വേണ്ടാ ട്രംപ് – ചില ചരിത്ര കാരണങ്ങൾ.

ട്രംപ് ജയിച്ചാലോ തോറ്റാലോ നമുക്ക് എന്തുട്ട് പുട്ട് ? പലരും ചോദിച്ചു കേട്ടു .
കേൾക്കുമ്പോ ശരിയാണ് .

പക്ഷെ എന്റെ വീക്ഷണം ആദ്യം തന്നെ വ്യക്തമാക്കട്ടെ . ഞാൻ ട്രംപിന്റെ ഒരു സപ്പോർട്ടർ അല്ല . അയാൾ ചരിത്രപരമായ ഒരു ദുരന്തം ആണെന്ന് വിശ്വസിക്കുന്നത് കൊണ്ടാണത് . കാരണം വ്യക്തമാക്കാം .

ഒന്ന് – വംശീയത എന്ന ഒറിജിനൽ ഗോത്രീയത :

ചരിത്രത്തിൽ ഏറ്റവും അധികം കൊല്ലൽ , ബലാത്സംഗം , കൂട്ടക്കൊല്ലൽ , അടിമത്തം , വേരോടെ ഉള്ള ദയാരഹിത വംശ ഹത്യ , കരുണ തൊട്ടു തീണ്ടാത്ത ക്രൂരതകൾ എന്നിവ നടന്നിട്ടുള്ളത് ഗോത്രം , വംശം , മതം , ജാതി , എന്നീ പേരുകളിൽ മനുഷ്യൻ അങ്ങോട്ടും ഇങ്ങോട്ടും അടി കൂടിയപ്പോൾ ആണ് . ഈ അടുത്ത കാലങ്ങളിൽ പോലും , പല ഭരണാധികാരികളും സ്വന്തം ജനതയെ നിയന്ത്രിക്കാൻ ഇത് ഒരു എളുപ്പ ഉപാധിയായി കണ്ടിട്ടുണ്ട് . അപ്പോഴൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും ഉണ്ട് . എന്തോരും കൂട്ടക്കൊലകൾ ! ഉദാ – നാസി ജർമനിയിലെ ജൂത കൂട്ടക്കൊല , ടർക്കിയിലെ അർമേനിയൻ ക്രിസ്ത്യൻ കൂട്ടക്കൊല , സെർബിയയിലെ മുസ്‌ലിം കൂട്ടക്കൊല , റുവാണ്ടയിലെ ഭീകര കൂട്ടക്കൊല . ഇതൊക്കെ വെറും സാമ്പിളുകൾ മാത്രം .

വെള്ള വംശീയത , ആന്റി – കുടിയേറ്റം , ഇവാൻജെലിക്കൽ മത വാദ സപ്പോർട്ട് . ഇത്രേം കാര്യങ്ങൾ ആണ് ട്രംപിന്റെ തുറുപ്പു ചീട്ട് എന്ന് ആർക്കാണ് അറിയാൻ പാടില്ലാത്തത് ? കരിസ്മാറ്റിക് മൗത് പീസ് ആയ ശാലോം വരെ ട്രംപിനെ സപ്പോർട്ട് ചെയ്തിരുന്നു എന്നോർക്കുക . അപ്പൊ തന്നെ മണക്കേണ്ടതാണ് . എന്ത് ? അപകടം .

ഇന്നത്തെ ലോകത്തിൽ – വേണ്ടാ ഇത് , സുഹൃത്തേ – വേണ്ട , വേണ്ട .

രണ്ട് – ജനാധിപത്യ മര്യാദകളുടെ കടക്കൽ കത്തി വയ്ക്കൽ :

മനുഷ്യ ഗ്രൂപ്പുകൾ തമ്മിലുള്ള യുദ്ധം കഴിഞ്ഞാൽ , പിന്നെ ഏറ്റവും ചരിത്ര ക്രൂരതകൾ നടന്നിട്ടുള്ളത് ക്രൂര ഭരണാധികാരി അഥവാ ഭരണ യന്ത്രം , സ്വന്തം പൗരന്മാരെ അടിമകൾ ആക്കുകയും , പീഡിപ്പിക്കുകയും , കൊല്ലുകയും ചെയ്തപ്പോൾ ആണ് . ഉദാ ; എത്ര വേണമെങ്കിലും ഉണ്ട് . അതിനെതിരെ ഉയർന്നു വന്ന ഒരു ഉപായം ആണ് ജനാധിപത്യം . മടുത്തു കഴിയുമ്പോ ഒരു ഭരണാധികാരിയെ മാറ്റാൻ ഉള്ള ഒരു മാർഗം ആണത് . വേറെ ഒരു കുന്തവും അല്ല . അതിന്റെ മര്യാദകളെ ബഹുമാനിക്കാത്ത ഒരാൾ അപകടകാരി ആണ് .

ഒരു നേതാവ് എന്ത് മാത്രം ഏകാധിപത്യ സ്വഭാവം കാണിക്കുന്ന ആൾ ആണ് ? ഇതറിയാൻ yale ലെ പ്രൊഫസർ ആയ ജുവാൻ ലീന്സ് നാല് ടെസ്റ്റുകൾ പറഞ്ഞിട്ടുണ്ട് .

  • ജനാധിപത്യ സംവിധാനങ്ങളോട് പുച്ച്ചം; വിശ്വാസം ഇല്ലായ്മ – ഭരണഘടനയെ തള്ളുക . ഇലക്ഷൻ തട്ടിപ്പ് ആണെന്ന് പറയുക , മീഡിയ ഒക്കെ കള്ളന്മാർ ആണെന്ന് വിശ്വസിക്കുക , മാധ്യമങ്ങളോട് സംസാരിക്കാതിരിക്കുക , ഇലക്ഷൻ തോറ്റെന്നു സമ്മതിക്കാതിരിക്കുക തുടങ്ങിയവ.
  • ജനാധിപത്യത്തിൽ എതിർപക്ഷം ശത്രു അല്ല . ഒരു ഫുട്ബാൾ കളിയിൽ ഉള്ള എതിരാളി പോലെയേ ഉള്ളു . ഈ സ്പിരിറ്റിൽ എടുക്കാതിരിക്കുക . എന്ത് വില കൊടുത്തും എതിരാളിയെ ഒതുക്കാൻ നോക്കുക . അവർ കൊള്ളക്കാർ ആണെന്ന് പറയുക , ശത്രു രാജ്യ ഏജെന്റുകൾ ആണെന്ന് പറയുക . ഇവിടെ ജനിച്ചതല്ല , മുസ്‌ലിം ആണ് തുടങ്ങിയ കള്ളങ്ങൾ പറയുക .
  • നിയമപരമല്ലാത്ത അക്രമങ്ങളെയും , അക്രമം കാണിക്കുന്ന സപ്പോർട്ട് ഗ്രൂപ്പുകളെയും പ്രോത്സാഹിപ്പിക്കുക . കൊല്ലൂ , തല്ലൂ എന്നാക്രോശിക്കുക . ലഹളകൾ , വംശഹത്യകൾ എന്നിവയെ പ്രോത്സാഹിപ്പിക്കുക , നിരുത്സാഹപ്പെടുത്താതിരിക്കുക .
  • നിയമവ്യവസ്ഥ , ക്രൈം ഏജൻസികൾ , ടാക്സ് ഏജൻസികൾ , ഇവയെ ഉപയോഗിച്ച് , എതിര്പക്ഷ നേതാക്കന്മാർ , പ്രമുഖന്മാർ , മാധ്യമങ്ങൾ , സാംസ്‌കാരിക നായകന്മാർ , എഴുത്തുകാർ , സിനിമാക്കാർ ഇവരെ വേട്ടയാടുക .

ഈ കാര്യങ്ങൾ ഒക്കെ വച്ച് നോക്കിയാൽ , ട്രംപ് വളരെ വലിയ ഒരു ജനാധിപത്യ വിരുദ്ധൻ ആണെന്ന് കാണാൻ സാധിക്കും .

മൂന്നു – നൊണ . കല്ല് വച്ച നൊണ .

ഒരു നേതാവിന് വേണ്ട അത്യാവശ്യം ഗുണങ്ങളിൽ ഒന്നാണ് കഴിയുന്നതും സത്യം പറയുക എന്നത് . കഴിഞ്ഞ നാല് വർഷങ്ങളിൽ , ഇപ്പോഴുള്ള അമേരിക്കൻ പ്രസിഡണ്ട് ഇരുപത്തിരണ്ടായിരം വലിയ കള്ളങ്ങൾ ബോധപൂർവം പറഞ്ഞതായി മീഡിയ റിപ്പോർട്ട് ചെയ്യുന്നു . ഒബാമ ജനിച്ചത് അമേരിക്കയിൽ അല്ല , അയാൾ മുസ്‌ലിം ആണ് , എന്ന വലിയ നുണ വീണ്ടും വീണ്ടും പറഞ്ഞാണ് ട്രംപിന്റെ അരങ്ങേറ്റം തന്നെ .

ഇത്തരം നുണകൾ പ്രൊപ്പോഗാണ്ട ആണ് . സാദാ ജനങ്ങൾ ഇവ വിശ്വസിക്കും എന്ന് നമുക്കറിയാം . ഗീബൽസ് നെ പറ്റി നമുക്കറിയാമല്ലോ . നമ്മുടെ രാജ്യത്തും ഇത്തരം പ്രൊപ്പോഗാണ്ട ഉണ്ടാക്കി വിടുന്നതിൽ വേന്ദ്രന്മാർ ആരാണെന്നും എന്തിനാണെന്നും നമുക്കറിയാം . നല്ലതിനല്ല നുണകൾ . അതിന് യാതൊരു സംശയവുമില്ല . ജനാധിപത്യത്തിന്റെ അടിക്കല്ലുകളിൽ ഒന്നാണ് സത്യസന്ധത .

നാല് – സാർവലൗകികത അംഗീകരിക്കാത്ത സ്വാർത്ഥത :

ഇന്ത്യ , അമേരിക്ക പോലുള്ള രാജ്യങ്ങളിൽ നല്ല ഒരു ജനാധിപത്യ മര്യാദകൾ ഉരുത്തിരിഞ്ഞു വരേണ്ടത് ലോകത്തിന്റെ തന്നെ ഒരാവശ്യമാണ് . ക്രൂരവും ദയാ രഹിതവുമായ മനുഷ്യചരിത്രം ഒട്ടൊക്കെ മയപ്പെട്ടത് ഈ അടുത്ത കാലത്താണ് . ആ മാർദവം തുടരേണ്ടത് അടുത്ത് തലമുറക്ക് ആവശ്യമാണ് .

എല്ലാ മനുഷ്യരും മനുഷ്യർ ആണെന്നും , ഓരോ മനുഷ്യനും ചില അവകാശങ്ങൾ ഉണ്ടെന്നും ഇന്ന് നമുക്കറിയാം . അമേരിക്ക മാത്രം ; അഥവാ ഇന്ത്യ മാത്രം ആയി ഒരു നന്നാവാൽ ഇനി ഇല്ല . എല്ലാരും നന്നാവണം . ചില സാർവദേശീയ മര്യാദകൾ വേണം .

ഭൂമി ചൂടാവുന്നുണ്ട് . നമുക്ക് ഒരു ഭൂമിയെ ഉള്ളു . ഒരു ഇന്ത്യക്കാരൻ ചിലവാക്കുന്നതിന്റെ പത്തും ഇരുപതും അൻപതും മടങ്ങ് ഊർജം ഒരു അമേരിക്കൻ ചിലവാക്കുന്നുണ്ട് . കാലാവസ്ഥ ചർച്ചകളിൽ നിന്ന് അവർ അവരുടെ കാര്യം മാത്രം നോക്കി പിന്മാറിയാൽ ആർക്കാണ് നഷ്ടം ? നമുക്ക് എല്ലാവര്ക്കും .

ഈ കോവിഡ് പോയാൽ ഉടൻ ഒരു പക്ഷെ അടുത്ത പാൻഡെമിക് വന്നേക്കാം . പുതിയ ഒരു ഇൻഫ്ലുൻസ , എബോള , മെർസ് , സാർസ് ഒക്കെ ഇങ്ങനെ ഓങ്ങി ഇരിക്കയാണ് . അപ്പൊ ലോകാരോഗ്യ സംഘടനയിൽ നിന്ന് മാറി , ഞങ്ങളുടെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം എന്ന് പറയുന്നതിൽ എന്തർത്ഥം ? ആർക്കാണ് നഷ്ടം ? നമുക്കെല്ലാം .

ഉട്ടോപ്പിയയിൽ എനിക്ക് വിശ്വാസമില്ല . എങ്കിലും , മനുഷ്യരാശിക്ക് ഇനിയും നന്നാവാം എന്ന് വിശ്വസിച്ചേ പറ്റൂ . അതിന് , ചില മിനിമം മൂല്യങ്ങൾ വേണ്ടേ ?

വേണം , വേണം (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .