ഞാൻ ആണോ പെണ്ണോ ? – ആർട്ടിക്കിൾ 377 :

എന്റെ അമ്മക്ക് മൂന്നു സഹോദരിമാർ ആണ് . ആണൊന്നും മക്കളിൽ ഇല്ലാത്തതിനാൽ ആദ്യത്തെ പേരക്കുട്ടി ആണാണ് എന്ന് കേട്ടതോടെ എന്റെ അപ്പൂപ്പൻ ഓടി ആശുപത്രിയിൽ എത്തി . എത്തിയ പാടെ എന്റെ തുണി പൊക്കി നോക്കി . കണ്ണാടി എടുക്കാത്തതിനാൽ കുനിഞ്ഞു സൂക്ഷിച്ചു നോക്കിയതും ഞാൻ ഷൂ എന്ന് ഒരൊറ്റ മുള്ളൽ. അപ്പൂപ്പന്റെ മുഖത്ത് പോലീസുകാരുടെ ജലപീരങ്കി പോലെ ടം എന്ന് കൊണ്ട് . ഹ ഹ ഹ .

 

എനിക്ക് ചിരി ഒന്നും വരുന്നില്ല . കല്യാണം കഴിഞ്ഞ ഉടനെ എന്റെ ‘അമ്മ എന്റെ ഭാര്യയോട് പറയുന്ന കഥകളുടെ ഒരു സാമ്പിൾ ആണ് . കക്ക കക്ക എന്ന് കഴുതപ്പുലിയെ  പോലെ ചിരിക്കാൻ ഭാര്യക്ക് പറ്റുകയും , അതോടെ ഗൗരവത്തോടെ ബഹുമാനം ആർജ്ജിക്കണം എന്ന എന്റെ അദമ്യമായ ആഗ്രഹത്തിന് പൂർണ്ണവിരാമം ആകുകയും ചെയ്തു .

 

പറഞ്ഞു വന്നത് എന്താണെന്ന് വച്ചാൽ , സ്വവർഗ രതി മാരക പാപം തന്നെയാണ് എന്നാണു ലോകത്തിലെ പ്രധാന മതങ്ങൾ ആയ ക്രിസ്തുമതവും മറ്റും പറയുന്നത് . പണ്ട് മിഡിൽ ഈസ്റ്റിൽ ഉണ്ടായിരുന്ന ഗൊമോറ എന്ന നഗരത്തിൽ , ചിലർ ഓറൽ സെക്സ് ചെയ്തു . സൊദോം എന്ന നഗരത്തിൽ ചിലർ ആനൽ സെക്‌സും ചെയ്തു . രണ്ടു പട്ടണങ്ങളെയും മൊത്തം തീയും ഗന്ധകവും ഇറക്കി , മുച്ചാലും നശിപ്പിച്ചു കളഞ്ഞു യഹോവ . ഇതിനെ പിന്തുടർന്ന പാശ്ചാത്യ നിയമങ്ങൾ ആണ് നമ്മുടെ ആർട്ടിക്കിൾ 377  ന്റെ മുൻഗാമികൾ .

 

ചരിത്രം തുടങ്ങുമ്പോൾ തന്നെ സാദാ ആൺ -പെൺ നിർവചനങ്ങളിൽ പെടാത്ത ആളുകൾ ഉണ്ടായിരുന്നു . ഗ്രീക്ക് , റോമൻ ചരിത്രങ്ങളിൽ ഇവരെ ധാരാളമായി കാണാം . മഹാഭാരതത്തിലെ ശിഖണ്ഡി എന്ന ഹീറോ കഥാപാത്രത്തെ ഓർക്കുക .

 

മറ്റ് വ്യത്യസ്തതകളെയും , വന്ന വിദേശികളെയും ഒക്കെ ഓരോ ജാതികൾ ആയി സമന്വയിപ്പിച്ച ഇന്ത്യൻ  സംസ്കാരം പക്ഷെ ,  ഇവരെ കല്ലെറിഞ്ഞു കൊല്ലുകയൊന്നും ചെയ്തില്ല . ഹിജഡ കല്ച്ചറിന്റെ ഭാഗമാക്കി ഒരു വികലമെങ്കിലും ചെറിയ ഒരു റോൾ കൊടുത്ത് സമൂഹത്തിന്റെ പാർശ്വങ്ങളിൽ നിർത്തി

ആർട്ടിക്കിൾ 377 അല്ലെങ്കിൽ തന്നെ സെക്സിൽ സർവസാധാരണവും നിരുപദ്രവുമായ ഓറൽ സെക്സിനെയും ക്രിമിനൽ വൽക്കരിക്കുന്നു. ഗുദ രതി എന്ന ആനൽ സെക്സിനെയും . (ഇത് പൂർണമായും സുരക്ഷിതം എന്ന് പറയാൻ പറ്റില്ല . അത് പക്ഷെ വേറെ വിഷയം )

 

പക്ഷെ ഇവിടെ കാതലായ വിഷയം , ഈ നിയമം ആൺ പെൺ വകഭേദങ്ങളുടെ കാര്യത്തിൽ ചില വ്യത്യസ്തതകൾ ഉള്ള , ഒരു  ശതമാനത്തിനും അഞ്ചു ശതമാനത്തിനും ഇടക്ക് വരുന്ന ആളുകളെ ഒരു സൈഡാക്കി , പീഡിപ്പിക്കാൻ ഉപയോഗിച്ച് പോന്നു എന്നുള്ളതാണ് .  ഇവിടെ രതി അല്ല പ്രധാന വിഷയം . തീരെ അല്ല .

 

ഒരു കാലത്ത് , ശാസ്ത്രജ്ഞന്മാർ , നമ്മുടെ മസ്തിഷ്‌കം ഒരു ഒന്നും എഴുതാത്ത സ്ലേറ്റ് ആണെന്ന് വിശ്വസിച്ചു . അതായത് , ജനിക്കുമ്പോൾ ഒന്നുമില്ല അതിൽ . പിന്നെ സമൂഹം എഴുതി ചേർക്കുന്നത് ആണ് എല്ലാം . ഇപ്പോഴും തീവ്ര ലിബറലിസ്റ്റുകൾ ഇതിന്റെ വക്താക്കൾ ആണ് .

 

അതായത് നമ്മൾ ഒരു കുട്ടിയെ പെണ്ണായി വളർത്തുന്നു . അപ്പൊ അവൾ മനസ്സിൽ പെണ്ണായി ഇരിക്കും ! സിംപിൾ .

 

ഞാൻ എം സ് കഴിഞ്ഞു കോഴിക്കോട് പ്ലാസ്റ്റിക് സർജറി റെസിഡന്റ് ആയി ജോലി ചെയ്യുമ്പോൾ , ലോക പ്രശസ്ത , കുട്ടികളുടെ സർജൻ ആയ കാർത്തികേയ വർമ്മ സാറിന്റെ ഒരു പ്രഭാഷണം  കേട്ടു. ജനിതകപരമായി നമ്മൾ ഒരു കോശത്തിൽ നിന്നാണ് ഗർഭപാത്രത്തിൽ വികസിച്ചു വരുന്നത് . അന്നേ നമ്മൾ ആണാകുമോ പെണ്ണാകുമോ എന്ന് ഏതാണ്ട് എഴുതി ചേർത്തിട്ടുണ്ട് . രണ്ട് എക്സ് ക്രോമോസോം ഉണ്ടെങ്കിൽ പെണ്ണ് , ഒരു എക്‌സും ഒരു വൈ യും ആണെങ്കിൽ ആണ് .

 

എന്നാൽ ചില രോഗാവസ്ഥകളിൽ , ജനിക്കുമ്പോൾ ലൈംഗിക അവയവം ആണും അല്ല , പെണ്ണും അല്ല എന്ന സ്ഥിതിയിൽ ആയിരിക്കും . ഇങ്ങനത്തെ അവസ്ഥകളിൽ :

 

“എത്രയും പെട്ടന്ന് ശസ്ത്രക്രിയ ചെയ്ത് പെണ്ണാക്കും . അതാണല്ലോ എളുപ്പം . ലിംഗവും വൃഷണവും എടുത്തു കളഞ്ഞാൽ ഭാവിയിലും ആൺ ആവില്ല . പെണ്ണായി വളർത്തിയാൽ പെണ്ണായി ജീവിച്ചോളും . അതാണ് അന്നത്തെ ശാസ്ത്രം .”

 

എന്നാൽ ഇങ്ങനെ ചെയ്തവരിൽ പിന്നീട വളരെ അധികം പഠനങ്ങൾ നടക്കുകയുണ്ടായി . അന്ന് ശസ്ത്രക്രിയ ചെയ്തവരിൽ പലരും ഇന്ന് മുപ്പതും നാല്പതും വയസ്സുകാരായി . ആൺ ജനിതകം ഉള്ള പിള്ളേരെ പെണ്ണുങ്ങളായി വളർത്തീട്ട് ഒരു ചുക്കും ശരിയായില്ല .

 

പലരും രണ്ടു വയസ്സായപ്പോ തന്നെ പാവാടയും ബ്ലോസും ഒക്കെ ഊരി എറിഞ്ഞു ട്രൗസർ എടുത്തിട്ടു . നീട്ടി വളർത്തിയ മുടി സ്വയം കണ്ടിച്ചു കളഞ്ഞു . പാവയെയും മറ്റും എടുത്തെറിഞ്ഞു . 

 

“ഞാൻ ആണാണ് ” എന്ന് പ്രഖ്യാപിച്ചു . പിന്നെ വളർന്നപ്പോഴോ , ആകർഷണം പെണ്ണുങ്ങളോട് ആണ് .

 

അന്നത്തെ ഒന്നും എഴുതാത്ത സ്ലേറ്റ് ഒരു മണ്ടത്തരം ആയിരുന്നു എന്ന് വർമ്മ സർ ഊന്നി പറയുക ഉണ്ടായി .

 

പിന്നീട് വളരെ അധികം തെളിവുകൾ ഉണ്ട് . ജനിതകപരമായി പെണ്ണായ എലികളിൽ ഭ്രൂണാവസ്ഥയിൽ, ലിംഗം ഉണ്ടായിക്കഴിഞ്ഞും  ആൺ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ കൊടുത്താൽ , ആണ് എലികളെ പ്പോലെ തന്നെ പെരുമാറും .

 

ഒരു പുസ്തകം എഴുതാനുള്ള അത്രയും കാര്യങ്ങൾ ഉണ്ട് . അതീവ ലളിതമായി പറഞ്ഞാൽ :

 

– ഒരു കോശമായി തുടങ്ങുന്ന ഒരു മനുഷ്യനിൽ ജനിതക സെക്സ് ഉണ്ട് . അത് ആണ് , അഥവാ പെണ്ണ് എന്ന നിലയിൽ ആണ് . എന്നാൽ ഇത് ഒരു continuum ആണ് താനും . കൂടുതൽ വിശദീകരിക്കുന്നില്ല .

 

– ഭ്രൂണത്തിൽ എട്ട് ആഴ്ച ആകുമ്പോൾ ആണുങ്ങളിൽ വൃഷണവും പെണ്ണുങ്ങളിൽ ഓവറിയും ഉണ്ടാവും . വൃഷണം ടെസ്റ്റോസ്റ്റിറോണ് ഉദ്പാദിപ്പിക്കും . ഓവറി ഈസ്ട്രജൻ , പ്രൊജസ്‌ട്രോൺ ഒക്കെയും .

 

-ടെസ്റ്റോസ്റ്റിറോൺ ആൺ ലിംഗം; ആണ് ശരീരം എന്നിവ ഉണ്ടാക്കും . ഇതേ ടെസ്റ്റോസ്റ്റിറോണ് , പിന്നീട കൗമാരത്തിൽ ആണുങ്ങളെ ആണുങ്ങൾ ആക്കും .

 

– ടെസ്റ്റോസ്റ്റിറോൺ വന്നില്ലെങ്കിൽ ശരീരം ഓട്ടോമാറ്റിക് ആയി പെണ്ണിന്റെ ആയി മാറും .

 

-ടെസ്റ്റോസ്റ്റിറോൺ ഉണ്ടായി വരുന്ന മസ്തിഷ്കത്തെ ബാധിക്കും .

 

-മസ്തിഷ്ക മാറ്റങ്ങൾ കാരണം , ഏകദേശം രണ്ടു വയസ്സാകുമ്പോൾ ഞാൻ ആണ് ആണോ പെണ്ണാണോ എന്നുള്ള ബോധം ഉണ്ടാകും . ഇതാണ് ജൻടർ ഐഡന്റിറ്റി . ഇതും ശരീര സെക്‌സും തമ്മിൽ പൊരുത്തം ഇല്ലാതെ വരുന്നത് ആണ് ട്രാൻസ്‌ജണ്ടറുകളുടെ പ്രത്യേകതക്ക് കാരണം . പീഡിപ്പിച്ചോ ചികിൽസിച്ചോ ഇത് മാറ്റാൻ പറ്റില്ല . ആരെയെങ്കിലും കുറ്റം പറയണം എങ്കിൽ ദൈവത്തെ തന്നെ പറയേണ്ടി വരും . (ആ രീതിയിൽ ചിന്തിക്കുന്നവർക്ക് )

 

– വേറൊരു മസ്തിഷ്ക പ്രത്യേകത ആണ് കൗമാരം ആകുമ്പോൾ ആരോടാണ് ആകർഷണം തോന്നുക എന്നത് . സാധാരണ എതിർലിംഗത്തോട് ആണ് . എന്നാൽ അങ്ങനെ ആകണം എന്നില്ല . എന്റെ ജൻഡർ ഐഡന്റിറ്റി ആണ് എന്ന് തന്നെ ആയിരിക്കാം . എന്നാൽ സെക്സ് ഓറിയന്റഷൻ ആണുങ്ങളോട് തന്നെ ആവാം (സ്വവർഗ പ്രണയം )

 

ചുരുക്കത്തിൽ , വളരെ അധികം പേർ വലതു കയ്യന്മാർ ആയി ജനിക്കുമ്പോൾ ചിലർ ഇടതു കയ്യന്മാർ ആയി ജനിക്കുന്നു . ഏകദേശം ഇത് പോലെ ആണ് സെക്സ് മൈനോരിറ്റികൾ . അവർ ജനിച്ചതേ അങ്ങനെ ആണ് . അവർക്ക് ജീവിക്കാൻ അവകാശവും ഉണ്ട് . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .