തല കംപ്ലീറ്റ് തിരിഞ്ഞ നാട്. നായ കണ്ണിലുണ്ണി- മനുഷ്യൻ നികൃഷ്ട ജന്മം.

ഹൌസ് സർജൻസി ചെയ്യുമ്പോഴാണ് ആ മദ്ധ്യവയസ്കനെ കുറെ പേര് ചേർന്ന് കൊണ്ട് വന്നത്. സംഭ്രമം- വെള്ളം ഇറങ്ങുന്നില്ല. പേശികൾ വലിഞ്ഞു മുറുകുന്ന വേദന. ഒരു ഗ്ലാസ് വെള്ളം നീട്ടിയപ്പോൾ ദയനീയ നോട്ടം. കണ്ണുകളിൽ നിസ്സഹായതയുടെ ഭീതി.

പേവിഷ ബാധ ഉള്ളവരെ കിടത്തുന്ന ഐസൊലേഷൻ വാർഡിൽ ഒറ്റക്ക് പിടഞ്ഞു പിടഞ്ഞാണ് അന്ത്യം. ഭാര്യയും കൗമാരക്കാരായ രണ്ടു പെൺമക്കളുടെയും കരച്ചിലുകൾ ഇപ്പോഴും നല്ല ഓർമയുണ്ട്. അഞ്ചാറ് മാസം മുൻപ് ഒരു തെരുവ് പട്ടി ചെറുതായി കടിച്ചത്രേ. ഒരു പോറൽ മാത്രമായത് കൊണ്ട് ഗൗനിച്ചില്ല.

ഇന്ത്യ ആണ് പേവിഷ മരണങ്ങളിൽ നമ്പർ വൺ. ലോകത്തിലെ മുപ്പത്തഞ്ചു ശതമാനം മരണങ്ങളും ഇന്ത്യയിലാണ്. ആഫ്രിക്ക മൊത്തം ചേർന്നാലേ ഇന്ത്യക്ക് ഈ കാര്യത്തിൽ ഗോമ്പറ്റീഷൻ തരാൻ പറ്റൂ.

പേ വിഷ ബാധയുടെ തൊണ്ണൂറ്റൊന്പത് ശതമാനവും നായകളിൽ നിന്നാണ്. അലഞ്ഞു തിരിയുന്ന നായകൾക്ക് ഈ വൈറസ് ബാധ ഉണ്ടാവുന്നത് വന്യ സസ്തനികളിൽ നിന്നുമാണ്.

അനിയന്ത്രിതമായ വിധത്തിൽ നമ്മുടെ നാട്ടിൽ പേവിഷ മരണങ്ങൾ ഉയരുന്നുണ്ട്. വാക്സീൻ എടുക്കാത്തവർക്കാണ് കൂടുതൽ വരുന്നത് എങ്കിലും വാക്സീൻ എടുത്തവരിലും ഇപ്പൊ കുറെ കേസുകൾ കാണുന്നു! എന്താണ് കാരണം എന്നത് അടിയന്തിരമായി അന്വേഷിക്കണം.

ഒരു കാരണം, ഒരു പക്ഷെ ഏറ്റവും പ്രധാന കാരണം, പെറ്റു പെരുകുന്ന തെരുവ് നായ്ക്കൾ ആണ്. നമ്മളെയും നമ്മുടെ കുഞ്ഞുങ്ങളെയും ഓടിച്ചിട്ട് കടിക്കുകയാണ് ഇവ. കടിച്ചു പറിച്ചു കൊല്ലുകയാണ്. മര്യാദക്ക് ഒന്നിറങ്ങി നടക്കാൻ പോലും ബുദ്ധിമുട്ടുണ്ടാക്കുന്ന നായ ശല്യമാണ് ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ എല്ലാം.
ഓഡിയിലും ബെന്സിലും നടന്ന് ജന്തു സ്നേഹം പ്രകടിപ്പിക്കുന്നവർക്ക് ഇതൊന്നും പ്രശ്നമല്ല- സ്വാഭാവികം. അതിരാവിലെ എഴുന്നേറ്റ് പണിക്ക് പോകാൻ പത്തു കിലോമീറ്റർ നടക്കുന്നവനെ പത്ത് മുപ്പത് നായ്ക്കൾ ഓടിച്ചിട്ട് കടിച്ചു പറിക്കുമ്പോൾ ചിലർ എ സി റൂമിൽ വിയർക്കാതെ ട്രെഡ്മില്ലിൽ നടന്നോണ്ട് കുടവയറിൽ ഫോൺ വെച്ച് നായസ്നേഹത്തെ കുറിച്ച് പോസ്റ്റിടുന്നു. ഭ!

തനതായ വനസമ്പത്ത് സംരക്ഷിക്കുന്നത് സായിപ്പിന് പ്രാന്ത് പോലാണ്. അതിശക്ത ശാസ്ത്രീയ ശ്രദ്ധ പതിയുന്ന മേഖല ആണത്. ഓസ്‌ട്രേലിയയിൽ ലൈസന്സോടെ ഒരു കൊല്ലം മുപ്പത് ലക്ഷം കങ്കാരുക്കളെ ആണ് കൊല്ലുന്നത്. പെറ്റു പെരുകി വന സന്തുലിതാവസ്ഥ തകരാറിലാവാതെ ഇരിക്കാനാണിത്.

അമേരിക്കയുടെ കൃഷി വിഭാഗത്തിന്റെ ഒരു ഉപവകുപ്പാണ് വന്യമൃഗ സേവന വകുപ്പ്. ഈ വകുപ്പ് 2021ൽ കൊന്നത് പതിനെട്ടു ലക്ഷം വന്യമൃഗങ്ങളെ ആണ്. പുറമെ നിന്നുള്ള വലിഞ്ഞു കയറ്റക്കാർ, കൃഷിക്കും മനുഷ്യനും ഭീഷണി ആയവ ഒക്കെ ഇതിൽ പെടും. കരടി, ചെന്നായ, ബീവറുകൾ എന്നിങ്ങനെ പലതിനെയും. നാല് ലക്ഷം മൃഗങ്ങൾ തനതായ മൃഗ സമ്പത്തിൽ പെട്ടവ തന്നെ. ഇതിനെതിരെ ഒക്കെ അവിടെയും ബഹളം ഒക്കെ ഉണ്ട് കേട്ടോ. പക്ഷെ ശാസ്ത്രീയമായ, പ്രായോഗികമായ കാര്യങ്ങൾ ചെയ്യാനുള്ള ബോധം അത്തരം സമൂഹങ്ങളിലെ പൊതുജനത്തിനുണ്ട്.

അപ്പൊ നമ്മൾ വളരെ പ്രത്യേകതയുള്ള, ദയാ വായ്പു തുളുമ്പുന്ന രാജ്യമാണെന്ന ഡയലോഗ് ആണ് അടുത്തത്. ദയവ് ചെയ്ത് ഇങ്ങനെ കരയിപ്പിക്കുന്ന ദയനീയ ഭീകര കോമഡി പറയരുതേ. സാധാരണ ഒരു മനുഷ്യനും അവൻറ്റെ കുഞ്ഞിനും ഒരു തെരുവ് പട്ടിയുടെ വില പോലും നമുക്കില്ല എന്നാണ്; എന്ന് മാത്രമാണ് ഇതിനർത്ഥം. കേരളത്തിൽ മാത്രമേ ഈ പ്രശ്നം ഉള്ളല്ലോ എന്ന് ചിലർ. അതേരാ- ഇവിടെ സാധാരണക്കരന്റെ ജീവന് അത്രേം വില കൂടുതൽ കൊടുക്കുന്നുണ്ട്; അതാണ് കാരണം.

ഇന്ത്യ മൊത്തം വെജിറ്റേറിയൻ ആണത്രേ, വെജിറ്റേറിയൻ! സായിപ്പും ഈ ആനമണ്ടത്തരം വിളമ്പുന്നത് കേൾക്കാം. നമ്മുടെ നാട്ടിലെ എഴുപത്, എൺപത് ശതമാനം ആളുകളും മാംസവും മത്സ്യവും കഴിക്കുന്നവരാണ്. അത് തന്നെ സർവേ റിസേർച് ആണ്. ശരിക്കും ഇതിൽ കൂടുതൽ വരും. വെജിറ്റേറിയൻ ആയിട്ടെന്താ കാര്യം? ജെയിലിൽ നിന്നും വന്ന ക്രൂര ബലാത്സംഗികളെയും കൊലപാതകികളെയും മാലയിട്ട് ആദരിക്കാൻ നമുക്ക് മടിയില്ല. മാംസം തിന്നുന്ന ഭൂരിപക്ഷത്തെ മ്ലേച്ഛന്മാരായി അകറ്റി നിർത്താൻ നമുക്ക് വലിയ ഉത്സാഹമാണ് കേട്ടോ. ഇതൊന്നുമല്ല എത്തിക്കൽ വെജിറ്റേറിയനിസം.

എന്തായാലും ഞാൻ മനുഷ്യൻറ്റെ ഭാഗത്താണ്. അത് കഴിഞ്ഞു മതി മൃഗങ്ങൾ. ശരിയാണ്- പരിതസ്ഥിതിയും ആവാസവ്യവസ്ഥയുമില്ലെങ്കിൽ നമ്മളില്ല. പക്ഷെ അത് സംരക്ഷിക്കാൻ വേണ്ടത് ശാസ്ത്രീയ വകതിരിവാണ്; തല തിരിഞ്ഞ മൃഗസ്നേഹമല്ല.

നമ്മുടെ വനങ്ങൾ സുരക്ഷിതമാണ്. ആണെന്ന് ഉറപ്പ് വരുത്തണം. വനത്തിൽ അനധികൃതമായി കേറി മൃഗങ്ങളെ ഉപദ്രവിക്കുന്നവരെ കർശനമായി നേരിടണം. കഴിഞ്ഞ എത്രയോ വര്ഷങ്ങളായി വനഭൂമിക്ക് ഒരു കുറവും വന്നിട്ടില്ല.

വനത്തിൽ പെറ്റു പെരുകി സന്തുലിതാവസ്ഥ തെറ്റിക്കുന്ന മൃഗങ്ങളെ ക്രൂരത കുറഞ്ഞ രീതിയിൽ കൊന്നൊടുക്കണം. മനുഷ്യ മേഖലയിൽ കയറി വന്ന് പേ വിഷ ബാധ പരത്തുകയും ഉപദ്രവം ഉണ്ടാക്കുകയും ചെയ്യുന്ന വന്യ മൃഗങ്ങളെയും കൊല്ലുക തന്നെ വേണം. ചരിത്രത്തിന് റിവേഴ്‌സ് ഗിയർ ഇല്ല. ആന്ത്രോപോസീൻ യുഗമാണ്. വേണമെങ്കിലും വേണ്ടെങ്കിലും ഭൂമിയുടെ ഭാവി നമ്മുടെ കയ്യിലാണ്. ഉത്തരവാദിത്തത്തിൽ നിന്ന് ഈ സ്റ്റേജിൽ ഒളിച്ചോടി, അയ്യോ നമ്മളില്ലേ എന്ന് പറയാൻ ഇനി പറ്റില്ല എന്ന കാര്യം വ്യസന സമേതം നമ്മൾ ഉൾക്കൊള്ളണം. ഈ ക്രൂര, അസമത്വ, അനീതി നിറഞ്ഞ ലോകത്ത് വേണ്ടവർ തന്നെയാണ് ആക്ടിവിസ്റ്റുകൾ. എന്നാൽ അത് പോലെ തന്നെ, ശാസ്ത്രീയമായും, വസ്തുനിഷ്ഠമായും, വകതിരിവോടെയും ഒരു കാര്യവും വിലയിരുത്താൻ യാതൊരു കഴിവും ഇല്ലാത്തവരാണ് മറ്റേതൊരു തീവ്രന്മാരെയും പോലെ, ഇവരിൽ ചിലർ. അത് കൊണ്ടാണ് സമവായം വേണ്ടി വരുന്നത്.

ലക്ഷക്കണക്കിന് നായകളെ തെരുവിൽ അലഞ്ഞു തിരിഞ്ഞ്, വിശന്നു പൊരിഞ്ഞ്, രോഗങ്ങളാൽ വലഞ്ഞ് സഹിക്കാൻ വിടുന്നത് അളവില്ലാത്ത ക്രൂരത ആണ്. മനുഷ്യന്റെ സംരക്ഷണയിൽ മാത്രം വളരാനായി മനുഷ്യൻ കൃത്രിമമായി ഉണ്ടാക്കിയ ഒരു ജീവിയാണ് നായ. അതിനെ തെരുവിൽ അലയാൻ വിടാതെ എല്ലാറ്റിനെയും- ഒന്നൊഴിയാതെ- എത്രയും പെട്ടന്ന് ദയാവധത്തിന് വിധേയമാക്കുകയാണ് ഉടനെ ചെയ്യേണ്ടത്.
സാധാരണ മനുഷ്യരെ മരിക്കാൻ വിടരുത് പ്ലീസ്. പാവം നായകളെയും നരക ജീവിതത്തിൽ നിന്ന് രക്ഷിക്കൂ.
(ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .