കൊളസ്റ്ററോൾ പ്രശ്നമില്ല – പിന്നേ , കോപ്പാണ് – -ഒരു സംവാദം

മിസ്റ്റർ ചോദ്യം : ഈ കൊളെസ്റ്ററോൾ ശരീരരത്തിനു വളരെ ആവശ്യമുള്ള സാധനമല്ലേ ? പിന്നെ എന്തിനാണ് വെറുതെ ?

മിസ്റ്റർ സത്യാന്വേഷി : വളരെ അത്യാവശ്യമാണ് . പക്ഷെ നമ്മുടെ ആവശ്യവും രക്തത്തിലെ അളവും തമ്മിൽ വലിയ ബന്ധമില്ല ഇതിന്റെ കാര്യത്തിൽ. ഉദാഹരണത്തിന് ഗ്ളൂക്കോസ് നമുക്ക് അത്യാവശ്യമാണ് . പക്ഷെ രക്തത്തിലെ ഗ്ലൂക്കോസ് ഉയരുന്നതാണ് പ്രമേഹത്തിലെ പ്രധാന പ്രശ്നം . ഭക്ഷണത്തിലൂടെ നമുക്ക് കൊളെസ്റ്ററോൾ കിട്ടുന്നുണ്ട് . എന്നാൽ പ്രധാനമായും മറ്റു കൊഴുപ്പുകളിൽ നിന്ന് ശരീരം തന്നെ ഉത്പ്പാദിപ്പിക്കുന്നതാണ് കൊളെസ്റ്റെറോൾ . അത് കൊണ്ട് ഭക്ഷണത്തിൽ ഉൾപെടുത്തിയില്ലെങ്കിലും പ്രശ്നമൊന്നുമില്ല .

മിസ്റ്റർ ചോ : കൊളെസ്റ്റെറോൾ ഒരു കുഴപ്പവുമില്ല എന്നാണല്ലോ ഹേ ഇപ്പോൾ കേൾക്കുന്നത് ? എന്താണ് ഇത് ? എത്ര നാളായി മരുന്ന് കഴിക്കുന്നു ?

മിസ്റ്റർ സത്യാ : രക്തത്തിലെ കൊളെസ്റ്റെറോൾ അളവ് നിയന്ത്രണത്തിലായിരിക്കണമെന്ന് ഉള്ള നിർദേശങ്ങൾക്ക് ഒരു മാറ്റവും വന്നിട്ടില്ല . നമ്മൾ തിന്നുന്ന കൊളെസ്റ്റെറോൾ അല്ല പ്രധാന  പ്രശ്നം എന്ന് മാത്രമേ ഉള്ളു . ഇത് ഒരെട്ടു പത്തു വര്ഷങ്ങളായിട്ടുള്ള ഒരറിവാണു . എന്നാൽ ഈയടുത്താണ് അമേരിക്കൻ ഡയറ്ററി അസോസിയേഷന്റെ മാർഗ്ഗനിര്ദേശങ്ങളിൽ ആഴ്ചയിൽ മൂന്നാലു പ്രാവശ്യം മുട്ട കഴിക്കാം എന്നാക്കി . മുട്ടയുടെ ഉണ്ണി കുറച്ചേ കഴിക്കാവൂ എന്നത് മാറ്റി .ഇത്രയേ സംഭവിച്ചിട്ടുള്ളൂ .

മിസ്റ്റർ ചോ : ശരിക്കും ? മുട്ടയിൽ കൊളെസ്റ്റെറോൾ ഉണ്ടല്ലേ ? പക്ഷെ മറ്റു കൊഴുപ്പുകൾ ? മാട് , ആട് , പോർക്ക് , പാൽ , വെണ്ണ , നെയ്യ് – എന്നിവ കഴിക്കുന്നത് കഴിയുന്നതും കുറക്കണം – അതിലൊന്നും മാറ്റമില്ല .

മിസ്റ്റർ സത്യ : അതിലൊന്നും മാറ്റമില്ല . എന്ന് മാത്രമല്ല ഇതൊക്കെ ഒഴിവാക്കുന്നത് നല്ലതാണെന്നു ഊട്ടിയുറപ്പിക്കുന്ന ഫലങ്ങളാണ് പുതിയ പഠനങ്ങൾ ഒക്കെ തന്നെ . പൂർണമായും വേണ്ട എന്നൊന്നും ആരും പറയുന്നില്ല . രക്തത്തിന്റെ കൊളെസ്റ്റെറോൾ നില കൂട്ടുന്നവയാണ് അവയൊക്കെ .

മിസ്റ്റർ ചോ : ഈ രക്ത ലെവൽ കൂടിയാൽ കുഴപ്പം ഉണ്ടെന്നാര് പറഞ്ഞു ?

മിസ്റ്റർ സത്യ : കൊളെസ്റ്റെറോളിന്റെ (പിന്നെ LDL , VLDL , HDL ,ടിജി എന്നിവയുടെയൊക്കെ) ശരീരത്തിലെ നിർമാണം , physiology , ബയോ കെമിസ്റ്ററി തുടങ്ങിയവയൊക്കെ ഉള്ള ലേഖനങ്ങൾ ഉണ്ട് . നല്ലതും, തെറ്റിധാരണ പരത്തുന്നതും . സത്യം പറഞ്ഞാൽ ഇതും രോഗവുമായി വലിയ ബന്ധം ഇല്ല എന്നതാണ് വാസ്തവം . എപിഡെമിയോളോജിക്കൽ പഠനങ്ങളിൽ നിന്നാണ് കൊളെസ്റ്റെറോൾ ലെവലുകളും ഹൃദയരോഗം , മസ്തിഷ്കാഘാതം ഇവയുമായി ബന്ധമുണ്ടെന്ന് മനസ്സിലായത് . അതായത് പുകവലിയും രോഗങ്ങളുമായി ബന്ധമുണ്ടെന്ന് നമുക്ക് എങ്ങനെ മനസ്സിലായി ? അത് പോലെ തന്നെ . വളരെ അധികം പഠനങ്ങൾ – മരുന്ന് കമ്പനികളുമായി ബന്ധമില്ലാത്തവ ഉൾപെടെ ഇതിനെ ശരി വക്കുന്നുമുണ്ട് .

മിസ്റ്റർ ചോ : മരുന്ന് മാഫിയ ആണോ ഇതിനു പിന്നിൽ ?

മിസ്റ്റർ സത്യ : ന്യായമായും സംശയിക്കാം . അവരുടെ മരുന്ന് ചെലവാക്കുന്നതിൽ അവർക്കു താല്പര്യം കാണും . എന്നാൽ ലോകം ആകമാനമുള്ള ഡോക്ടർമാർ , ഫർമസിസ്റ്റുകൾ , ശാസ്ത്രജ്ഞന്മാർ , പൊതു ആരോഗ്യ പ്രവർത്തകർ , ഡയറ്റീഷ്യൻമാർ ഇങ്ങനെ പരസ്പരം വലിയ ബന്ധമില്ലാത്തതും പല വിവിധ താല്പര്യങ്ങൾ ഉള്ളവരുമായ എല്ലാവരും ഒത്തു ചേർന്ന് കളിക്കുകയാണ് എന്ന് നമുക്ക് അത്ര കടന്നു ചിന്തിക്കേണ്ട എന്നാണു എന്റെ അഭ്പ്രായം . അങ്ങനെ ചിന്തിക്കുന്നവർക്ക് ചികിത്സ എടുക്കാതിരിക്കാനുള്ള പൂർണ സ്വാതന്ത്ര്യവുമുണ്ട് . ആരും നിർബന്ധിക്കുന്നില്ല .

മിസ്റ്റർ ചോ : എന്നാലും എന്തൊരു പുകിലാ ? എന്തിനാണിത്ര ആവേശം ഇതിനൊക്കെ ?

മിസ്റ്റർ സത്യ : അതായത് ഹൃദ്രോഗം, മസ്തിഷ്കാഘാതം  എന്നിവ ആണ് ലോകത്തിലെ നമ്പർ വൺ ആളെക്കൊല്ലി. സ്ത്രീകളും പുരുഷന്മാരും മരിക്കുന്നതിന്റെ  ഏറ്റവും പ്രധാന കാരണക്കാരായ രണ്ടു രോഗങ്ങളാണവ . ലോകത്തിലെ  തന്നെ കണക്കുകൾ അങ്ങനാണ് . പ്രതിരോധിക്കാനുള്ള ഒരേ ഒരു വഴി രോഗം വരാനുള്ള സാധ്യത കുറക്കുക എന്നതാണ് .

ഫ്രെമിങ്ഹാം ഹാർട് സ്റ്റഡി എന്ന അതിപ്രധാന പഠനം മുതൽ ഇങ്ങോട്ടു നടന്ന പതിനായിരക്കണക്കിന് പഠനങ്ങൾ അനുസരിച് (എല്ലാം നല്ല പോപുലേഷൻ പഠനങ്ങളായ എപിഡെമിയോളോജിക്കൽ സ്റ്റഡീസ് ആണ് ) ഈ  അസുഖങ്ങൾ വരാൻ കൂടുതൽ സാധ്യത ഉള്ള അനേകം ഘടകങ്ങൾ കണ്ടത്തിട്ടിട്ടുണ്ട് . അതിൽ ഏറ്റവും പ്രധാനമായവ :

അധിക ബ്ലഡ് പ്രഷർ

പ്രമേഹം

പുകവലി

കൊളസ്റ്ററോളും അനുബന്ധ ഘടകങ്ങളുടെ രക്ത ലെവലുകൾ എന്നിവയാണ് .

ഇവ നന്നായി നിയന്ത്രിക്കുന്നത് വഴി ഈ അസുഖങ്ങൾ ഒരു വലിയ അളവ് വരെ നിയന്ത്രിക്കാൻ സാധിക്കും .

മിസ്റ്റർ ചോ : ദീർഘകാലം മരുന്ന് കഴിക്കാമോ ? അത് കുഴപ്പമല്ലേ ?

മിസ്റ്റർ സത്യ : ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ ദീർഘകാലം കഴിച്ചു മേല്പറഞ്ഞ പ്രമേഹം , പ്രഷർ , കൊളസ്റ്ററോൾ എന്നിവ നിയന്ത്രിക്കുന്നത് വഴി ഉണ്ടാകുന്ന മെച്ചം വല്ലപ്പോഴും ചിലർക്ക് മാത്രം ഉണ്ടാവുന്ന ചെറിയ പാർശ്വ ഫലങ്ങളെക്കാൾ അനേക മടങ്ങ് വലുതാണ് എന്നാണ് പഠനങ്ങൾ . നിർബന്ധിച്ചു ആരും നമ്മെ ചികിൽസിക്കുന്നില്ല . നമുക്ക് ബോധ്യമായാൽ മാത്രം ചികിത്സ എടുത്താൽ മതി . എന്നാൽ ശാസ്ത്രീയമായി പറഞ്ഞാൽ ഇപ്പോഴത്തെ അറിവ് വച് ഇതൊക്കെയാണ് ശരി .

മിസ്റ്റർ ചോ : അപ്പോൾ ഇതെക്കെ മാറാമെന്ന് . അല്ലെ ? അപ്പൊ ഇതിനൊന്നും ഒരു സ്ഥിരതയില്ലേ ?

മിസ്റ്റർ സത്യ : വളരെ വലിയ മാറ്റങ്ങൾ വരാൻ സാധ്യത തീരെ കുറവാണ് . മാറ്റങ്ങൾ വരുന്നത് നല്ല ലക്ഷണവുമാണ് . സദാ തേച്ചു മിനുക്കപ്പെടുന്ന ശാസ്ത്രത്തിന്റെ ഒരു സ്വഭാവമാണ് മാറ്റങ്ങൾ . മാറ്റങ്ങൾ ഒരിക്കലും വരാത്ത ശാഖകളെ കുറച്ച സംശയത്തോടെ നോക്കേണ്ടി വരും . ജീവിച്ചിരിക്കുന്നതിന്റെയും സദാ ചോദ്യം ചെയ്യപ്പെടുന്നതിന്റെയും ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നതിന്റെയും ലക്ഷണമാണ് മാറ്റങ്ങൾ .

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .