കൗമാരം – അത് കഴിഞ്ഞു ഷ്ടോ – ഗുഡ് ബൈ – പിള്ള കളി .

പലരും മെഡിസിന് പോകാൻ തീരുമാനിക്കുന്നത് ലോകത്തെ രക്ഷിക്കാനാണ് . രോഗികളെ സേവിക്കുക . സ്വാർത്ഥത  ലാവാ ….ഐ മീൻ …ലവ .

ലവ ലേശമില്ലാതെ .

അങ്ങനെ പതുക്കെ , ലോകത്തെ രക്ഷിക്കുക .

ഇതിനു വേണ്ടി ആണ് ഞാൻ എം ബി ബി സ് നു ചേർന്നത് എന്ന് പറയാൻ എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടില്ലാഞ്ഞിട്ടല്ല . നുണ പറയണ്ടല്ലോ എന്ന് വിചാരിച്ചിട്ടാണ് . സത്യം ജയ . ധർമം ചര .

എന്നെ കുറ്റപ്പെടുത്തല്ലേ – ട്രോളുകൾ കൊണ്ട് വീർപ്പുമുട്ടിക്കല്ലേ . ലോകം രക്ഷിക്കാൻ എനിക്ക് ആക്രാന്തനം ഇല്ലാഞ്ഞിട്ടല്ല . വളരെ ആഗ്രഹം ഉണ്ട് .

പക്ഷെ അത് ഇങ്ങനെ , പെട്ടന്ന് , ഈസിയായി , ഡും ന്നു നടക്കണം . ഐസ് ക്രീം നക്കുമ്പോ ഒക്കെ , ഫേസ്‌ബുക്കിൽ നോക്കും പോലെ അനായാസേന , പറ്റണം . അല്ലാതെ , കഷ്ടപ്പെട്ട് , ബുദ്ധിമുട്ടി , എം ൽ എ യെ ഒക്കെ പിടിച്ച് , നഷ്ടങ്ങൾ സഹിച്ച് , നിസ്വാർത്ഥൻ ആയി ….അങ്ങനെ ഒന്നും പറ്റില്ല . ഡോണ്ട് മിസൻഡേർസ്റ്റാൻഡ്‌ മി ….ഒകെ?

ഒരു മാതിരി പഠിക്കും . ഗണിതം അങ്ങോട്ട് വഴങ്ങുന്നില്ല . ശാസ്ത്രം ഭയങ്കര ഇഷ്ടമാണ് താനും .   ബയോളജി പഥ്യം . അപ്പൻ ഡോക്ടർ . ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ് . അപ്പൊ എന്താവാൻ നോക്കണം ?

സംശയം എന്ത് ? ഛായ് – ഇത് പോലും അറിഞ്ഞു കൂടെ ? മെഡിസിൻ . കൂടുതൽ ചോദിയ്ക്കാൻ    എന്തിരിക്കുന്നു ?

“അല്ല , ഈ ബൈയോളജി —എടുത്താ …..കൊഴപ്പണ്ടൊ . ഡിഗ്രി ? ശുദ്ധ ശാസ്ത്രം ? ഗവേഷണം .?”

“ങേ …പാഷാണോ ?”

“അല്ല – റി …റി ….റി “

?

“റിസെർച്ചോക്കെ ?”

ഞാൻ വിക്കി വിക്കി പറഞ്ഞു നോക്കി .

കിക്കിക്കി …കിക്കിക്കി …കക്കക്ക . കൊറേ അങ്കിള്മാരും ആന്റിമാരും ആളോളും ഒക്കെ ഭയങ്കര ചിരി .

ഇവരൊക്കെ ആരാ ?

 “ചെറുക്കന് ഒന്നും അറിഞ്ഞൂടാ . നമ്മൾ ഒക്കെ പറഞ്ഞു കൊടുക്കണം .”

അപ്പന്റെ ഒരു സുഹൃത്ത് പറഞ്ഞു :

“”അതിനെന്താ ? എം ബി ബി സ് കഴിഞ്ഞ് , എം ഡി ബയോകെമിസ്ട്രി എടുക്കാല്ലോ ? അങ്ങനെ പല സാധ്യതകളും ഉണ്ട് .”

ങ്ങാഹാ – എന്നാൽ ഒന്ന് നോക്കിയിട്ട് തന്നെ കാര്യം . പിന്നെ ഡോക്ടർ – മോശമില്ല . ഗ്ലാമർ ഉണ്ട് . നന്നായി ജീവിക്കാൻ പറ്റിയേക്കും . പിന്നെ വേണേൽ ഇച്ചിരി സേവനവും ചെയ്യാമല്ലോ . ഐസ് ക്രീമിന്റെ പുറത്ത് ട്യൂട്ടി ഫ്രൂട്ടി ഉള്ളത് പോലെ .

ഇങ്ങനെ ആണ് സുഹൃത്തുക്കളെ , ഞാൻ എൻട്രൻസ് എഴുതാൻ തീരുമാനിക്കുന്നത് . ബഹുമാനം മൊത്തം പോയില്ലേ ? ഇതാണ് ഞാൻ പറഞ്ഞത് – സത്യത്തിന്റെ അണ്ടർ വെയർ , പാറ്റ കരണ്ടത് പോലെ ഓട്ടയുള്ളതും മുഷിഞ്ഞതും ആയിരിക്കും .

ജോസപ്പ് മാഷ്ടെ എൻട്രൻസ് കോച്ചിങ് സെന്ററിൽ അതിരാവിലെ സൈക്കിളിൽ ചവുട്ടി  ആറരക്ക് എത്തണം . മിണ്ടരുത് , അനങ്ങരുത് . സാർ കിളിവാതിൽ ഓട്ടയിലൂടെ നോക്കും . സി സി ടി വി ഒന്നും ഇല്ല . രാത്രി വരെ വീട്ടിൽ പഠിത്തം . ഇന്റഗ്രേഷൻ , ഡിഫറൻസിയേഷൻ , മാങ്ങാത്തൊലി . ഫ്രിക്ഷൻ , സക്ഷൻ , ലോസ് ഓഫ് മോഷൻ . ബ്രെയിൻ ഒക്കെ ഹൈ ഗിയറിൽ ഓടി ഒരു തല വലി പോലെ .

ഒറങ്ങുമ്പോ ഇക്വേഷനുകൾ ഭയങ്കര ശബ്ദത്തിൽ സ്വപ്നങ്ങളിൽ തായമ്പക കളിച്ചു . ബെൻസിൻ റിങ്ങുകൾ വട്ടത്തിൽ തിരുവാതിരയും . ഒരിക്കൽ ജോസഫ് മാഷ് ബ്രെക് ഡാൻസ് കളിക്കുന്ന സ്വപ്നവും കണ്ടു . ഹോ . ജീവിതം വെറുത്തു പോകുന്ന നിമിഷങ്ങൾ !

പക്ഷെ കൗമാര അവസാന കാലത്തിനു ചില ഗുണങ്ങൾ ഉണ്ടായില്ല എന്ന് പറഞ്ഞു കൂടാ . സ്‌കൂളിൽ വച്ച് നെയ്യുണ്ടാ എന്നാണ് എന്നെ വിളിച്ചിരുന്നത് . പെട്ടന്ന് കുറച്ച് പൊക്കം വച്ച് ശരാശരി ലെവലിൽ എത്തി . ടെസ്റ്റോസ്റ്റിറോൺ പ്രവർത്തിച്ചു തുടങ്ങിയതോടെ മസിലുകൾ ഒക്കെ ഇച്ചിരെ വച്ചു . തക്കാളി പോലുള്ള വട്ടമുഖത്തിന്‌ എന്തൊക്കെയോ ചെറുമാറ്റങ്ങൾ സംഭവിച്ചു .

അതി ഭയങ്കരമായ ഒരു സംഭവ വികാസം ഉണ്ടായി ! പെൺ കുട്ടികൾ നോക്കി തുടങ്ങി !

ഏറു കണ്ണിട്ടാണ് . കടാക്ഷം ഏറിയൽ ,എന്നൊക്കെ സംസ്‌കൃതത്തിൽ പറയും . അപ്പൊ സ്വാഭാവികമായും കോരുമല്ലോ ?

എന്ത് ?

കുളിർ .

ഇത് വരെ , റോഡ്‌സൈഡിൽ നിൽക്കുന്ന പൂച്ചയെ വരെ എന്നേക്കാൾ മൈൻഡ് ചെയ്തിരുന്നവർ ആണെന്നോർക്കണം ഈ അലവലാതികൾ !

പക്ഷെ ഇതിൽ കാര്യമൊന്നുമില്ല . കോളേജ് മെൻസ് ഒൺലി ആണല്ലോ . ട്യൂഷൻ സെന്റർ എന്ന് പറഞ്ഞാൽ പെണ്ണുങ്ങളും ആണുങ്ങളും തമ്മിൽ യാതൊരു ബന്ധവും ഇല്ല . രണ്ടു ഗ്രഹങ്ങളിൽ ആണ് ഇട്ടേക്കുന്നത് . എന്തെങ്കിലും ഉണ്ടായാൽ തൂക്കിക്കൊല്ലും !

ശരിക്കും . തമാശ അല്ലേയല്ല !

ഈ സൈക്കിളിൽ ചവുട്ടി രാവിലെ പോകുമ്പോൾ ആണ് സ്റ്റെല്ലയെ കാണാറുള്ളത് . പണ്ട് പത്തിൽ ഒരു കണക്ക് ട്യൂഷൻ ക്‌ളാസിൽ ഒന്നിച്ച് പഠിച്ചിട്ടുണ്ട് . സ്‌കൂളിലും ആണുങ്ങൾ മാത്രം ആയത് കൊണ്ട് , ഈ ട്യൂഷൻ          ക്‌ളാസ് , വളരെ , ഇന്റെരെസ്റ്റിംഗ് ആയിരുന്നു . സ്റ്റെല്ലയും ഭയങ്കര ഇന്റെരെസ്റ്റിംഗ് ആയിരുന്നു . ദീപിക പദുക്കോണിനെ പോലെ അല്ലെ , ഇരിക്കുന്നത് .

ഈയടുത്ത് വീണ്ടും കണ്ടിരുന്നു കേട്ടോ . അപ്പൊ ദീപികയുടേത് പോലെ ഒന്നും ഇല്ല . കൊള്ളാം . പക്ഷെ അന്നത്തെ ഓർമയുടെ അത്രേം ഒന്നും ഇല്ല . എന്താണോ എന്തോ .

ങ്ങ . അത് പോട്ടെ . പറഞ്ഞു വന്നത് എന്താണെന്നു വച്ചാൽ , സൈക്കിളിൽ ഇങ്ങനെ പോകുമ്പോ , ഒരിക്കൽ ഞാൻ അങ്ങോട്ട് നോക്കി . അവൾ ഇങ്ങോട്ടും . കണ്ണുകൾ തമ്മിൽ ഉടക്കി , കുട്ടിയും കോലും കളിച്ചു .

അവൾ ഒരു മനോഹര ചിരി ! ആഹാ – എന്തൊരു ഭംഗി .

ഒന്ന് രണ്ടു വര്ഷം ഒരുമിച്ച് പഠിച്ചിട്ടും , ആ ക്‌ളാസിലെ കസേരയുടെ വില പോലും എനിക്ക് നൽകാതിരുന്ന സ്റ്റെല്ലയോട് , വിശാല ഹൃദയനായ ആശാൻ , അതായത് ഞാൻ – ക്ഷമിച്ചിരിക്കുന്നു !

അങ്ങനെ ദിവസവും മന്ദ ഹാസം . ഒരു ദിവസം സർവ ശക്തിയും സംഭവിച്ച് – ഛെ – സംഭരിച്ച് – ഒരു ഞെക്ക് –

 സൈക്കിളിന്റെ ബ്രെയ്ക്കിൽ . ഹലോ പിന്നെന്തൊക്കെയുണ്ട് ? – കുശലം . അങ്ങനെ , അങ്ങനെ . സ്ഥിരം പതിവായി . ഏതാനും മിനിറ്റുകൾ മാത്രമേ ഉള്ളു കേട്ടോ .

പെട്ടന്ന് , അത് വരെ മുഖം വീർപ്പിച്ചിരുന്ന കിളികൾ എന്നും പാടി തുടങ്ങി . മന്ദമാരുതൻ കള കളാ ഒഴുകി – അല്ല – വീശി .ആകാശം നീലിച്ചു വന്നു . പാറ്റകൾ ആടി . ഒച്ചുകൾ തല കുത്തി മറിഞ്ഞു .

സ്വപ്നങ്ങളിൽ നിന്ന് ഇക്വേഷനുകൾ ഓടി . ദീപികയുടെ ഛായ ഉള്ള ഒരു പെണ്ണ് കടന്നു വന്നു ഡാൻസ് കളിച്ചു തുടങ്ങി . അധികം തുണി ഉടുത്തിട്ടില്ല !

അങ്ങനെ ആണ് പതിനൊന്നാം ക്‌ളാസിലെ മാർക്കുകൾ ഒക്കെ ഇച്ചിരെ താഴ്ന്നത് . പപ്പക്ക് വിഷമം . അമ്മയ്ക്കും.

ജോസെഫ് മാഷ് കണ്ണുരുട്ടി .

പിന്നെ വേറെ വഴിക്കായി സൈക്കിൾ ചവിട്ട് . നമ്മടെ മിഷൻ ക്വർട്ടേഴ്‌സ് സിമെട്രി ലൈനിലൂടെ ആക്കി . പുസ്തകങ്ങളിലേക്ക് ആണ്ടു . പ്രോബ്ലെംസ് ചെയ്ത കൈ കഴച്ചു . പൈ , ഈറ്റ , തീറ്റ എന്നിവ ധരിച്ച ഇക്വേഷനുകൾ സ്വപ്നങ്ങളിലേക്ക് മടങ്ങി വന്നു . കെമിക്കൽ ഫോർ-മുലകൾ അത് കുലുക്കി .

കൊറേ എൻട്രൻസുകൾ എഴുതി .

സ്റ്റേറ്റ് എൻട്രൻസിനാണ് പിന്നെ സ്റ്റെല്ലയെ കണ്ടത് .

“ഹോ – എവിട്യായിരുന്നു ?” അവൾ ചോദിച്ചു .

ചുവന്ന ചുണ്ടുകൾ ചലിച്ചു . പീലികൾ വിടർന്നു – ഹോ – ആ പീലികൾ !

അവളുടെ ഹാൾ ടിക്കറ്റ് നമ്പർ മാത്രം ചോദിച്ചു വച്ച് .

എഴുതിയ എൻട്രൻസൊക്കെ എനിക്ക് കിട്ടി കേട്ടോ . സ്റ്റേറ്റ് എൻട്രൻസ് വന്നപ്പോ ഞാൻ ചുമ്മാ നോക്കി . സ്റ്റെല്ലയുടെ നമ്പർ ഉണ്ടോ ?

ഇല്ല .

സമയമായി മകനെ – ഗുഡ്ബൈ പറയാൻ . കുറെ അധികം കാര്യങ്ങളോട് .

കൗമാരത്തോടും .

ബാല്യം – അത് കഴിഞ്ഞിരിക്കുന്നു – മുഴുവനായും.

ഗുഡ് ബൈ ! (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .