വാലിന്റെ ചരിത്രവും , വലിപ്പവും – സ്റ്റോറി ഓഫ് വാൽ .

ചില സമയത്ത് ഫേസ്ബുക്കിൽ ഓരോ ഇഷ്യൂവിന്റെ പുറകെ ആളുകൾ ഓടുന്നത് , ജെല്ലിക്കെട്ട് സിനിമയിൽ  മനുഷമ്മാര് അന്ത പോത്തിന്റെ പുറകെ ഓടുന്നത് പോലാണ് .

വാളയാർ കുട്ടികൾക്ക് നീതി കിട്ടാനുള്ള കാമ്പയിൻ പോലെ വളരെ നല്ല കാര്യങ്ങൾ ഉണ്ട് ; സംശയമില്ല .

അതിന്റെ കൂടെ, അപമാനിക്കപ്പെട്ട നടന്റെ ആത്മാർത്ഥമായുള്ള വികാരപ്രകടനം , നമ്മളെയും വികാരം കൊള്ളിച്ചു – ശരി . അതിന് കാരണക്കാരായ ആളുകളോട് രോഷം തോന്നി – അതും ശരി .

എന്നാൽ ഇതും ജാതിയും , ജാതി വാലും നമ്മൾ കപ്പപ്പുഴുക്കിൽ മീഞ്ചാർ കുഴക്കുന്നത് പോലെ കുഴച്ചു; ഇപ്പൊ വാലുള്ളവരെയും ഇല്ലാത്തവരെയും ഒക്കെ  നമ്മൾ കപ്പക്കോൽ ഊരി  എടുത്ത് കണ്ണും അടച്ച് അടി തുടങ്ങി – തെറ്റ് .

എന്റെ മാത്രം അഭിപ്രായം ആണ് . ആ കപ്പക്കോൽ വച്ച് ദേ – എന്റെ പൊറത്തോട്ട് ചാമ്പിക്കോ -മ് ….വേഗം .

ഒന്നുമില്ലെങ്കിൽ ഏതെങ്കിലും രീതിയിൽ ലിബറൽ ചിന്താഗതിയുള്ള ജാതി വാൽ ഉള്ള എല്ലാവരെയും എതിർ ചേരിയിലേക്ക് തള്ളിയിടുന്ന പരിപാടി ആയിപ്പോയി അത് .

അത് പോട്ടെ . ഞാൻ പറയാൻ പോകുന്നത് മറ്റൊരു വിഷയം ആണ് .

ഈ ജാതി എന്നാൽ ആത്യന്തികമായി , ആഴത്തിൽ , അതിന്റെ കട വേര് തപ്പിയാൽ എന്താണ് ? പുറമെ കാണുന്ന കപ്പചെടിയുടെ മൂട് മാന്തിയാൽ എന്ത് കിട്ടും ?

ആളുകളെ ഇത്ര പ്രകോപിതരാക്കാൻ , ക്ഷോഭ വിശാലാക്ഷി …..ചെ – വിക്ഷുബ്ധമാക്കാൻ മാത്രം ഇപ്പോഴും ഇതിനു പ്രസക്തി ഉണ്ടോ ?

പഴേ തലമുറകളുടെ ചരിത്രം നമ്മെ അത്ര കണ്ടു ബാധിക്കുമോ ?

വളരെ  ചുരുക്കി പറയാൻ നോക്കാം . നമുക്ക് ഏകദേശം ഉറപ്പാണ് എന്നുള്ള കാര്യങ്ങൾ മാത്രം ആദ്യം പറയാം .

ഒന്നാമതായി മനസ്സിലാക്കേണ്ടത് , മൂവാരിയത്തഞ്ഞൂറ് , നാലായിരം , കൊല്ലം മുൻപ് , സംസ്‌കൃത ഭാഷ പറഞ്ഞിരുന്ന ഇൻഡോ യൂറോപ്യൻ വംശജർ (നല്ല വെളുത്തവർ ) ഇന്ത്യയിലേക്ക് കൂട്ടം കൂട്ടമായി വന്നു എന്നതാണ് . ഇവിടെ ഉണ്ടായിരുന്ന ദ്രവീഡിയൻ ഭാഷ സംസാരിക്കുന്ന ആളുകളുമായി അവർക്ക് സമ്പർക്കം ഉണ്ടായി , സംസ്കാരങ്ങൾ തമ്മിൽ ലയിച്ചു . (ങേ , അതല്ലേ ഞങ്ങൾ പൊളിച്ചടുക്കിയ തിയറി – ഈ സംശയം ഉള്ളവർ , എന്റെ ഹിന്ദി വന്ന ജനിതക വഴി എന്ന ലേഖനവും അതിലെ റെഫെറെൻസസും വായിക്കാൻ അപേക്ഷ ,– പ്ലീസ് . പഠിച്ചിട്ട് ബീമർശിക്കു സഹോ , സുഹു etc. ഇതിൽ അധിനിവേശം , തേങ്ങാ മാങ്ങാ ഒന്നും തിരയേണ്ട . കുറെ കാലമായി . ദ്രവീഡിയൻ ഭാഷയും ഒരു വരുത്തൻ ആയിരിക്കാൻ സാധ്യത ഉണ്ട് : – അത് വായിക്കു )

മൂവായിരത്തഞ്ഞൂറ് , നാലായിരം കൊല്ലം മുൻപേ ഉള്ള ഋഗ്വേദത്തിൽ തന്നെ , ബ്രാഹ്മണ , ക്ഷത്രിയ , വൈശ്യ , എന്നീ വർണങ്ങൾ പരാമർശിച്ചിട്ടുണ്ട് . എന്നാൽ നാലാം സ്രെണി ആയി പറഞ്ഞിരിക്കുന്നത് , ദാസാ , അഥവാ ദസ്യു എന്ന പേരാണ് . ഇൻഡോ യൂറോപ്യൻ അഥവാ ആര്യൻ അല്ലാത്ത ആളുകളെ ആണ് ഇത് കൊണ്ട് ദ്യോതിപ്പിക്കുന്നത് എന്ന് പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു .

എന്നാൽ , അഥർവ വേദം ആയപ്പോഴേക്കും (കുറെ നൂറ്റാണ്ടുകൾ കഴിഞ്ഞു ), ഇവ , ബ്രാഹ്മണ , ക്ഷത്രിയ , വൈശ്യ , ശൂദ്ര , അങ്ങനെ ആയി . ഇതിൽ പെടാത്ത , ഇതിലും താഴെ ഉള്ള കുറെ ഗ്രൂപ്പ് ആളുകളും ഉണ്ടായി .

നൂറ് ബി സി യിൽ ഉള്ള മനുസ്മ്രിതിയിൽ , ജാതികൾ ഉണ്ട് . വർണങ്ങൾ പിന്നെയും ജാതികൾ ആയി പിരിഞ്ഞു . തമ്മിൽ വിവാഹബന്ധം പാടില്ല എന്ന് മനുസ്‌മൃതി അർത്ഥ ശങ്കക്ക് ഇടയില്ലാത്ത വിധം പറഞ്ഞിട്ടുണ്ട് .

പോപുലേഷൻ ജെനെറ്റിക്സ് എന്ന ശാസ്ത്രശാഖ ആണ് , ഇന്ത്യൻ ചരിത്രാതീത കാലത്തേക്ക് ഇപ്പോൾ ടോർച്ച് അടിച്ചു കൊണ്ടിരിക്കുന്നത് . (വീണ്ടും – ഹിന്ദി വന്ന ജനിതക വഴി വായിക്കുക ). അത് പ്രകാരം ഉള്ള കണ്ടെത്തലുകൾ വളരെ പ്രധാനമാണ്:

ഇന്ത്യൻ പോപ്പുലേഷൻ മൊത്തം മിക്സിങ് ഉണ്ട് . എന്നാൽ അതിൽ ചില പാറ്റേണുകൾ ഉണ്ട് :

നോർത്ത് ഇന്ത്യയിൽ , ഇൻഡോ യൂറോപ്യൻ മിക്സിങ് കൂടുതൽ ആണ് . സൗത്തിലേക്ക് വരും തോറും , മിക്സിങ് കുറഞ്ഞു കുറഞ്ഞു വരുന്നു . (ഇന്ത്യൻ ക്ളിൻ , എന്ന് പറയും -indian cline )

ഇൻഡോ യൂറോപ്യൻ ആണുങ്ങളിൽ നിന്ന് ദ്രവീഡിയൻ പെണ്ണുങ്ങളിലേക്ക് ആണ് കൂടുതൽ മിക്സിങ്ങും നടന്നിട്ടുള്ളത് .

ഉയർന്ന ജാതികളിൽ ഇൻഡോ യൂറോപ്യൻ മിക്സിങ് കൂടുതൽ ആണ് . ജാതി സ്രെണിയിൽ താഴ്ന്നു വരും തോറും മിക്സിങ് കുറഞ്ഞു വരും . സൗത്തിലും ഇങ്ങനെ തന്നെ .

ജാതികൾ തമ്മിൽ ചുരുക്കം മിക്സിങ് നടന്നിട്ടുണ്ട് . അതും , ഉയർന്ന ജാതി ആണുങ്ങളിൽ നിന്നും , താഴ്ന്ന ജാതി പെണ്ണുങ്ങളിലേക്ക് ആണ് .

എ ഡി നൂറ് , ഇരുനൂറ് ആയപ്പോഴേക്കും ജാതികൾ ഉറച്ചു . പിന്നെ മിക്സിങ് വളരെ കുറവേ നടന്നിട്ടുള്ളൂ. അതായത് ഏകദേശം നൂറ് തലമുറകൾ മിക്സിങ് ഇല്ലാതെ ഇവിടെ ഉണ്ടായിട്ടുണ്ട് .

ഒരേ ഇന്ത്യൻ ഗ്രാമത്തിൽ ഉള്ള , രണ്ടു ജാതികൾ തമ്മിൽ , ഒരു നോർത്ത് യൂറോപ്യനും സൗത്ത് യൂറോപ്യനും ഉള്ളതിനേക്കാൾ ജനിതക വ്യത്യാസം ഉണ്ടായേക്കാം . അപ്പൊ ജാതി ഇന്നത്തെ ഇന്ത്യയിൽ ഉണ്ടോ – ഉണ്ട് .

നായിഡു , റാവു , പട്ടേൽ , സിങ് , ശർമ്മ , പണ്ഡിറ്റ് , മീണ , മോദി ഒക്കെ ജാതി പേരുകൾ ആണ് . മേനോൻ , ഈഴവ , നസ്രാണി മാപ്പിള , ജോനക മാപ്പിള , ഒക്കെ ജാതി പേരുകൾ ആണ് .

സുറിയാനി ക്രിസ്ത്യാനികൾ ഒരു ജാതി ഗ്രൂപ്പ് ആണ് . ക്രിസ്ത്യൻ സ്വത്വം പോർട്ടുഗീസുകാരുടെ വരവോടെ ആണ് ഉണ്ടായിട്ടുള്ള ത് (പ്രധാനമായും ) .

സ്വന്തം ജാതിയിൽ നിന്ന് മാത്രമേ കല്യാണം സമൂഹം സമ്മതിക്കാറുള്ളു . ഇതിൽ ഹിന്ദു ജാതികളെക്കാളും പല മടങ്ങ് പിന്തിരിപ്പൻ ആണ് ക്രിസ്ത്യൻ ജാതികളും , മുസ്ലീങ്ങളും. 

പ്ലീസ് നോട്ട് :

ഈ ജാതി വ്യവസ്ഥ ഒരു ചരിത്ര കുറ്റം തന്നെ ആണ് . ഇപ്പോൾ ഉള്ള താഴ്ന്ന ജാതിയിൽ എന്ന് പറയപ്പെടുന്നവർ ഇരകൾ തന്നെ ആണ് . എന്നാൽ ഇപ്പോൾ ഉള്ള മേൽ ജാതിക്കാർ വേട്ടക്കാർ അല്ലേയല്ല . ഇങ്ങനത്തെ ചിന്തകൾ കൊണ്ട് , ജാതി ഒരിക്കലും പോവാൻ പോകുന്നില്ല .

അറേൻജ്‌ഡ്‌ കല്യാണങ്ങൾ ആണ് ജാതിയെ നില നിർത്തുന്നത് . ഇത് പോവണമെങ്കിൽ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ഉണ്ടാവുന്ന സ്വ ജാതി പക്ഷാഭേദം പോവുമ്പോ മാത്രമേ നടക്കു .

ഇത്ര കാലം പഴക്കം ഉള്ള ഈ സംഭവം കൊണ്ട് , ഇപ്പോഴും ചിലർക്ക് മേൽകൈ ഉണ്ടാകുമോ ? ഇപ്പൊ അവസരങ്ങൾ തുല്യമല്ലെ ?

മേൽകൈ ഉണ്ടാകും . പക്ഷെ അതിനെ പറ്റി വേറൊരു ലേഖനം വേണ്ടി വരും .

അപ്പൊ മതവും ജാതിയും ഒന്നാണോ ? അല്ല . പക്ഷെ എന്റെ ഗോത്രം , നിന്റെ ഗോത്രം എന്നത് നിർണയിക്കുന്ന പ്രധാന ഒരു കാര്യം ആരെ കല്യാണം കഴിക്കാം എന്നതാണ് . അതായത് , മത വ്യത്യാസം , ജാതി വ്യത്യാസം , ക്‌ളാസ് വ്യത്യാസം , ഒക്കെ ഒരു തരം വംശീയത ആണ് . ചില പൊതുവായ മനുഷ്യ സ്വഭാവത്തിന്റെ ഭാഗങ്ങൾ ആണിവ . പിന്നെ ഉണ്ടായ ചില മതങ്ങളിൽ വന്ന ഒരു പുതിയ സംഭവം ആണ് , ഈ മതംമാറ്റം .

അപ്പൊ നമ്മുടെ ജാതി വ്യവസ്ഥയെ വ്യത്യസ്തം ആക്കുന്ന ഘടകങ്ങൾ ?

-ഇത്രയും കാലം , ഇത്രയും തലമുറകളിൽ ഇത്രയും നിഷ്ഠയോടെ ഇത് അടിച്ചേല്പിക്കപ്പെട്ടത്.

-ഈ സ്രെണീകൃത അസമത്വം താരതമ്യേന സമാധാനപരമായി  എല്ലാവരും  ഇത്രയും കാലം സഹിച്ചു കൊണ്ടിരുന്നത് .

-ചില ജോലികൾ , നിഷ്ഠകൾ , എന്നിവയും ജാതിയുമായുള്ള ബന്ധം .

(ജിമ്മി മാത്യു )

References:

1.Book- Who we are and how we got here- David Reich.

2.Book- Early Indians- Tony Joseph.

3.Genetic evidence on the origins of Indian Caste populations- Michael Bamsgad et al, Genome Research, June, 2001.

4. Complex genetic origin of Indian populations and its implications,- Tamang R, Singh et al. Journal of bioscience, Nov, 2012.

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .