പിച്ചും അടിയും അടിയുടെ ശാസ്ത്രവും

 

ഈ ചൂരല്‍ ഒരു ചെടിയുടെ പേര്‍ ആണു. മുള പോലെയുള്ള, പുല്ലുവര്‍ഗ്ഗത്തില്‍ പെടുന്ന ഒരു ചെടിയാണത്രേ ചൂരല്‍. മുള കണ്ടിട്ടുണ്ടെങ്കിലു, ഈ ചൂരല്‍ എന്ന ചെടി ഞാന്‍ കണ്ടിട്ടില്ല. കണ്ടിട്ടുണ്ടായിരിക്കും, ശ്രദ്ധയില്‍ പെട്ടിട്ടില്ല.

എന്നാല്‍ ചൂരല്‍ എന്ന ചെടിയുടെ വടിയായ ചൂരല്വടി – അതു ഞാന്‍ കണ്ടിട്ടും അനുഭവിച്ചിട്ടും ഉണ്ട്. ചൂരവടി അഥവാ വെറും ചൂരല്‍ എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തിന്റെ ശാസ്ത്രീയനാമം “ചൂരല്‍‌പഴഹ പേടിപ്പിക്ക’ എന്നാണെന്ന് പണ്ട് രണ്ടാംക്ലാസില്‍ എന്റെ കൂടെ പഠിച്ച തല്ലുകൊള്ളി വാസു എന്ന കെ വാസുദേവന്‍ പറഞ്ഞത്.

ആക്‌ച്വലി, അപ്പോള്‍‌ രണ്ടാം ക്ലാസില്‍ ചൂരല്‍ ഉണ്ടായിരുന്നോ ?

അക്കാലത്ത് ഉണ്ടായിരുന്നു. ഹോ – അങ്ങനെയും ഒരു കാലം. എന്താല്ലേ?

അതിനു മുമ്പ് പിച്ചല്‍, കൊകൊണ്ടുള്ള കുഞ്ഞടി മുതലായ കലാപരിപാടികളുടെ നേരിയ ഓര്‍മ്മ അവശേഷിക്കുന്നുണ്ട്.

രണ്ടാം‌ക്ലാസിലെ കുഞ്ഞമ്മ ടീച്ചറുടെ അടുത്താണു ആദ്യമായി യഥാര്‍ത്ഥ ചൂരല്‍ കണ്ടത്. ഒരൊന്നരമീറ്ററോളം നീളമുള്ള ഈ സാധനത്തിനു ഒരു രണ്ടാംക്ലാസുകാരന്റെ കൈത്തണ്ടയുടെ അത്ര തന്നെ വലിപ്പം ഉണ്ടായിരുന്നു. എന്നാല്‍ ഇതുകൊണ്ട് ഒരിക്കലും ടീച്ചര്‍ ആരേയും അടിക്കുന്നത് കണ്ടട്ടില്ല. ചുമ്മാ ചെങ്കോല്‍‌ പോലെ അദ്ധ്യാപക അധികാരം സിംബൊളൈസ് ചെയ്യാന്‍ മാത്രം ഉപയോഗിച്ചിരുന്ന ഒരു ഡെക്കറേറ്റീവ് പീസായിരുന്നു ഈ സാമാനം.

“ചൂരല്‍പ്പഴം തരൂട്ടാ!’ എന്നു പറഞ്ഞു പേടിപ്പിച്ചിട്ട് മേശക്കിട്ട് ടമാര്‍ പടാര്‍ എന്ന് വീക്കുന്നതായിരുന്നു കുഞ്ഞമ്മ ടീച്ചറിന്റെ പ്രധാനകാര്യപരിപാടി.

നമ്മള്‍ മിക്കവരും പേടിക്കുകയും ചെയ്യും. പ്രായം അതല്ലേ.

എന്നാല്‍ കുറച്ചുകൂടി വലിയ ക്ലാസ്സുകളിലേക്കു കടന്നപ്പോഴേക്കും ചൂരല്‍ കൊണ്ടുള്ള അടി ‘വ്വേണമെങ്കില്‍ വാങ്ങിക്കാം’ എന്നുള്ള കൈയ്യെത്തിപ്പിടിക്കാവുന്ന പാകത്തിനായി. കൈവെള്ളയിലാണു താങ്ങ്.

ക്ലാസ്സില്‍ വര്‍ത്തമാനം പറയുന്നത്, ഹോം‌വര്‍ക്ക് ചെയ്യാതെ വരുന്നത്, അടിപിടി കൂടുന്നത്, ആരോ വിടുന്നത്, എന്നു വേണ്ട, ഉറക്കെ തുമ്മുന്നത് വരെ ചിലപ്പോള്‍ അടിക്ക് കാരണമാവാം.

ഞാന്‍ സ്വതേ പേടിത്തൊണ്ടനും, ഒരുമാതിരി പഠിപ്പിസ്റ്റും ഒക്കെ ആയതിനാല്‍ മിക്കപ്പോഴും രക്ഷപ്പെടാറാണു പതിവ്. അടികിട്ടുന്ന സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നിന്നാല്‍ അടികിട്ടാതെ രക്ഷപ്പെടാം എന്ന വലിയ സത്യം ഞാന്‍ മനസ്സിലാക്കി. എന്നാലും എനിക്കും കിട്ടിയിട്ടുണ്ട്.

തൃശ്ശൂര്‍ ഗവര്‍മെന്റ് മോഡല്‍ ബോയ്സ് സ്കൂളിലാണു ഞാന്‍ പഠിച്ചത്. നന്നേ കുള്ളനും ഭയങ്കര തടിയനും അരമീറ്റര്‍ മുമ്പോട്ടു ഉന്തിനില്‍‌ക്കുന്ന വയറുമുള്ള ഡേവീസ് മാഷാണു ഹെഡ്‌മാഷ്. മുണ്ടുമുടുത്ത് സ്കൂള്‍ വരാന്തയിലൂടെ അതിവേഗം‌ ധടുപുടു എന്ന് നടന്നു പോകാറുള്ള മാഷിന്റെ വിളിപ്പേര് ‘ഗുഡ്സ് ട്രെയിന്‍’ എന്നായിരുന്നു. സ്വകാര്യത്തിനു ഗുഡ്സേ, ഗുഡ്സേ എന്ന് പിള്ളാര്‍ക്ക് വിളിക്കാം.

ഒരിക്കല്‍ സ്പീഡില്‍ നടന്നു പോകുമ്പോള്‍‌ ഒരഞ്ചാം ക്ലാസ്സുകാരനുമായി സാര്‍ മുട്ടുകയും ഞാന്‍ അത് കണ്ടു നില്‍ക്കുകയും, ആ കുട്ടി നിലത്തു വീഴുകയും ചെയ്തു. അറിയാതെ ‘അയ്യോ ഗുഡ്സിടിച്ചേ’ എന്ന് ഞാന്‍ പറഞ്ഞുപോകുകയും ചെയ്തു.

അതിനു സാമാന്യം നന്നായി എന്റെ തുടയില്‍ ചൂരല്‍ കൊണ്ടു മേഞ്ഞു, ഡേവീസ് മാഷ്. പാവം ഗുഡ്സ്. ഇപ്പോള്‍ എവിടാണോ ആവോ.. ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല.

വീട്ടിലും ഉണ്ടായിരുന്നു ചൂരല്‍. അമ്മ പിച്ച്, കൈകൊണ്ടടി, ചൂരല്‍ വീശി ഭീഷണിപ്പെടുത്തല്‍ ചിലപ്പോള്‍ കുഞ്ഞടികള്‍ ഇവയില്‍ നിപുണയായിരുന്നു. പപ്പ വല്ലപ്പോഴും വളരെ ഗൗരവ കുറ്റങ്ങള്‍ക്ക് മാത്രമേ അടിക്കൂ.

ഇതൊക്കെ അന്തകാലം. ഇന്നോ? സ്കൂളുകളില്‍ അടിയിപ്പോള്‍ തീരെ കുറഞ്ഞു. ഇല്ലെന്ന് തന്നെ പറയാം.

കുറെ നല്ലതു തന്നെ. ചുരുക്കം‌പേര്‍ ക്രൂരമായും അകാരണമായും ശിക്ഷിച്ചിരുന്നു. തീരെ ഒഴിവാക്കുന്നതാണോ നല്ലത് ?

വീടുകളിലോ ? ഞാന്‍ വല്ലപ്പോഴും കൈകൊണ്ടൊക്കെ കുട്ടികളെ തല്ലിയിട്ടുണ്ട്. അമേരിക്കയിലും യൂറോപ്പിലും ജയിലില്‍ പോകാന്‍ അതുമതി. ചോദ്യം ഇതാണു – ശാസ്ത്രീയമായി പറഞ്ഞാല്‍ പിള്ളാരെ തല്ലാമോ? വഴക്ക് പറയാമോ? എങ്ങനെയൊക്കെ ശിക്ഷിക്കാം ? ശിക്ഷിക്കാതെ വളര്‍ത്താന്‍ പറ്റില്ലേ?

‘ഒരിക്കലും തല്ലരുത്’ ഇതാണു പല ഉപദേശങ്ങളിലും കേള്‍ക്കാറുള്ളത്. ഇതില്‍ എന്ത് മാത്രം ശാസ്തീയത ഉണ്ട് ?

പഠനങ്ങള്‍ ഉണ്ടോ? ഉണ്ടല്ലോ. അതാണ് പ്രശ്നം. ഒന്നു ഗൂഗിള്‍ ചെയ്തു നോക്കിയാല്‍ മതി. ആയിരക്കണക്കിനു പഠനങ്ങളാണു ഒറ്റക്ലിക്കില്‍ തെളിയുക.

കുട്ടികളെ അടിച്ചു ശിക്ഷിക്കുന്നതും, അവരുടെ പിന്നീടുള്ള മുതിര്‍ന്ന ജീവിതത്തിലെ ഇഫക്റ്റുകളെയും പറ്റി ആയിരത്തിത്തൊള്ളായിരത്തി അമ്പതുകള്‍ മുതല്‍ പഠിച്ചിട്ടുണ്ട്. മിക്ക പഠനങ്ങളും പറയുന്നത് ചെറുപ്പത്തില്‍ അടി കൊണ്ടവര്‍ ഭാവിയില്‍ താരതമ്യേന വില്ലന്മാര്‍ ആയി വളര്‍ന്നു വരുന്നു എന്നാണു. ഒരു പഠനത്തില്‍ നാലായിരത്തിലധികം കുട്ടികളെ പഠിച്ചു. ചെറുപ്പത്തില്‍ കൊണ്ട അടിയെപ്പറ്റി ചോദിച്ചു മനസ്സിലാക്കി. ഇപ്പോള്‍ ഭാര്യയെ അഥവാ ഭര്‍ത്താവിനെ തല്ലുകയും ഉപദ്രവിക്കുകയും ചെയ്തതിന്റെ കണക്കെടുത്തു. കൊണ്ട അടിയുടെ കണക്ക് പല ഗ്രേഡായി തിരിച്ചിട്ടുണ്ട്. ഓരോ ഗ്രേഡ് കൂടുന്തോറും ഭാവിയില്‍ അവര്‍‌ ഭാര്യയേയോ ഭര്‍ത്താവിനേയോ ഉപദ്രവിക്കാറുള്ള സാധ്യത ആനുപാതികമായി കൂടുന്നു. ഇതില്‍ നിന്നു നാം എന്ത് മനസ്സിലാക്കി ? കുട്ടികളെ തല്ലുകയേ അരുത്. അവര്‍ അലമ്പന്മാരും അലമ്പികളുമായി വളര്‍ന്നു വരും.

ഒരു മാതിരി എല്ലാ പഠനങ്ങളും ഏതാണ്ടിങ്ങനെയൊക്കെയാണു. തൊണ്ണൂറുകളോടെ ശാസ്ത്രജ്ഞന്മാര്‍ ഒരു തീരുമാനത്തിലെത്തി. അടി നിരോധിക്കണം. കഠിനശിക്ഷകള്‍ ഒഴിവാക്കിയാല്‍ പോരേ? പോര, കുഞ്ഞടികളും നിരോധിക്കണം.

ഈയടുത്തകാലത്താണു ചിലര്‍ക്ക് ഒരു ഭയങ്കര സംശയം തോന്നിത്തുടങ്ങിയത.

ചെറുപ്പത്തില്‍ കിട്ടിയവര്‍ വലുതാകുമ്പോള്‍ കൊടുക്കുന്നു. അപ്പോള്‍ കിട്ടിയതാണു കൊടുക്കാന്‍ കാരണം ? അങ്ങനെയാവണമെന്നില്ല.

ഒരുദാഹരണം പറയാം. നിങ്ങള്‍ക്ക് രണ്ടു കുട്ടികളുട്ണ്‍. മൂത്തമോള്‍ ലുട്ടാപ്പിക്കുട്ടി. രണ്ടാമത്തവന്‍ മായാവിമോന്‍‌. ലുട്ടാപ്പിക്കുട്ടി മഹാവികൃതിയാണു. എല്ലാം തരം കിട്ടിയാല്‍ തല്ലിപ്പൊട്ടിക്കും. റോഡിനു കുറുകേ ഓടും. ഉത്തരത്തില്‍ പെടച്ചുകയറും. പഴ്സില്‍ നിന്ന് കാശു കക്കും.

മായാവി മോന്‍ ഭയങ്കര പാവമാണു . ഒരിടത്തിരുത്തിയാല്‍ അവിടെത്തന്നെ ഇരുന്നോളും. പറഞ്ഞതെല്ലാം മിക്കവാറും കേള്‍ക്കും. പോരെങ്കില്‍ മഹാസ്നേഹക്കാരനും. എപ്പൊഴും കൊഞ്ചിക്കുഴഞ്ഞ് നിങ്ങളെ സുഖിപ്പിക്കും.

നിങ്ങള്‍ ആരെയായിരിക്കും, കൂടുതല്‍ ശിക്ഷിക്കുക, അടിക്കുക? മായാവിമോനെ എന്നു പറഞ്ഞാല്‍ നിങ്ങള്‍ക്കെന്തോ കുഴപ്പമുണ്ട്. രണ്ടുപേരെയും ഒരുപോലെ എന്ന് പറഞ്ഞാലും കുഴപ്പമുണ്ട്. രണ്ടിനേയും ഒട്ടും ശിക്ഷിക്കില്ല എന്ന് പറഞ്ഞാല്‍ പിള്ളേരെ വളര്‍ത്താനേ അറിയില്ല എന്നു ചിലര്‍ പറയും. സംശയം ഒന്നും വേണ്ട – ലുട്ടാപ്പിക്കുട്ടിക്ക് കൂടുതല്‍ അടികിട്ടും

ലുട്ടാപ്പിയമ്മയായി ലുട്ടാപ്പിക്കുട്ടി വളരുന്നു. അതേ അലമ്പത്തരം പിന്നീടും കാട്ടുകയില്ലേ? കൊച്ചിനെ വീക്കാന്‍ കൂടുതല്‍ സാധ്യത ആരിലാണു നിങ്ങള്‍ കാണുന്നത് ? ലുട്ടാപ്പിയമ്മയോ മായാവിഅപ്പനോ? മായാവിയപ്പന്‍ ഭാര്യയെ കൊഞ്ചിക്കുമ്പോള്‍ ലുട്ടാപ്പിയമ്മ ചിലപ്പോള്‍ കെട്ടിയോനെ ചിരവയെടുത്തു ചാമ്പുകയായിരിക്കും.

ചുരുക്കത്തില്‍, ദേഷ്യം, പെട്ടന്ന് ആക്രമസ്വഭാവിയാക്കുന്ന പ്രവണത, കുറുമ്പ് മുതലായവ കാണിക്കുന്ന കുട്ടികള്‍ കൂടുതല്‍ അടികൊള്ളും. അവര്‍ വലുതായാലും ചിലപ്പോള്‍ ഈ പ്രവണതകള്‍ കാണിച്ചേക്കും എന്ന് മാത്രമല്ല, അടിയൊന്നും കിട്ടിയില്ലായിരുന്നെങ്കില്‍ സ്ഥിതി കൂടുതല്‍ മോശമാകുമായിരിക്കും എന്നും ചിലര്‍ വാദിക്കുന്നു

വേറെയുമുണ്ട് പ്രശ്നങ്ങള്‍

ഒരച്ഛന്‍ വലിയ ദേഷ്യക്കാരനും വഴക്കാളിയും ആണെന്നെരിക്കട്ടെ. ഭാര്യയും അങ്ങനെതന്നെ. അവര്‍ കുട്ടികളെ കൂടുതല്‍ തല്ലുന്നു. ഈ കുട്ടികള്‍ വലുതാകുമ്പോള്‍ ഇതേ സ്വഭാവങ്ങള്‍ കാട്ടുന്നു. അതായത് പാരമ്പര്യമായി കൈമാറിയതാണു ഈ സ്വഭാവങ്ങള്‍. അങ്ങനെയും ആയിക്കൂടെ? സ്വഭാവത്തില്‍ പാരമ്പര്യത്തിനും, സ്വതേയുള്ള വ്യക്തിത്വത്തിനും പ്രാധാന്യമുണ്ട് എന്നാലോ ?

ഇത് കണക്കിലെടുക്കാതെയാണു ഒട്ടുമിക്ക ഭീകര പഠനങ്ങളും നടന്നിട്ടുള്ളത്

ഇപ്പോഴത്തെ ഒരു അറിവു വച്ചു നോക്കിയാല്‍ ഒരു ചെറിയ അളവു വരെയെങ്കിലും വ്യക്തിത്വത്തില്‍ ജീനുകളുടെ ഇഫക്റ്റ് ഉണ്ട്. ലുട്ടാപ്പിമോന്റെ പോലെയല്ല, മായാവിമോള്‍. കപീഷ്‌കുട്ടിയുടെ പോലെയല്ല ബന്ദിലമോള്‍. അതുകൊണ്ട് തന്നെ ഓരോ കുട്ടിയേയും വളര്‍ത്തുന്നത് നമ്മള്‍ അറിയാതെ പല രീതിയില്‍ ആയിപ്പോകും.

അപ്പോള്‍ എന്ത് ചെയ്യും?

ഒന്നും അധികം ചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്തായാലും അതികഠിന ശിക്ഷളും കഠിന അടിയും ബാലപീഢനമാണു. ക്രൂരതകള്‍ ഒഴിവാക്കിയേ പറ്റൂ. ഇല്ലെങ്കില്‍ സമൂഹത്തിനും പോലീസിനും ഇടപെടേണ്ടി വരും. അത് പിന്നീട് കുട്ടികള്‍ക്ക് എന്ത് പറ്റും എന്നുമാത്രം വിചാരിച്ചല്ല. അത് ക്രൂരതയാണു. അതനുവദിക്കാന്‍ പറ്റില്ല എന്നുള്ള സാമാന്യതത്വം വച്ചാണു.

ബാക്കിയൊക്കെ നമ്മുടെ കോമണ്‍‌സെന്‍സ് വച്ച് ഒരു പരിധി വരെ അഡ്ജസ്റ്റ് ചെയ്യാം. കൂടുതല്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ മന:ശാസ്ത്രജ്ഞനേയോ കുട്ടികളുടെ ഡോക്ടറേയോ കാണാം.

പിന്നെ ഈ പ്രായത്തിലും എനിക്ക് വഴക്ക് കിട്ടാറുണ്ട്. അച്ഛനും അമ്മയും ഭാര്യയും ഒക്കെ മോശമല്ല. നിങ്ങള്‍ക്ക് പറയാനുള്ളത് എന്നെ എഴുതി അറിയിച്ചോളൂ. Email : jimmysurgeon(at)gmail.com

[ഡോ ജിമ്മി മാത്യു അമൃത സ്കൂള്‍ ഓഫ് മെഡിസിനില്‍ പ്രൊഫസറാണു. കാലിക കാര്യങ്ങളിലും ശാസ്ത്രവിഷയങ്ങളിലും എഴുതാറുള്ള ജിമ്മിയുടെ നാലു പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ‘ചിരിയിലൂടെ ചികിത്സ’ എന്ന മലയാളപുസ്തകം ഈയടുത്ത് പ്രസിദ്ധീകരിക്കപ്പെട്ടതാണു]