പ്രധാന അണികൾ .

തൊണ്ട പൊട്ടുമാറുച്ചത്തിൽ കീ കീ ശബ്ദത്തിൽ ഞങ്ങൾ മുദ്രാവാക്യങ്ങൾ വിളിക്കും .

എസ് എപ് ഐ സിന്ദാവാ !

കെ എസ് യു സിന്ദാവാ !

തോത്തിട്ടില്ല , തോത്തിട്ടില്ല , തോത്ത ചരിത്തം കെത്തിത്തില്ല !

ആരും ചെവി പൊത്തി പോവും . അത്ര തുളച്ചു കയറുന്ന ശബ്ദ കോലാഹലം ആണ് .

മുദ്രാവാക്യങ്ങൾ ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും വച്ചുമാറും .

ഇന്ന് – “അനവധി നിരവധി ചോരച്ചാലുകൾ, നീന്തിക്കയറിയ എസ് എഫ് ഐ ” എന്നാണെങ്കിൽ ,

നാളെ – “അനവധി നിരവധി ചോരച്ചാലുകൾ , നീന്തിക്കയറിയ കെ എസ് യു ” എന്നായിരിക്കും .

നേതാവ് എന്ത് ചൊല്ലിത്തരുന്നോ അത് നമ്മൾ ഏറ്റ് വിളിക്കും , അത്രേ ഉള്ളു . ഇതിൽ അധികം തലച്ചോർ ഉപയോഗിക്കാൻ പാടില്ല . തലച്ചോർ അമിതമായി ഉപയോഗിക്കുന്നതല്ല , രാഷ്ട്രീയ പ്രവർത്തനം .

അങ്ങനെ ഒരു അര മണിക്കൂറോളം  ഇങ്ങനെ സ്‌കൂൾ മുറ്റത്ത് അങ്ങോട്ടു നടക്കും .

പിന്നെ ഒരു അര മണിക്കൂറോളം ഇങ്ങോട്ട് നടക്കും .

പിന്നെ പാർട്ടി സൂക്തങ്ങൾ ഉറക്കെ എന്തായാലും ചൊല്ലുന്നുണ്ടല്ലോ .

അവസാനം സ്‌കൂളിന്റെ പുറകിൽ ചെന്ന് പത്ത് പൈസേടെ ഒരു ലെമൺ ഐസ് ഫ്രൂട്ട് .

ചടങ്ങ് കഴിഞ്ഞു .

ഐസ് ഫ്രൂട്ട് മൂഞ്ചുന്നതിനിടെ ഞാൻ ഒരിക്കൽ ഒരു നേതാവിനോട് ചോദിച്ചു :

“ചേട്ടാ , ചേട്ടാ , ഇന്ന് ആർടെ സമരാ ? എസ് എപ് അയ്യാ ? കെ എസ് യു വാ ?”

നേതാവ് ഒരു ചുട്ട നോട്ടം .

“നീയല്ലേടാ പീ കോക്കിന്റ്റെ  മോനെ ഇത്രേം നേരം എസ് എപ് ഐ സിന്ദാവാ ന്ന് ഒളീട്ടത് ? എന്തുട്ട് തെങ്യാണ് നീ പർണേ ?”

ഞാൻ ആകെ ഐസ് ആയിപ്പോയി .

എന്നാലും എസ് ഫ് ഐ ആയിരുന്നു കേട്ടോ എന്റെ പാർട്ടി . ഐഡിയലിസം , അതാണല്ലോ മുഖമുദ്ര . പിന്നെ നട്ടെല്ലുള്ള പാർട്ടി . തുല്യതയുടെ പാർട്ടി . അനവധി നിരവധി , etc , etc .

പിന്നെ എതിരൻ ആയ പാർട്ടി . അത് വലിയ ഒരു ആകർഷണം ആണ് . സ്ഥലത്തെ പ്രധാന എതിരൻ പാർട്ടി !

സെന്തോമാസ്സിൽ പ്രീഡിഗ്രി കഴിയുന്നത് വരെ മിക്കവാറും കണ്ണും അടച്ച് എസ് എഫ് ഐ ക്ക് വോട്ട് ചെയ്തു . ഏഴാം ക്ലാസിൽ ക്‌ളാസ് റെപ്രസെന്ററ്റീവ് ആയി എസ് എഫ് ഐ ൽ നിന്നു , വൃത്തിയായി പൊട്ടി .

എന്നാലും ഏഴാം ക്‌ളാസ് കഴിഞ്ഞപ്പോഴേക്കും ഒരു മാതിരി ഇതിലൊക്കെ താല്പര്യം കുറഞ്ഞു തുടങ്ങി . പ്ലീസ് . എന്നെ കുറ്റപ്പെടുത്തരുത് . ഞാൻ ഇപ്പോൾ അതിൽ ഖേദിക്കുന്നുണ്ട് . അരാഷ്ട്രീയ ചായ്വ് എന്ന് പറഞ്ഞു നിങ്ങൾ എന്നെ ക്രൂശിച്ചേക്കാം . എന്താണ് ഈ ജുഗുപ്സാവഹവും  അപകടകരവുമായ നിസ്സംഗതയുടെ  , അമുൽ ബേബി ഇസത്തിന്റെ, രാഷ്ട്രീയ ബോധ അഭാവത്തിന്റെ , പ്രതിക്രിയാ വാതകത്തിന്റെ , കോളോണിയലിസ്റ്റ് ചിന്താ സരണിയുടെ , അന്തർധാര , അഥവാ  കാരണങ്ങൾ ?

അറിഞ്ഞൂടാ . കുറച്ച് പഠിക്കണം എന്ന തോന്നൽ , വീട്ടിൽ വളർത്തിയതിന്റെ രീതി ദോഷം , പബ്ലിക് ലൈബ്രറിയിൽ സമരമുള്ള ദിനങ്ങളിൽ മിക്കതും പോയി ഇരുന്നു വായിക്കുന്നത് മൂലം, ഉണ്ടായി വന്ന രാഷ്ട്രീയ ചരിത്ര ബോധം മൂലം, സ്വയം എങ്ങനെ , എവിടെയൊക്കെ രാഷ്ട്രീയ ഇടപെടലുകൾ നടത്താം എന്ന ഉൾകാഴ്ച , അതിനാൽ തന്നെ , പലരും പറയുന്നത് അന്ധമായി അനുസരിക്കുന്നതല്ല  രാഷ്ട്രീയം എന്ന തോന്നൽ , ക്രിക്കറ്റ് കളി അങ്ങനെ പല കാരണവും ഉണ്ടാകാം .

പിന്നെ പേടി തൊണ്ടിസം എന്ന ഇസം . ഇടയ്ക്കിടെ തല്ല് ഒക്കെ ഉണ്ടാകും . കല്ല് , സൈക്കിൾ ചെയിൻ , കമ്പിപ്പാര , തുടങ്ങി വടി  വാൾ വരെ എത്തി നിന്നിരുന്നു സ്‌കൂൾ വിദ്യാർത്ഥി രാഷ്ട്രീയം . ഈ താത്വികാചാര്യൻ ആവാൻ പറ്റിയെങ്കിൽ ഞാൻ ആയേനെ . പക്ഷെ അതും ഒക്കെ ന്യായീകരണം തന്നെ വേണ്ടേ ? സ്വയം ആലോചിച്ച് , ചിന്തിച്ച് ഒന്നും പറ്റില്ലല്ലോ .

ഇല്ല . ഞാൻ സ്വയം അധികം ന്യായീകരിക്കുന്നില്ല . ഒരു തരം  അവനവനിസം . അത്ര തന്നെ . പിന്നെ തിന്നത്  എല്ലിൽ കുത്തുന്ന പ്രിവിലേജ് . അതൊക്കെ തന്നെ .

എങ്കിലും നേതാക്കന്മാരുമായി ഞാൻ നല്ല ബന്ധത്തിൽ ആയിരുന്നു . രമേശൻ എന്ന ഒരു നേതാവുമായി നല്ല അന്തർധാര ഉണ്ടായിരുന്നു . അവന്റെ ഹോംവർക്ക് ഞാൻ ചെയ്തു കൊടുക്കും . ചില പാഠ ഭാഗങ്ങൾ പറഞ്ഞു കൊടുക്കും . നല്ല മസിലൻ ആയിരുന്ന അവൻ , ഒരു ചെറു ബോഡി ഗാർഡ് ആയിരുന്നു . ബോയ്സ് സ്‌കൂൾ ഒരു അപകടം പിടിച്ച സ്ഥലം ആണല്ലോ . ഇടയ്ക്കിടെ ചിലർ ഇടി കൂടാൻ വരും . ഇങ്ങനെ ഉള്ള ആളുകളുമായുള്ള അടുപ്പം മൂലം ആണ് , നമ്മൾ പിടിച്ചു നിൽക്കുന്നത് .

പത്താം ക്‌ളാസിൽ വച്ച് , ഒരു ദിവസം മടിച്ചാണ് സ്‌കൂളിൽ പോയത് . ഒരു ലേഖനം എഴുതി കൊണ്ട് വരാൻ മാഷ് പറഞ്ഞത് ഞാൻ മറന്നു പോയിരുന്നു . എന്റെ മ്ലാന മുഖം കണ്ട്, രമേശൻ ചോദിച്ചു :

“എന്ത് പറ്റി സ്റ്റോ ?”

ഞാൻ കാര്യം പറഞ്ഞു .

“അത് ശരിയാക്കാം . ഇന്ന് സമരാ ആക്കാം . ഒരു കുട്ടീനെ , ഒരു കണ്ടക്ടര് മേത്താ തേമ്പി , ന്നലെ . അതിന്റെ സമരം ന്നാ യ്‌ക്കോട്ടെ .”

അങ്ങനെ ആണ് ഞാൻ കാരണം സമരം ഉണ്ടായത് . അത് നല്ല സ്ട്രോങ്ങ് ആയി . പിള്ളേർ റൗണ്ടിലൂടെ ബസ് തടഞ്ഞു . പോലീസ് ലാത്തി വച്ച് നല്ല തേമ്പാ തേമ്പി .

എത്ര ഹവായ് ചാപ്പലുകൾ ആണെന്നോ റൗണ്ടിൽ രക്തസാക്ഷികൾ ആയി മരിച്ചു കിടന്നത് !

ഒരു രണ്ടു കിലോമീറ്ററോളം ഇങ്ങനെ ചിതറി കിടക്കയാണ് നൂറ് കണക്കിന് ഹവായി ചപ്പലുകൾ. ഹവായ് അല്ലാത്തതും കാണും . ഞാൻ ഒരു ഓളത്തിനു പറഞ്ഞെന്നെ ഉള്ളു .

ഞാൻ കാരണം ! ഞാൻ മാത്രം കാരണം !! ബികോസ് ഓഫ് മി .

എനിക്കറിയാം . നിങ്ങൾ എന്നെ പ്രാകും. മുഖത്തടിക്കും . കാർക്കിച്ചു തുപ്പും .

അപ്പൊ സന്ദേശം സിനിമ കണ്ടു ഞാൻ ചിരിച്ചു മറിഞ്ഞതും , പല പ്രാവശ്യം കണ്ട് വീണ്ടും വീണ്ടും ചിരിച്ചതും പറഞ്ഞാലോ ?

വേണ്ടസ്റ്റോ . ജീവിച്ചു പൊയ്‌ക്കോട്ട് .

അന്നത്തെ  സമരം കൊണ്ട് ഗുണം ഉണ്ടായില്ല എന്ന് പറഞ്ഞൂടാ . സ്‌കൂളിന്റെ ബാക്കിൽ ചെരുപ്പ് കട നടത്തുന്ന ലിസമ്മ ചേടത്തി രണ്ടു ദിവസം കഴിഞ്ഞു എന്നെ കണ്ടപ്പോൾ കോതോയോടെ ചോദിച്ചു :

“ഇന്നാളത്തെ പോലെത്തെ സംരം അഡ്ത് ണ്ടാവോ , മോനേ ?” (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .