ഇന്നത്തെ പത്രത്തിൽ ഒരു വാർത്ത കണ്ടു. ഒരു വലിയ നേതാവ് പറഞ്ഞതാണ്- “പരാജയം പ്രതീക്ഷിച്ചതേ ഇല്ല!”
വല്യ രാഷ്ട്രീയ ആന്റ്റിന ഒന്നും അവകാശപ്പെടാനില്ലാത്ത എനിക്ക് പോലും അറിയാമായിരുന്നു- കനത്ത തോൽവിക്കാണ് സാദ്ധ്യത എന്ന്.
രാമചന്ദ്ര ഗുഹ എഴുതിയിട്ടുണ്ട്- “ഇന്ദിരാ ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ട് ഒരു വര്ഷം തികയുന്നതിനു മുന്നേ വീണ്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് എന്തിന്? ഇത് ഒരു ദുരൂഹതയായി തുടരുന്നു”. അടുത്ത വിശ്വസ്തരും അടുപ്പമുള്ള ഉദ്യോഗസ്ഥരും ഇന്റെലിജെൻസുമെല്ലാം റിപ്പോർട്ട് കൊടുത്തത്രെ- ” ഇന്ദിരാജിയെ ജനങ്ങൾ ആരാധിക്കുന്നു. വിജയം ഉറപ്പാണ്”.
ഫീഡ്ബാക്ക് അഥവാ പ്രതികരണം എന്ന വിലയിരുത്തൽ ആണ് സങ്കീർണ വ്യവസ്ഥകളുടെ കാതൽ. തിന്നിട്ട് കുറെ നേരം ആകുന്നു. എന്റ്റെ ബ്ലഡ് ഷുഗർ കുറയുന്നു. പല തരം റിസെപ്റ്ററുകളും ഹോർമോണുകളും രൂക്ഷ പ്രതികരണം അറിയിക്കുന്നു- “വല്ലോം തിന്നെടാ കോപ്പേ.”. എനിക്ക് വിശക്കുന്നു. ഞാൻ രണ്ടു പൊറോട്ടയും ഒരു പ്ലേറ്റ് ബീഫും തിന്നുന്നു. എന്റെ ബ്ലഡ് ഷുഗർ പഴയ പാടി ആവുന്നു. ഇതിലൊക്കെ പ്രശ്നം വരുമ്പോ പ്രമേഹം വരുമേ. ഞാൻ വടിയാകുമെ. അതാണ്. എന്തിന് എന്റ്റെ വാട്ടർ ഹീറ്ററിലുണ്ട്; ഒരു ഫീഡ്ബാക്ക് സംഭവം. വെള്ളം ചൂടായിക്കഴിയുമ്പോ അത് ഓഫാകും- ഏത്? സമച്ചാ?
വിജയിച്ചു കേറി അധികാരം വരുമ്പോ- അതിപ്പോ ഏത് തുറയിലായാലും, അധികാരിക്കോ അധികാരികൾക്കോ കിട്ടുന്ന ഫീഡ്ബാക്കിന് പല പ്രശ്നങ്ങളും സംഭവിക്കുന്നു.
- മോശം കാര്യങ്ങളും പ്രതികരണങ്ങളും കൊടുക്കുന്നത് കീഴാളന്മാരും കീഴുദ്യോഗസ്ഥരും വളരെ കുറയ്ക്കുകയോ നിർത്തുകയോ ചെയ്യുന്നു. ചെരുപ്പുനക്കലിൽ മാത്രം ശ്രദ്ധ പതിപ്പിക്കുന്ന കുറെ ആളുകൾ ഉണ്ടായി വരുന്നു. എന്ത് മാത്രം ഏകാധിപത്യപരമാണോ നേതൃത്വം- അത്രയും അധികമായിരിക്കും ഈ പ്രശ്നം.
- അധികാരികളുടെ ഫീഡ്ബാക്കിനോടുള്ള സെന്സിറ്റിവിറ്റി കുറയുന്നു. സിംപിൾ ആൻഡ് ഹംബിൾ ആയിട്ട് പറഞ്ഞാൽ, ഞാൻ അല്ലേൽ ഞങ്ങൾ പറയുന്നതും വിചാരിക്കുന്നതും മാത്രമാണ് ശരി എന്ന അതിപുരാതനവും അയത്ന ലളിതവുമായ, പുരാണങ്ങളിൽ ‘അഹങ്കാരം’ എന്ന് രേഖപ്പെടുത്തിയിട്ടുള്ള സംഭവം ഉളവാകുന്നു.
- ആത്മാർത്ഥ പ്രതികരണങ്ങൾ ശിക്ഷിക്കപ്പെടുന്നു. ശരിയായ ഫീഡ്ബാക്ക് ‘ഡിസ്ലോയൽട്ടി’ അഥവാ ‘കുലംകുത്തി സ്വഭാവം’ ആയി മുദ്രകുത്തപ്പെടുന്നു. അതോടെ എല്ലാം പൂർത്തിയായി. ചെരുപ്പുനക്കികൾ മാത്രം വ്യവസ്ഥിതിയിൽ പിന്നെ നിലനിൽക്കുള്ളു.
ചരിത്രം മൊത്തം ഇതിന്റെ ഉദാഹരണങ്ങൾ ആണ്. നെപ്പോളിയന്റെ റഷ്യൻ യുദ്ധം, സ്റ്റാലിന്റെയും മാവോയുടെയും പോൾ പൊട്ടിന്റെയും ഹിറ്റ്ലറിന്റെയും ഒക്കെ ചരിത്രമെടുത്ത് എവിടെയൊക്കെയാണ് പിഴച്ചത് എന്ന് നോക്കിയാൽ ഇത്തരം ഡയനാമിക്സ് പുറത്തു വരും. പറയു- എൻറോണിന് എന്താണ് സംഭവിച്ചത്? ബുഷിന് ഇറാഖ് യുദ്ധത്തിൽ എന്ത് സംഭവിച്ചു? ട്രംപിന് ഇറാൻ യുദ്ധം എന്ന ഹിമാലയൻ ബ്ലണ്ടർ എങ്ങനയുണ്ടായി? രണ്ടാഴ്ച കൊണ്ട് യുക്രെയ്ൻ മൊത്തം കാൽകീഴിലാകും എന്ന് കമ്മാണ്ടർമാരിൽ നിന്ന് ഫീഡ്ബാക്ക് കിട്ടിയ പുട്ടിൻ ഇപ്പൊ എവിടെയാണ്? നോട്ടു നിരോധനം എല്ലാ വിദഗ്ദ്ധരും എതിർത്തില്ല? എന്നിട്ടെന്തായി? ചെർണോബിൽ ന്യൂക്ലിയർ പ്രശ്നം എങ്ങനെയുണ്ടായി? ചലഞ്ചർ സ്പെയ്സ് ഷട്ടിൽ മുൻ…..ജിയതെങ്ങനെ?
നിങ്ങൾ ഒരു വിജയിയായ നല്ല അധികാരമുള്ള, നേതാവ്, ഉദ്യോഗസ്ഥൻ, ബിസിനസുകാരൻ, ജഡ്ജി, അധ്യാപകൻ, ഡോക്ടർ മുതലായ ആരെങ്കിലും ആണോ? ഒരു വിഡ്ഢിയായി മാറേണ്ടെങ്കിൽ നല്ല കഷ്ടപ്പെടണം. ശരിയായ ഫീഡ്ബാക്ക് കിട്ടാൻ ‘ക്ഷ. ട്ട, ണ്ണ,. ള്ള’ മൂക്ക് കൊണ്ട് വരയ്ക്കേണ്ടി വരും. ബൗദ്ധിക എളിമയുടെ പടച്ചട്ട ഇച്ചിരി ഭാരമുള്ളതാണേലും എടുത്ത് അണിയേണ്ടി വരും. താഴോട്ട് ഇറങ്ങി നോക്കാനൊക്കെ പാടാണെന്നേ. പക്ഷെ വേണ്ടി വരും. (ജിമ്മി മാത്യു)
ref:
Bazerman, M. H., & Moore, D. A. (2013). Judgment in managerial decision making (8th ed.). Wiley.
Dunning, D., & Kruger, J. (1999). Unskilled and unaware of it: How difficulties in recognizing one’s own incompetence lead to inflated self-assessments. Journal of Personality and Social Psychology, 77(6), 1121–1134.
Galinsky, A. D., Magee, J. C., Inesi, M. E., & Gruenfeld, D. H. (2006). Power and perspectives not taken. Psychological Science, 17(12), 1068–1074.
Keltner, D., Gruenfeld, D. H., & Anderson, C. (2003). Power, approach, and inhibition. Psychological Review, 110(2), 265–284.
Janis, I. L. (1972). Victims of groupthink. Houghton Mifflin.