ഒരു ക്രീഡാപ്പി മാപ്പിളയുടെ രോദനം:

ഈ മതം മാറ്റം, കല്യാണം കഴിച്ചു മതം മാറ്റൽ, മതം മാറ്റിട്ട് കല്യാണം കഴിക്കൽ, ഘർ വാപസി എന്നിവയൊക്കെ കണ്ട് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ യുടെ ലോറിയിൽ ഗോതമ്പു കൊണ്ട് പോകുന്നതും നോക്കി ഓടയിൽ ഇരുന്നു വെള്ളമിറക്കുന്ന എലിയുടെ അവസ്‌ഥയിലാണ് ഞങ്ങൾ 
ക്രിസ്ത്യാനികൾ.
 
ഹിന്ദു ഇന്ത്യ ഉണ്ടാക്കാൻ വിരൽ ഒന്ന് ഞൊടിച്ചാൽ മതി. ഉണ്ടാവട്ടെ_ എന്ന് കല്പിച്ചാൽ മതി. ആര്? ദൈവങ്ങൾ. രാഷ്ട്രീയത്തിലും ദൈവങ്ങൾ ഉണ്ട്.
 
മുസ്‌ലിം ഇന്ത്യ ഉണ്ടാക്കും എന്ന് ചിലർ പറയുന്നുണ്ടത്രെ. ജനസംഖ്യയിൽ പതിനഞ്ച് ശതമാനം മാത്രം ഉള്ള ഇവർ എങ്ങനെ ഇത് സാധിക്കും എന്ന് വ്യക്തമല്ല. 
 
അതൊക്കെ ഭാവിയിൽ സാധിക്കും എന്നാണു പറയുന്നത്. ലോവ് ജിഹാദ് മൂലവും ജന സംഖ്യാ പെരുപ്പവും മൂലം സാധിപ്പിക്കും എന്ന് ഹിന്ദു ഇന്ത്യ വക്താക്കൾ പറയുന്നുണ്ട്.
 
ഞാൻ ഒരു തീവ്ര ക്രിസ്ത്യാനി അഥവാ ക്രീഡാപ്പി ആണെങ്കിലും ബുദ്ധി കംപ്ലീറ്റ് അടിച്ചു പോയിട്ടില്ല. ജനന നിരക്കിന്റെ പോക്ക് നോക്കിയാൽ ഇതൊന്നും നടക്കില്ല. വസ്തുത വച്ച് നോക്കിയാൽ ഹിന്ദുക്കളുടെ ജനന നിരക്ക് കുറയുന്നതിനെക്കാൾ വളരെ പെട്ടന്നാണ് മുസ്‌ലിം ജനന നിരക്ക് കുറയുന്നത്. പിയു റീസെർച് സെന്റ്ർ എന്ന രാജ്യാന്തര സംഘടനയുടെ കണക്ക് നോക്കിയാൽ, ഇനി ഒരു അമ്പതു കൊല്ലം കഴിഞ്ഞാലും ഭാരത ജന സംഖ്യയുടെ 78 ശതമാനവും ഹിന്ദുക്കൾ തന്നെ ആയിരിക്കും.
 
അതിൽ ഒന്നും കാര്യമില്ല. ഉണ്ണുമ്പോഴാണോ പഴം പുരാണം? ഹിന്ദു ഇന്ത്യയും മുസ്ലിം ഇന്ത്യയും ഒക്കെ കെട്ടി പടുക്കുന്നതിന്റെ ഇടയിൽ ആണോ ഓഞ്ഞ വസ്തുതകൾ എന്ന സാമാനം? 
 
സിംപിൾ ആയി വളച്ചൊടിക്കാവുന്നത് അല്ലെ വസ്തുതകൾ?
 
“പതുക്കെ പതുക്കെ വളച്ചൊടിക്കു കുട്ടീ. എന്നാലല്ലേ ഭാവം വരൂ?”
 
“പയ്യെ വളച്ചാൽ പനയും വളക്കാം”
 
ദേ..പെണ്ണുങ്ങളെയും വളക്കാം എന്ന് ഒരു സ്ത്രീ വിരുദ്ധൻ ക്രീഡാപ്പി.
 

എന്ത് ചെയ്യാഷ്ടോ. ഞങ്ങൾ ക്രിസ്ത്യാനികൾ, സ്വാതന്ത്ര്യം കിട്ടുമ്പോൾ ഉള്ള കണക്ക് അനുസരിച്ചു ജനസംഖ്യയുടെ2 .5 ശതമാനം ആയിരുന്നു . അതിനു ശേഷം എന്തൊക്കെ സർക്കസ്സുകൾ കാട്ടി ? ഇന്ത്യ മൊത്തം പള്ളികൾ പണിതു . ആശുപത്രികളും സ്‌കൂളുകളും സ്ഥാപിച്ചു . നാട്ടുകാരെ സേവിച്ചു (അതായത് സേവിക്കുന്നത് പോലെ മതം മാറ്റാനായി അഭിനയിച്ചു . ഗുണം കിട്ടിയെങ്കിലും എന്ത് കാര്യം ? മതം മാറ്റാൻ ആയിരുന്നില്ലേ അതൊക്കെ ? അന്താരാഷ്‌ട്ര ഗൂഡാലോചനയുടെ ഭാഗമായി നോബൽ പ്രൈസ അടക്കം വാങ്ങിച്ചു കൊടുത്തു എന്നൊക്കെ ചില പൊണ്ണന്മാർ ..ഛെ ..പാണന്മാർ പാടി നടക്കുന്നുണ്ട് ).ഇതൊക്കെ ചെയ്യുമ്പോൾ നമ്മുടെ വിചാരം എന്താ ? ഇപ്പൊ ഒരു ഇരുപത്തഞ്ചു ശതമാനം എങ്കിലും ക്രിസ്ത്യാനികൾ ആയി കഴിഞ്ഞു കാണും എന്നല്ലേ ?

2011 സെൻസസ് നോക്ക് – ക്രിസ്ത്യാനികൾ ഇന്ത്യയുടെ ജനസംഖ്യയുടെ …..2 . 5 ശതമാനം .

പിന്നേം ശങ്കരൻ …..അല്ല ….പൗലോസ് – തെങ്ങേ തന്നെ 🙁

ആലോചിക്കുമ്പ എന്റെ ക്രീഡാപ്പി രക്തം തിളക്കുന്നു . ഈ അച്ചന്മാരോടൊക്കെ എനിക്ക് ഒന്നേ ചോദിക്കാനുള്ളു :
ഈ പത്തറുപത് കൊല്ലായിട്ട് എന്തൂട്ട് പൂട്ട നിങ്ങള് ചെയ്തോണ്ടിരുന്നേ ? ഈ പള്ളി , ആസ്പത്രി , സേവനം സമയത് വല്ല റബറും വച്ചിരുന്നെങ്കിൽ ഇപ്പൊ ഇന്ത്യ മഹാ രാജ്യത്തെ റബ്ബർപാലിൽ മുക്കി മാമോദീസ ചെയ്യാമായിരുന്നു .

എന്ത് ചെയ്യും എന്ന് ഞങ്ങൾ പലരും the christian truth എന്ന് സീക്രട് ഗ്രൂപ് ഒക്കെ ഉണ്ടാക്കി ഡിസ് കുസ് ചെയ്തു . കിം ഫലം .

ബോധവത്കരിച്ചു മതം മാറ്റാൻ എളുപ്പമല്ല ഇക്കാലത് . ആർക്കും ഇതിലൊന്നും ഒരു താലപര്യവുമില്ല . മത കാര്യങ്ങളിൽ താല്പര്യമുള്ള ആളുകൾ ഒക്കെ വേറെ മതങ്ങളിൽ ഭയങ്കര ആക്റ്റീവ് ആണ് .

പിന്നെ ഞാൻ ഒരു രഹസ്യം പറയാം . സംഗതി ഞാൻ ക്രീഡാപ്പി ആയതു തന്നെ നമ്പൂതിരിമാരെ മാമോദീസാ സെൻതോമാസ്‌ നേരിട്ട് വന്നു ചെയ്ത വരുടെ പിന്തലമുറക്കാരൻ ആയതു കൊണ്ടാണ് . അഭിമാനം വേണം . അഭിമാനം . എന്നാലും ഒരു കുഴപ്പമുണ്ട് . ഞങ്ങൾ പേടിത്തൊണ്ടന്മാർ ആണ് !

“ഓങ്ങിയതല്ലേ ചിറ്റപ്പാ , ഇരിക്കട്ടെ ” – എന്നും പറഞ്ഞു കത്തിയെടുത്തു കുത്തുന്ന പാലാക്കാരൻമാർ ഒന്നും ഇപ്പൊ ഇല്ല . ഉള്ള റബ്ബർ വെട്ടുന്ന കത്തി തന്നെ എടുത്ത് ബംഗാളികൾക്ക് കൊടുത്തിരിക്കുകയാണ് . റബറിനു വില ഇലാത്ത കൊണ്ട് കാശും ഇല്ല .

കാശ് ഉണ്ടെങ്കിൽ തന്നെ സ്വന്തം കാര്യത്തിനെ കാശ് പുറത്തു വരൂ . അതെന്താണെന്ന് അറിയില്ല . പാരമ്പര്യമായി ഉള്ളതാണ് ഈ താടി വളർച്ച .

ഇത് കൊണ്ടൊക്കെ തന്നെ അടി തട , കാശിറക്കി കളി , ഇതൊന്നും നമ്മക്ക് പറഞ്ഞിട്ടുള്ളതല്ല .

പിന്നെ ഉള്ളത് ലോവ് ജിഹാദ് ആണ് . ചുള്ളന്മാർ ഇല്ലാതില്ല . എന്നാലും കടലിൽ കായം കലക്കിയത് പോലെയേ ആകുക ഉള്ളു .

അപ്പൊ എന്ത് ചെയ്യും ? ഐഡിയ ഉണ്ട് ? എന്താണെന്നല്ലേ ?

പ്രാർത്ഥന !

അതായത് – ദൈവത്തിനു എന്തും സാധിക്കും . എങ്ങനെ എന്ന് ചോദിക്കരുത് . അങ്ങനെ ചോദിക്കുന്നത് തന്നെ വിശ്വാസം ഇല്ലായ്മ ആണ് . ദൈവം ഇന്ത്യയെ ഒരു ക്രിസ്ത്യൻ ഇന്ത്യ ആക്കും .

ആഹഹാ – ഓർക്കാൻ തന്നെ എന്ത് സുഖം . എവിടെ നോക്കിയാലും പള്ളികൾ . തിരിയുന്നിടത്തു കുഞ്ഞു കുഞ്ഞു ആശുപത്രികൾ . പിന്നെ മുക്കിലും മൂലക്കും ചെറു സ്‌കൂളുകൾ . രാഷ്ട്ര ഭാഷ സുറിയാനി . രാഷ്ട്ര മൃഗം ജോർജേട്ടൻ പുന്യാളൻറെ കുതിര .

പിന്നെ കാടൻ നിയമം . കുരിശുകൾ . ചെറു കപ്പേളകൾ വാരി വിതറിയിരിക്കുന്നു . ഐ മീൻ – കാനൻ നിയമം .

അങ്ങനെ സമാധാനം ആയി പ്രാർത്ഥിച്ചോണ്ട് ഇരിക്കുമ്പോൾ ആണ് ഒരു സ്വത്വ പ്രതിസന്ധി ഉടലെടുക്കുന്നത് !
ഭയങ്കര പ്രതിസന്ധി !

ഒരു പുസ്തകം വായിച്ചു . വല്ല കാര്യവുമുണ്ടോ ? സോഷ്യൽ സ്ട്രെറ്റിഫിക്കേഷൻ എന്ന ഒരു പൊത്തകത്തിൽ ഫുള്ളർ എന്ന ഒരു കാലമാടൻ കാസ്റ്റ് ആൻഡ് ക്രിസ്ത്യാനിറ്റി യെ പറ്റി സായിപ്പന്മാർ പഠിച്ചത് അനുസരിച്ചു പഠനങ്ങൾ ഒക്കെ കോട്ട് ചെയ്ത് അർത്ഥ ശങ്കക്ക് ഇടയില്ലാത്ത വിധം പറഞ്ഞിരിക്കുന്നു :

കേരളത്തിലെ ജാതി വിഭാഗങ്ങൾ ആണ് ക്രിസ്ത്യാനികൾ ! മൂന്ന് ജാതികൾ പ്രധാനം ആയി ഉണ്ടത്രേ :

ഒന്ന് – സുറിയാനി ക്രിസ്ത്യാനികൾ (റോമൻ കത്തോലിക്കരും അല്ലാത്തവരും )
രണ്ടു – ലാറ്റിൻ കത്തോലിക്കർ എന്ന റോമൻ കത്തോലിക്കർ .
മൂന്ന് – മറ്റേ കുറെ പുതിയ ക്രിസ്ത്യാനികൾ .

ദേ കിടക്കണ് – ഞാൻ എന്റെ ഉള്ളിന്റെ ഉള്ളിൽ നോക്കി – എനിക്ക് പഴയ ഹിന്ദുക്കൾ നസ്രാണി മാപ്പിള എന്നും , സായിപ്പന്മാർ സുറിയാനി ക്രിസ്ത്യാനികൾ എന്ന് പറയുന്ന സ്വന്തം വിഭാഗത്തോട് മാത്രമേ കൂറ് ഉള്ളു !

അപ്പൊ ഈ ബാക്കി ഉള്ള പലവക ക്രിസ്ത്യാനികൾ ചേർത്ത് ഒരു ക്രിസ്ത്യാനി ഇന്ത്യ എനിക്ക് വേണ്ട .

ഞെട്ടലോടെ ഞാൻ ആ സത്യം മനസ്സിലാക്കി – ഞാൻ ക്രീഡാപ്പി അല്ല – നസ്രാപ്പി ആണ് , നസ്രാപ്പി .

ഇനി ഒന്നും ചെയ്യാൻ പറ്റില്ല . ദൈവം ഒരു നസ്രാണി മാപ്പിള ആകാൻ ഒരു സാധ്യതയും ഇല്ല . മാത്രം അല്ല – ജാതിയിലോട്ട് എങ്ങനെ മതം മാറ്റും ? അത് നടപ്പില്ല . ഈ ഫോറെസ്റ് എങ്ങനെ കാട് ആക്കും ? അത് പറ്റില്ല .

എല്ലാ ആശകളും തീർന്നു . സിംഹങ്ങൾ ആയ ഞങ്ങൾക്ക് സിംഹ വാലൻ കുരങ്ങിന്റെ അവസ്ഥ ആണ് . വംശ നാശ ഭീഷണി നേരിടുന്നു .

ഇനി ഒരു പ്രാർത്ഥന മാത്രമേ എനിക്കുള്ളൂ :

ദൈവമേ – സ്വർഗത്തിൽ ഒരു നസ്രാണി മാപ്പിള സ്ഥലം സ്റ്റൈലിൽ ഡിസൈൻ ചെയ്തു തരണം . മറ്റേ ക്രിസ്ത്യാനികളെ ദയവു ചെയ്തു കേറ്റരുത് . ചില ഹിന്ദുക്കളെ,  മുസ്ലീങ്ങളെ ഒക്കെ കേറ്റാം . അവരുടെ പേര് ഞാൻ ചെവിയിൽ പറഞ്ഞു തരാം .

പിന്നെ സിംഗിൾ മാൾട്ട് ഒഴുകുന്ന ഒരു ചെറു അരുവി , ബോറടി മാറ്റാൻ ഒരു വോഡ്ക കുളം . ബീഫ് ഫ്രൈ അടക്കം ഉള്ള ടച്ചിങ്‌സ് തന്നെ ഉണ്ടായി വരുന്ന ഒരു മരം . ഇത്രേം അതിൽ വേണം . പിന്നെ ഫേസ്ബുക്കും നസ്രപ്പി തിങ്കേഴ്‌സ് എന്ന ഒരു സീക്രട് ഗ്രൂപ്പും അനുവദിച്ചു തരണം .

ഒരു മൂലക്ക് അഞ്ചാറു മൂഡ് കപ്പേം . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .