യേശുവിനുണ്ടൊരു കുഞ്ഞാട് – മേരിയും യേശുവും –

യേശു ബ്രോ എന്ന മുപ്പതു വയസ്സുകാരൻ ജൂതൻ ജൂദിയ  എന്ന ദേശത്തെ കൊടും മണലാരണ്യ ചൂടിൽ ഇങ്ങനെ അലഞ്ഞു നടന്നു . തവിട്ടു നിറം, നീളൻ താടി , തീക്ഷ്ണമായ കണ്ണുകൾ . റോമിന്റെ അടിമത്തത്തിൽ ആയിരുന്നു ജൂതന്മാർ .

 

“സ്വർഗരാജ്യം അടുത്തു , സ്വർഗ്ഗരാജ്യം അടുത്തു” എന്ന് പുള്ളി പറഞ്ഞു . എന്തരോ എന്തോ, എന്ന് ആളുകളും .

താഴ്ന്ന ജാതിക്കാരിയുടെ കൈയിൽ  നിന്നും വെള്ളം വാങ്ങി കുടിച്ചു . ജാതിക്കാരിയുടെ – നോട്ട് ദി പോയിന്റ് . സ്വയം വിശ്വാസം ഇല്ലാത്ത ചില സന്യാസിവര്യന്മാരുടെ പോലെ സ്ത്രീകളെ അകറ്റി നിർത്തിയില്ല . പെണ്ണുങ്ങൾ കൂട്ടം കൂട്ടമായി അങ്ങേരെ അനുഗമിച്ചു . ഇന്ന് ഫഹദ് ഫാസിലിന്റെയും ടോവിനോ തോമസിന്റെയും പുറകെ കൂടുന്നത് പോലെ അതിയാന്റെ പുറകെ പെണ്ണുങ്ങൾ കൂടി . പൊതിഞ്ഞു നിന്നു . ഒന്ന് തൊടാൻ കൊതിച്ചു .

 

എന്തൊക്കെയോ കഥകൾ പുള്ളിക്കാരൻ പറഞ്ഞു . ആർക്കും ശരിക്ക് ഒന്നും മനസ്സിലായില്ല . അങ്ങേര് രാജാവാകും എന്ന് ചിലർക്ക് തോന്നി . അങ്ങനെ കുറെ ഏറെ പേര് കൂടെ കൂടി .

 

എ ഡി മുപ്പതിൽ റോമാ സാമ്രാജ്യം രാജ്യദ്രോഹക്കുറ്റം ചുമത്തി യേശു എന്ന എനിഗ്മായെ കൊന്നു കളഞ്ഞു . ടീഷും – ജസ്ററ് ലൈക് ദാറ്റ് . ആദ്യത്തെ സുവിശേഷം- മാർക്കോസിന്റെ – ഇറങ്ങുന്നത് പിന്നെയും ഒരു മുപ്പതു വര്ഷം കഴിഞ്ഞാണ് .

 

ഇപ്പോഴുള്ള സുവിശേഷങ്ങൾ ക്രോഡീകരിക്കുന്നത് പത്തു മുന്നൂറു വർഷങ്ങൾ കഴിഞ്ഞു കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ കാലത്താണ് . ചില സംഭവങ്ങൾ കത്തിച്ചു കളഞ്ഞു ! അതിൽ എന്താണ് എന്ന് നമുക്കറിയില്ല .

 

വളരെ പ്രധാനപ്പെട്ട ഒരു ശിഷ്യ ആയിരുന്നു മഗ്ദലനയിലെ മേരി . വേറൊരിടത്ത് . ഒരു വേശ്യ ആയിരുന്ന സ്ത്രീ യേശുവിന്റെ അടുത്ത് വരുന്നത് വിവരിക്കുന്നുണ്ട് . എ ഡി 591 ൽ പോപ്പ് ഗ്രിഗറി മഗ്ദലേന മറിയം ഒരു “പാപിനി ആയിരുന്നു ” എന്ന് അടിച്ചു കളഞ്ഞു !

 

എന്നാൽ ഇപ്പോൾ ഉള്ള സുവിശേഷങ്ങളിൽ നോക്കിയാൽ തന്നെ , ചില പ്രത്യേകതകൾ കാണാം . യേശുവിനെ കുരിശിൽ തറച്ചപ്പോൾ , മറ്റു ശിഷ്യന്മാർ എല്ലാം ഓടിപ്പോയി . മാർപ്പയുടെ പൂർവികർ ആയ പത്രോസ് -‘ഞാൻ അങ്ങേരെ അറിയുകയില്ല’ എന്നു കാച്ചി!

 

പക്ഷെ കുരിശിന്റെ അടിയിൽ തന്നെ ഉണ്ടായിരുന്നു , മഗ്ദലന മറിയം . പിന്നെയോ , – ഉയർത്തെഴുന്നേറ്റപ്പോൾ ,ആദ്യമായി യേശുവിനെ കാണുന്നത് മഗ്ദലന മറിയം ആണ്!

 

“എന്നെ തൊടരുത്” എന്ന് മലയാളം പരിഭാഷ പറയുമ്പോൾ,

 

“മേരി ” – യേശു വിളിച്ചു .

“dont cling to me ” എന്നാണു പിന്നെ പറയുന്നത് . ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് .

 

അതായത് , ക്രിസ്തീയതയുടെ കാതൽ ആയ യേശുവിന്റെ മരണവും , നടന്നു എന്ന് പറയപ്പെടുന്ന ഉയർത്തെഴുന്നേൽപ്പും  നിൽക്കുന്നത് മൊത്തം മഗ്ദലന മറിയത്തിന്റെ സാക്ഷ്യത്തിൽ ആണ് !

 

അപ്പൊ ഈ സ്ത്രീ എങ്ങനെ പിന്നെ പാപിനി ആയി ? എന്തോ തകരാറു പോലെ . ഇതേ ഐഡിയ ആണല്ലോ ഡാൻ ബ്രൗൺ അവതരിപ്പിച്ചത് .

 

ഇതിനിടെ , പെട്ടന്ന് , 1969 ൽ , അന്നത്തെ മാർപാപ്പയും , സഭാ നേതൃത്വവും ഒരു കാര്യം വ്യക്തമാക്കി .- മഗ്ദലനയിലെ മേരി ഒരു ചീത്ത സ്ത്രീ അല്ല . പാപിനി അല്ല . മറ്റേ മാപ്പിരക്കുന്ന സ്ത്രീ ഈ മേരി അല്ല !

 

ടാണ്ടടാ ……..ടട ടട ടാ ….

 

അതെന്താ പെട്ടന്ന് അങ്ങനെ?

 

ആ . അറിയില്ല . ചരിത്രം അങ്ങനെ ആണ് . സംഭവാമി യുഗേ യുഗേ . കൃത്യം സമയം ആവുമ്പോൾ …… വേണ്ട കാലം വരുമ്പോൾ , ആ കാലത്തിന്റെ ഐഡിയകൾ ദശ വച്ച് വളരും . തടിച്ചു മാനം മുട്ടും .

 

 

1930 കളിൽ ഈജിപ്തിൽ ഒരു മണ്ണിടിച്ചിലിൽ കിട്ടിയ ലോഹ ചെമ്പിൽ അടച്ച ഡെഡ് സീ സ്ക്രോളുകൾ എന്ന പാപ്പിറസ് ചുരുളുകളിൽ , ഇത് വരെ കാണാതിരുന്ന പല സുവിശേഷങ്ങളും ഉണ്ടായിരുന്നു . യേശുവിന്റെ  ജീവിതകഥ പല തരത്തിൽ അതിൽ പലതിലും പറയുന്നുണ്ട് . അതിൽ ഒന്നിൽ –

 

യേശു മഗ്ദലന മറിയത്തെ പലപ്പോഴും ചുംബിക്കാറുണ്ടായിരുന്നു എന്ന് എഴുതിയിട്ടുണ്ട് . (വിറളി പിടിച്ച് എന്നെ തല്ലാൻ വരണ്ട . ഉള്ളതാണ് ). മാത്രമല്ല , അതിൽ ഒന്നിൽ , ഞങ്ങളോടില്ലാത്ത സ്നേഹം എന്തു കൊണ്ടാണ് യേശുവിന് മറിയത്തോട് , എന്ന് മറ്റ് ആൺ ശിഷ്യന്മാർ ചോദിക്കുന്ന ഒരു രംഗവും ഉണ്ട് .

 

അതിനു മുൻപും ,1896 ൽ ‘മറിയത്തിന്റെ സുവിശേഷം ‘ എന്ന ഒന്ന് പ്രത്യക്ഷപ്പെട്ടു ! ഈജിപ്തിലെ കൈറോവിൽ നിന്ന് . യേശുവിന്റെ ആദ്യസുവിശേഷങ്ങളുടെ കാലത്തോളം തന്നെ പഴക്കം ഉണ്ട് എന്ന് പഠനങ്ങൾ പറയുന്ന ഈ സുവിശഷത്തിൽ , പറയുന്നത് , യേശുവിന്റെ യഥാർത്ഥ പഠനോദ്ദേശം  ആകെ മനസ്സിലാക്കിയത് മഗ്ദലന മേരി ആണെന്നാണ് !

 

അതിൽ പത്രോസ് ചോദിക്കുന്നുണ്ട്;

 

“എന്നോട് പറയാത്ത എന്ത് കുന്തം ആണ് യേശു നിന്നോട് പറഞ്ഞത് ? അതെങ്ങനെ സംഭവിച്ചു ? എന്താണത് ?”

 

അത് നമുക്ക് ഇന്നും അറിയില്ല . എന്തായിരിക്കും അത് ?

 

ബ്രോസ് , സിസ് , സുന്ദരൻസ് , സുന്ദരീസ് , കുഞ്ഞാട്‌സ് , കുഞ്ഞാടിസ്,

 

എന്തായിരിക്കും അത് ? ഒറ്റ വാചകത്തിൽ ?

(ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .