കീരിക്കാടൻ ചത്തെ – (ഇതും ഇന്ത്യൻ മെഡിക്കൽ കൗൺസിലും ആയി ഒരു ബന്ധവും ഇല്ല)

എന്റെ ബന്ധുവായ ഒരു കാരണവരുടെ നാട്ടിൽ ഒരു പാവം ലോക്കൽ അലവലാതി ഉണ്ടായിരുന്നു . നമുക്കയാളെ മുതുക്കൻ കീരിക്കാടൻ എന്ന് വിളിക്കാം .  മസിലൻ – പക്ഷെ പൂര അലമ്പൻ. കള്ളു കുടിക്കുന്നത് നാട്ടുകാർ സഹിക്കും . പക്ഷെ കുടിച്ചാൽ വയറ്റിൽ കിടക്കണ്ടേ എന്നാണു നാട്ടുകാർ ചോദിക്കുന്നത് . എന്നാ പിന്നെ വെള്ളം കുടിച്ചാൽ പോരെ എന്നാണു എം .കീരിക്കാടൻ ചോദിക്കുന്നത് . മെക്കട്ടു കേറ്റവും തെറി വിളിയും കുടിച്ചാൽ മാത്രം അല്ല ! അദ്ദേഹത്തിന്റെ ഒരു നോർമൽ സ്വഭാവം ആണത് .

വയസ്സായെങ്കിലും ഇപ്പോഴും കത്തി എടുത്തു വീശാൻ മടിക്കില്ല . അതെങ്ങിനെ – ചെറുപ്പകാലത് ഉടുത്ത കോണാൻ നനക്കുമോ മാനുഷൻ ഉള്ള കാലം ?

ചെറുപ്പക്കാരൻ ആയിരുന്നപ്പോൾ സ്ത്രീ ജനങ്ങൾ ഓടി മാറി ആണ് നടന്നിരുന്നത് . പിന്നെ കുറെ ആണുങ്ങളെ  ആസ്പത്രീല് ആക്കീട്ടുണ്ട് . ഭാര്യയേയും മക്കളെയും എടുത്തിട്ട് വീക്കലാണ് ഇഷ്ട വിനോദം .

ഒരു പ്രശ്നം മുതുക്കൻ കീരിക്കാടന്റെ അച്ഛൻ ഒരു പ്രധാന നാട്ടു പ്രമാണിയും വീരനും മുതലാളിയും ആയിരുന്നു . അങ്ങേര്ക്കുള്ള ബഹുമാനം നാട്ടുകാർ കുറെ മകനും കൊടുത്തു പോയി . പിന്നെ നാട്ടിലെ പ്രധാന മുതലാളി ആയതിനാൽ പല കാര്യത്തിനും അങ്ങേരെ ആശ്രയിക്കാതെ  വയ്യ .

മുതുക്കന് നന്നായി വയസ്സായ കാലത്തു , ഏതോ ഒരു വഴി പൊക്കന്റെ മെക്കിട്ടു കേറി. കുറെ പുതിയ പിള്ളേർ ചെറുതായി ചാമ്പി. അതെ തുടർന്ന് വീട്ടിൽ തന്നെ ഇരുപ്പായി . വൈകാതെ , പല കൊള്ളരുതായ്മകളുടെയും ഫലങ്ങൾ കണ്ടു തുടങ്ങി . അസുഖങ്ങൾ വന്നു ; കിടപ്പായി .

മരിക്കും എന്ന സ്ഥിതി വന്നു . ആരും തിരിഞ്ഞു നോക്കുന്നില്ല .

നോക്കുകയില്ലല്ലോ .

നമ്മുടെ ബന്ധു ആയ കാരണവർ ഒരു പാവം ആയിരുന്നു . എം കീരിക്കാടന്റെ അയൽവാസി ആണ് .

ചാകാൻ കിടക്കുമ്പോൾ എങ്കിലും ഒന്ന് പോയി കാണണ്ടേ ? പള്ളീൽ അച്ചനെയും കൂട്ടി പോകാം . മരിക്കുമ്പോൾ എങ്കിലും പശ്ചാത്തപിച്ചാലോ ? നല്ലവൻ ആയാലോ ? സ്വർഗം എങ്കിലും കിട്ടുമല്ലോ ?

പാവം കാരണവർ അച്ചനെയും കൂട്ടി ചെന്നു . മുറിയുടെ അകത്തേക്ക് കയറി . അച്ചൻ പുറകിലുണ്ട് .

കിടക്കുകയാണ് എം കീരിക്കാടൻ . മച്ചിലേക്കും നോക്കികൊണ്ട് .

മുരടനക്കി പി കാരണവർ – പതുക്കെ – “കീരിക്കാടൻ ചേട്ടോ ” എന്ന് വിളിച്ചു .

കീരിക്കാടൻ ചേട്ടൻ പതുക്കെ മുഖം തിരിച് ആഗതരെ നോക്കി . പഴയ അയൽവാസിയെ നോക്കി . അച്ചനെ വീക്ഷിച്ചു . ക്ഷീണിതൻ ആണെങ്കിലും നല്ല ബോധം ഉണ്ട് . പാവം കാരണവരുടെ മനസ്സ് അലിഞ്ഞു : പാവം , മരിക്കാൻ ഇനി അധികം കാലമില്ല .

“ഉം , എന്താ വന്നത് ?” വിറയാർന്നതെങ്കിലും ഗൗരവമുണ്ട്  കീരിക്കാടൻ ചേട്ടന്റെ സ്വരത്തിൽ .

“അത് ചുമ്മാ ഒന്ന് കാണാൻ വന്നതാ ”

“ഓ , ആണല്ലേ .”

“ഉം ”

പതുക്കെ വിറച്ചു വിറച്ചു മുതുക്കൻ കീരിക്കാടൻ ചേട്ടൻ കൈകൾ ഉയർത്തി . കൈ കൂപ്പി ക്ഷമ പറയാൻ ആയിരിക്കും- അയൽവാസി കരുതി .

കൈകൾ പതുക്കെ മുണ്ടിന്റെ അടുത്തേക്ക് പോയി .

കഷ്ടപ്പെട്ട് കീരിക്കാടൻ ചേട്ടൻ മുണ്ട് പൊക്കി . ജെട്ടിയില്ല ! ഉണങ്ങിയതും ചുക്കിച്ചുളിഞ്ഞതും ആണെങ്കിലും കാണാൻ പാടില്ലാത്ത ഒക്കെ വെളിപ്പെട്ടു .

“ദേ – കണ്ടോ . “ കീരിക്കാടൻ ചേട്ടൻ മൊഴിഞ്ഞു . “കാണാൻ വന്നതല്ലേ .”

സത്യത്തിൽ കീരിക്കാടൻ ചേട്ടനോട് എനിക്ക് ലേശം ബഹുമാനം തോന്നായ്ക ഇല്ല . ചാകാൻ പോകുമ്പോഴും വ്യക്തിത്വത്തിൽ ഉറച്ചു നിന്നല്ലോ . അല്ലാതെ , അവസാന കാലത്തു – :അയ്യോ ഞാൻ ഇനി നന്നാകാമെ , എല്ലാരും ക്ഷമിക്കണേ ” എന്നും പറഞ്ഞു കരഞ്ഞെങ്കിൽ കംപ്ലീറ്റ് കുളമായേനെ . പ്രയോജനം ഒട്ടില്ല താനും . ഇത് സെല്ഫ് റെസ്‌പെക്ട് കീപ് ചെയ്തു .

ഈ നൂറു ശതമാനം സംഭവ കഥയും ഇനി ഞാൻ പറയാൻ പോകുന്നതും ആയി യാതൊരു ബന്ധവും ഇല്ല . എന്തെങ്കിലും സാമ്യമോ , സാദൃശ്യമോ , ഒക്കെ തോന്നുന്നുണ്ടെങ്കിൽ അത് വായിക്കുന്നവന്റെ മാത്രം കുഴപ്പം ആണ്.

അതായത് , ഇന്ത്യൻ മെഡിക്കൽ കൗൺസിൽ എന്ന ഒരു സാധനം ഉണ്ട് . പണ്ട് കാലത്തു ബ്രിടീഷുകാർ അവരുടെ ജി എം സി പോലെ ഉണ്ടാക്കിയതാണ് . പിന്നീട് 1950 കളിൽ , ഇന്ത്യൻ നിയമ സഭ മെഡിക്കൽ കൗൺസിലിന് വളരെ അധികം ഉത്തര വാദിത്വങ്ങളും അധികാരവും നൽകി .

എന്ന് വച്ചാൽ , നല്ലവരായ ഇന്ത്യയിലെ ജനങ്ങൾ , നല്ലവരാണ് എന്ന് അവർ കരുതുന്ന തങ്ങളുടെ സ്വന്തം ഡോക്ടർമാരെ സ്നേഹപൂർവ്വം ഏൽപ്പിച്ചതാണ് ഈ വിപുലമായ അധികാരങ്ങൾ .

സ്വയം നന്നാവാനും നന്നാക്കാനും , ശിക്ഷിക്കാനും ഉള്ള അധികാരം , മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഏതാണ്ട് പൂർണമായ നിയന്ത്രണം എന്നിവ കൗൺസിലിനെ രാജ്യം ഏല്പിച്ചതാണ് .

കൗൺസിലിനെ വിമർശിക്കാൻ ഞാൻ ആളല്ല . നമ്മുടെ സ്വന്തം കീരിക്കാടൻ .. അല്ല കൗൺസിൽ ആണല്ലോ .

ഇപ്പൊ കൗൺസിലിനെ ഓർക്കാൻ കാരണം എന്റെ പ്രിയ സുഹൃത്തും മിടു മിടുക്കനും , ഹൃദയ ശസ്ത്രക്രിയ ഡോക്ടറും , ഇന്ത്യയിലെ മികച്ച ഒരു ഹൃദയ ശസ്ത്രക്രിയ വിഭാഗത്തെ കോട്ടയം മെഡിക്കൽ കോളേജിൽ സ്വന്തം ഭഗീരഥ പ്രയത്ത്നത്താൽ ഉണ്ടാക്കി എടുത്തവനും ആയ ജയകുമാറിനെ കേരളത്തിൽ നിന്ന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിലേക്ക് തെരെഞ്ഞെടുത്തു എന്ന വാർത്ത കേട്ടത് കൊണ്ടാണ് .

വളരെ നല്ല തീരുമാനം . മാത്രമല്ല , കഴിഞ്ഞ ഒന്ന് രണ്ടു വര്ഷങ്ങളായി ഭയങ്കര നല്ല കുട്ടിയാണ് കൗൺസിൽ . അഴിമതി പൊടി പോലുമില്ല കണ്ടു പിടിക്കാൻ . ബിയോമെട്രിക് പഞ്ചിങ് , കർശന നിലപാടുകൾ , നല്ല ആൾക്കാരെ തിരഞ്ഞെടുക്കുന്നു , ആകെ ജഗ പൊഗ .

ഇതിനു മുൻപേ തിരഞ്ഞെടുത്തവർ പലരെയും എന്തിനാണ് എടുത്തത് എന്ന് മിക്ക ഡോക്ടർമാർക്കും തീരെ മനസ്സിലായിട്ടില്ല .

ഈ കഴിഞ്ഞ ഒന്ന് രണ്ടു വർഷത്തിനുള്ളിൽ , അതി പ്രധാന തീരുമാനങ്ങൾ എടുക്കാനായി മാത്രം ഉണ്ടാക്കുന്ന ഒരു ജോയിന്റ് പാർലമെന്ററി കമ്മറ്റി കൂടി ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ ഇത് വരെ ഉള്ള പ്രവർത്തനങ്ങളെ വില ഇരുത്തുകയുണ്ടായി . അതിനു ശേഷം കെട്ടി പിടിച്ചു അഭിനന്ദിക്കേണ്ടതാണ് . അതിനു പകരം ; “പോയി ചത്തൂടെടോ ” എന്ന് ചോദിച്ചത്രേ !

മെഡിക്കൽ കൗൺസിലിനെ പിരിച്ചു വിട്ട് സർക്കാർ നിയന്ത്രണത്തിൽ ഉള്ള ഒരു നാഷണൽ മെഡിക്കൽ കൗൺസിൽ ഉണ്ടാകാൻ പോകുക ആണത്രേ .

ശരിക്കും അന്യായം ആണ് . എല്ലാം കൈയിൽ അടക്കി വക്കാൻ അല്ലെങ്കിലും ഇപ്പൊ വലിയ ആക്രാൻതം ആണല്ലോ . പക്ഷെ പഴയ ; ചെറുപ്പ കാലത്തെ നനക്കാത്ത കൊണന്റെ നാറ്റം കാരണം ആർക്കും അധികം മിണ്ടാനും പറ്റുന്നില്ല . കുറച്ചു നാൾ അല്ലല്ലോ – പത്തറുപത് കൊല്ലം ആയി നനച്ചിട്ടേ ഇല്ലല്ലോ .

അവസാന കാലത്തെങ്കിലും നന്നായതു കൊണ്ട് സ്വർഗം കിട്ടുമായിരിക്കും .

മെഡിക്കൽ കൗൺസിൽ കൊണ്ട് ഗുണം ഉണ്ടായിട്ടില്ല എന്ന് പറയാൻ പറ്റില്ല . തർക്കത്തിൽ ഗുണം എനിക്ക് ഉണ്ടായിട്ടുണ്ട് !

അതായത് , ഈ ഇന്ത്യ മഹാരാജ്യത്തിലെ എല്ലാ മനുഷ്യരുടെയും പോലെ ഞങ്ങൾ ഡോക്ടർമാരും ചിലപ്പോൾ ഈ പരദൂഷണം പറയും . അവസാനം ചിലർ , എല്ലാ കുഴപ്പങ്ങൾക്കും കാരണം വിദ്യാഭ്യാസം ഇല്ലാത്ത രാഷ്ട്രീയക്കാർ ആണെന്ന് പറഞ്ഞു വക്കും . ഞാൻ അതിനെ ശക്തി യുക്തം എതിർക്കും . അപ്പൊ പലരും കൂടി എന്നെ എതിർക്കും . അവസാനം ഞാൻ പറയും :

“ങ്ങള് ന്തുട്ടാ ഈ പറേണെ ? ഈ മെഡിക്കൽ കൗൺസിലിൽ കംപ്ലീറ്റ് ആരാ ? മ്മള് ഡോക്ടർമാർക്ക് വിവരൊല്യേ ? വിദ്യാഭ്യാസോല്യേ ?”

ആളുകൾ മിണ്ടാതെ നോക്കും . അപ്പൊ ഈ ഞാൻ – ഒറ്റ ചോദ്യമാണ് :

“ന്നിട്ട് എന്തുട്ടാ ണ്ടായേ ?”

ഒരു കണക്കിന് മുതുക്കൻ കീരിക്കാടൻ ആയിരുന്നു ഭേദം . അവസാന കാലത്തും തനി കൊണം കാണിച്ചു വ്യക്തിത്വം കാത്തു സൂക്ഷിച്ചല്ലോ .

ആൾകാർ തമ്മിൽ നോക്കും . “അപ്പൊ ബാ , പൂവ്വാം .”

 

തർക്കം കഴിഞ്ഞു .

 

എന്തോ ആരവം കേൾക്കുന്നില്ലേ ? “കീരിക്കാടൻ ചത്തെ ….” . ഇനി ഏതു ഗുണ്ടയാണോ വരാൻ പോണേ ? അത് കാരണം സന്തോഷിക്കണോ അതോ ദുഖിക്കണോ ? അച്ഛാ ദിൻ വരുമോ അതോ ഇച്ചീച്ചി ദിൻ വരുമോ ? കാത്തിരുന്നു കാണാം . (ജിമ്മി മാത്യു )

 

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .