പെണ്ണത്തത്തിന്റെ ഹിംസാത്മകത .

രാവിലെ ഒരു ഓഫീസിൽ പോയപ്പോൾ ഒരു ലിഫ്റ്റിൽ കയറി .  ഒരു സ്ത്രീ

പെട്ടന്ന് ഓടിക്കയറി  . നല്ല സൗന്ദര്യമുള്ള സ്ത്രീയാണ് . ലിഫ്റ്റിന്റെ വാതിൽ

അടഞ്ഞു .

 

അവരുടെ സൗന്ദര്യമല്ല പെട്ടന്ന് എന്റെ മനസ്സിൽ നിറഞ്ഞത് . ആകസ്മികമായി

കാണുന്ന ഒരു സ്ത്രീയെപ്പറ്റി (എത്ര അഴകി ആയിരുന്നാലും ) അങ്ങനെ

പ്രത്യേകിച്ച് ആലോചിക്കേണ്ട ഒരു കാര്യവുമില്ലല്ലോ . ആലോചിക്കാറുമില്ല .

എന്നാൽ പെട്ടന്ന് ഓര്മ വന്നത് സ്റ്റിങ് ഓപ്പറേഷനുകളെ കുറിച്ചാണ് . അങ്ങനെ

വല്ല സ്ത്രീയുമാണോ ഇവർ ? ഇടയ്ക്കു വച്ച് അടുത്ത നിലയിലെത്താതെ

വാതിൽ തുറക്കാൻ അവർ ഒന്നാഞ്ഞു വലിച്ചാൽ മതി – ലിഫ്റ്റ് സ്റ്റക്ക് ആകും .

ഞാൻ എന്തെങ്കിലും ചെയ്തെന്നു കാച്ചിയാലോ ? കരഞ്ഞു ബഹളം വച്ചാലോ ?

 

ഒന്നും വേണ്ട – ഞാനിപ്പോൾ കരഞ്ഞു ബഹളം വക്കും – കാശൊക്കെ എടുക്കടോ

എന്ന് പറഞ്ഞാൽ അപ്പോൾ തന്നെ എടുത്തു കൊടുക്കണ്ട വരും . അങ്ങനെ

ഒരാൾക്ക് സംഭവിച്ചത് അപ്പോൾ ഓര്മ വന്നു . ഒരു വന്ദ്യ വയോധികനായ

ഹെഡ് മാസ്റ്ററുടെ അടുത്ത ബസിൽ വന്നിരുന്ന യുവതി കുറച്ചു സംസാരിച്ച

ശേഷം പറഞ്ഞു

 

“സർ എന്നെ ഉപദ്രവിച്ചു എന്ന് ഞാൻ വിളിച്ചു കരയും . ബസ്സിൽ എന്റെ കുറെ

ആൾക്കാരുണ്ട് . വേഗം കൈയിലെ രൂപ മുഴുവനും എടുക്ക് . ”

 

കംപ്ലീറ്റ് കാശും അപ്പത്തന്നെ പ്ലിങ് എന്ന് അപ്രത്യക്ഷമായി . യുവതിയും .

 

ബ്ളാക്ക് മെയിൽ ചെയ്യാൻ പറ്റിയ ഏറ്റവും നല്ല ഒരു വഴിയാണ് ആണുങ്ങളെ

വശീകരിച്ചു വീഡിയോയും മറ്റും എടുക്കുന്നത് . ഇങ്ങനെ ഒരു കേസിൽ

ആത്മഹത്യ ചെയ്ത അനേകം ആളുകളുടെ കഥ മാധ്യമങ്ങളിൽ വന്നിരുന്നു .

 

വിവാഹം കഴിച്ചു സ്വരച്ചേർച്ച ഇല്ലാത്തതിനാൽ മോചനക്കേസു വരുമ്പോൾ

ആദ്യം തന്നെ ചെയ്യുന്നത് ഗാർഹിക പീഡന നിയമ പ്രകാരം കേസ്

കൊടുക്കലാണ് . അടുത്തു തന്നെ വിവാഹത്തിനകത്തെ ബലാത്സംഗം തടയുന്ന

വകുപ്പും വരും. വളരെ വേണ്ടതാണ് . എന്നാൽ ഇതും വളരെയധികം

ദുരുപയോഗം ചെയ്യപ്പെടും എന്നതിൽ സംശയമില്ല .

 

ബലാത്സംഗ പരാതികളിൽ വലിയ ഒരു ശതമാനം പൂർണമായും കെട്ടി

ചമച്ചതാണ് . പോലീസധികാരികൾക്ക് വലിയ തലവേദന ആണ്

ഇതുണ്ടാകുന്നത് . ശരിക്കുള്ള പരാതികൾക്ക് ശ്രദ്ധ കൊടുക്കാൻ ഇത് മൂലം

കഴിയാതെ വരുന്നു . സംശയമുണ്ടെങ്കിൽ വക്കീലൻമാരോട് ചോദിച്ചു നോക്കാം .

 

എന്താണ് ആണത്തം ? പെണ്ണിനെ ഒരു വ്യക്തിയായി അംഗീകരിച്ചു

അർഹിക്കുന്ന ബഹുമാനം കൊടുക്കുക . ഇതാണ് ആണത്തം . ശരിയാണ് .

എന്നാൽ ഇത് പുതിയ ഒരു നിർവചനമാണ് .

 

 

ശരിക്കും എന്തായിരുന്നു ആണത്തം ? അടിക്കുക , ഇടിക്കുക , ഗർജിക്കുക –

അനുസരിപ്പിക്കുക . ഇതായിരുന്നു ആണത്തം . പെണ്ണുങ്ങളുടെ ശാരീരിക

പോരായ്മകളെയും സാമൂഹികമായി തലമുറകളായി തുടരുന്ന

അടിമത്തത്തെയും മുതലെടുത്തു കൊണ്ട് തന്നിഷ്ടം നടപ്പാക്കുന്ന പൈശാചികത

. ഇതാണ് ഇപ്പോഴും വ്യാപകമായി നടക്കുന്നത് . എത്ര നിന്ദ്യമാണത് ?

 

ഇതിനെ പ്രതിരോധിക്കാനായി നടത്തിയ വളരെ അധികം പെണ്ണുങ്ങളുടെയും ,

ആണുങ്ങളുടെയും നൂറ്റാണ്ടുകൾ തന്നെ നീണ്ടു നിന്ന പോരാട്ടത്തിന്റെ ഫലമാണ്

ഇന്നത്തെ നിയമങ്ങളും മാറിയ, മാറുന്ന പൊതുബോധവും .

 

എന്താണ് പെണ്ണത്തം ? പുരാതന കാലം മുതൽ സ്ത്രീകളുടെ ഒരു സ്ട്രാറ്റജിക്

ആയുധമാണ് അവരുടെ ലൈംഗികത . ഇത് വളരെ വിദഗ്ദ്ധമായി

ഉപയോഗിച്ചു നേട്ടങ്ങൾ നേടിയെടുത്ത സ്ത്രീകൾ ചരിത്രത്തിൽ ധാരാളമുണ്ട് .

 

എന്നാൽ ഇത് ഇരുതല മൂർച്ചയുള്ള ഒരു വാളാണ് . പെണ്ണത്തത്തിന്റെ

ഹിംസാത്മതകക്ക് വളക്കൂറുള്ള മണ്ണാണ് ഇപ്പോഴുള്ളത് . ഇത് നന്നായി

ഉപയോഗിക്കുന്നതാണോ ഫെമിനിസം ? അതോ യഥാർത്ഥ സ്ത്രീ തുല്യത

വാദികളോടും വ്യക്തി എന്ന നിലയിൽ തുല്യ ബഹുമാനം അർഹിക്കുന്ന

സാധാരണ സ്ത്രീകളോടുമുള്ള അവഹേളനവും വെല്ലുവിളിയുമാണോ ?

എനിക്കറിയില്ല .

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .