ബ്രഹ്മചര്യം എന്ന സംഭവം :

 

പൊതുജനം സന്യാസികളെയും എല്ലാ ക്രിസ്തവ പുരോഹിതരെയും ബ്രഹ്മചാരികളായി കാണുന്നു . എല്ലാം ഉപേക്ഷിച്ചാൽ മാത്രമേ ദൈവത്തെ പ്രാപിക്കാനും ഈഗോ അഥവാ ഞാൻ എന്ന അഹങ്കാരം ഇല്ലാതാക്കാൻ സാധിക്കുകയും ഉള്ളു എന്നാണു പൊതു ബോധം .

എന്നാൽ എല്ലാ പുരോഹിതരും ബ്രഹ്മചാരികളല്ല . കേരളത്തിൽ തന്നെയുള്ള സുറിയാനി ക്രിസ്ത്യാനികളിൽ സുറിയാനി കത്തോലിക്കർക്ക് മാത്രമേ ബ്രഹ്മചാരി പുരോഹിതരുള്ളൂ .

പോപ്പ് തലവനായുള്ള കത്തോലിക്കാ സഭയിലും 1139 മുതൽ മാത്രമാണ് ബ്രഹ്മചര്യം പുരോഹിതർക്ക് നിർബന്ധം ആയി തുടങ്ങിയത് . അതായത് ആയിരത്തോളം കൊല്ലം പുരോഹിതർ വിവാഹിതർ ആയിരുന്നു .

മാത്രമല്ല – കത്തോലിക്കാ സഭയിൽ കല്യാണം കഴിച്ച പുരോഹിതർ അടുത്ത കാലത്തു തന്നെ ഉണ്ടായിട്ടുണ്ട് . വേറെ ഏതെങ്കിലും സഭകളിൽ നിന്ന് കത്തോലിക്കയിലോട്ടു പുരോഹിതർക്ക് വരാൻ അവസരമുണ്ട് . അങ്ങനെ ചേർന്നാൽ അവർ കല്യാണം കഴിച്ചവരായാലും പുരോഹിതനായി തന്നെ തുടരും . 1930 ൽ ആണ് മലങ്കര സഭയിലെ ഒരു വിഭാഗം കത്തോലിക്കയിലോട്ടു മാറുന്നത് . അപ്പോൾ അങ്ങനെയുള്ള മലങ്കര കത്തോലിക്കാ സഭയിൽ അന്ന് വിവാഹിതരായ പുരോഹിതന്മാർ ഉണ്ടായിരുന്നു എന്നർത്ഥം . മാത്രമല്ല പൗരോഹിത്യ ബ്രഹ്മചര്യം വിശ്വാസപ്രകാരമുള്ളതല്ല ; ഒരു ദൃഡ കീഴ്വഴക്കം മാത്രമാണെന്ന് ജോൺ പോൾ പപ്പയും ഫ്രാൻസിസ് പാപ്പയും പറഞ്ഞിട്ടുള്ളതാണ് . ഒരു ഉത്തരവിലൂടെ മറികടക്കാൻ സാധിക്കുന്നതേയുള്ളു ഇത് എന്നർത്ഥം .

പിന്നെ ബ്രഹ്മചര്യത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങൾ എന്താണ് എന്ന് ആലോചിക്കുന്നത് നല്ലതാണ് . ഈഗോ കളയാൻ ഏറ്റവും നല്ല മാർഗം ഒരു കല്യാണം കഴിക്കുക എന്നതാണ് എന്ന് ഇക്കാലത്തു വിവാഹം ചെയ്തിട്ടുള്ള ഏതൊരു പുരുഷനും സ്ത്രീക്കും സംശയമില്ലാതെ പറയുവാൻ സാധിക്കും . രണ്ടു മൂന്നു കുട്ടികളുമായി കഴിഞ്ഞാൽ  സ്വപ്രയത്നത്താൽ അവരെ വളർത്തുമ്പോൾ ഈഗോ കംപ്ലീറ്റ് ഇല്ലാതാവുമെന്ന് മാത്രമല്ല ദൈവകൃപയുടെ ആവശ്യകതെയെപ്പറ്റി വളരെ ബോധ്യം വരികയും ചെയ്യും . പലപ്പോഴും സന്യസ്തരെപ്പറ്റി പറയുന്ന ഒരു പരാതിയാണ് പൊതുജനത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നത് . ഇതോറ്റയടിക്ക് സോൾവാക്കാൻ കല്യാണത്തിന് സാധിക്കും . പിന്നെ പലപ്പോഴും പൊതുജനം കുടുംബ പ്രശ്നങ്ങൾക്ക് ഉപദേശം ചോദിക്കാൻ സന്യാസികളെയും മറ്റും സമീപിക്കുന്നത് കാണാം . ഇവർക്ക് ഒരു ബ്രഹ്മചാരി പുരോഹിതൻ ഉത്തരം കൊടുക്കുന്നത് തപാൽ വഴി നീന്തൽ പഠിച്ച ഒരു വിദ്വാൻ കടലിൽ നീന്തുന്ന ഒരാളെ നീന്താൻ പഠിപ്പിക്കുന്നത് പോലെ ഇരിക്കും .

വിവാഹിതരായ പുരോഹിതർ ഉണ്ടെങ്കിൽ ഒരു പത്തു പതിനഞ്ചു മക്കളെ വളർത്തി മറ്റുള്ളവർക്ക് മാതൃക ആവുകയും ചെയ്യാം (അതാണല്ലോ ഇപ്പോൾ ചിലർ പ്രോത്സാഹിപ്പിക്കുന്നത് ). അങ്ങനെയുള്ള പലരും ഈഗോ തീരെ ഇല്ലാതായി മാലാഖാ തുല്യരാവും എന്ന കാര്യത്തിലും ആർക്കും സംശയമില്ല .

ആകെയുള്ള പ്രശ്നം വിവാഹിതരായ പുരോഹിതരുള്ള സഭകളെപ്പോലെ തീരുമാനങ്ങളിലും പള്ളി വസ്തു വകകളുടെ നടത്തിപ്പിലും കുഞ്ഞാടുകളെക്കൂടി ഉൾപ്പെടുത്തി കൂടുതൽ ജനാധിപത്യ ശൈലി സ്വീകരിക്കേണ്ടി വരും എന്നതാണ് . അത് നല്ലതല്ലേ ? അത് ക്രിസ്തീയമല്ലേ ? അതെ . അത് കൊണ്ടും ബ്രിഹ്മചര്യം പുനർചിന്തിക്കേണ്ട സമയമായിട്ടുണ്ട് .

ബ്രിഹ്മചാരിയും പലരും ബഹുമാനിക്കുകയും അധികാരസ്ഥാനങ്ങളിൽ ഇരിക്കുകയും ചെയ്യുന്നവരുടെ ഈഗോ പന  പോലെ വളർന്നാൽ അത് തടയാൻ എന്താണുള്ളത് ? ഒന്നുമില്ല . കല്യാണം കഴിച്ചവരാണെങ്കിൽ ജോലി സമയത് നൂറു പേര് സാർ സാർ ലൈനിൽ ഓച്ഛാനിച്ചു നിന്നാലും വീട്ടിൽ ചെന്ന് നാല് പാത്രവും കഴുകി കുട്ടിയുടെ അപ്പിയും കഴുകി പുതിയ ഡ്യപ്പറും കെട്ടി കഴിയുമ്പോൾ ബലൂൺ പോലെ വീർത്ത ഈഗോ ശൂ എന്ന് പൂർവ സ്ഥിതിയെ പ്രാപിക്കുകയും ചെയ്യും .

ദീർഘ പ്രാർത്ഥന , മനനം , ധ്യാനം ഇവ വഴി ദൈവ അനുഭവം ഉണ്ടാകുകയോ മദർ തെരേസ , ഫാദർ ഡാമിയൻ . സുനിത കൃഷ്ണ , ബാബ ആംതെ , കൈലേഷ് സത്യാർത്ഥി ഇവർ പോലെ നിരന്തരം പൊതു സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുകയോ വേണമെങ്കിൽ ഒരു പക്ഷെ ബ്രഹ്മചര്യം ഗുണം ചെയ്‌തേക്കും . എങ്കിലും അത് പൊതുവായ ഒരു നിയമമൊന്നുമല്ല .

അതിനാൽ നമുക്ക് ഒരു പുനര്ചിന്തനം ആവശ്യമല്ലേ എന്നാണ് ഞാൻ ചോദിക്കുന്നത് . ഇതിൽ നിങ്ങൾക് എന്ത് കാര്യം എന്ന താങ്കൾ ചോദിച്ചേക്കാം , അതായത് ….

സോറി – കുട്ടിയെ കുളിപ്പിച്ചു ഈഗോ നിർമാർജനം ചെയ്ത സായൂജ്യം അടയാൻ സമയമായി . പോട്ടെ .

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .