– വലിയ തെറി – എവിടെടോ തെളിവ് ?

അപ്പൊ നമ്മൾ പറഞ്ഞു വന്നത് എന്താണ് എന്ന് വച്ചാൽ , ഏകദേശം പതിനാല് ബില്യൺ കൊല്ലങ്ങൾക്ക് മുൻപ് ,(ഒരു ബില്യൺ എന്നാൽ ആയിരം മില്യൺ – ഒരു മില്യൺ എന്നാൽ പത്തു ലക്ഷം ) എന്താണെന്നോ എങ്ങനെ ഇരിക്കുമെന്നോ അറിയാത്ത , അനന്ത ഘനം ഉള്ള , എന്നാൽ വലിപ്പം പൂജ്യമായ സിംഗുലാരിറ്റി എന്ന ബിന്ദു ദപക്കോ എന്ന് തെറിക്കുന്നു – സ്ഥലം , കാലം എന്നിവ ഉണ്ടാവുന്നു. ഊർജം പിറക്കുന്നു . ഊർജം ഘനീഭവിച്ച് ഇലക്ട്രോണുകൾ, പ്രോട്ടോണുകൾ തുടങ്ങി കണികകൾ ഉണ്ടാവുന്നു. പിന്നീട് ഈ മഹാ പ്രപഞ്ചം തുടർന്നും വികസിക്കുന്നു ,- ഇലക്ട്രോണുകൾ പ്രോട്ടോണുകളുടെ ചുറ്റും കറങ്ങുന്നു . അങ്ങനെ ഹൈഡ്രജൻ ആറ്റങ്ങൾ ഉണ്ടാവുന്നു .

എന്റമ്മോ – ഇതൊക്കെ സംഭവിക്കുവോ ?

അതായത് , പണ്ടൊക്കെ , എയ്ൻസ്റ്റീനിന്റെ കാലത്തൊക്കെ (ആയിരത്തി തൊള്ളായിരത്തി ഇരുപത് , മുപ്പത് കാലത്തൊക്കെ ,) ഇങ്ങനെ ആലോചിക്കാൻ പോലും പറ്റില്ലായിരുന്നു . അന്നത്തെ ശാസ്ത്രജ്ഞന്മാർ ഓടിച്ചിട്ട് തല്ലിയേനെ !

ശാസ്ത്ര രീതികൾ പിന്തുടർന്നാൽ പതിയെ പതിയെ സത്യങ്ങൾ പുറത്തു വരും എന്നതിന്റെ നല്ല ഒരു ഉദാഹരണം ആണ് വലിയ തെറി എന്ന ബിഗ് ബാംഗ് .

പ്രപഞ്ച സ്പന്ദനം മൊത്തം കണക്കിൽ ആണ് . ഇക്വേഷനുകളിലൂടെ പ്രപഞ്ചത്തെ അടുത്തറിഞ്ഞ ആളാണ് ന്യൂട്ടൻ . ന്യൂട്ടൻ ആണ് ഗുരുത്വഘര്ഷണം ഒക്കെ ആദ്യം കൊണ്ട് വന്നത് . പദാർത്ഥം എന്ന സാമാനം തമ്മിൽ എപ്പോഴും ആകർഷിച്ചോണ്ടിരിക്കും . ഇതാണല്ലോ ഈ ഗ്രാവിറ്റി എന്ന ബലത്തിന്റെ കാതൽ . അപ്പൊ ഒരു ചോദ്യം ഉണ്ട് – എന്ത് കൊണ്ട് , ഈ സൂര്യൻ , ഭൂമി , നക്ഷത്രങ്ങൾ ഒക്കെ പണ്ടേക്ക് പണ്ടേ ഒട്ടി ഒന്നായില്ല ? ന്യൂട്ടന്റെ കാലത്ത് , ഇതിനു വലിയ പ്രാധാന്യം ആരും കൊടുത്തില്ല . പ്രപഞ്ചത്തെ ഉണ്ടാക്കിയത് ദൈവം ആണല്ലോ . അപ്പൊ ഉണ്ടാക്കിയപ്പോഴേ ഇങ്ങനെ ഇരുന്നിരിക്കും . അല്ല പിന്നെ .

ന്യൂട്ടന്റെ കാലം കഴിഞ്ഞു നൂറു വർഷം കഴിഞ്ഞാണ് എയ്ൻസ്റ്റീൻ അടിസ്ഥാന തിയറികൾ ഒക്കെ നന്നായി ഒന്ന് പരിഷ്കരിക്കുന്നത് . ഗ്രാവിറ്റി ഒക്കെ ജെനെറൽ റിലേറ്റിവിറ്റി തിയറി വച്ച് നോക്കിയപ്പോ ആകെ മൊത്തം ടോട്ടൽ ആയി , പ്രപഞ്ചത്തിനു മൊത്തം കണക്കാക്കി നോക്കിയപ്പോ സ്ഥിരത ഇല്ല !

അതായത് , കണക്കു കൂട്ടി നോക്കിയപ്പോ , അനന്തമായ പ്രപഞ്ചം , അനന്തമായി ഇങ്ങനെ സ്ഥിരമായി നിൽക്കുകയില്ല . ടാണ്ടടാ ….

എയ്ൻസ്റ്റീനിന്റെ കാലം ആയപ്പോഴേക്കും , ശാസ്ത്രജ്ഞന്മാർ സൃഷ്ടി വാദത്തെ പുച്ചിച്ചു തള്ളി തുടങ്ങിയിരുന്നു . അനന്തമായ പ്രപഞ്ചം , ഇങ്ങനെ അനന്തമായി നിക്കയാണ് എന്നാണു എല്ലാവരും തന്നെ കരുതിയിരുന്നത് .

വലിയ ദൂരങ്ങളിൽ ഗ്രാവിറ്റി വികര്ഷണ ബലം ആകുമെന്ന് കണക്കാക്കി , കോസ്മോളജിക്കൽ കോൺസ്റ്റന്റ് എന്ന ഒരു കുണാണ്ടറി ഈക്വാഷനിൽ ഇട്ട് ഒരു ബാലൻസിംഗ് നടത്തി എയ്ൻസ്റ്റീൻ ചേട്ടൻ .

1929 ൽ ജോർജെസ് ലാമയ്റ്റർ എന്ന ഒരു കത്തോലിക്ക അച്ചൻ  ബെൽജിയൻ കണക്കു കൂട്ടി നോക്കി ഗണിച്ച് പറഞ്ഞു – ഒന്നുകിൽ പ്രപഞ്ചം വികസിക്കുന്നുണ്ട് , ഇല്ലെങ്കിൽ സംഭവം ചുരുങ്ങി വരികയാണ് ! ഇങ്ങനെ നിന്ന നിൽപ്പിൽ നിക്കാൻ ഒരു വഴിയും ഇല്ല . എയ്ൻസ്റ്റീന്റെ കണക്ക് വച്ചിട്ട് തന്നെയാണ് അച്ഛൻ ഇങ്ങനെ കാച്ചിയത് . ഈ കാച്ചിയ കത്ത് , എയ്ൻസ്റ്റീനു അച്ഛൻ അയച്ചു കൊടുത്തത് , പുള്ളി ചവറ്റു കൂനയിൽ ഇട്ടു . കണ്ടോ , കണ്ടോ – എത്ര വലിയ ശാസ്ത്രജ്ഞൻ ആയാലും ഇങ്ങനെ തെറ്റുകൾ പറ്റും . നിരന്തരം ചോദ്യം ചെയ്യുന്ന ശാസ്ത്രത്തിന്റെ , വിമർശനാത്മക ബുദ്ധി ആണ് , സത്യങ്ങൾ പുറത്ത് കൊണ്ട് വരുന്നത് .

ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിൽ എഡ്വിൻ ഹബ്ബിൾ ( നമ്മുടെ ഹബ്ബിൾ ടെലിസ്‌കോപ്പ് പുള്ളിയുടെ പേരിൽ ആണ് ) എന്ന വാന ശാസ്ത്രജ്ഞൻ (അതെ -സ്പെല്ലിങ് കറക്ട് ആണ് ) നോക്കിയപ്പോ , ദൂരെ ഉള്ള ഗാലക്സികൾ നമ്മുടെ ഗാലക്സിയിൽ നിന്ന് അകന്നു പോകുകയാണ് എന്ന് മനസ്സിലാക്കി . ദൂരെ നിന്നും വരുന്ന പ്രകാശത്തിന്റെ റെഡ് ഷിഫ്റ്റ് എന്ന ഒരു പ്രതിഭാസം കാരണം ആണ് ഇയാൾക്ക്  ഇങ്ങനെ തോന്നാൻ കാരണം . നമ്മുടെ വീടിന്റെ ഉള്ളിൽ ഇരുന്നു തന്നെ , റോഡിലൂടെ നമ്മുടെ വീടിന്റെ മുന്നിൽ പോകുന്ന ആംബുലൻസിന്റെ സൈറൺ ശബ്ദം കേട്ട് അത് നമ്മുടെ അടുത്തേക്ക് ആണോ അതോ ദൂരേക്ക് ആണോ പോകുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കില്ലേ ? അത് പോലുള്ള പ്രകാശത്തിന്റെ ഒരു പ്രതിഭാസം ആണെന്ന് മനസ്സിലാക്കിയാൽ മതി . ഇത് ശബ്ദം , അത് പ്രകാശം – അത്രേ ഉള്ളു . ആകാശത്ത് എവിടേക്ക് നോക്കിയാലും നമുക്ക് ഷീറ്റും ഗാലക്സികൾ ഇങ്ങനെ അകന്നു പോകയാണ് !

പല മറ്റു സാഹചര്യ തെളിവുകളും , ഗണിത കസർത്തുകളും വഴി  പദാർത്ഥങ്ങളുടെ ഇടയിൽ ഉള്ള സ്‌പെയ്‌സ് അഥവാ സ്ഥലം , വികസിക്കുന്നത് മൂലം ആണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് പുള്ളി അനുമാനിച്ചു . അതായത് , പ്രപഞ്ചത്തിൽ എവിടെ നിന്നാലും , ചുറ്റും നോക്കിയാൽ , ഇങ്ങനെ ബാക്കി എല്ലാ ഗാലക്സികളും അകന്നു പോകുന്നതായി കാണാം .

ഇത് കേട്ടയുടനെ , എയ്ൻസ്റ്റീൻ തലയിൽ കൈ വച്ച് പോയി . പ്രപഞ്ചം വികസിക്കുന്നു എന്ന കാര്യം ഗണിച്ചു കണ്ടു പിടിച്ചയാൾ എന്ന അതി ഭീകര കാര്യം ആണ് മിസ്സായത് . സാരമില്ല . അതൊക്കെ അങ്ങനെ കിടക്കും .

അപ്പോൾ ഇത് പിന്നോട്ട് ഫിലിം റീവൈൻഡ് ചെയ്ത പോലെ നോക്കിയാലോ – ഒക്കെ ഒരു ബിന്ദുവിൽ നിന്ന് ആരംഭിച്ചത് ആവൂല്ലേ ? ഇതിൽ നിന്നാണ് ബിഗ് ബാംഗ് എന്ന ചിന്ത ഉടലെടുക്കുന്നത് .

പിന്നീട് , തെളിവുകളുടെ ഒരു പെരുമഴ ആയിരുന്നു . പണ്ട് ഉണ്ടായ തെറിയുടെ ചൂടും ചൂരും ഇപ്പോഴും ബാക്കി ഉണ്ടാവും എന്നും , അത് മൈക്രോ വേവ് റേഡിയേഷൻ ആയിരിക്കും എന്നും കണക്കന്മാർ ഗണിച്ചു . പിന്നീട് പെൻസിയസ് , വിൽസൺ എന്ന രണ്ടു പേര് ഇത് കണ്ടു പിടിക്കയും ചെയ്തു . പ്രപഞ്ചത്തിൽ എങ്ങോട്ട് റേഡിയോ ആന്റീനാ തിരിച്ചു വച്ചാലും , നമുക്ക് ഇപ്പോഴും കേൾക്കാം – ഒരേ തരത്തിലുള്ള , ഒരേ പോലെ ഉള്ള , ഈ മഹാ ബ്രഹ്മാണ്ഡ അദ്‌ഭുതം പിറന്ന സംഭവത്തിന്റെ അനുരണനങ്ങൾ ! – കോസ്മിക് മൈക്രോ വേവ് ബാക്ഗ്രൗണ്ട്  റേഡിയേഷൻ എന്ന സാധനം !

COBE എന്ന ഉപഗ്രഹവും WIMAP എന്ന ഉപഗ്രഹവും ഈ റേഡിയേഷനെ നമുക്ക് നേരിട്ട് കാണിച്ചു , അതിന്റെ വിശദാംശങ്ങൾ മാപ്പ് ചെയ്തു വച്ചിട്ടുണ്ട് .

മാത്രവുമല്ല , പുത്തൻ ടെലിസ്കോപ്പുകൾ വഴി നമുക്ക് നോക്കാമല്ലോ – പോയ കാലത്തേക്ക് . എയ്ൻസ്റ്റീനിന്റെ റിലേറ്റിവിറ്റി തിയറി അനുസരിച്ച് , പ്രകാശവേഗത്തേക്കാൾ വലിയ വേഗം ഇല്ല . അതായത് പത്തു ലക്ഷം പ്രകാശവർഷം , ദൂരെ ഉള്ള ഒരു സാധനം , പത്തു ലക്ഷം വര്ഷം മുൻപ് എങ്ങനെ ആണോ ഇരുന്നത് , അത് പോലെ ആണ് നാം കാണുന്നത് !

അതായത് , ദൂരേക്ക് ദൂരേക്ക് നോക്കും തോറും , പഴേ പഴേ നക്ഷത്രങ്ങൾ കാണാം . ഇപ്പോൾ ഉള്ളതിനേക്കാൾ വ്യത്യാസങ്ങൾ ഉണ്ട് . ഗാലക്സികൾ ഉണ്ടാവുന്നത് കാണാം . അങ്ങനെ പ്രപഞ്ചചരിത്രം നേരിട്ട് കാണാം . ചുരുക്കി പറഞ്ഞാൽ , പ്രപഞ്ചം ഒന്നുമില്ലായ്മയിൽ നിന്ന് സൃഷ്ടിക്കപ്പെട്ടത് ആണ് എന്ന് ഏതാണ്ട് ഉറപ്പാണ് . ബാക്കി പിന്നെ . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .