തൊള്ളായിരത്തി തൊണ്ണൂറ് – ഞാൻ കേറുന്നു .

ആയിരത്തി തൊള്ളായിരത്തി എൺപത്തെട്ടിൽ , ആ നിഗൂഢ കുണാണ്ടറി ഉദയം ചെയ്തു – പിധിം !.   ഇന്റർനെറ്റ് ! സി ഇ ആർ എൻ എന്ന സ്ഥാപനം പടച്ചതാണത് . എന്തുട്ടാ ദ് ? ആർക്കും അറിഞ്ഞൂടായിരുന്നു അന്നത് . എനിക്കും അറിഞ്ഞൂടായിരുന്നു .

എന്തിന് – കമ്പ്യൂട്ടർ എന്താണ് എന്ന് പോലും അറീല്യ ഷ്ടോ – ആരോടും മിണ്ടല്ലേ .

കുത്തക മുതലാളിത്തത്തിന്റെ നേർ ചിഹ്നമായ മക് ഡൊണാൾഡിന്റെ ഒരു ശാഖാ കമ്മ്യൂണിസ്റ്റ് യൂഗോസ്ലാവിയയിലെ ബെൽഗ്രേഡിൽ പൊട്ടി മുളച്ചു – ഡും !

പെട്ടത്തലയിൽ വലിയ കറുത്ത മറുകുമായി ഒരു കിളവൻ ടി വി യിൽ ഇരുന്ന് റഷ്യൻ ഭാഷയിൽ  പെരിസ്ട്ര ഇക്ക , ഗ്ലാസ് നൊസ്റ്റു എന്നൊക്കെ കാച്ചി . എന്തരോ എന്തോ .

ഫാക്കോ എന്നൊരു സാധനം ആരോ കണ്ടുപിടിച്ചു . അങ്ങനെ വേറെയും ചിലത് . കണ്ണ് ശസ്ത്രക്രിയ ചെയ്യുന്ന വിധം തന്നെ ഇവ മാറ്റി മറിച്ചു . എന്റച്ഛൻ ശസ്ത്രക്രിയ പതിയെ നിർത്തി , രോഗികളുടെ കണ്ണ് പരിശോധനയിലേക്ക് മാത്രമായി ഒതുങ്ങി .

കൊറോണറി സ്റ്റെന്റുകൾ എന്ന സാധനം രംഗത്തേക്ക് പൊട്ടിയൊഴുകി . ഇന്റെർവെന്റഷണൽ കാർഡിയോളജിസ്റ്റുകൾ എന്ന കുറെ ചുള്ളന്മാർ അരങ്ങിലേക്ക് ആർത്തലച്ചു വന്നു . ദൈവത്തിന്റെ തലക്ക് മുകളിൽ നിന്നിരുന്ന ഹാർട്ട് സർജൻമാർ സ്വർഗ്ഗത്തിൽ നിന്ന് ഒറ്റ വീഴ്ച വീണു – പതുക്കോ !

ഭീകര വാദികൾ മുസ്ലീങ്ങൾ ആണത്രേ ! ചിലർ ഇപ്പൊ പറയുന്നതാണ്. അന്നോ- അന്ന് ടെററിസം എന്ന് പറഞ്ഞാലേ സിഖ് ടെററിസം ആണ്. ഇന്ദിരയെ കൊന്നതിന്റെ ചോര തളം കെട്ടി നിന്നു. തമിഴ് പുലികൾ എന്ന ടെററിസ്റ്റുകൾ ഇന്ദിരാ പുത്രൻ രാജീവിനെ ഏതാനും കൊല്ലങ്ങൾക്കുള്ളിൽ ഭസ്മമാക്കും . അത് അന്നറിയില്ല . എൺപത്തെട്ടിൽ രാജീവ് ആണ് പ്രധാനമന്ത്രി .

നെഹ്‌റു ശാസ്ത്രത്തെ മനസിലാക്കിയിരുന്നു . അതിന്റെ പ്രാധാന്യത്തെയും . മധ്യകാല ശരിതെറ്റുകളിൽ കുടുങ്ങിക്കിടക്കുന്ന നമ്മുടെ സമൂഹത്തിൽ , മതം ഒരു വെടിമരുന്നു വീപ്പയാണെന്ന് അങ്ങേര് ഗണിച്ചിരുന്നു . മാർക്കറ്റ് എകണോമിയെ , അയാൾ തെല്ലു സംശയത്തോടെ വീക്ഷിച്ചു .

ഇന്ദിരക്ക് പ്രത്യേകിച്ച് ഒരു പ്രത്യയ ശാസ്ത്ര കെട്ടുപാടുകളും ഉണ്ടായിരുന്നില്ല . ഭരണഘടനാ ജനാധിപത്യ വാദി പോലും ആയിരുന്നോ എന്നറിയില്ല . അവർക്ക് പക്ഷെ ഒന്നറിയാമായിരുന്നു – അധികാരം – അത് ജനങ്ങളിൽ നിന്ന് വമിക്കുന്ന ഒരു സാധനം ആണ് .

രാജീവ് ശാസ്ത്രത്തിന്റെ പ്രാധാന്യത്തെ മനസിലാക്കി . എകണോമിക്സിനെ പറ്റിയും പഠിച്ചു വന്നിരുന്നു . പക്ഷെ പ്രായോഗിക രാഷ്ട്രീയം – അതിൽ എ യോ എ പ്ലസോ കിട്ടിയില്ല . ഷാ ബാനു കേസ് അട്ടിമറിച്ച് മുസ്‌ലിം മുല്ലകളെ പ്രീണിപ്പിച്ച അയാൾ , അതെ സമയം , രാമജന്മ ഭൂമി എന്നവകാശപ്പെട്ട ബാബ്‌റി മസ്ജിദ് , റാം ലല്ലയുടെ ആരാധനക്കായി തുറന്നു കൊടുത്തു . അങ്ങനെ രണ്ടു പേരെയും പ്രീണിപ്പിക്കാൻ പുള്ളി നോക്കി .

ഈ രണ്ടു സംഭവങ്ങളും കൂടി ചേർന്നപ്പോൾ ഉണ്ടായ ബഹളത്തിൽ ഉണർന്ന്, ആഴിയുടെ അന്തരാളങ്ങളിൽ ഒളിച്ചു കിടന്നിരുന്ന ഒരു കാളകൂട സർപ്പം പതിയെ മുകളിലേക്ക് നീന്തി .

ആൺ ആണെങ്കിലും ഇച്ചിരി മുല ഉണ്ടല്ലോ എന്ന് എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു . അത് പെട്ടന്ന് അങ്ങ് അലിഞ്ഞു പോയി ! അപ്രത്യക്ഷം! സ്തോത്രം . ഇച്ചിരി പൊക്കം വച്ചപ്പോ ഇത്തിരി ഉഷാർ ആയി . (ഇച്ചിരൂടെ ബുദ്ധി ഉണ്ടായിരുന്നെങ്കിൽ നിന്നെ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു എന്ന ഓഞ്ഞ ഊള ഡയകോൽ ഞാൻ ഇത്തരുണത്തിൽ ഓർക്കുന്നു ).  ഭാവി താടിയുടെയും മീശയുടെയും നിഴൽ ചെറുതായി മോന്തയിൽ   കാണ്മാനായി .

ലൈംഗികമായി പറഞ്ഞാൽ എൺപതുകൾ ദാരിദ്ര്യത്തിന്റെ പരമകാഷ്‌ഠം , ഛെ ….പരമകാഷ്ട ആയിരുന്നു . (ഇപ്പോഴത്തേക്കാളും ! – ഞാനാണേ സത്യം). നമ്മടെ അവയവങ്ങൾ എല്ലാം ആമസോണിൽ- മോളിൽ ഇരിക്കുന്നു എന്ന് പറയപ്പെടുന്ന വിദ്വാൻ അയച്ചു കഴിഞ്ഞു . നമുക്ക് അതെല്ലാം കിട്ടി ബോധിച്ചു . ടെസ്റ്റോസ്റ്റിറോൺ എന്ന ഭീകരവാദി ഹോർമോൺ അതിന്റെ പണികൾ തുടങ്ങിക്കഴിഞ്ഞു . ഒരൊറ്റ ചിന്ത , ഒരൊറ്റ നോട്ടം . മനോരമ ആഴ്ചപ്പതിപ്പിലെ ഒരു പാവം പടം – മതി . വടി പോലെ അറ്റെൻഷൻ ആവുന്ന ചില അവസ്ഥകൾ ആഴങ്ങളിൽ സംജാതമാകും ബ്രോ കളെ .

പക്കേങ്കി – ഒരു കുന്തവും ചെയ്യാൻ പറ്റൂല്ല ! കുറ്റബോധം മാത്രം ബാക്കി . വിവരം വച്ച് കുറ്റബോധം കുറഞ്ഞാലോ – ഒരു കാര്യവുമില്ല . തെറി പറയുന്ന , സദസ്സിൽ പരസ്യമായി വളി വിട്ട് ചിരിക്കുന്ന, ചില ചെറുക്കന്മാർ മാത്രം ഉള്ള സ്‌കൂളും കോളേജും.  ചുമ്മാ ആകാശത്തോട്ട് നോക്കി ഭാവന . പിന്നെ സ്വയം ചില വിക്രിയകൾ . ആത്മ നിർഭർ ഭാവന . ഭാവന , പിന്നെ ആത്മനിർഭർ . ഇതൊക്കെ തന്നെ . കട്ട ഡാർക്ക് .

ദൂരദർശൻ സൂപ്പർ, ചിത്രഹാർ പൊളി ; ന്യൂസ് വായിക്കുന്ന റിൻസി സിൻറ്റ സുന്ദരി – സൂപ്പർ സുന്ദരി  . ശക്തിമാൻ പമ്പരം പോലെ ചുറ്റിത്തിരിഞ്ഞു ആടി – ആഹ്ഹ . കൃഷി ദർശൻ വരെ വായ പൊളിച്ചിരുന്നു കണ്ടു  .

ഫോൺ എന്ന് പറഞ്ഞാ വയറൊണ്ട് – ഭിത്തിയിൽ   ഒട്ടിയിരിക്കുന്നു ! എന്തത്ഭുതം .

സ്‌കൂൾ പത്തിൽ കഴിഞ്ഞു. പിന്നെ കോളേജാണ് – പ്രി ഡിഗ്രി . അന്നൊക്കെ വളരെ സിംപിൾ ആണ് കാര്യങ്ങൾ . അത്യാവശ്യം മാർക്കുണ്ടോ ?

മെഡിസിനാണാ ഇഞ്ചിന്നേരിനാണാ മോനെ പോണേ ? പഫ . ഇങ്ങനെ എടുത്തു വച്ചിരിക്കയാണല്ലോ .

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ് അങ്ങ് പിറന്നപ്പോ – ദേ മക് ഡൊണാൾഡ് മോസ്‌കോയിൽ .

മോസ്‌കോയിൽ !

ലോകത്തെ വിറപ്പിച്ച , പടുകൂറ്റനായി പരിലസിച്ച , ഭീമാകാരനായ , ഇരുമ്പു കർട്ടൻ തകർന്നു തരിപ്പണമായി . ഒത്തിരി പേര് സങ്കടപ്പെട്ടു . വളരെ പേർ തുള്ളിച്ചാടി .

തൊണ്ണൂറ്റി ഒന്ന് ആയപ്പോഴേക്കും സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ലോക മാപ്പിൽ ഇല്ല . നഹീന്നു പറഞ്ഞാ നഹി . ഒരൊറ്റ വെടിയുണ്ട പോലും മിനക്കെടാതെ , ഒന്നും മിണ്ടാതെ , അത് കാല യവനികക്കുള്ളിൽ മറഞ്ഞു . എന്ത് അവിശ്വസനീയമായ കാര്യം ? ഇങ്ങനെ ഒന്ന് നടക്കുമെന്ന് ആരെങ്കിലും വിചാരിച്ചോ ?

ജർമനികൾ ഒന്നിച്ച് ഒട്ടി ; ബെർലിൻ മതിൽ ആടി ഉലഞ്ഞു .

ഹ്യൂമൺ ജീനോം പ്രോജക്ട് തുടങ്ങി ; ഹബിൾ ടെലിസ്‌കോപ്പ് സ്പേസിൽ ഒഴുകി .

രാജീവ് ഗാന്ധി തോറ്റു – വി പി സിങ് വന്നു . ലാൽ കൃഷ്ണ അദ്വാനി എന്നൊരാൾ രഥമാക്കിയ ഒരു ലോറിയിൽ യാത്ര തുടങ്ങി . അങ്ങിങ്ങായി ചോര പൊടിഞ്ഞു തുടങ്ങി .

ഏതോ ഒരു ചരിത്ര ആകസ്മികതയായി ഞാൻ പതിയെ മെഡിക്കൽ കോളേജിലേക്ക് മന്ദം മന്ദം നീങ്ങി .

ടാണ്ടടാ …..

(ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .