കുരിശും പശുവും പടച്ചോനും – ഒരു ലിബറൽ വീരഗാഥ

അതായത് – ലക്ഷ ക്കണക്കിന് വർഷങ്ങൾ ആയല്ലോ മനുഷ്യ രാശി ഉണ്ടായിട്ട് . തുണി ഉടുത്തവരും ഇല്ലാത്തവരും ഉണ്ടായിരുന്നു . പത്തിരുന്നൂറു പേരുള്ള ഗോത്രങ്ങൾ . അനേക ലക്ഷം ഭാഷകൾ . ഇങ്ങനെ നടക്കും , ആണും പെണ്ണും . പിന്നെ കുട്ടികളും . ഈ ഗോത്രങ്ങൾ തമ്മിൽ കച്ചവടം ഒക്കെ നടക്കും കേട്ടോ . എന്നാൽ പലപ്പോഴും നടക്കുന്നത് മറ്റൊന്നാണ് – കൊല്ലൽ !

 

രാത്രിയിൽ അടുത്ത ഗ്രാമത്തെ ആക്രമിക്കുക . ആണുങ്ങളെ കൊല്ലുക . ജനനേന്ദ്രിയങ്ങൾ പച്ചക്ക് മുറിക്കുക , ജീവനോടെ ചുട്ടു ഭക്ഷിക്കുക , പിള്ളാരെ ഒക്കെ കാലിൽ എടുത്ത് തറയിൽ അലക്കുക . അപ്പോൾ തലച്ചോറ് ചിതറുന്നത് കണ്ട്  പൊട്ടിച്ചിരിക്കുക .

 

പെണ്ണുങ്ങളെ ഒക്കെ പിടിച്ചോണ്ട് വരുക , പിന്നെ ….അല്ലെങ്കി വേണ്ട . എനിക്ക് വയ്യ . എന്തിനാ ഇപ്പൊ ഇതൊക്കെ പറഞ്ഞിട്ട് ?

 

അത് പിന്നെ ….ഇപ്പോഴും അതൊക്കെ നടക്കും . ഒരു ഫോര്മുല വേണം . എന്താണാ ഫോർമുല ?

 

ഞങ്ങൾ ആണ് ലോകത്തിലെ ഏറ്റവും സംസ്കാര സമ്പന്നമായ ജനത .

 

ഈ ലോകം മിക്കവാറും ഒക്കെ നമ്മുടെ ദൈവം അഥവാ ദൈവങ്ങൾ നമുക്ക് തീറെഴുതി തന്നിരിക്കയാണ് .

 

നമ്മുടെ സമൂഹ നിയമങ്ങൾ ദൈവങ്ങൾ അഥവാ ദൈവം നേരിട്ട് കൊണ്ട് തന്നതാണ് . അവയെ ചോദ്യം ചെയ്യുന്നവൻ ശിക്ഷക്ക് അർഹൻ ആണ് . ഇവ നമ്മുടെ സമൂഹത്തിനു മാത്രം ഉള്ളതല്ല . എല്ലാവര്ക്കും അത് ബാധകം ആണ് .

 

ഇതാണ് വൻ സമൂഹ ജീവിത ചട്ടക്കൂട് . ഇങ്ങനെ ഒരു ചട്ടക്കൂട് ഉള്ളത് കൊണ്ടാണ് പത്തിരുനൂറു പേരിൽ നിന്നും പതിനായിരങ്ങൾ ഉള്ള, തമ്മിലറിയാത്ത മനുഷ്യർ തമ്മിൽ ഒന്നിച്ചു സഹകരിക്കുന്ന സമൂഹങ്ങൾ ഉണ്ടായത് . നമ്മുടെ ശരി തെറ്റുകളുടെ ഒരു സെറ്റ് അപ്പ് ഈ ഫോര്മുലയിൽ നിന്നും ആണ് . നമ്മൾ മനുഷ്യരുടെ ‘സമൂഹ ശരി തെറ്റുകൾ” അങ്ങനെ ഉള്ളതാണ് . ഇവ താഴെ പറയുന്നവ ആണ് :

 

1 . ദൈവികത – ചില കാര്യങ്ങൾ ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തവ ആണ് . ശുദ്ധമാണ് . എതിരെ ആരും ഒന്നും മിണ്ടരുത് . പശു , കുരിശ് ഒക്കെ ഇതിൽ വരാം . കാറൽ മാർക്സും ദാസ് കാപിറ്റലും വരാം .

2 . കൂറ് – നമ്മുടെ കുലം , മതം , ജാതി , ഭാഷക്കാർ , – ഇവരോട് കൂറ് കാണിക്കണം . മറ്റു മനുഷ്യരെക്കാളും .

3 . ബഹുമാനം – ചില മനുഷ്യർ , വസ്തുക്കൾ എന്നിവയോട് ചുമ്മാ ബഹുമാനം കാണിക്കണം . ചുവന്ന കൊടിയും വന്നു കൂടായ്കയില്ല

 

ഇവ ഒരു മാതിരി ഇടുങ്ങിയ ശരി തെറ്റുകൾ ആണ് . ഒരു സമൂഹത്തിന്റേത് വേറൊരു സമൂഹത്തിൽ അങ്ങനെ ആവണം എന്നില്ല . എന്നാൽ ചില തീവ്ര നിലപാടുകാർ ഇത് എല്ലാ മനുഷ്യർക്കും ബാധകം ആവണം , ഇല്ലെങ്കിൽ കൊന്നും വെട്ടിയും തലച്ചോർ തിന്നും അങ്ങനെ ആക്കണം എന്ന് ശഠിക്കുന്നു .

 

ആഗോള ഖാലിഫേറ്റ് , അതി പുരാതന പുഷ്പക വിമാന കാലം , ഭൂമിയിൽ സ്വർഗം , ആഗോള തുല്യതാ ഉട്ടോപ്യ മുതലായവ ഈ ഫോർമുല കൊണ്ട് സാധിക്കും എന്ന് ചിലർ പറയുന്നു . അതിനോട് എനിക്ക് ഒന്നേ പറയാനുള്ളു.

 

കേര വൃക്ഷ അനവധി ഫല – അതായത് – തേങ്ങാക്കൊല .

 

ഫോർമുല ഒന്നും ഇല്ല . സമൂഹ ശരി തെറ്റുകൾ ആപേക്ഷികം ആണ് . മനസാക്ഷി അനുസരിച്ച അങ്ങ് ജീവിച്ചു മരിച്ചേക്കാം എന്ന് വിചാരിക്കുന്ന മധ്യ വാദി ഹിന്ദുക്കളും , മുസ്ലീങ്ങളും , ക്രിസ്ത്യാനികളും , കമ്മ്യൂണിസ്റ്റുകാരും ഒക്കെ സത്യത്തിൽ ഒരു തരം ലിബറലുകൾ ആണ് . ചില ലിബറലുകൾ നിരീശ്വരന്മാർ ആണ് .

 

കമ്മ്യൂണിസവും ലിബറലിസവും ഒന്നല്ല .

 

പല മതങ്ങൾ , ഭാഷകൾ , ജനങ്ങൾ ഒക്കെ ഉള്ള ഒരു ബ്രഹത് രാഷ്ട്രത്തിനു വേണ്ട ശരി തെറ്റുകളും മനുഷ്യ സഹജം തന്നെ . അവ താഴെ പറയുന്നവ ആണ് :

 

1 , ദയ – എല്ലാ മനുഷ്യരും ഇത് അർഹിക്കുന്നു എന്ന് ലിബറലുകൾ വിശ്വസിക്കുന്നു . തീവ്ര നിലപാടുകൾ ഇല്ലാത്തവരും .

 

2 . തുല്യ അവകാശ ബോധം – എനിക്കുള്ള അവകാശങ്ങൾ മറ്റുള്ളവർക്കും വേണം എന്നുള്ള വിശ്വാസം .

 

3 . വ്യക്തി സ്വാതന്ത്ര്യം .- ഇതും സമൂഹ ശരി തെറ്റുകളുമായി  ക്ലാഷ് വരാം .

 

ഈ ശരി തെറ്റുകളും എല്ലാ മനുഷ്യർക്കും ഉള്ളവ ആണ് . എന്നാൽ ലിബറലുകളുടെ പ്രധാന സംഭവം ഇവയാണ് .

 

ഇത്രേ ഉള്ളു .

 

അപ്പൊ തീവ്ര ലിബറലുകൾ ഇല്ലേ ? ഉണ്ട് . വ്യക്തി സ്വാതന്ത്ര്യം ആണ് ഏറ്റവും പ്രധാനം . ഒരു സമൂഹ ചട്ടയ്ക്കൂടിലും ഞങ്ങൾ നിൽക്കില്ല . ആരോടും കൂറോ ബഹുമാനമോ ഇല്ല . ചുരുക്കി പറഞ്ഞാൽ അനാക്രികൾ.

 

അതും പറ്റില്ല . ഈ നിമിഷം ആയിരക്കണക്കിന് ഇന്ത്യൻ സൈനികർ കിലോമീറ്ററുകളോളം നിരന്നു നിൽക്കുക ആണ് , ചൈനീസ് പട്ടാളക്കാരുടെ നേർക്ക് നേരെ . ഒന്നര മാസമായി . അതോർക്കാതെ നമ്മൾ സുഖമായി ഉറങ്ങുന്നു . ചുമ്മാ വ്യക്തി സ്വാതന്ത്ര്യ തത്വ സംഹിത കൊണ്ട് കാര്യം നടക്കില്ല .

 

അപ്പൊ ഈ മധ്യ വർഗ ലിബറലുകൾക്ക് ദൈവികത , കൂറ് , ബഹുമാനം ഇല്ലേ ? ഉണ്ടല്ലോ . ഇല്ലെങ്കിൽ ഉണ്ടാവണം :

 

രാജ്യത്തോടും ഭരണഘടനയോടുമാണ് കൂറ് . ബഹുമാനം വ്യക്തികളുടെ അവകാശങ്ങളോടും, ചുമതലകളോടും . ദൈവികത – നിയമ വാഴ്ച്ചയോട് .

 

എന്താ കൊള്ളൂല്ലേ ? ഡോണ്ട് യൂ ലൈക് ? ഇത് പോലെ സിംപിൾ ആയി ചിന്തിക്കുന്ന ലിബറലുകളെ ഇഷ്ടമല്ലേ ?

 

ഇതാണ് നമ്മുടെ ജനാധിപത്യ ഇന്ത്യ .

 

സൗദി അറേബ്യ പോലെ ഉള്ള ദൈവികത പോലുള്ള സമൂഹ മൂല്യങ്ങളിൽ അധിഷ്ഠിതമായ രാജ്യങ്ങൾ ഉണ്ട്.

 

പിന്നെ ജനാധിപത്യ ഭരണ ഘടന ആണോ വലുത് അതോ മറ്റു ദൈവികതകൾ ആണോ വലുത് എന്ന് ആകെ കോൺഫിഷ്യസ്‌ ആയി എറണാകുളത്തേക്കാൾ കുളമായി നിൽക്കുന്ന രാജ്യങ്ങളും ഉണ്ട് .

അറിയില്ലേ ?  പാകിസ്ഥാൻ . എന്താ നല്ല ബെസ്ററ് സ്ഥലം അല്ലേ  ?

 

അതായത് , എന്താ നമുക്ക് വേണ്ടത് ? ആരാ നമുക്ക് ആവേണ്ടത് ?

ഫോർമുലക്കു വേണ്ടി വെട്ടാനും ആസിഡ് ഒഴിക്കാനും നടന്നു ഉട്ടോപ്യ ഉണ്ടാക്കാൻ നടക്കുന്ന എല്ലാവര്ക്കും നമസ്കാരം .

ഫോർമുലകൾ- തേങ്ങാക്കൊലകൾ . മനഃസാക്ഷി അനുസരിച്ചു ജീവിച് , അവസാനം ചത്തങ് പോയാ പോരേടെ ? ഞങ്ങൾ ഒക്കെ അതാ ചെയാൻ പോകുന്നത് . വേണേൽ കൂടെ പോരെ . ……(ജിമ്മിച്ചൻ മത്തിയാസ്)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .